സാത്താന്റെ പരാജയം – WFTW 17 നവംബര്‍ 2013

സാക് പുന്നന്‍

   Read PDF version

ഈ ഭൂമുഖത്തു നടന്ന ഏറ്റവും വലിയ പോരാട്ടത്തെ കുറിച്ച് ഒരു ചരിത്ര പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടില്ല. കാല്‍വരിയില്‍ യേശു തന്റെ മരണത്തിലൂടെ ലോകത്തിന്റെ പ്രഭുവായ സാത്താനെ പരാജയപ്പെടുത്തിയതാണത്. നമ്മുടെ ജീവിത കാലത്തൊരിക്കലും മറക്കരുതാത്ത ഒരു
വാക്യമാണ് എബ്രായര്‍ 2:14,15 വാക്യങ്ങള്‍. ഇത് നാം അറിയരുത് എന്നാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. ആരും തങ്ങളുടെ തോല്‍വിയെക്കുറിച്ചോ വീഴ്ചയെക്കുറിച്ചോ മറ്റുള്ളവര്‍ അറിയണമെന്ന് ആഗ്രഹിക്കുന്നില്ല. സാത്താനും അങ്ങനെതന്നെ. ഇതാണ് ആ വാക്യങ്ങള്‍ ‘മക്കള്‍ മാംസരക്തങ്ങളോടു കൂടിയവരാകയാല്‍ അദ്ദേഹവും മാംസരക്തങ്ങളുള്ളവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താല്‍ നീക്കികളഞ്ഞ്  ജീവപര്യന്തം മരണഭീതിക്ക് അടിമകളായിരുന്നവരെ വിടുവിച്ചു.’

യേശു മരിച്ചപ്പോള്‍ അവിടുന്നു പിശാചിനെ ബലഹീനനാക്കി. എന്തിനു വേണ്ടി? അതിലൂടെ സാത്താന്‍ നമ്മുടെ മേല്‍ വച്ചിരുന്ന ഭയത്തിന്റെ ബന്ധനം അഴിച്ച് നമ്മെ എന്നെന്നേക്കുമായി സ്വതന്ത്രരാക്കുന്നതിനു വേണ്ടി. ലോകത്തില്‍ മനുഷ്യര്‍ക്ക് പലതരം ഭയമുണ്ട്. രോഗഭയം , ദാരിദ്രഭയം, പരാജയഭയം , മനുഷ്യഭയം, ഭാവിയെക്കുറിച്ചുള്ള ഭയം തുടങ്ങിയവ. എങ്കിലും എല്ലാ ഭയത്തിലും വലിയത് മരണഭയമാണ്. മരണഭയവുമായി താരതമ്യം ചെയ്താല്‍ മറ്റു ഭയങ്ങളെല്ലാം വളരെ നിസ്സാരമാണ്. മരണത്തിനു ശേഷം എന്ത് സംഭവിക്കും എന്ന ഭയത്തിലേക്കാണ് മരണഭയം നമ്മെ നയിക്കുന്നത്. പാപത്തില്‍ ജീവിക്കുന്നവര്‍ ഒടുവില്‍ നരകത്തിലേക്ക് പോകുമെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. അനുതപിക്കാത്തവര്‍ക്ക് വേണ്ടി ദൈവം ഒരുക്കി വച്ചിരിക്കുന്ന സ്ഥലമാണത്. സാത്താനും അവനോടൊപ്പം അവന്റെ ചതിയില്‍ പെട്ടവരായി പാപത്തില്‍ ജീവിച്ചവരും അഗ്‌നിപൊയ്കയിലായിരിക്കും നിത്യത ചെലവഴിക്കുക.

നമ്മുടെ പാപത്തിന്റെ ശിക്ഷ ഏറ്റെടുത്തുകൊണ്ട് നമ്മെ നിത്യ നരകത്തില്‍ നിന്നും രക്ഷിക്കുവാനാണ് യേശു ഈ ഭൂമിയിലെക്ക്  വന്നത്. സാത്താന്‍ നമ്മെ ഒരിക്കലും ദ്രോഹിക്കാതിരിക്കേണ്ടതിന്നു അവന്റെ ശക്തി അവിടുന്നു തകര്‍ത്തു. ഈയൊരു സത്യം ജീവിതകാലം മുഴുവന്‍ ഓര്‍ക്കുക. ‘സാത്താനെതിരെ ദൈവം ഇപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടായിരിക്കും.’ ഈ മഹത്തായ സത്യമാണ് എനിക്ക് വലിയ ഉത്സാഹവും സമാധാനവും വിജയവും തന്നത്. ഇത് ലോകമെന്പാടും പോയി എല്ലാ വിശ്വാസികളോടും പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വേദപുസ്തകം പറയുന്നു ‘നിങ്ങളെത്തന്നെ ദൈവത്തിനു കീഴ്‌പെടുത്തുവിന്‍, പിശാചിനോട് എതിര്‍ത്തു നില്‍ക്കുവിന്‍ അപ്പോള്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും (യാക്കോ 4:7). യേശുവെന്ന നാമത്തിങ്കല്‍ സാത്താന്‍ ഓടി പോകും. പല ക്രിസ്ത്യാനികളുടെയും മനസ്സിലുള്ള ചിത്രം അവരെ പിടിക്കാന്‍ പുറകെ വരുന്ന സാത്താന്റെയും അതില്‍ നിന്നും ജീവനുംകൊണ്ട് അവര്‍ ഓടി രക്ഷപെടുന്നതിന്റെയും ആണ്. എന്നാല്‍ ഇത് വേദപുസ്തകം പഠിപ്പിക്കുന്നതിനു നേരെ എതിരായിട്ടുള്ളതാണ്. നിങ്ങള്‍ എന്താണ് കരുതുന്നത് ? സാത്താന് യേശുവിനെ ഭയമായിരുന്നുവോ അല്ലയോ? നമ്മുടെ രക്ഷകനായ യേശുവിന്റെ മുന്‍പില്‍ നില്കാന്‍ തന്നെ സാത്താന് ഭയമാണെന്ന കാര്യം നമുക്കറിയാം. യേശു ഈ ലോകത്തിന്റെ വെളിച്ചമാണ്. അവിടുത്തെ മുന്പാകെ ഇരുട്ടിന്റെ അധികാരിക്ക് നില്കാന്‍ കഴിയുകയില്ല. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സാത്താന്റെ വീഴ്ചയെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെയാണ് പറഞ്ഞത്. ദൈവം പുറത്താക്കിയപ്പോള്‍ സാത്താന്‍ ‘മിന്നല്‍ പോലെ വീണു’ ( ലുക്കോ 10:18) . മരുഭൂമിയില്‍ വച്ച് യേശു സാത്താനോട് ‘സാത്താനേ എന്നെ വിട്ടു പോകൂ’ എന്ന് പറഞ്ഞപ്പോഴും മിന്നലിന്റെ വേഗത്തിലാണ് അവന്‍ യേശുവിന്റെ സാന്നിദ്ധ്യത്തില്‍ നിന്നും അപ്രത്യക്ഷനായത്. നമ്മളും സാത്താനെ യേശുവിന്റെ നാമത്തില്‍ എതിര്‍ത്താല്‍ അവന്‍ മിന്നലിന്റെ വേഗത്തില്‍ നമ്മെ വിട്ടുപോകും. വെളിച്ചത്തിന്റെ മുന്‍പില്‍ ഇരുട്ട് ഓടിയൊളിക്കും.

യേശുവെന്ന നാമത്തെ സാത്താന്‍ ഭയപ്പെടുന്നു. യേശു കര്‍ത്താവാണെന്ന വസ്തുത ഓര്‍ക്കാന്‍ തന്നെ അവന്‍ ഭയപ്പെടുന്നു. ദുരാത്മാവ് ബാധിച്ച ആളുകള്‍ ഒരിക്കലും യേശുക്രിസ്തു കര്‍ത്താവാണെന്നോ സാത്താന്‍ ക്രൂശിന്മേല്‍ തോല്പിക്കപ്പെട്ടുവെന്നോ ഏറ്റുപറയുകയില്ല. ഏതു ദുരാത്മാവിനേയും ഏതു പിശാചിനെയും മിന്നലിന്റെ വേഗത്തില്‍ ഓടിച്ചുകളയുവാനുള്ള ശക്തി യേശുവിന്റെ നാമത്തിനുണ്ട്.അതൊരിക്കലും മറക്കരുത്.

ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് നിങ്ങള്‍ക്കൊരു കഷ്ടതയുണ്ടാകുന്‌പോഴൊ പരിഹരിക്കാന്‍ കഴിയില്ല എന്ന് തോന്നുന്ന ഏതെങ്കിലും പ്രശ്‌നത്തെ നേരിടുന്‌പോഴോ, മാനുഷികമായി ഉത്തരം ലഭിക്കുകയില്ല എന്ന് കരുതുന്ന ഒരു കാര്യത്തെ അഭിമുഖീകരിക്കുന്‌പോഴോ യേശുവെന്ന നാമത്തെ വിളിക്കുക. അവിടുത്തോട് പറയുക ‘കര്‍ത്താവായ യേശുവേ, അവിടുന്ന് സാത്താനെതിരേ എന്റെ ഭാഗത്തുണ്ട്. ഇപ്പോള്‍ എന്നെ സഹായിക്കേണമേ’. എന്നിട്ട് സാത്താനു നേരെ തിരിഞ്ഞ് അവനോട് പറയുക ‘യേശുവിന്റെ നാമത്തില്‍ സാത്താനെ ഞാന്‍ നിന്നെ എതിര്‍ക്കുന്നു’. ഞാന്‍ പറയട്ടെ, യേശു ക്രൂശില്‍ സാത്താനെ തോല്പിച്ചുകഴിഞ്ഞിരിക്കയാല്‍ അവന്‍ നിങ്ങളെ വിട്ട് ഉടനെ ഓടിപ്പോകും. നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുകയും യേശുവിന്റെ നാമത്തില്‍ സാത്താനെ എതിര്‍ക്കുകയും ചെയ്താല്‍ അവനു നിങ്ങളുടെ മേല്‍ ഒരു ശക്തിയും ഉണ്ടായിരിക്കുകയില്ല.

തീര്‍ച്ചയായും സാത്താന് അവന്റെ പരാജയത്തെക്കുറിച്ച് നിങ്ങള്‍ അറിയണമെന്ന് ആഗ്രഹമില്ല. അതുകൊണ്ടാണ് ദീര്‍ഘകാലം അതു കേള്‍ക്കുന്നതില്‍ നിന്നും നിങ്ങളെ അവന്‍ തടഞ്ഞത്. അതു കൊണ്ടുതന്നെയാണ് പല പ്രസംഗകരെക്കൊണ്ടും അവന്റെ പരാജയത്തെക്കുറിച്ച് പ്രസംഗിപ്പിക്കാതിരിക്കുന്നതും. കര്‍ത്താവായ യേശുക്രിസ്തു ക്രൂശിന്മേല്‍ സാത്താനെ എന്നെന്നേയ്കുമായി പരാജയപ്പെടുത്തിയെന്നത് നിങ്ങളെല്ലാവരും വ്യക്തമായി അറിയണമെന്നതാണ് എന്റെ ആഗ്രഹം. നിങ്ങളിനി ഒരിക്കലും സാത്താനെ ഭയപ്പെടേണ്ടതില്ല. അവന് നിങ്ങളെ ബുദ്ധിമുട്ടിക്കുവാനോ ദ്രോഹിക്കുവാനോ കഴിയുകയില്ല. പല വിശ്വാസികളുടെ മേലും സാത്താന് അധികാരം ഉണ്ടായതിനുകാരണം അവര്‍ ഇരുട്ടില്‍ നടക്കുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ അവര്‍ ഏതെങ്കിലും രഹസ്യപാപത്തില്‍ ജീവിക്കുകയോ, ആരോടെങ്കിലും ക്ഷമിക്കാതിരിക്കുകയോ, ആരോടെങ്കിലും അസൂയപ്പെട്ടിരിക്കുകയോ, സ്വാര്‍ത്ഥതയോടെ പെരുമാറുകയോ ചെയ്യുന്നുണ്ടാവാം. അപ്പോള്‍ സാത്താന് അവരുടെ മേല്‍ അധികാരം ലഭിക്കും. അല്ലെങ്കില്‍ അവനു അവരെ തൊടുവാന്‍ പോലും കഴിയുകയില്ല.