പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കര്‍ത്താവിനെ സേവിക്കുന്ന വിധം – WFTW 28 ജൂണ്‍ 2015

സാക് പുന്നന്‍

   Read PDF version

ഒരാത്മീയ നേതാവ് തന്റെ എല്ലാ പ്രവൃത്തിയും ചെയ്യുന്നത് ദൈവത്തിന്റെ ഇഷ്ടത്തിലും, ദൈവത്തിന്റെ ശക്തിയാലും ദൈവത്തിന്റെ മഹത്വത്തിനായിട്ടും ആണ്. അതുകൊണ്ട് അത് ഒടുവിലത്തെ ശോധനാഗ്‌നിയിലൂടെ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ല് എന്നിവ പോലെ വെളിപ്പെട്ടു വരും (1 കൊരി. 3:1215). 2 കൊരിന്ത്യര്‍ 3:5,6ല്‍ പൗലൊസ് പറയുന്നത് ദൈവം നമ്മെ സജ്ജരാക്കുകയും പര്യാപ്തമാക്കുകയും ചെയ്യുന്നില്ലെങ്കില്‍ നമുക്കാര്‍ക്കും പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാരാകുവാന്‍ കഴിയുകയില്ല എന്നാണ്. ഒരു ആത്മീയനേതാവ് ദൈവം തനിക്കു നല്‍കുന്ന പര്യാപ്തതയാല്‍ ശുശ്രൂഷ ചെയ്യുന്നതുകൊണ്ട്, അവന്റെ അദ്ധ്വാനത്തിന്റെ ഒരു ബഹുമതിയും അവനെടുക്കാന്‍ കഴിയുകയില്ല. യഥാര്‍ത്ഥമായി ദൈവത്തിന്റെ ജീവനാണ് നമ്മിലൂടെ ഒഴുകി മറ്റുള്ളവരെ അനുഗ്രഹിക്കുന്നുതെങ്കില്‍, അതിന്റെ ഒരു ബഹുമതിയും നമുക്കായിട്ട് എടുക്കുവാന്‍ നമുക്കു കഴിയുകയില്ല  കാരണം നാം ഒരിക്കലും ഉല്‍പാദിപ്പിക്കാത്ത ഒന്നിന്റെ പേരില്‍ പുകഴ്ച എടുക്കുവാന്‍ നമുക്കു കഴിയുകയില്ല! ഉദാഹരണത്തിന്, വേറെ ഒരാള്‍ പചകം ചെയ്ത ഒരു കേക്ക് ഞാന്‍ കൊണ്ടുവന്ന് അത് നിങ്ങള്‍ക്കു വിതരണം ചെയ്യുമ്പോള്‍ നിങ്ങളെല്ലാവരും അതിനെ പുകഴ്ത്തി ‘സഹോദരന്‍ സാക്, അത് വിശിഷ്ടമായ ഒരു കേക്കായിരുന്നു’ എന്നു പറഞ്ഞാല്‍ ഞാന്‍ അഭിമാനിക്കുവാന്‍ പ്രലോഭിപ്പിക്കപ്പെടുകപോലുമില്ല. കാരണം, ഞാന്‍ അതു പാചകം ചെയ്തതല്ല. മറ്റൊരാള്‍ പാചകം ചെയ്ത ഒരു കേക്ക് വിതരണം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്നാല്‍ അത് ഞാന്‍ തന്നെ പാചകം ചെയ്തതായിരുന്നെങ്കില്‍, ഞാന്‍ നല്ല ഒരു ജോലി ചെയ്തു എന്ന് അപ്പോള്‍ എനിക്കഭിമാനിക്കാമായിരുന്നു. പക്ഷേ മറ്റൊരാള്‍ ഉണ്ടാക്കിയ ഒന്നിനു വേണ്ടി പുകഴ്ചയെടുക്കുവന്‍ എനിക്കെങ്ങനെ കഴിയും?

