കനാനിലായിരിക്കുവാന്‍ ദൈവം നിങ്ങളെ വിളിച്ചിട്ടുണ്ടെങ്കില്‍ ഈജിപ്തിലേക്ക് നിങ്ങള്‍ പോകരുത് – WFTW 15 ജനുവരി 2017

സാക് പുന്നന്‍

   Read PDF version

ദൈവം അബ്രാഹാമിനെ വീണ്ടും വീണ്ടും പരിശോധന ചെയ്തു. ഈ തവണത്തെ പരിശോധന ദേശത്തുണ്ടായ ഒരു ക്ഷാമത്തിലൂടെയായിരുന്നു. (ഉല്‍പത്തി 12:10). ദൈവം നിങ്ങളോട് കനാനിലേക്ക് പോകുവാന്‍ ആവശ്യപ്പെട്ടിരിക്കുകയും കനാനില്‍ ഒരു ക്ഷാമം ഉണ്ടാകുകയും ചെയ്താല്‍ നിങ്ങള്‍ എന്താണ് ചെയ്യുക? ഒന്നുകില്‍ നിങ്ങളുടെ സ്വന്തവിവേകമനുസരിച്ച് അല്ലെങ്കില്‍ ദൈവം തന്റെ ആത്മാവിലൂടെ നിങ്ങളോട് അരുളിചെയ്തതനുസരിച്ച് ജീവിക്കും. യേശുവിനെക്കുറിച്ചു പറയുന്ന മനോഹരമായ ഒരു വാക്യമുണ്ട്. ‘ അവിടുന്ന് തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല. ചെവികൊണ്ട് കേള്‍ക്കുന്നതു പോലെ വിധിക്കയുമില്ല’ ( യെശയ്യാവ് 11:3,4) എന്നാല്‍ മനുഷ്യന്‍ ജീവിക്കുന്നത് ആ മാര്‍ഗ്ഗത്തിലല്ല. നാം കനാനില്‍ ഒരു ക്ഷാമത്തെക്കുറിച്ചു കേള്‍ക്കുകയോ കാണുകയോ ചെയ്താല്‍, പെട്ടെന്നു നാം നമ്മുടെ കണ്ണുകളും കാതുകളും, നമ്മുടെ ബുദ്ധിയുളള തലച്ചോറും പറയുന്നതു പോലെ ഒരു തീരുമാനം എടുക്കുന്നു. തീര്‍ച്ചയായും നമുക്ക് ഇപ്പോള്‍ ആയിരിക്കാന്‍ പറ്റിയ ഒരു സ്ഥലമല്ല കനാന്‍ എന്ന് നാം തീരുമാനിക്കുന്നു. നമുക്ക് ഇവിടെ നിന്ന് പുറപ്പെടണം. നമുക്ക് ദൈവത്തോട് ആലോചിക്കേണ്ടതില്ല കാരണം നാം നമ്മുടെ വിവേകം അനുസരിച്ചാണ് ജീവിക്കുന്നത്! അതാണ് അബ്രഹാഹാം ചെയ്തത്. ‘ അതുകൊണ്ട് അബ്രാഹാം ഈജിപതിലേക്ക് പോയി’ (12:10) ഈജിപ്തിലേക്കു പോകുവാന്‍ അവനോട് ആരു പറഞ്ഞു? ദൈവം പറഞ്ഞില്ല, എന്നാല്‍ അവന്റെ ബുദ്ധി അവനോടു പറഞ്ഞു. ദൈവത്തിന് ഒരു മനുഷ്യനെ ക്ഷാമകാലത്തു സംരക്ഷിക്കുവാന്‍ കഴിയുകയില്ലേ ? തീര്‍ച്ചയായും. ‘യഹോവയില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. ക്ഷാമകാലത്തു പോലും അവന് കുറവുണ്ടായിരിക്കുകയില്ല.’ ( യിരെമ്യാവ് 17:58). യഹോവയില്‍ ആശ്രയിക്കുന്നവന്‍, ദൈവം അവനോട് പുറപ്പെടാന്‍ പറയുന്നതുവരെ അതു ചെയ്യുകയില്ല. അതാണ് നമ്മുടെ കര്‍ത്താവ് മരുഭൂമിയില്‍ വച്ച് പരീക്ഷിക്കപ്പെട്ടപ്പോള്‍ സാത്താനോട് പറഞ്ഞത്. സാത്താന്‍ യേശുവിനോട് ആ കല്ല് അപ്പമാക്കി മാറ്റുവാന്‍ പറഞ്ഞു. ആ മരുഭൂമിയില്‍ ഒരു ക്ഷാമമുണ്ടായിരുന്നു തന്നെയുമല്ല അവിടെ ചുറ്റുപാടുമെങ്ങും ഒരു ഭക്ഷണശാലയും ഉണ്ടായിരുന്നില്ല. എന്നാല്‍ യേശു ഇപ്രകാരം മറുപടി പറഞ്ഞു, ‘ മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ നിന്നു പുറപ്പെടുന്ന സകല വചനങ്ങള്‍ കൊണ്ടും ജീവിക്കുന്നു’ ( മത്തായി 4:4) .

