ഹൃദയത്തിലെ തെറ്റായ ചിത്രം

ഐക്യരാഷ്ട്ര സംഘടന(യുഎന്‍)യുടെ കരുത്തനായ സെക്രട്ടറി ജനറലായിരുന്നു ഡാഗ് ഹാമര്‍ ഷോള്‍ഡ്. അദ്ദേഹത്തിന് ഔദ്യോഗിക ആവശ്യത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ സാംബിയായിലേക്കു പോകേണ്ടിവന്നു.

യുഎന്‍ സെക്രട്ടറി ജനറലിനേയും വഹിച്ചുകൊണ്ടു വിമാനം ഉയര്‍ന്നു പൊങ്ങി. സാംബിയായിലെ ‘നടോള’ എന്ന സ്ഥലത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്. നടോളയില്‍ വിമാനം ലാന്‍ഡുചെയ്യുമെന്നും അവിടെനിന്നു ഹാമര്‍ ഷോള്‍ഡ് നിര്‍ദ്ദിഷ്ട സ്ഥലത്തേക്കു കാര്‍ മാര്‍ഗ്ഗം യാത്ര ചെയ്തു കൊള്ളുമെന്നുമായിരുന്നു പൈലറ്റിനു നല്‍കിയിരുന്ന നിര്‍ദ്ദേശം.

പക്ഷേ മണിക്കൂറുകള്‍ പലതു പിന്നിട്ടിട്ടും യുഎന്‍ സെക്രട്ടറി ജനറലിന്റെ വിമാനം നടോളയില്‍ എത്തിയില്ല. അദ്ദേഹത്തെ സ്വീകരിക്കാന്‍ അവിടെ കാത്തുനിന്നവര്‍ നിരാശരായി മടങ്ങി.

വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ നടോളയില്‍ നിന്നും ഏറെ അകലെ കോംഗോയില്‍ നടോളോ എന്ന പ്രദേശത്തെ തുറസായ ഒരു സ്ഥലത്തു വിമാനത്തിന്റെ അവശിഷ്ടങ്ങളാണു തിരച്ചില്‍ സംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞത്. ഹാമര്‍ഷോള്‍ഡും പൈലറ്റും ആ വിമാനദുരന്തത്തില്‍ ദാരുണമായി മരിച്ചു. യുഎന്‍ സെക്രട്ടറി ജനറലിന്റെ മരണകാരണം കണ്ടെത്താന്‍ വിദഗ്ധസംഘം അന്വേഷണം ആരംഭിച്ചു. ഒടുവില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അവര്‍ പൈലറ്റ് അടയാളപ്പെടുത്തിയ ഭൂപടം കേടുകൂടാതെ കണ്ടെടുത്തു. അതില്‍ നടോള എന്നതിനു പകരം ”നടോളോ’ എന്ന സ്ഥലമായിരുന്നു പൈലറ്റ് അടയാളപ്പെടുത്തിയിരുന്നത്. നടോള സാംബിയായിലും നടോളോ കോംഗോയിലുമായിരുന്നു. പൈലറ്റ് നടോളയെ നടോളോ എന്നു തെറ്റിദ്ധരിച്ച് കൊണ്ടിറക്കിയത് വിമാനത്താവളമല്ലാത്ത തുറസ്സായ സ്ഥലത്ത് ലാന്‍ഡിങ്ങിലെ പിഴവുമൂലം വിമാനം കത്തിക്കരിഞ്ഞു. യുഎന്‍ സെക്രട്ടറി ജനറലും പൈലറ്റും കൊല്ലപ്പെട്ടു. ഒരു നേരിയ അക്ഷരത്തെറ്റു വരുത്തിയ വലിയ ദുരന്തമായി ഈ സംഭവം ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു!

പലര്‍ക്കും തങ്ങളെക്കുറിച്ചു തന്നെ തെറ്റായ ഒരു ഭൂപടമാണ് (Map) മനസ്സിലുള്ളത്. ഫലം അവര്‍ തെറ്റായ സ്ഥലത്തുചെന്നിറങ്ങുന്നു. ജീവിതം തന്നെ തകര്‍ന്നുപോകുന്നു. സുഹൃത്തേ, താങ്കളുടെ മനസ്സില്‍ താങ്കളുടെ ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള ചിത്രം എന്താണ്? ”സ്വന്ത ഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢന്‍… യഹോവയില്‍ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും’ (സദൃശവാക്യം 28 : 25, 26).

What’s New?