എന്തു വില കൊടുത്തും യേശുവിനോടുള്ള ഭക്തി കാത്തുകൊള്ളുക – WFTW 11 ഒക്ടോബർ 2015

സാക് പുന്നന്‍

   Read PDF version

 ഒരുനാള്‍ യേശു അവരെ വിവാഹം കഴിക്കേണ്ടതിനു യേശുക്രിസ്തുവുമായി വിവാഹനിശ്ചയം ചെയ്യുവാന്‍ താന്‍ അവരെ നടത്തിയത് എപ്രകാരമാണെന്നതിനെക്കുറിച്ചു പൗലൊസ് 2കൊരി. 11:2,3 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു. അവര്‍ വഴിയില്‍ വച്ച് മറ്റാരുമായും സ്‌നേഹബന്ധത്തിലാകരുതെന്ന വലിയ അസൂയ അദ്ദേഹത്തിനുണ്ടായിരുന്നു.

40 മൈലുകള്‍ ദൂരമുള്ള വഴി താണ്ടി റിബേക്കയെയും കൊണ്ടുവന്ന അബ്രാഹാമിന്റെ ദാസന്റെ കാര്യം ചിന്തിക്കുക. ആ സമയത്തിനിടയ്ക്ക് ഏതെങ്കിലും കോമളനായ യുവാവു വന്നു റിബേക്കയുടെ സ്‌നേഹം നേടി എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എലയാസര്‍ എന്തു ചെയ്യുമായിരുന്നു? അയാള്‍ ഇങ്ങനെ പറയുമായിരിക്കും: ”ദൂരെ മാറിപ്പോകുക, ഇവള്‍ എന്റെ യജമാനന്റെ മകനുവേണ്ടി കരുതിവയ്ക്കപ്പെട്ടിരിക്കന്നവളാണ്.” അവളോട് അയാള്‍ ഇങ്ങനെ പറഞ്ഞിരിക്കും: ”ഈ ആളുകളാലൊന്നും നീ വശീക്കരിക്കപ്പടരുത്.”

കൊരന്തിലുള്ള സഭയെ യേശുവിനുവേണ്ടി അതുപോലെ കാത്തു സൂക്ഷിക്കുവാന്‍ പൗലൊസ് അഗ്രഹിച്ചു. അതൊരു അസൂയയാണ്: ”നിങ്ങള്‍ യേശുവിനു വേണ്ടി കരുതിവയ്ക്കപ്പെട്ടവരാണ്. നിങ്ങള്‍ക്ക് ഈ ലോകത്തിനു വേണ്ടിയോ, പണത്തിനു വേണ്ടിയോ, മാനത്തിനു വേണ്ടിയോ ജീവിക്കുവാന്‍ കഴിയുകയില്ല. മറ്റുള്ള ആളുകള്‍ വന്നു നിങ്ങളെ വശീകരിച്ചേക്കാം. നിങ്ങള്‍ ദൈവത്തിനു വേണ്ടി ജീവിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.”

അതുപോലെ ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന്, അവര്‍ ക്രിസ്തുവിന് ഒരു നിര്‍മ്മല കന്യകയായി സൂക്ഷിക്കപ്പെടണമെന്ന്, ദൈവജനത്തിനു വേണ്ടി ഒരു അസൂയ ഉണ്ട്. എന്നാല്‍ അദ്ദേഹം പറഞ്ഞു: ”പഴയ സര്‍പ്പം ഏദനില്‍ വന്നു ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ സാത്താന്‍ വരുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. നിങ്ങളുടെ ഹൃദയം യേശുക്രിസ്തുവിനോടുള്ള ഭക്തിയില്‍ നിന്നു വലിച്ചു മാറ്റപ്പെടുമോ എന്നും ഞാന്‍ ഭാരപ്പെടുന്നു.”

നിങ്ങളൊരു പിന്മാറ്റക്കാരനായെന്നു നിങ്ങള്‍ എങ്ങനെ അറിയും? നിങ്ങള്‍ വഴിതെറ്റിപ്പോയി എന്നു നിങ്ങള്‍ക്കെങ്ങനെ അറിയാം? നിങ്ങള്‍ ചില തെറ്റായ ഉപദേശങ്ങള്‍ വിശ്വസിക്കുമ്പോഴാണോ അതുണ്ടാകുന്നത്? 2 കൊരി. 11:3 അനുസരിച്ച്, നിങ്ങള്‍ക്ക് യേശുക്രിസ്തുവിനോടുള്ള ഭക്തി നഷ്‌പ്പെടുന്ന ആ നിമിഷം തന്നെ നിങ്ങള്‍ വഴിതെറ്റിക്കഴിഞ്ഞു. അതാണ് വഴി തെറ്റിയതിന്റെ അടയാളം. യേശുക്രിസ്തുവിനോടുള്ള ഭക്തി നഷ്ടപ്പെട്ട ഓരോ വിശ്വാസിയും ഇതിനോടകം തന്നെ വഴി തെറ്റിയിരിക്കുന്നു. ദൈവത്തിന്റെ ദാസന്മാരെന്ന നിലയില്‍ നമ്മുടെ ജോലി അവരെ യേശുക്രിസ്തുവിനോടുള്ള ഭക്തിയില്‍ നിലനിര്‍ത്തുക എന്നാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

യേശുക്രിസ്തുവിനോടുള്ള ഭക്തിയില്‍ നിന്നും അവിടുത്തെ തീക്ഷ്ണതയോടെ സ്‌നേഹിക്കുന്നതില്‍ നിന്നും വിശ്വാസികളെ വഴി തെറ്റിക്കാനായി പിശാച് എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കും. യേശുക്രിസ്തുവിനോടുള്ള സ്‌നേഹം നമുക്കു നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് അവിടുത്തെ ശുശ്രൂഷിക്കുന്നതും, സുവിശേഷവേല ചെയ്യുന്നതും, പഠിപ്പിക്കുന്നതും, അല്ലെങ്കില്‍ സഭ പണിയുന്നതും കൊണ്ടെല്ലാം എന്തു പ്രയോജനം?

കര്‍ത്താവ് എഫെസൊസിലുള്ള സഭയോടു പറഞ്ഞു ”നിങ്ങള്‍ എന്നെ ആദ്യം സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാത്തപ്പോള്‍, ഇത്രയധികം നല്ലകാര്യം ചെയ്യുന്നതുകോണ്ട് എന്തു പ്രയോജനമുണ്ട്? എനിക്കു നിങ്ങളുടെ ശുശ്രൂഷകളൊന്നും ആവശ്യമില്ല.” നിങ്ങളെ തന്നെ ക്രിസ്തുവിനോടുള്ള ഭക്തിയില്‍ സൂക്ഷിക്കുവാനും നമ്മള്‍ ശുശ്രൂഷിക്കുന്നവരെ ക്രിസ്തുവിനോടുള്ള ഭക്തിയില്‍ സൂക്ഷിക്കുവാനും ദയവായി ഓര്‍ത്തുകൊള്‍ക.