എന്നാല്‍ അബ്രഹാം അപ്രകാരമല്ല ജീവിച്ചത്. അവന്‍ അപ്പം കൊണ്ടു മാത്രം ജീവിക്കുവാന്‍ തീരുമാനിച്ചു. അതുകൊണ്ട് ഈജിപ്തില്‍ അപ്പം ഉണ്ടായിരുന്നതിനാല്‍, അവന്‍ അവിടേയ്ക്ക് പോയി. ഇന്ന് മിക്ക ക്രിസ്തീയ പ്രവര്‍ത്തനങ്ങളും നടത്തപ്പെടുന്നത് അപ്രകാരമാണ്. മിക്ക ക്രിസ്തീയ പ്രവര്‍ത്തകരും കര്‍ത്താവ് അവരോട് പോകാന്‍ പറയുന്നയുന്നിടത്തേക്ക് പോകുന്നില്ല. തങ്ങള്‍ക്ക് ഒരു നല്ല ശംമ്പളം ലഭിക്കാന്‍ സാധ്യതയുളളതും അപ്പം ധാരാളമായി ലഭ്യതയുളളതുമായ ഇടങ്ങളിലേയ്ക്ക് അവര്‍ പോകുന്നു. പണത്തിന് യാതൊരു ക്ഷാമവുമില്ലാത്ത സംഘടനകളില്‍ അവര്‍ ചേരുന്നു. ആയിരിക്കുവാന്‍ വളരെ സുഖപ്രദമായ ഒരു സ്ഥലമായിരിക്കാം ‘ഈജിപ്ത്’ എന്നാല്‍ നിങ്ങള്‍ ആയിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്ന സ്ഥലം അതാണോ എന്നതാണ് ചോദ്യം. ദൈവം നിങ്ങളെ ‘കനാനില്‍’ ആയിരിക്കുവാനായി വിളിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ ‘ഈജിപ്തിലേക്ക്’ നീങ്ങരുത്. ഇപ്പോള്‍തന്നെ ദൈവം നിങ്ങളോട് പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലെങ്കില്‍, നിങ്ങള്‍ പരിശോധിക്കപ്പെടുമ്പോഴും നിങ്ങള്‍ അതേ കാര്യം തന്നെ ചെയ്യും. യേശുചെയ്തതുപോലെ ദൈവത്തിന്റെ വായില്‍ നിന്നു പുറപ്പെടുന്ന വചനങ്ങളാല്‍ ജീവിക്കുക. ‘അതെ അപ്പം ജീവിതത്തിന് ആവശ്യമാണ്. എന്നാല്‍ ദൈവത്തെ അനുസരിക്കുന്നത്, ജീവിതത്തിന് അതിനെക്കാള്‍ ആവശ്യമാണ്’ ഇതായിരുന്നു അവിടുത്തെ മനോഭാവം.

യേശുവിനെപ്പോലും സാത്താന്‍ ഈ വിധത്തില്‍ പ്രലോഭിപ്പിച്ചെങ്കില്‍, നിങ്ങളെയും അവന്‍ ധാരാളം അപ്പമുളള ഇടത്തേക്ക് പോകുവാനായി പ്രലോഭിപ്പിക്കും എന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? നിങ്ങള്‍ ഒരു പൂര്‍ണ്ണസമയ ക്രിസ്തീയ പ്രവര്‍ത്തനത്തിലായിരിക്കുകയും ഒരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുകയാണെങ്കില്‍, മറ്റൊരു സംഘടനയില്‍ നിന്നോ, മറ്റൊരു സഭയില്‍ നിന്നോ കൂടുതല്‍ പണം നേടാന്‍ നിങ്ങള്‍ക്കു കഴിയും. അതുകൊണ്ട് നിങ്ങള്‍ അവിടേക്ക് പോകുവാനായി സാത്താന്‍ നിങ്ങളോട് പറയും. അപ്രകാരമുളള ഒരു സമയത്ത് സാത്താന്‍ പറയുന്നതു കേട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കാതിരിക്കുവാന്‍ ദൈവം നിങ്ങളുടെ മേല്‍ കരുണ ചൊരിയട്ടെ.

അബ്രാഹാം ഈജിപ്തിലേക്ക് പോയതു കൊണ്ട് എന്തു ഫലം ഉണ്ടായീ? അവന്റെ ഭാര്യ തന്റെ സഹോദരിയാണെന്ന ഭോഷ്‌ക് പറയേണ്ടിവന്നു. നിങ്ങള്‍ ‘ ഈജിപ്തിലേയ്ക്ക് ‘ പോകുമ്പോള്‍ നിങ്ങള്‍ അനേക പ്രശ്‌നങ്ങളില്‍ അകപ്പെടും, നിങ്ങള്‍ കളളങ്ങള്‍ പറയേണ്ടിവരും, വ്യാജ റിപ്പോര്‍ട്ടുകള്‍ എഴുതേണ്ടി വരും, 100% സത്യമല്ലാത്ത കാര്യങ്ങള്‍ പ്രസ്താവിക്കേണ്ടി വരും, നിങ്ങളുടെ മനസ്സാക്ഷി ഒത്തുതീര്‍പ്പിനു വിധേയമാകേണ്ടി വരും, ഇങ്ങനെ പല കാര്യങ്ങള്‍. സാറയ്ക്ക് ഏതാണ്ട് 65 അല്ലെങ്കില്‍ 70 വയസ്സുണ്ടായിരുന്നിരിക്കാം. എങ്കിലും അപ്പോഴും അവള്‍ വളരെ ആകര്‍ഷണീയ ആയ ഒരു സ്ത്രീ ആയിരുന്നിരിക്കണം, കാരണം ഈജിപ്തിലെ രാജാവായ ഫറവോന്‍ അവളെ തന്റെ അരമനയിലേയ്ക്ക് കൊണ്ടു ചെല്ലുവാന്‍ ആവശ്യപ്പെട്ടു. തന്റെ ഭാര്യയെ രാജാവിന്റെ അരമനയിലേയ്ക്ക് മലിനപ്പെടുത്തേണ്ടതിനായി കൊണ്ടു പോകുന്നതു കണ്ടപ്പോള്‍ പോലും, അവന്‍ ഫറവോനോട് സത്യം പറയാതിരിക്കത്തക്കവണ്ണം അപ്പോഴും അബ്രഹാം തന്റെ സ്വന്ത ജീവനെ സ്‌നേഹിച്ചു എന്നതാണ് ദുഃഖകരമായ കാര്യം. ഒരു ദുര്‍ഘട സന്ധിയിലാകുമ്പോഴാണ് നാം സത്യത്തെ സ്‌നേഹിക്കുന്നോ ഇല്ലയോ എന്നു കണ്ടെത്തുന്നത്.

ഇനി കുറച്ചുകൂടി ഗൗരവമുളള ചില കാര്യങ്ങള്‍ സൂചിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത 4000 വര്‍ഷങ്ങളോളം അനന്തര ഫലങ്ങളുണ്ടാക്കത്തക്കവിധം ഈജിപ്തില്‍ നടന്ന ചില കാര്യങ്ങള്‍. അബ്രാഹാം ഈജിപ്തിലേയ്ക്ക് ചെന്നപ്പോള്‍ അവിടെയുളള ധനികരായ ആളുകള്‍ക്ക് തങ്ങളുടെ വീട്ടില്‍ പരിചാരികമാര്‍ (വേലക്കാരി സ്ത്രീകള്‍) ഉളളതായി കണ്ടു, അവന്‍ തനിക്കും അതുപോലെ ഒരാളെ എടുക്കുവാന്‍ തീരുമാനിച്ചു. അതുകൊണ്ട് ഹാഗാര്‍ എന്നു പേരുളള ഒരു വേലക്കാരിയെ എടുത്തു. അവന്‍ ഈജിപ്തില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ അവളെയും തന്റെ കൂടെ കൊണ്ടു വന്നു. ഇപ്പോള്‍ സാറയ്ക്ക് കൂടാരത്തിലുളള ജോലികള്‍ മുഴുവന്‍ തനിയേ ചെയ്യേണ്ട ആവശ്യമില്ല. അവിടെ അവളെ സഹായിക്കുവാന്‍ ഹാഗാര്‍ ഉണ്ടായിരുന്നു. പിന്നീട് ,സാറായിക്ക് കുഞ്ഞുങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നപ്പോള്‍, ആ പ്രശ്‌നത്തിലും അവളെ സഹായിക്കുവാന്‍ ഹാഗാര്‍ ഉണ്ടായിരുന്നു! ഹാഗാറിലൂടെ യിശ്മായേല്‍ ഉണ്ടായി. അവന്റെ സന്തതി യിസ്ഹാക്കിന്റെ സന്തതിയുമായി 4000 വര്‍ഷങ്ങളോളം യുദ്ധം ചെയ്തു കൊണ്ടിരുന്നു. എന്നാല്‍ ഇതിന്റെ എല്ലാം തുടക്കം, ഒരു മനുഷ്യന്‍ ഒരു പ്രാവശ്യം ദൈവം പറഞ്ഞത് കേള്‍ക്കാതെ പോയതില്‍ നിന്നാണ്. നിങ്ങള്‍ ഇപ്രകാരം പറഞ്ഞേക്കാം ‘കൊളളാം, മിക്ക സമയങ്ങളിലും ഞാന്‍ ദൈവത്തെ ശ്രദ്ധിച്ചു കേള്‍ക്കാറുണ്ട്’ നല്ലത്. എന്നാല്‍ ഇവിടെ നാം കാണുന്നത് ദൈവത്തെ ഒരു പ്രാവശ്യം മാത്രം ശ്രദ്ധിച്ചു കേള്‍ക്കാതിരുന്നതിന്റെ അനന്തരഫലമാണ്. ഈ സന്ദേശം ഗൗരവത്തോടെ നമ്മിലേക്ക് കടക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

What’s New?