സാക് പുന്നന്‍
Read PDF version
എഫേസ്യര്‍ 1:3 ഇപ്രകാരം പറയുന്നു: ‘സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍’, ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ആത്മീകമാണ്, ഭൗതികമല്ല എന്നതു ശ്രദ്ധിക്കുക. പഴയ ഉടമ്പടിയുടെ കീഴില്‍ യിസ്രയേല്‍ ജനത്തിന് വാഗ്ദാനം ചെയ്തിരുന്നതെല്ലാം ഭൗതിക അനുഗ്രഹങ്ങളായിരുന്നു. അത് നമുക്ക് ആവര്‍ത്തന പുസ്തകം 28ാം അദ്ധ്യായത്തില്‍ വായിക്കാവുന്നതാണ്. ക്രിസ്തു കൊണ്ടുവന്ന കൃപയെ മോശെ കൊണ്ടുവന്ന ന്യായപ്രമാണത്തില്‍ നിന്ന് വേര്‍തിരിച്ചു കാണിക്കുന്നത് ഇതാണ്. ഇപ്രകാരം ഒരു വാക്യം പഴയനിയമത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇങ്ങനെ വായിക്കുമായിരുന്നു: ‘ഈ ഭൂമിയിലുള്ള എല്ലാ ഭൗതീകനന്മകളാലും മോശെയില്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന സര്‍വ്വശക്തനായ ദൈവം (നമ്മുടെ പിതാവല്ല) വാഴ്ത്തപ്പെട്ടവന്‍’.
അതുകൊണ്ട് പ്രാഥമികമായി ശാരീരിക സൗഖ്യത്തിനും ഭൗതീക അനുഗ്രഹങ്ങള്‍ക്കുമായി അന്വേഷിക്കുന്ന വിശ്വാസികള്‍ യഥാര്‍ത്ഥത്തില്‍ പഴയ ഉടമ്പടിയിലേക്ക് തിരിച്ചുപോവുകയാണ്. അങ്ങനെയുള്ള ‘വിശ്വാസികള്‍’ വാസ്തവത്തില്‍ യിസ്രയേല്യരാണ്, ക്രിസ്ത്യാനികളല്ല. അവര്‍ മോശെയുടെ അനുയായികളാണ്. ക്രിസ്തുവിന്റേതല്ല. അതിന്റെ അര്‍ത്ഥം ദൈവം ഇന്ന് വിശ്വാസികളെ ഭൗതീകമായി അനുഗ്രഹിക്കുന്നില്ല എന്നാണോ? അവിടുന്ന് ചെയ്യുന്നുണ്ട് എന്നാല്‍ വ്യത്യസ്തമായ ഒരു മാര്‍ഗ്ഗത്തിലൂടെയാണ്. അവര്‍ മുമ്പെ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുമ്പോള്‍, അവരുടെ ഭൗതീക ആവശ്യങ്ങളെല്ലാം അവര്‍ക്ക് നല്‍കപ്പെടുന്നു. പഴയ ഉടമ്പടിയുടെ കീഴില്‍, ആളുകള്‍ ഈ ഭൗതിക കാര്യങ്ങള്‍ക്കുവേണ്ടി മാത്രമെ അന്വേഷിച്ചിരുന്നുള്ളു, അതെല്ലാം അവര്‍ക്ക് ധാരാളമായി ലഭിക്കുകയും ചെയ്തു അനേകം മക്കള്‍, വളരെ സ്ഥാവര ജംഗമ വസ്തുക്കള്‍, ധാരാളം പണം, ശത്രുക്കളുടെമേല്‍ വിജയം, ഭൂമിയിലുള്ള മാനവും സ്ഥാനവും തുടങ്ങിയവ. എന്നാല്‍ പുതിയ ഉടമ്പടിയുടെ കീഴില്‍, നാം ആത്മീയ അനുഗ്രഹങ്ങള്‍ക്കായി അന്വേഷിക്കുന്നു ആത്മീയമക്കള്‍, ആത്മീയസമ്പത്ത്, ആത്മീയബഹുമതി, ആത്മീയവിജയം (സാത്താന്റെയും ജഡത്തിന്റെയും മേല്‍, അല്ലാതെ ഫെലിസ്ത്യരുടെയോ മറ്റ് മനുഷ്യരുടെയോ മേലല്ല). നമ്മുടെ ഭൗതീക ആവശ്യങ്ങള്‍, ദൈത്തിന്റെ ഇടഷ്ടം ചെയ്യാനാവശ്യമായ ആരോഗ്യവും പണവും പോലെയുള്ളവ, നമുക്ക് കൂട്ടിച്ചേര്‍ത്ത് നല്‍കപ്പെടുന്നു. നമ്മെ നശിപ്പിക്കയില്ല എന്ന് അവിടുത്തേക്ക് അറിയാവുന്ന അത്രയും പണമേ ദൈവം നമുക്ക് നല്‍കുകയുള്ളു. പഴയ ഉടമ്പടിയുടെ കീഴില്‍ ദൈവം ചിലരെ മഹാ കോടീശ്വരന്മാരാക്കിയിട്ടുണ്ടാകാം. എന്നാല്‍ അവിടുന്ന് ഇന്നു നമുക്കുവേണ്ടി അത് ചെയ്യുകയില്ല, കാരണം ഉയരത്തിലുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്ന് അത് നമ്മെ തടയുകയും അങ്ങനെ നമ്മെ നശിപ്പിക്കുകയും ചെയ്‌തേക്കാം.
അനേകം വിശ്വാസികള്‍ക്കും പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് ഇന്നും അവര്‍ പഴയ ഉടമ്പടിയുടെ കീഴില്‍ ദൈവം ജനത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളുടെ പിന്നാലെ പോകുന്നത്. സമൃദ്ധി പ്രസംഗിക്കുന്നവര്‍ വേദപുസ്തകത്തില്‍ നിന്ന് തങ്ങള്‍ പ്രസംഗിക്കുന്ന കാര്യങ്ങള്‍ തിരെഞ്ഞെടുക്കുന്നതില്‍ വളരെ കഴിവുള്ളവരാണ്. ഉദാഹരണത്തിന്, ആവര്‍ത്തനം 28:11ല്‍ കാണുന്ന പഴയ ഉടമ്പടി അനുഗ്രഹം വാഗ്ദാനം ചെയ്യുന്നത് ദൈവം യിസ്രയേല്യരെ ധാരാളം പണവും അനേകം മക്കളെയും നല്‍കി അനുഗ്രഹിക്കുമെന്നാണ്. എന്നാല്‍ ഈ പ്രസംഗകര്‍ അതിന്റെ രണ്ടാംഭാഗം പ്രസംഗിക്കാറില്ല. അത് അവരുടെ സ്വഭാവ ദാര്‍ഢ്യത്തിന്റെ കുറവിനെയാണ് കാണിക്കുന്നത്. ഈ സമൃദ്ധിയുടെ പ്രസംഗകരില്‍ ആരും തന്നെ ദൈവം തന്റെ ജനത്തെ അനേകം മക്കളെ നല്‍കി അനുഗ്രഹിക്കുമെന്ന് ഞാന്‍ കേട്ടിട്ടില്ല. അവര്‍ ഒന്നാംകിട വഞ്ചകന്മാരാണെന്ന് തെളിയിക്കുവാന്‍ ഈ ഒരൊറ്റ കാര്യം മതിയാകും. അവര്‍ ഭൗതിക സമൃദ്ധി പ്രസംഗിക്കുന്നതിന്റെ കാരണം അവരുടെ അളവില്ലാത്ത ധനത്തെ (ദരിദ്രരായ ആളുകളില്‍ നിന്ന് ശേഖരിച്ചതു വഴി അവര്‍ക്കു ലഭിച്ച പണം) ന്യായീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിനായി പഴയ നിയമത്തിലെ അപ്രസക്തമായ ഒരു വാക്യം ഉദ്ധരിക്കുന്നു. അങ്ങനെയുള്ള പ്രസംഗകരാല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടരുത്.
എഫേ.1:3ലെ ‘ആത്മീക അനുഗ്രഹങ്ങള്‍’ എന്ന വാക്കുകളെ ‘പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങള്‍’ എന്ന് പരിഭാഷപ്പെടുത്താവുന്നതാണ്. പരിശുദ്ധാത്മാവിന്റെ എല്ലാ അനുഗ്രഹവും നേരത്തെതന്നെ ദൈവം നമുക്ക് ക്രിസ്തുവില്‍ നല്‍കിയിട്ടുണ്ട്. നാം അത് യേശുവിന്റെ നാമത്തില്‍ അവകാശപ്പെടേണ്ട കാര്യം മാത്രമെയുള്ളു. ഭിക്ഷക്കാരിയായ ഒരു പെണ്‍കുട്ടി വഴിയരികില്‍ നിന്ന് ഭിക്ഷ യാചിക്കുന്നത് നിങ്ങള്‍ സങ്കല്‍പ്പിക്കുക. ധനവാനായ ഒരു രാജകുമാരന്‍ അതു വഴി വരികയും അവളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ട് ലക്ഷക്കണക്കിന് രൂപ ഒരു ബാങ്ക് അക്കൗണ്ടില്‍ ഇടുകയും ചെയ്യുന്നു അവള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവള്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയുന്ന ഒരു അക്കൗണ്ട്. എത്ര ഭാഗ്യവതിയായ ഒരു പെണ്‍കുട്ടിയാണ് അവള്‍! ഒരിക്കല്‍ ഒരു ചെറിയ പാട്ടയും അതില്‍ ഏതാനും നാണയ തുട്ടുകളുമല്ലാതെ ഒന്നുമില്ലാതിരുന്നവള്‍. എന്നാല്‍ ഇന്ന് അവള്‍ വിശേഷ വസ്ത്രങ്ങള്‍ ധരിച്ച് ഗംഭീരമായ രീതിയില്‍ ജീവിക്കുന്നു. ബാങ്കില്‍ നിന്ന് അവള്‍ക്ക് എത്ര വലിയ തുക വേണമെങ്കിലും എടുക്കാം. കാരണം രാജകുമാരന്‍ ഒപ്പിട്ട, തുകയെഴുതിയിട്ടില്ലാത്ത ധാരാളം ചെക്കുകള്‍ അവളുടെ കയ്യിലുണ്ട്. ആത്മീയമായി പറഞ്ഞാല്‍ ഇത് നമ്മുടെ ചിത്രമാണ്. ഇപ്പോള്‍ നമുക്ക് സ്വര്‍ഗ്ഗീയ ബാങ്കിലേക്ക് ചെന്ന് പരിശുദ്ധാത്മാവിന്റെ ഓരോ അനുഗ്രഹവും അവകാശമാക്കാവുന്നതാണ്. കാരണം അവയെല്ലാം ക്രിസ്തുവിന്റെ നാമത്തില്‍ നമുക്കുള്ളതാണ്. നാം അവിടുത്തോടുള്ള വിവാഹ ബന്ധത്തില്‍ നിലനില്‍ക്കുമെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ള സകലവും ക്രിസ്തുവില്‍ നമുക്കുള്ളതാണ്: ‘കര്‍ത്താവെ, ഭൂമിയിലുള്ള എന്റെ നാളുകളെല്ലാം അവിടുത്തെ മണവാട്ടി എന്ന നിലയില്‍ അങ്ങയോട് സത്യസന്ധതയുള്ള ഒരാളായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ഇങ്ങനെ നമുക്ക് പറയാന്‍ കഴിയുമെങ്കില്‍ അപ്പോള്‍ പരിശുദ്ധാത്മാവിന്റെ ഓരോ അനുഗ്രഹവും നമ്മുടേതാണ്. അതില്‍ ഏതിനെങ്കിലും നാം അര്‍ഹരാണ് എന്ന് ദൈവത്തെ ബോധ്യപ്പെടുത്താനായി നാം പരിശ്രമിക്കേണ്ടതില്ല കാരണം അവയില്‍ ഒന്നുപോലും അര്‍ഹിക്കുന്നില്ല. തനിക്ക് സൗജന്യമായി ലഭിച്ച സമ്പത്തെല്ലാം അവള്‍ അര്‍ഹിക്കുന്നതാണെന്ന് ആ ഭിക്ഷക്കാരി പെണ്‍കുട്ടി കരുതുന്നതായി നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? ഒരിക്കലുമില്ല. നാം പ്രാപിക്കുന്നതെല്ലാം ദൈവത്തിന്റെ കരുണയാലും കൃപയാലുമാണ്. സ്വര്‍ഗ്ഗത്തിലുള്ളതെല്ലാം നമുക്ക് എടുക്കാന്‍ കഴിയുന്നതിന് കാരണം അതെല്ലാം ക്രിസ്തുവില്‍ നമുക്ക് സൗജന്യമായി നല്‍കപ്പെട്ടിരിക്കുന്നതാണ്. ഉപവാസത്താലോ, പ്രാര്‍ത്ഥനയാലോ അതൊന്നും നമുക്ക് നേടിയെടുക്കാന്‍ കഴിയില്ല. പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങള്‍ അനേകര്‍ക്ക് പ്രാപിക്കാന്‍ കഴിയുന്നില്ല. കാരണം അവര്‍ മേല്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ അവയെ നേടാന്‍ ശ്രമിക്കുന്നു! നമുക്ക് അവയെ അങ്ങനെ പ്രാപിക്കാന്‍ കഴിയില്ല. അവയെല്ലാം ക്രിസ്തുവിന്റെ യോഗ്യതയിലൂടെ മാത്രം നാം കൈക്കൊള്ളണം.
ചില ഭൗതീക ആവശ്യങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കര്‍ത്താവ് ഈ പാഠം എന്നെ പഠിപ്പിച്ചത് എങ്ങനെയെന്ന് ഞാനോര്‍ക്കുന്നു. ഞാന്‍ പറഞ്ഞു: ‘കര്‍ത്താവെ, അനേക വര്‍ഷങ്ങളായിട്ട് ഞാനങ്ങയെ സേവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ദയവുണ്ടായി ഇതെനിക്കുവേണ്ടി ചെയ്യണമെ’ അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: ‘ഇല്ല, നീ നിന്റെ സ്വന്ത നാമത്തില്‍ വന്നാല്‍ ഞാന്‍ അത് ചെയ്യുകയില്ല’. യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് അന്ന് എനിക്കു മനസ്സിലായി. അടുത്ത ഇട മാത്രം രക്ഷിക്കപ്പെട്ടു വന്ന ഒരു പുതിയ വിശ്വാസിയും 1959ല്‍ രക്ഷിക്കപ്പെട്ട ഞാനും, ഞങ്ങള്‍ രണ്ടുപേരും ദൈവത്തിന്റെ അടുത്തുവരുന്നത് കൃത്യമായി ഒരേ അടിസ്ഥാനത്തിലാണ് എന്ന് അന്ന് എനിക്കു മനസ്സിലായി യേശുക്രിസ്തുവിന്റെ യോഗ്യതയില്‍ മാത്രം. യേശുക്രിസ്തുവിനാല്‍ ഒപ്പിടപ്പെട്ട ഒരു ചെക്കുമായി അയാള്‍ അവിടെ വരേണ്ടതുണ്ട്. എനിക്കും അവിടെ വരാന്‍ കഴിയുന്നത് യേശുക്രിസ്തുവിനാല്‍ ഒപ്പിടപ്പെട്ട ഒരു ചെക്കുമായി മാത്രമാണ്. ഞാന്‍ വളരെ വര്‍ഷങ്ങളായി അവിടുത്തോട് വിശ്വസ്തനാണെന്ന് പറഞ്ഞ് ദൈവത്തിന്റെ അടുത്ത് ചെന്നാല്‍, അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലെ ബാങ്കിലേക്ക് വരുന്നത് ഞാന്‍ ഒപ്പിട്ട ഒരു ചെക്കുമായിട്ടായിരിക്കും. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ബാങ്ക് അത് തള്ളിക്കളയും. നമ്മുടെ അനേകം പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം ലഭിക്കാത്തതു കാരണം അതാണ്.
നാം യേശുവിന്റെ നാമത്തിലല്ല പോകുന്നത്. നാം നമ്മുടെ പേരില്‍ തന്നെയാണ് പോകുന്നത്. നാം കരുതുന്നത് നാം ദൈവത്തിനു വേണ്ടി വളരെയേറെ ത്യാഗം സഹിച്ചിട്ടുള്ളതുകൊണ്ട്, അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനക്ക് മറുപടി തരണം എന്നാണ്. നാം എഴുപത് വര്‍ഷങ്ങളായിട്ട് വിശ്വസ്തരായി ജീവിച്ചിട്ടുണ്ടെങ്കിലും, നാം കര്‍ത്താവിന്റെ അടുത്ത് ചെല്ലുമ്പോള്‍, പുതിയ ഒരു വിശ്വാസിയെപ്പോലെ അതേ അടിസ്ഥാനത്തില്‍ മാത്രമെ ചെല്ലാന്‍ കഴിയൂ യേശുവിന്റെ നാമത്തില്‍. ആ വെളിപ്പാടിനായി ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. കാരണം അതിനുശേഷം പിന്നീടൊരിക്കലും ദൈവത്തിന്റെ അടുത്ത് എന്റെ പേരെഴുതി ഒപ്പിട്ട ഒരു ചെക്ക് കൊണ്ടുചെന്നിട്ടില്ല!! അത് ചെയ്യുവാന്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ ഞാന്‍ പറയാറുണ്ട് : ‘ആ ചെക്കിനൊരിക്കലും കാശ് കിട്ടുകയില്ല. ഞാന്‍ യേശുവിന്റെ നാമത്തിലും അവിടുത്തെ യേഗ്യത മൂലവും മാത്രം പോകട്ടെ’. അതുകൊണ്ട് സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ള സകല പരിശുദ്ധാത്മാനുഗ്രഹവും ക്രിസ്തുവില്‍ നമ്മുടേതാണ്.