മറ്റുള്ളവരിലേക്ക് നാം പകര്‍ന്നു കൊടുക്കുന്നത് ദൈവം നമ്മില്‍ ഉളവാക്കിയതാണോ അതോ നാം തന്നെ ഉണ്ടാക്കിയെടുത്തതാണോ എന്ന് നമുക്ക് അറിയാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം ഇതാണ്. നമ്മുടെ ശുശ്രൂഷയെ (കേക്ക്) കുറിച്ച് നാം അഭിമാനിയാണോ? അങ്ങനെയാണെങ്കില്‍ ആ ശുശ്രൂഷ (കേക്ക്) നാം തന്നെ ഉല്‍പാദിപ്പിച്ചതായിരിക്കും! ദൈവത്തിന് അതുകൊണ്ട് ഒന്നും ചെയ്യാനില്ല. അത് ദൈവം സൃഷ്ടിച്ചതാണെങ്കില്‍ അതെക്കുറിച്ച് അഭിമാനിക്കാന്‍ നമുക്ക് ഒരു സാധ്യതയുമില്ല. യേശുവിന്റെ ശിഷ്യന്മാര്‍ പുരുഷാരത്തിനു വിളമ്പിയ അപ്പത്തിന്റെയും മീനിന്റെയും മേലുള്ള ബഹുമതി അവര്‍ക്കെടുക്കാന്‍ കഴിയുമായിരുന്നു എന്നു നിങ്ങള്‍ ചിന്തിക്കുന്നണ്ടോ? ഇല്ല. തന്റെ ഭക്ഷണപ്പൊതി യേശുവിനു കൊടുത്ത ആ ബാലനു പോലും അതിന്റെ ബഹുമതി എടുക്കാന്‍ കഴിയുമായിരുന്നില്ല. യേശു ഉല്‍പാദിപ്പിച്ചു കൊടുത്തത് ശിഷ്യന്മാര്‍ വിതരണം ചെയ്യുക മാത്രമേ ചെയ്തുള്ളു. ഉല്‍പാദന ഇടപാടില്‍ ഇല്ലാതെ വിതരണ ഇടപാടില്‍ മാത്രമേ നാം ആയിരിക്കുന്നുള്ളു എന്നതില്‍ ദൈവത്തെ സ്തുതിക്കാം. അതുകൊണ്ടാണ് നമുക്ക് എല്ലാ സമയത്തും പൂര്‍ണ്ണ സ്വസ്ഥതയിലായിരിക്കാന്‍ കഴിയുന്നത്. നാം തന്നെ ഉണ്ടാക്കേണ്ടി വരുമ്പോഴാണ് അതിപ്രയത്‌നം ഉണ്ടാകുന്നത്  നാം വിതരണം ചെയ്യേണ്ടി വരുമ്പോഴല്ല. വിതരണ ഇടപാടില്‍ നാം ക്ഷീണിതരാകാം എന്നതു സത്യമാണ്. പക്ഷേ അവിടെ പിരിമുറുക്കങ്ങള്‍ ഇല്ല. നമ്മുടെ പര്യാപ്തത ദൈവത്തില്‍ നിന്നാണ്. വിലയുള്ള യാതൊന്നും നമുക്കു തന്നെ ഉല്‍പാദിപ്പിക്കുവാന്‍ കഴിയുകയില്ല എന്ന് നമുക്കറിയാം. അതുകൊണ്ട് നാം അതിനായി പരിശ്രമിക്കുകപോലും ചെയ്യരുത്.

പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ നാം നിര്‍വ്വഹിക്കുന്ന എല്ലാ കാര്യവും മാനുഷികമാണെന്നും അതു നിത്യമായ ഒരു വിലയും ഇല്ലാത്തതാണെന്നും ഓര്‍ക്കുക. പ്രാര്‍ത്ഥന ഇല്ലാതെയും. ദൈവത്തിന്റെ സഹായം തേടാതെയും, പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെയും നിങ്ങള്‍ക്കു പ്രസംഗിക്കുവാനും ധാരാളം കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും കഴിയും. നിങ്ങള്‍ക്ക് മഹത്തായ മാനുഷിക കഴിവുകള്‍ ഉണ്ടായിരിക്കാം. അവയാല്‍ നിങ്ങള്‍ക്ക് വളരെ അധികം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ അതെല്ലാം മരവും പുല്ലും വയ്‌ക്കോലുമായിരുന്നെന്ന് ഒരുനാള്‍ കണ്ടെത്തും.

