വിവാഹത്തിലുള്ള ദൈവഹിതം നഷ്ടപ്പെടരുത് – WFTW 24 മെയ് 2015

സാക് പുന്നന്‍

   Read PDF version

നിങ്ങളുടെ ജീവിത പങ്കാളിയാകുവാന്‍ ഏറ്റവും യോജിച്ച വ്യക്തിയുടെ അടുത്തേക്കു നിങ്ങളെ നയിക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. നിങ്ങള്‍ അവിടുത്തെ ശ്രദ്ധിക്കുമെങ്കില്‍ അവിടുന്ന് അങ്ങനെ ചെയ്യുവാന്‍ വാസ്തവത്തില്‍ ആകാംക്ഷയോടെ ഇരിക്കുകയാണ്. ദൈവത്തിന് തന്റെ ഓരോ മക്കളുടെയും ജീവിതത്തെക്കുറിച്ച് ഒരു പദ്ധതി ഉണ്ട് എന്നു വേദപുസ്തകം പഠിപ്പിക്കുന്നു (എഫെ. 2:10). അതു സത്യമാണെങ്കില്‍, നിങ്ങള്‍ വിവാഹിതനാകണോ വേണ്ടയോ എന്ന കാര്യം ദൈവം മുന്നേ പദ്ധതിയിട്ടിട്ടുണ്ട് എന്നു വിശ്വസിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. അവിടുന്നു വിവാഹത്തിനു പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വിവാഹം ചെയ്യേണ്ട വ്യക്തി ആരാണെന്നുള്ളതും അവിടുന്നു കരുതിയിട്ടുണ്ട് എന്നതിന് സംശയമില്ല. എന്നാല്‍ തന്നെ അനുസരിക്കാന്‍ ദൈവം ആരെയും നിര്‍ബന്ധിക്കാറില്ല. അതുകൊണ്ട് ഒരു വ്യക്തിക്ക് ദൈവത്തിന്റെ ആലോചന അവഗണിച്ചിട്ട് അതിനു പകരം ദൈവഹിതത്തിനു പുറത്തുള്ള ഒരു വിവാഹബന്ധത്തില്‍ പ്രവേശിക്കാന്‍ എളുപ്പത്തില്‍ സാധ്യമാണ്.

നിങ്ങളുടെ ആത്മാവിന്റെ രക്ഷയുടെ കാര്യം കഴിഞ്ഞാല്‍ അടുത്തതായി ജീവിതത്തില്‍ നിങ്ങള്‍ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനം നിങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ്. ഇവിടെ ഒരബദ്ധം പറ്റുന്നത് നിങ്ങള്‍ക്കു താങ്ങുവാന്‍ കഴിയുകയില്ല – കാരണം ജീവിതത്തില്‍ ഒരിക്കല്‍ എടുത്താല്‍ പിന്നെ ഒരിക്കലും മാറ്റാന്‍ പറ്റാത്ത തീരുമാനമാണിത്. നിങ്ങള്‍ തെറ്റായ ഒരു തൊഴില്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ പിന്നെയും നിങ്ങള്‍ക്ക് നിങ്ങളുടെ തെറ്റു തിരുത്താന്‍ കഴിയും; അതുപോലെ നിങ്ങളുടെ ജീവിതത്തിലെടുത്തിട്ടുള്ള മറ്റ് അനേക തീരുമാനങ്ങളും നിങ്ങള്‍ക്കു തിരുത്താന്‍ കഴിയും. എന്നാല്‍ ദൈവഹിതത്തിനു പുറത്ത് നിങ്ങള്‍ ഒരു വിവാഹം കഴിച്ചാല്‍, നിങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പിനെ ഏറ്റവും മെച്ചമാക്കാന്‍ പരിശ്രമിക്കുകയല്ലാതെ, ഒരിക്കലും നിങ്ങളുടെ തെറ്റു തിരുത്തുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. വിവാഹത്തിലുള്ള ദൈവഹിതം നഷ്ടപ്പെടുന്നത് ഒരു ദുരന്തമാണ്. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാതെ, അല്ലെങ്കില്‍ അവിടുത്തെ ഹിതം അന്വേഷിക്കാതെ ധൃതിയില്‍ വിവാഹം കഴിച്ച അനേകരും ഇന്ന് ഒഴിവ് സമയങ്ങളില്‍ അനുതപിക്കുകയാണ്! തീര്‍ച്ചയായും അവരുടെ ഉദാഹരണം, ഈ തലത്തിലേക്കു ചുവടു വയ്ക്കുന്നത് അതീവ ശ്രദ്ധയോടെ ആയിരിക്കണം എന്ന് യുവജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്.

