ദൈവത്തിന്റെ വേലയില്‍ നമ്മുടെ മാനുഷിക യുക്തി ഉപയോഗിക്കുന്നതിലുള്ള അപകടം – WFTW 31 മെയ് 2015

സാക് പുന്നന്‍

   Read PDF version

ദൈവത്തിന്റെ വേലയില്‍ നമ്മുടെ മാനിഷിക യുക്തി ഉപയോഗിച്ചു നമ്മുടെ ധാരണയ്ക്കുനസരിച്ച് ദൈവത്തെ സഹായിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു ദൈവത്തിന്റെ വേലയില്‍ വളരെയധികം ചിന്താക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

യഹോവയായ ദൈവം അബ്രഹാമിനോട് “നീ ആകാശത്തേക്ക് നോക്കുക, നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു… അപ്പോള്‍ സാറാ അബ്രാഹമിന് മക്കളെ പ്രസവിച്ചിരുന്നില്ല. അതുകൊണ്ട് സാറാ തന്റെ മിസ്രയിമ്യ ദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിനു ഭാര്യയായി കൊടുത്തു. അനന്തരം ഹാഗാര്‍ അവന് യിശ്മായേലിനെ പ്രസവിച്ചു. അപ്പോള്‍ അബ്രഹാം ദൈവത്തോടു പറഞ്ഞു `യിശ്മായേല്‍ തിരുമുമ്പാകെ ജീവിച്ചിരുന്നാല്‍ മതി.” എന്നാല്‍ ദൈവം അരുളിച്ചെയ്തു. “അല്ല, നിന്റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും. അങ്ങനെ ഞാന്‍ അവനോട് എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും” (ഉല്‍പ. 15:5; 16:1,3,16; 17:18,19).

അബ്രഹാമിന്റെ സന്തതി നക്ഷത്രങ്ങളെപ്പോലെ എണ്ണമില്ലാത്തതാകും എന്നാണ് ദൈവം വാഗ്ദാനം ചെയ്തിരുന്നത്. അപ്പോഴും സാറാ വന്ധ്യയായിരുന്നു. വാഗ്ദാനം നിറവേറപ്പെട്ടില്ലെങ്കില്‍ ദൈവത്തിന്റെ നാമം ദുഷിക്കപ്പെട്ടേക്കും എന്ന് അബ്രഹാമും സാറായും ഭയപ്പെട്ടിട്ടുണ്ടാകണം. അതുകൊണ്ട് സാറായുടെ നിര്‍ദ്ദേശപ്രകാരം ദൈവത്തെ ഒരു ദുര്‍ഘടസന്ധിയില്‍ നിന്ന് പുറത്തു കടക്കുന്നതിനുവേണ്ടി സഹായിക്കുവാന്‍ അബ്രഹാം മറ്റൊരു ഭാര്യയെ എടുക്കുകയും അവളില്‍ ഒരു പുത്രനുണ്ടാകുകയും ചെയ്തു!!

ദൈവത്തിന് അങ്ങനെയുള്ള സഹായം വേണ്ട എന്നുള്ളതാണ് അബ്രഹാം മനസ്സിലാക്കാതിരുന്ന ഒരു കാര്യം. അദ്ദേഹം ദൈവത്തിനു കൊടുത്ത ആ സഹായം (യിസ്മായേലിനെ ജനിപ്പിക്ക വഴി) ഒടുവില്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കു മാത്രമല്ല, അദ്ദേഹത്തിന്റെ പുത്രനായ യിസഹാക്കിനും അവന്റെ സന്തതിക്കും അനേകം പ്രശ്‌നങ്ങളുണ്ടാക്കി.

നമ്മുടെ സഹായം കൂടാതെ ദൈവത്തിന്റെ വാദ്ഗാനം നിറവേറപ്പെടില്ലെന്ന് എത്ര തവണ നമുക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ദൈവം നമ്മോട്, പുറപ്പെടുവാനോ പ്രവര്‍ത്തിപ്പാനോ അരുളിച്ചെയ്യാതിരുന്നപ്പോള്‍ നാം പുറപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. നമ്മെ നയിക്കുന്നതിനായി കര്‍ത്താവിനു വേണ്ടി കാത്തിരിക്കുന്ന കാര്യത്തില്‍ വേണ്ട വിധത്തില്‍ വിശ്വസിക്കാതെ നാം നമ്മുടെ മനുഷ്യ നിര്‍മ്മിത ആലോചനകളില്‍ ആശ്രയിക്കുകയും ദൈവത്തിന്റ വേല ചെയ്യുവാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നു.