ഒരു ദിവസം യേശു പരീശന്മാരെ ശാസിക്കുകയും തിരുത്തുകയും ചെയ്തപ്പോള്‍, അവിടുത്തെ ശിഷ്യന്മാര്‍ തന്റെ അടുക്കല്‍ വന്നിട്ട് അവിടുത്തോടു പറഞ്ഞു ‘പരീശന്മാര്‍ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അവിടുന്നു അറിയുന്നുവോ?’ ആ പരീശന്മാരെക്കുറിച്ചു വിഷമിക്കണ്ട. കാരണം, അവര്‍ കുരുടന്മാരെ നയിക്കുന്ന കുരുടന്മാരായ വഴികാട്ടികള്‍ ആകുന്നു എന്നും ‘സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.’ എന്നും യേശു അവരോട് പറഞ്ഞു (മത്താ. 15:12,13).

നിങ്ങള്‍ പ്രസംഗിക്കുമ്പോഴെല്ലാം ഒരു വിത്ത് നടുകയാണ് ചെയ്യുന്നത്. നിങ്ങള്‍ നടുന്നത് ദൈവത്തില്‍ നിന്നല്ലെങ്കില്‍, അതൊരു ദിവസം പിഴുതു മാറ്റപ്പെടും. പരിശുദ്ധാത്മാവിന്റെ പര്യാപ്തതയാല്‍ നാം ചെയ്യുന്നതെങ്കില്‍ മാത്രമേ നമ്മുടെ പ്രവൃത്തികള്‍ നിത്യതയിലേക്ക് നിലനില്‍ക്കുകയുള്ളു. എന്നാല്‍ പ്രാര്‍ത്ഥന കൂടാതെയും, നിസ്സഹായതയോടെ ആശ്രയത്തിനായി ദൈവത്തില്‍ ചാരാതെയും നാം ദൈവത്തിനു വെണ്ടി നമ്മുടെ പ്രവൃത്തി ചെയ്താല്‍, അപ്പോള്‍ തീര്‍ച്ചയായും അത് ഒരു ദിവസം വേരോടെ പറിഞ്ഞുപോകും. നമുക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യമില്ലാത്തതും എന്നാല്‍ ധാരാളം പണവും ഒരു നല്ല കാര്യനിര്‍വ്വാഹകനും മാത്രം ആവശ്യമുള്ളതുമായ അനേക കാര്യങ്ങള്‍ ക്രിസ്തീയ വേലയ്ക്കുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ക്രൈസ്തവ സമ്മേളനം ക്രമീകരിക്കുകയാണെങ്കില്‍, ധാരാളം പ്രവര്‍ത്തനങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. ഒരു ഹാള്‍ വാടകയ്‌ക്കെടുക്കണം, ആഹാരത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം… തുടങ്ങിയവ. എന്നാല്‍ ഇവയെല്ലാം ക്രിസ്ത്യാനി അല്ലെങ്കില്‍ പോലും ഒരു നല്ല കാര്യനിര്‍വ്വാഹകന് ചെയ്യാന്‍ കഴിയും. വാസ്തവത്തില്‍ ലോകപരമായ അനേകം സമ്മേളനങ്ങളും മിക്ക ക്രിസ്തീയ കോണ്‍ഫറന്‍സുകളെക്കാള്‍ വളരെ നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ ഒരു ക്രിസ്തീയ കോണ്‍ഫറന്‍സിന്റെ നിത്യത മുഴുവന്‍ നിലനില്ക്കുന്ന ഭാഗം വചനശുശ്രൂഷയാണ്. എന്നാല്‍ ആ ഭാഗം പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്‍ കീഴില്‍ ചെയ്യപ്പെടുകയും വേണം! നല്ല ക്രമീകരണങ്ങള്‍ ചെയ്യുന്നതിന്റെ ആവശ്യകതയെ വില കുറച്ചു കാണിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. ഏതൊരു സമ്മേളനത്തിന്റെയും വിജയത്തിന് അവ ആവശ്യമാണ്. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ചെയ്യപ്പെടന്ന കാര്യങ്ങള്‍ മാത്രമേ നിത്യമായത് ആയിരിക്കുകയുള്ളു. നമുക്ക് ഇത് നമ്മുടെ തന്നെ ശുശ്രൂഷയില്‍ ഒന്ന് പ്രയോഗിച്ചു നോക്കാം. നമ്മുടെ ശുശ്രൂഷയുടെ ഏതു ഭാഗമാണ്. കേവലം മാനുഷിക പരിശീലനത്തിന്റെയും മാനുഷിക വിഭവങ്ങളുടെയും ഫലമായിട്ടുള്ളതെന്ന് കണ്ടെത്തേണ്ടതിന് നമ്മോടുതന്നെ ചോദിക്കാം. നാം നമ്മോടു തന്നെ വിശ്വസ്തരാണെങ്കില്‍ അതിന്റെ ഉത്തരം കണ്ടെത്തുമ്പോള്‍ നാം അത്ഭുതപ്പെട്ടു പോകും. യേശുക്രിസ്തു ഇന്നെലെയും ഉന്നും എന്നേക്കും അനന്യന്‍ തന്നെ. ഇന്നും അവിടുത്തെ എതിര്‍പ്പ് ജീവനില്ലാത്ത അറിവുള്ളവരും പരിശുദ്ധാത്മാവിന്റെ അഭിഷേകം കൂടാതെ അറിവുകള്‍ വിതരണം ചെയ്യുന്നവരുമായ ബൈബിള്‍  സെമിനാരി പ്രഫസര്‍മാരോടും മിഷന്‍ നേതാക്കളോടുമാണ്. അപ്പൊസ്തലന്മാര്‍ക്കു അവരുടെ കാലത്തുണ്ടായിരുന്ന ഇങ്ങനെയുള്ള ആളുകളുമായി എതിര്‍പ്പ് ഉണ്ടായിരുന്നു. അതുപോലെ നാമും യേശുവിന്റെ കാല്‍ച്ചുവടുകളിലൂടെ നടക്കണമെങ്കില്‍ ഇത്തരത്തിലുള്ള ആളുകളോട് എതിര്‍ക്കുന്നവരായിരിക്കണം. ഇങ്ങനെയുള്ള ആളുകളെ പ്രസാദിപ്പിച്ച് ദൈവത്തിന് അനിഷ്ടരാകുന്നതിനെക്കാള്‍ കര്‍ത്താവിനോടു കൂടെ നടന്ന് അവരോടെതിര്‍ത്തു നില്‍ക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഞാന്‍ കൊടുക്കേണ്ട വില അതാണെങ്കില്‍, വേണ്ടി വന്നാല്‍ ഈ ലോകം മുഴുവനോടും എതിര്‍ത്തു നില്‍ക്കുവാന്‍ ഞാന്‍ തയ്യാറാണ്. ‘നാം മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നവരാണെങ്കില്‍ നമുക്കൊരിക്കലും ക്രിസ്തുവിന്റെ ദാസന്മാരായിരിക്കാന്‍ കഴിയുകയില്ല’ (ഗലാ. 1:10). അതുകൊണ്ട് നമ്മുടെ ശുശ്രൂഷയ്ക്കായി എപ്പോഴും ആത്മാവിന്റെ അഭിഷേകം നമ്മുടെ മേലുണ്ടാകുവാനുള്ള ആഗ്രഹത്തോടെ, ദൈവത്തോടുള്ള നിസ്സഹായ ആശ്രയത്തോടെ നമുക്കു നടക്കാം.

What’s New?


Top Posts