ദൈവഹിതത്തിനു വെളിയില്‍ വിവാഹിതനാകുന്നതിനെക്കാള്‍ തനിയെ ആയിരിക്കുന്നതാണ് അധികം നല്ലത്. വിവാഹത്തില്‍ തന്റെ പൂര്‍ണ്ണ ഹിതം നഷ്ടപ്പെടുത്തിയവര്‍ പിന്നീട് മാനസാന്തരപ്പെടുമ്പോള്‍ ദൈവം തന്റെ കരുണയില്‍ അവരെ അനുഗ്രഹിച്ചേക്കാം. എന്നിരുന്നാലും പൂര്‍ണ്ണതയുള്ള ദൈവഹിതത്തിന്റെ കേന്ദ്രത്തിലാകുന്നതിന്റെ ഫലമായി മാത്രമേ യഥാര്‍ത്ഥ സന്തോഷവും അനുഗ്രഹവും ഉണ്ടാകുകയുള്ളു.

ദൈവത്തിന്റെ മഹത്വത്തിനും നമ്മുടെ ഏറ്റവും വലിയ നന്മയ്ക്കുമായി, ദൈവം നമുക്കായി തിരഞ്ഞെടുത്തിട്ടുള്ളവ്യക്തിയെ കണ്ടെത്തുകയും നാം അവനുമായി അല്ലെങ്കില്‍ അവളുമായി വിവാഹിതരാകുകയും ചെയ്യണമെന്നുള്ളത് വളരെ അത്യന്താപേക്ഷിതമായിട്ടുള്ള കാര്യമാണ്. ആദമിന് ഒരു ജീവിത പങ്കാളിയ നല്‍കുവാന്‍ ദൈവം ആഗ്രഹിച്ചപ്പോള്‍, പത്തു സ്ത്രീകളെ സൃഷ്ടിച്ചിട്ട് ആദമിനോട് അതില്‍ നിന്ന് അവന് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളിനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല അവിടുന്ന് ചെയ്തത്. ദൈവം ഒരു സ്ത്രീയെ മാത്രം സൃഷ്ടിച്ചിട്ട് അവളെ ആദമിനു കൊടുത്തു. ഈ കാര്യത്തില്‍ ആദമിന് തിരഞ്ഞെടുപ്പ് ഒന്നുമില്ലായിരുന്നു. അതേ ദൈവം തന്നെ തന്റെ അനുസരണയുള്ള ഓരോ മക്കള്‍ക്കും ഓരോരുത്തരെ മാത്രം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പഠിപ്പിക്കലുകളുടെ വിവക്ഷിതാര്‍ത്ഥങ്ങള്‍ എല്ലാം മനസ്സിലാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം – മനുഷ്യന്റെ സ്വതന്ത്രേഛയെപ്പറ്റിയുള്ള ഉപദേശത്തോടു ചേര്‍ത്തു വെയ്ക്കുമ്പോള്‍ ദൈവത്തിന്റെ പരമാധികാരത്തെ പറ്റിയുള്ള ഉപദേശം മനസ്സിലാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉള്ളതുപോലെ തന്നെ – എന്നാല്‍ അത് ഒരിക്കലും തിരുവെഴുത്തുകളിലെ പഠിപ്പിക്കലല്ല. നാം അവിടുത്തെ ആലോചനയെ സ്വീകരിക്കുമെങ്കില്‍, ദൈവം തിരഞ്ഞെടുത്തിട്ടു ആ വ്യക്തി വാസ്തവത്തില്‍ ഏറ്റവും നല്ലതാണെന്ന് നാം കണ്ടെത്തും – ആദമിന് ഹവ്വ ഏറ്റവും നല്ലതാണെന്ന് നാം കണ്ടെത്തും – ആദമിന് ഹവ്വ എന്നപോലെ എല്ലാ വിധത്തിലും നമ്മുടെ പങ്കാളി ആകുവാന്‍ തക്കവണ്ണം ദൈവത്താല്‍ തയ്യാറാക്കപ്പെട്ടതാണെന്ന് നാം കണ്ടെത്തും.

