ദൈവത്തിന്റെ വചനം ദേഹിയേയും ആത്മാവിനെയും തമ്മില്‍ വേര്‍പെടുത്തുന്നു – WFTW 08 നവംബർ 2015

സാക് പുന്നന്‍

   Read PDF version

എബ്രായര്‍ 4:12ല്‍ ഇപ്രകാരം വായിക്കുന്നു. ‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവും ഉള്ളതും, ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധി മജ്ജകളെയും വേര്‍പെടുത്തുംവരെ തുളച്ചു കയറുന്നതും ഹൃദയത്തിലെ ചിന്തകളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.’

ദൈവത്തിന്റെ വചനം ദേഹിയേയും ആത്മാവിനെയും തമ്മില്‍ വേര്‍പെടുത്തുന്നു (4:12). ദൈവവചനം ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി നാം നമ്മുടെ ദേഹി (മനസ്സും വികാരങ്ങളും) യിലാണോ ആശ്രയിക്കുന്നത് അതോ പരിശുദ്ധാത്മാവിലാണോ എന്നു വെളിപ്പെടുത്തുന്നത് ദേഹിയുടെയും ആത്മാവിന്റെയും വിഭജനം ആണ്. പഴയ ഉടമ്പടിയുടെ കീഴിലുണ്ടായിരുന്ന ആളുകള്‍ക്കു ദേഹിയും ആത്മാവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.

പഴയ ഉടമ്പടിയിലെ സമാഗമന കൂടാരത്തിനു മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരുന്നു പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധ സ്ഥലം. ഇതു മനുഷ്യന്റെ ശരീരം, ദേഹി, ആത്മാവ് ഇവയുടെ ഒരു ചിത്രമായിരുന്നു (1 തെസ്സ. 5:23). ദേഹിയെ പ്രതിനിധീകരിച്ചിരിക്കുന്നത് വിശുദ്ധസ്ഥലമാണ്, ആത്മാവിനെ അതിവിശുദ്ധ സ്ഥലവും. ദൈവത്തിന്റെ സാന്നിദ്ധ്യം അതിവിശുദ്ധ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയിലായി കനമുള്ള ഒരു തിരശീല ഉണ്ടായിരുന്നു (ആണ്ടിലൊരിക്കല്‍ മഹാപുരോഹിതന്‍ ഒഴികെ) ഒരു മനുഷ്യനെയും അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാന്‍ അനുവദിച്ചിരുന്നില്ല. പഴയ ഉടമ്പടിയുടെ കീഴില്‍ ആത്മാവില്‍ ജീവിക്കുവാനോ ദൈവത്തെ സേവിക്കുവാനോ മനുഷ്യനു കഴിഞ്ഞിരുന്നില്ല എന്നു പ്രതീകാത്മകമായി പഠിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു ഇത്. അതുകൊണ്ട് എന്താണ് ദേഹീപരമായത് എന്താണ് ആത്മീയമായത് എന്നു വേര്‍തിരിച്ചറിയുവാന്‍ യിസ്രയാല്‍ മക്കള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇപ്പോഴും ഉവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്തവര്‍ പഴയ ഉടമ്പടി ക്രിസ്ത്യാനികളായി ജീവിക്കുന്നു.

‘ദേഹീപരം’ എന്താണ് ‘ആത്മീയം’ എന്താണ് എന്നു ദൈവവചനം നിങ്ങള്‍ക്കു കാണിച്ചു തരും. ഇന്നത്തെ അനേകം ‘ക്രിസ്തീയ’പ്രവര്‍ത്തനങ്ങളും ദേഹീപരമാണ്. ദേഹീപരമായ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നത് മാനുഷിക ആശയങ്ങളാല്‍ ദൈവത്തെ സേവിക്കുന്നതിലാണ്. അതു തിന്മയായതോ ജഡീകമായതോ അല്ലാത്ത നല്ല ആലോചനകളായിരിക്കാം. എന്നാല്‍ അവ മാനുഷികവും ദേഹീപരവുമാണ്. മൂന്നു തരം ക്രിസ്ത്യാനികള്‍ ഉണ്ട്. ജഡിക ക്രിസ്ത്യാനികള്‍ വീണ്ടു ജനിച്ചവര്‍ ആണ്. എന്നാല്‍ ഇപ്പോഴും പരിമിതമായ അളവില്‍ പാപകരമായ സന്തോഷങ്ങള്‍ ആസ്വദിക്കുന്നവര്‍, പണത്തെ സ്‌നേഹിക്കുന്നവര്‍ തുടങ്ങിയവര്‍. അടുത്തത് ദേഹീപരരായ ക്രിസ്ത്യാനികള്‍. അവര്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഉപേക്ഷിച്ചവരാണ്. എന്നാല്‍ അവര്‍ ഇപ്പോഴും അവരുടെ ബുദ്ധിശക്തിയിലും വികാരങ്ങളിലും ജീവിക്കുന്നു. ഇനി ഉള്ളത് ആത്മീയരായ ക്രിസ്ത്യാനികള്‍. അവര്‍ തങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന കാര്യം അന്വേഷിക്കുന്നു. ദേഹീപരരായ ക്രിസ്ത്യാനികള്‍, സാക്ഷികളാകാനും കര്‍ത്താവിനെ സേവിക്കാനും വളരെ ആകാംക്ഷയുള്ള നല്ല ആളുകളായിരിക്കാം. എന്നാല്‍ ഈ കാര്യങ്ങളെല്ലാം അവര്‍ ചെയ്യുന്നത് മാനുഷിക മാര്‍ഗ്ഗത്തിലായിരിക്കും. അവര്‍ ദൈവത്തിന്റെ വഴികള്‍ മനസ്സിലാക്കുന്നില്ല. കര്‍ത്താവു പറയുന്നു ‘എന്റെ വഴികള്‍ നിങ്ങളുടെ വഴികള്‍ അല്ല. ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ എന്റെ വഴികള്‍ നിങ്ങളുടെ വഴികളെക്കാള്‍ ഉന്നതമായതാണ്’ (യെശ. 55:8,9). നമുക്കു ശ്രമിച്ചു നോക്കി നഷ്ടപ്പെട്ട ആത്മാക്കളുടെ അടുത്തെത്തിച്ചേരാന്‍ കഴിയുന്ന മാനുഷിക രീതികള്‍ ഉണ്ട്. ദൈവത്തെ സേവിക്കുന്നതിനുള്ള മാനുഷിക രീതികളും ഉണ്ട്. ദാവീദ് ഒരിക്കല്‍ ദൈവത്തന്റെ പെട്ടകം ഒരു കാളവണ്ടിയില്‍ കയറ്റിക്കൊണ്ടുവരുവാന്‍ ശ്രമിച്ചു ഈ രീതിയില്‍ ഫെലിസ്ത്യര്‍ ഒരിക്കല്‍ അതു ചെയ്തു (2 ശമൂ. 6:3,7; 1 ശമൂ. 6:11). ഒരു നീണ്ട യാത്ര മുഴുവന്‍ അവരുടെ തോളില്‍ അതു വഹിക്കുന്ന ഭാരത്തില്‍ നിന്നു കെഹാത്യരെ രക്ഷിക്കുവാന്‍ അതു നല്ല ഒരാശയമായിരുന്നു. എന്നാല്‍ അതു ദൈവത്തിന്റെ വഴി ആയിരുന്നില്ല അതുകൊണ്ടാണ് വഴിക്കു വച്ച് ദൈവം ന്യായവിധി നടത്തിയത്.

ദൈവത്തിന്റെ വേല ചെയ്യുന്നതിന് ക്രിസ്ത്യാനികള്‍ മാനുഷിക മാര്‍ഗ്ഗം കൈക്കൊള്ളുമ്പോഴെല്ലാം അവിടെ ചിന്താക്കുഴപ്പം ഉണ്ടാകും. അവിടെ ആകര്‍ഷകമായ ബാഹ്യഫലങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ദൈവത്തിന്റെ തേജസ്സ് അവിടെ കാണുകയില്ല. ദൈവം തന്നോടു കല്പിച്ചതുപോലെ തന്നെ മോശെ സമാഗമന കൂടാരം ഉണ്ടാക്കി. ഈജിപ്തിലെ കലാശാലകളില്‍ പഠിച്ചിരുന്നതുപോലെ അദ്ദേഹം അതു പണിതില്ല. അവിടെ അവര്‍ പഠിച്ചത് വിപുലമായ പിരമിഡുകള്‍ ഉണ്ടാക്കാനാണ്. ദൈവത്തിന്റെ ആലയം പണിയുന്നത് എങ്ങനെ എന്നുള്ള മാനുഷിക അറിവുകള്‍ എല്ലാം മോശെയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. അദ്ദേഹത്തെ 40 വര്‍ഷം മരുഭൂമിയില്‍ക്കൂടി ദൈവത്തിനു കടത്തിക്കൊണ്ടു പോകേണ്ടി വന്നതിന്റെ ഒരു കാരണം അതായിരുന്നു അദ്ദേഹത്തിന്റെ മാനുഷിക ജ്ഞാനം ഉപേക്ഷിക്കുവാന്‍. ഗമാലിയേലിന്റെ ബൈബിള്‍ സ്‌കൂളില്‍ 3 വര്‍ഷം പഠിച്ചപ്പോള്‍ തനിക്കു ലഭിച്ച മാനുഷിക ആശയങ്ങള്‍ ഉപേക്ഷിച്ചു കളയാന്‍ വേണ്ടിയാണ് ദൈവം പൗലൊസിനെ 3 വര്‍ഷം അറേബ്യയിലേക്കു കൊണ്ടുപോയത് (ഗലാ. 1:17,18). ദൈവത്തിന്റെ വഴികള്‍ തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനു മുമ്പ് പൗലൊസിന് തന്റെ ദേഹീപരമായ അറിവുകള്‍ മരണത്തിന് ഒഴുക്കി കളയേണ്ടി വന്നു. ദേഹി, മാനുഷിക ശക്തിയെയും സൂചിപ്പിക്കുന്നു അവിടെ നാം മാനുഷിക വിഭവങ്ങളെയാണ് ആശ്രയിക്കന്നത്. നമുക്കു ധാരാളം ഇലക്ട്രോണിക് ഉപകരണങ്ങളും രഷ്ട്രീയസ്വാധീനവുമുണ്ടെങ്കില്‍ ദൈവത്തിന്റെ വേല കുറച്ചു കൂടി നന്നായി ചെയ്യാന്‍ കഴിയുമെന്നു നമുക്കു സങ്കല്പിക്കാന്‍ കഴിയും. അതൊരു വഞ്ചനയാണ്. ദൈവത്തിന്റെ വേല പൂര്‍ത്തീകരിക്കപ്പെടാന്‍ കഴിയുന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ്. ആദിമ അപ്പൊസ്തലന്മാര്‍ക്കു പണമോ, ഉപകരണങ്ങളോ, സ്വാധീനമോ ഉണ്ടായിരുന്നില്ല. അവരുടെ മാനുഷിക വിഭവങ്ങള്‍ പൂജ്യമായിരുന്നു. എന്നാല്‍ ഇന്നു ക്രിസ്ത്യാനികള്‍ തങ്ങളുടെ എല്ലാ ഉപകരണങ്ങളിലൂടെയും പണത്തിലൂടെയും സ്വാധീനത്തിലൂടെയും പൂര്‍ത്തീകരിച്ചതിനെക്കാള്‍ വളരെയധികം കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. അപ്പൊസ്തലന്മാര്‍ക്ക് ആത്മീയ ശക്തി ഉണ്ടായിരുന്നു ദേഹിയുടെ ശക്തി അല്ല. നമുക്കു യഥാര്‍ത്ഥ ആത്മീകര്‍ ആകണമെങ്കില്‍ നാം ദേഹിയെയും ആത്മാവിനെയും വേര്‍പെടുത്തണം. ധാരാളം വികാരവും ശബ്ദവും ഉണ്ട് എന്നതു കൊണ്ടുമാത്രം അവിടെ പരിശുദ്ധാത്മാവ് വ്യാപരിക്കുന്നു എന്ന് അവകാശപ്പെടുന്ന അനേകം യോഗങ്ങളില്‍ ഞാന്‍ ആയിരുന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ കബളിപ്പിക്കപ്പെട്ടില്ല. അതു മാനുഷിക ദേഹിയുടെ പ്രവര്‍ത്തനം മാത്രമാണെന്നും പരിശുദ്ധാതമാവിന്റെ പ്രവൃത്തി അല്ല എന്നും എനിക്കു വ്യക്തമായി കാണാന്‍ കഴിഞ്ഞു. ‘പരിശുദ്ധാത്മാഭിഷേകം’ എന്ന് അവര്‍ വിളിക്കുന്നത് ‘അവരുടെ ദേഹീബലത്തിന്റെ അഭിഷേകം’ മാത്രമാണ്. ഇന്നും യേശു ക്രിസ്ത്യാനികളെ യഥാര്‍ത്ഥമായി പരിശുദ്ധാത്മാവില്‍ അഭിഷേകം ചെയ്യുന്നുണ്ട്. എന്നാല്‍ അതു ക്രിസ്തുവിന്റെ സാക്ഷിയാകാനുള്ള ആത്മീക ശക്തി നല്‍കുന്നു (അപ്പൊ. പ്രവ. 1:5,8). ദേഹീബലം ഏതു വിധേനയും ഒരാളിന്റെ വികാരങ്ങളെ ഉളക്കുക മാത്രമേ ചെയ്യുന്നുള്ളു. എന്നാല്‍ അനേക ക്രിസ്ത്യാനികള്‍ക്കും ഈ കാര്യത്തില്‍ വിവേചനമില്ലാത്തതുകൊണ്ട് അവര്‍ വഞ്ചിക്കപ്പെടുന്നു. അവര്‍ ക്രിസ്ത്യീയമല്ലാത്ത പ്രാര്‍ത്ഥനാ യോഗങ്ങളിലും ‘അന്യഭാഷ’യില്‍ സംസാരിക്കുകയും, അവരുടെ വികാരങ്ങളെ ഉണര്‍ത്തുകയും അവര്‍ ‘ആന്തരികമായ ഒരു സ്വസ്ഥതയിലേക്കു വന്നു’ എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അനേക മതങ്ങള്‍ മാനുഷ ദേഹീബലം ഊര്‍ജ്ജസ്വലമാക്കുന്ന കാര്യത്തില്‍ ആസക്തമാകുന്നു.

ഈ നാളുകളില്‍ ദേഹിയെയും ആത്മാവിനെയും തമ്മില്‍ വിവേചിച്ചില്ലെങ്കില്‍ നമ്മള്‍ തീര്‍ത്തും വഞ്ചിക്കപ്പെടും. ഇന്നു യേശുവിന്റെ നാമത്തില്‍ നടത്തപ്പെടുന്ന അനേകം ‘രോഗശാന്തി’യും മാനുഷദേഹിയുടെ ശക്തിയിലൂടെയാണ്, അല്ലാതെ പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥമായ വരത്തിലൂടെ അല്ല. വളരെയധികം ഗാനാലാപനം കൊണ്ട് മീറ്റിംഗില്‍ ഒരു ‘അന്തരീക്ഷം’ പണിയപ്പെടുന്നു. ‘കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു’ എന്നതുപോലെയുള്ള പാട്ടുകള്‍ അനേകം തവണ പാടുന്നതിനാല്‍ ആളുകളുടെ വികാരം ശക്തിപ്പെടുന്നു. അപ്പോള്‍ ‘അവരുടെ വിശ്വാസത്തെ ഏല്‍പിച്ചു കൊടുക്കുവാന്‍ !! അവരോട് ആവശ്യപ്പെടുന്നു. ഇതിന് ദൈവവുമായി ഒന്നും ചെയ്യാനില്ല. പ്രസംഗകന്‍ ആളുകളെ കേവലം മസ്മര വിദ്യയ്ക്ക് അടിമപ്പെടുത്തുന്നു. യേശുവും അപ്പൊസ്തലന്മാരും ഒരിക്കലും അതുപോലെ ആളുകളെ സൗഖ്യമാക്കിയില്ല. അവര്‍ രോഗികളെ സൗഖ്യമാക്കിയത് ശാന്തമായി, ഗാനാലപനോ വികാരമോ ഒന്നുമില്ലാതെയാണ്.

ഈ കള്ളനാണയം നിങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇതാണ് ദൈവത്തെ സേവിക്കാനുള്ള മാര്‍ഗ്ഗം എന്നു സങ്കല്പിച്ച്, നിങ്ങളും അതു പകര്‍ത്താന്‍ പോലും ശ്രമിച്ചേക്കാം. അതിനു ശേഷം നിങ്ങളും പോയി നിങ്ങളുടെ ദേഹീബലം ഇതേ രീതിയില്‍ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തി കാണിച്ച് അവരെയും നിങ്ങളെത്തന്നെയും വഞ്ചിക്കും. അതുകൊണ്ടു ദൈവത്തിന്റെ വചനം നിങ്ങളുടെ ഉള്ളിലേക്കു തുളച്ചു കയറുവാനും അനുവദിക്കുക. നിങ്ങള്‍ യേശുവിനെ നോക്കുക, അതിന്റെ ഉത്തരം നിങ്ങള്‍ യേശുവില്‍ കണ്ടെത്തും. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു രോഗശാന്തി ശുശ്രൂഷ യോഗത്തില്‍ പങ്കെടുക്കുകയോ, ക്രിസ്തീയ ടി.വി.യില്‍ അതു കാണുകയോ ചെയ്യുമ്പോള്‍, യേശു ഇതു ചെയ്തത് ഉങ്ങനെയാണോ എന്നു നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കുക. ദൈവവചനത്തെ അവഗണിച്ചാല്‍, അപ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും വഞ്ചിക്കപ്പെടും. ദൈവത്തിന്റെ വചനം ദേഹിയെയും ആത്മാവിനെയും തമ്മില്‍ വേര്‍പെടുത്തട്ടെ. യഥാര്‍ത്ഥത്തില്‍, സത്യമായ ആത്മീയത എന്താണെന്നു നമുക്കു കാണിച്ചു തരുവാന്‍ ദൈവം നമുക്ക് അവിടുത്തെ വചനവും, യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും മാതൃകയും തന്നിട്ടുണ്ട്.

What’s New?