 പിതാവിന്റെ ഇഷ്ടവും മാര്‍ഗ്ഗ നിര്‍ദ്ദേശവും അന്വേഷിക്കാതെ, യേശു തന്റെ ജീവിതത്തില്‍ ഒരിക്കലും ഒരു കാര്യവും ചെയ്തില്ല (യോഹ. 5:19,30). എന്നാല്‍ മിക്ക വിശ്വാസികളും ദൈവത്തിന്റെ ഹിതവും മാര്‍ഗ്ഗനിര്‍ദ്ദേശവും അതുപോലെ അന്വേഷിക്കാറില്ല. കാരണം അവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിനെക്കാള്‍ തങ്ങളില്‍ തന്നെ ആശ്രയിക്കുന്നു!!

നമ്മുടെ പ്രാര്‍ത്ഥനയുടെ കുറവും നാം എടുക്കുന്ന തീരുമാനങ്ങളില്‍ നമ്മുടെ വിവേകത്തില്‍ (അല്ലെങ്കില്‍ അബ്രഹാമിന്റെ മുകളില്‍ സൂചിപ്പിച്ച കാര്യത്തിലേതുപോലെ, നമ്മുടെ ഭാര്യമാരുടെ വിവേകത്തില്‍!!) ചാരുന്നതുമാണ്. നമ്മുടെ ഭവനങ്ങളിലും ദൈവത്തിന്റെ പ്രവൃത്തിയിലും ചിന്താകുഴപ്പം കൊണ്ടുവരുന്നത്.

“യഹോവ മോശെയോടു പറഞ്ഞു. പാറയോടെ കല്പിക്കുക. അപ്പോള്‍ അതു വെള്ളം ഒഴുക്കും. അപ്പോള്‍ മോശെ കൈ ഉയര്‍ത്തി തന്റെ വടി കൊണ്ട് പാറയെ രണ്ടു തവണ അടിച്ചു. എന്നാല്‍ യഹോവ മോശയോട്, `നിങ്ങള്‍ എന്നില്‍ വിശ്വസിക്കാഞ്ഞതുകൊണ്ട്, ഞാന്‍ അവര്‍ക്കു കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ദേശത്തേക്ക് ഈ സമൂഹത്തെ നിങ്ങള്‍ കൊണ്ടുപോകയില്ല എന്നു പറഞ്ഞു” (സംഖ്യ 20:7-13).

 ഈ പ്രാവശ്യം പാറയോടു സംസാരിക്കാന്‍ മാത്രമേ മോശെയോട് ദൈവം ആവശ്യപ്പെട്ടുള്ളു. എന്നാല്‍ മോശെ പാറയെ രണ്ടു തവണ അടിച്ച് ദൈവത്തെ സഹായിക്കാന്‍ തീരുമാനിച്ചു. ശാന്തമായി സംസാരിക്കുന്നതിനെക്കാള്‍ അധികം ജഡം ഇഷ്ടപ്പെടുന്നത് കഠിനമായി (അതും രണ്ടുതവണ) അടിക്കുവാനാണ് എന്നത് എത്ര സത്യമാണ്! നമുക്കു തോന്നുന്നത്, അവിടുന്ന് ശാന്തതയുള്ളവരായിരിക്കാന്‍ കല്പിക്കുമ്പോള്‍ പോലും, ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ വേഗത്തില്‍ നിറവേറപ്പെടുന്നത് ഒരല്പം മാനുഷികമായ കാഠിന്യം കൊണ്ടാണ് എന്നാണ് (മത്താ. 11:28,29). എന്നാല്‍ അവിടുത്തെ ദയയിലൂടെയാണ് ദൈവം ആളുകളെ മാനസാന്തരത്തിലേക്കു നയിക്കുന്നത് (റോമ. 2:4).

 ദൈവം മുമ്പൊരിക്കല്‍ പാറയെ അടിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതുകൊണ്ട് (പുറ. 17:6) എല്ലാ സമയത്തും അങ്ങനെ തന്നെ ആയിരിക്കണം എന്നു മൊശെയ്ക്ക് തോന്നിയിട്ടുണ്ടാകാം. അനേകരും സങ്കല്പിക്കുന്നത് പരിശുദ്ധാത്മാവ് മുമ്പ് ഏതെങ്കിലും സമയത്ത് അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പ്രവര്‍ത്തിച്ച അതേ രീതിയില്‍ തന്നെയാണ് എപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്നാണ്! അതുകൊണ്ട് അവര്‍ മനഃശാസ്ത്രപരമായ സൂത്രങ്ങള്‍ കൊണ്ട് `ഉണര്‍വ്വ്’ കൊണ്ടുവരാന്‍, രോഗികളെ ‘സൌഖ്യമാക്കുവാന്‍’ ആളുകളെക്കൊണ്ട് അന്യഭാഷയില്‍ സംസാരിപ്പിക്കുവാന്‍ ഒക്കെ ശ്രമിച്ച് പരിശുദ്ധാത്മാവിനെ സഹായിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. അവര്‍ മനസ്സിലാക്കാത്ത ഒരു കാര്യം പരിശുദ്ധാത്മാവ് വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു എന്നും അവിടുത്തെ വരങ്ങള്‍ വെളിപ്പെടുത്തുവാന്‍ അവിടുത്തേക്ക് ദേഹീപരമായ ഒരു സഹായവും ആവശ്യമില്ലെന്നും ഉള്ളതാണ്.

“കാള വിരണ്ടതിനാല്‍ ഉസ്സാ കൈ നീട്ടി യഹോവയുടെ പെട്ടകം പിടിച്ചു. അയാളുടെ ഈ അവിവേകം മൂലം യഹോവയുടെ ക്രോധം ഉസ്സയുടെ നേരെ ജ്വലിച്ചു; ദൈവകരം അയാളെ സംഹരിച്ചു. അയാള്‍ ദൈവത്തിന്റെ സാക്ഷ്യപെട്ടകത്തിനു സമീപം മരിച്ചു വീണു” (2 ശമുവേല്‍ 6:6,7).

ഉസ്സായുടെ ഉദ്ദേശ്യങ്ങള്‍ നല്ലതായിരുന്നു. അയാള്‍ വാസ്തവത്തില്‍ ദൈവത്തിന്റെ സാക്ഷ്യപെട്ടകം താഴെ വീഴാതെ സംരക്ഷിക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ അയാളൊരു ലേവ്യനല്ലാതിരുന്നതിനാല്‍ അയാള്‍ക്കു പെട്ടകത്തില്‍ തൊടുവാനുള്ള അവകാശം ഇല്ലായിരുന്നു. അവന്‍ തന്റെ അതിരുകള്‍ക്കു വെളിയില്‍ കടന്നു. ദൈവം അവനെ സംഹരിക്കുവാന്‍ തക്കവണ്ണം അത്രയ്ക്കു ഗൌരവമുള്ള ഒരു കാര്യമായിരുന്നു ഇത്. ദൈവത്തിന്റെ നിയമങ്ങളോടു നിസ്സാരമായി പെരുമാറുവാന്‍ നമുക്കു കഴിയുകയില്ല.

സഭയിലും, ദൈവം ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായ ഉത്തരവാദിത്തങ്ങള്‍ നല്‍കുകയും അവര്‍ക്കോരുരുത്തര്‍ക്കും ചുറ്റും അതിരുകള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക മേഖലയില്‍ നാം ഒരു കുറവു കാണുകയും ആ പ്രശ്‌നം പരിഹരിക്കുന്നതില്‍ ദൈവത്തെ സഹായിക്കുവാന്‍ നാം ശ്രമിക്കുകയും ചെയ്യുമ്പോള്‍, ഇതു ചെയ്യുവാന്‍ പരിശുദ്ധാത്മാവാണോ നമ്മെ നടത്തുന്നത് അതോ ഈ കാര്യത്തില്‍ എന്തെങ്കിലും ചെയ്യുവാന്‍ നമ്മുടെ മാനുഷിക യുക്തിയാണോ നമ്മെ നിര്‍ബന്ധിക്കുന്നത് എന്ന് ആദ്യം നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരാവശ്യമുണ്ട്. നാം ബഹുമാനിക്കുന്നില്ലെങ്കിലും, ദൈവം എല്ലാവരുടെയും അതിരുകളെ ബഹുമാനിക്കുന്നു. കൂടാതെ അവിടുന്നു നമുക്കു ചുറ്റും വരച്ചിരിക്കുന്ന അതിര്‍ത്തികള്‍ക്കു പുറത്ത് നമ്മില്‍ നിന്ന് ഒരു സഹായവും ദൈവത്തിനാവശ്യമില്ല. ആ അതിരുകള്‍ക്കുള്ളില്‍ മാത്രമേ നമുക്ക് ദൈവത്തെ കണ്ടെത്താന്‍ സാധിക്കുകയുള്ളു. (അപ്പ. പ്ര. 17:26,27). അതിനു പുറത്തു പിശാചിനെ മാത്രമേ കണ്ടെത്തുകയുള്ളു (സഭാപ്ര. 10:85).

മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളില്‍ പ്രായോഗികത ബഹുവിധമാണ്. ഇനി നമ്മുടെ ജീവിതത്തോടും ശുശ്രൂഷയോടുമുള്ള ബന്ധത്തില്‍ ഈ കാര്യത്തിന്റെ മേല്‍ വെളിച്ചം തരുവാന്‍ നമുക്കു ദൈവത്തോടു ചോദിക്കാം.

What’s New?