ഇസഹാക്കിന് വധുവിനെ അന്വേഷിച്ചപ്പോള്‍ അബ്രഹാമിന്റെ ദാസന്‍, ഈ കാര്യം തിരിച്ചറിഞ്ഞു. അതുകൊണ്ട് “ദൈവമേ, ഇസഹാക്കിന് അനുയോജ്യയായ ഒരു ഭാര്യയെ തിരഞ്ഞെടുക്കേണ്ടതിന് എന്നെ, കുറെ നല്ല പെണ്‍കുട്ടികളുടെ അടുത്തേക്ക് നയിക്കണമേ” എന്നല്ല അവന്‍ പ്രാര്‍ത്ഥിച്ചത്., അതിനു പകരം അയാള്‍ പ്രാര്‍ത്ഥിച്ചത് “കര്‍ത്താവേ, ഇസഹാക്കിന്റെ ഭാര്യയാകുവാന്‍ വേണ്ടി മുന്നമേ അവിടുന്നു തിരഞ്ഞെടുത്തിട്ടുള്ളതും, നിയമിച്ചിട്ടുള്ളതുമായ പെണ്‍കുട്ടിയുടെ അടുത്തേക്ക് എന്നെ നയിക്കണമേ” എന്നാണ് (ഉല്‍പ. 24:14,44). ദൈവം അയാളുടെ പ്രാര്‍ത്ഥനയ്ക്കു മറുപടി കൊടുത്തപ്പോള്‍ അവന് സത്യമായി പറയാന്‍ കഴിഞ്ഞു. “ദൈവം എന്നെ നടത്തി” (ഉല്‍പ. 24:27). ഈ നാളുകളില്‍ ചിലര്‍ ഉപയോഗിക്കുന്നതുപോലെ വെറുതെ പറഞ്ഞ ഭക്തിയുടെ ഒരു പദപ്രയോഗമായിരുന്നില്ല അത്. അതു നൂറുശതമാനവും സത്യമായിരുന്നു. എല്ലാ ക്രിസ്തീയ വിവാഹങ്ങളുടെ കാര്യത്തിലും ഇതു കര്‍ത്താവിനാല്‍ ഒരുമിച്ചു നയിക്കപ്പെട്ടതാണെന്നും കര്‍ത്താവിനാല്‍ മാത്രം നടത്തപ്പെട്ടതാണെന്നുമുള്ള ഈ ഉറപ്പ് ഉണ്ടാകട്ടെ.

ദൈവം നിങ്ങള്‍ക്കായിട്ടു തിരഞ്ഞെടുത്തിട്ടുള്ള വ്യക്തിയുടെ അടുത്തേക്ക് നിങ്ങളെ ഒന്നുകില്‍ നേരിട്ട് നടത്തും. അല്ലെങ്കില്‍ നേരിട്ടല്ലാതെ മാതാപിതാക്കളിലൂടെയോ, സ്‌നേഹിതരിലൂടെയോ നടത്തും. വേദപുസ്തകത്തില്‍ വിവാഹത്തിന്റെ കാര്യത്തില്‍ വ്യക്തമായ ദൈവനടത്തിപ്പിന്റെ ഒരുദാഹരണം മാത്രമേ നാം കാണുന്നുള്ളു – നാം ഇപ്പോള്‍ പരമാര്‍ശിച്ച യിസഹാക്കിന്റെയും റിബേക്കായുടെയും കാര്യം. ആ വിവാഹം കേവലം മതാപിതാക്കളാല്‍ ക്രമീകരിക്കപ്പെട്ട ഒന്നായിരുന്നില്ല – കാരണം അബ്രഹാം റിബേക്കയെ കണ്ടിട്ടുപോലും ഇല്ല, കൂടാതെ അദ്ദേഹത്തിന്റെ ദാസനും അവളെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചേര്‍ന്ന് അവര്‍ തന്നെ ക്രമീകരിച്ച ഒരു വിവാഹവും ആയിരുന്നില്ല – കാരണം യിസഹാക്കും റിബേക്കയും തമ്മില്‍ മുമ്പൊരിക്കലും കണ്ടു മുട്ടിയിട്ടില്ല. അതു ദൈവത്താല്‍ത്തന്നെ ക്രമീകരിക്കപ്പെടതായിരുന്നു.

ഇതു നമ്മെ പഠിപ്പിക്കുന്നത്, ദൈവം തന്റ മക്കളില്‍ രണ്ടുപേരെ ഒരുമിച്ചു കൊണ്ടു വരുവാന്‍ ഉപയോഗിക്കുന്ന രീതിയല്ല പ്രധാനം എന്നതാണ്. എന്നാല്‍ ദൈവമാണ് അവരെ പരസ്പരം മറ്റെയാളുടെ അടുത്തേക്ക് നടത്തിയത് എന്നുള്ളതാണ്. നാം നമ്മുടെ മതാപിതാക്കന്മാരിലൂടെയാണെങ്കിലും, നമ്മുടെ സഹൃത്തുകളിലൂടെയാണെങ്കിലും, നമ്മളാല്‍ തന്നെയാണെങ്കിലും ഒരു വ്യക്തിയുടെ അടുത്തേക്ക് നയിക്കപ്പെടുമ്പോള്‍, ആ വ്യക്തി വാസ്തവമായി നമുക്കുവേണ്ടി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതാണെന്ന കാര്യത്തില്‍ തീര്‍ച്ച ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം.