നിരുത്സാഹത്തെ നിങ്ങള്‍ക്കു ജയിക്കുവാന്‍ കഴിയും- WFTW 21 ഏപ്രിൽ 2019

സാക് പുന്നന്‍

പുതിയ നിയമത്തിലാകെ പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയെക്കുറിച്ച് ഏറ്റവും നന്നായി വിശദീകരിക്കുന്ന ഒരു വാക്യമാണ് 2 കൊരി 3:18, പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ കര്‍ത്താവായി തീരുമ്പോള്‍, അവിടുന്നു നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. ” കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്” (വാക്യം 17). അവിടുന്നു പ്രാഥമികമായി നമ്മെ പാപത്തിന്‍റെ ശക്തിയില്‍ നിന്നു സ്വതന്ത്രരാക്കുന്നു, കൂടാതെ പണസ്നേഹം, ദൈവവചനത്തിനു വിരുദ്ധമായ നമ്മുടെ പിതാക്കന്മാരുടെയും മുതിര്‍ന്നവരുടെയും പാരമ്പര്യങ്ങള്‍, മനുഷ്യരുടെ അഭിപ്രായങ്ങള്‍, തുടങ്ങിയവയില്‍ നിന്നു കൂടെ നമ്മെ സ്വതന്ത്രരാക്കുന്നു. ഇതുവാസ്തവത്തില്‍ ഒരു വലിയ സ്വാതന്ത്ര്യമാണ്. അപ്പോള്‍ നാം മനുഷ്യരെ അല്ല ദൈവത്തെ ശുശ്രൂഷിക്കുവാന്‍ സ്വതന്ത്രരാകുന്നു.

2 കൊരി 3:18ല്‍, പരിശുദ്ധാത്മാവ് ദൈവ വചനത്തില്‍ യേശുവിന്‍റെ തേജസ് നമ്മെ കാണിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു (കണ്ണാടി ദൈവവചനമാണ് – യാക്കോബ് 1:23-25). ചിലര്‍ ബൈബിള്‍ വായിക്കുന്നതു പ്രസംഗങ്ങള്‍ ലഭിക്കേണ്ടതിനും ഉപദേശങ്ങള്‍ പരിശോധിക്കേണ്ടതിനുമാണ്. എന്നാല്‍ പരിശുദ്ധാത്മാവു പ്രാഥമികമായി ആഗ്രഹിക്കുന്നതു വേദപുസ്തകത്തില്‍ യേശുവിന്‍റെ തേജസ്സിനെ കാണിക്കുവാനാണ്. നാം ആ തേജസ്സ് കാണുന്നതിനനുസരിച്ച് പരിശുദ്ധാത്മാവു നമ്മെ അതേ സാദൃശ്യത്തിലാക്കി മാറ്റുകയും ചെയ്യുന്നു. അതേ സാദൃശ്യം എന്നതില്‍ അവിടുന്നു ശുശ്രൂഷ ചെയ്ത രീതിയില്‍ ക്രിസ്തുവിനെപ്പോലെ ആകുന്നതും ഉള്‍പ്പെടുന്നു. നാം അവിടുത്തെ പോലെ ശുശ്രൂഷിക്കുവാന്‍ തുടങ്ങും. തന്‍റെ പിതാവിനെ ശുശ്രുഷിക്കേണ്ടതിനു യേശു എങ്ങനെയാണ് ത്യാഗങ്ങള്‍ ചെയ്യുന്നത് എന്നു ആത്മാവു നമ്മെ കാണിച്ചു തരും – എന്നു തന്നെയല്ല കര്‍ത്താവിനെ സേവിക്കേണ്ടതിനു നമ്മെയും ത്യാഗങ്ങള്‍ ചെയ്യു മാറാക്കും. നമ്മെ രൂപാന്തരപ്പടുത്തുവാന്‍ നാം പരിശു ദ്ധാത്മാവിനെ അനുവദിക്കുമെങ്കില്‍ നമ്മുടെ ജീവിതത്തിനും നമ്മുടെ ശുശ്രൂഷയ്ക്കും സമൂലമായ മാറ്റം ഉണ്ടാകും.

ഈ സമയത്ത്, ദൈവവചനത്തില്‍ യേശുവിന്‍റെ തേജസ് നാം കാണുമ്പോള്‍, ദിനംതോറും അവിടുത്തെ തേജസ് നമ്മില്‍ വര്‍ദ്ധിച്ചുവരത്തക്കവണ്ണം പരിശുദ്ധാത്മാവു നമ്മെ തേജസ്സിന്‍റെ ഒരു ഡിഗ്രിയില്‍ നിന്നു മറ്റൊരു ഡിഗ്രിയിലേക്കു മാറ്റുന്നു ( 2 കൊരി 3:18). മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നാം പരിശുദ്ധാത്മാവിനു പൂര്‍ണ്ണമായി വിധേയപ്പെട്ടാല്‍, നമ്മുടെ ജീവിതത്തിന്മേല്‍ ഇന്നുളള അഭിഷേകം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്ടായിരുന്ന അഭിഷേകത്തെക്കാള്‍ കൂടുതലായിരിക്കും. അത് 30 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. എന്നാല്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍ നിങ്ങള്‍ പ്രായമാകും തോറും നിങ്ങളുടെ തേജസ് കുറഞ്ഞു കൊണ്ടിരിക്കും. തീക്ഷ്ണതയുളള അനേകം ചെറുപ്പക്കാര്‍, തങ്ങള്‍ വിവാഹിതരായി കഴിഞ്ഞ ഉടന്‍ പിന്‍മാറ്റത്തിലായി പോകുന്നു. എന്തു കൊണ്ടാണ് അതു സംഭവിക്കുന്നത്? ദൈവഹിതപ്രകാരം നിങ്ങള്‍ വിവാഹിതരാകുമെങ്കില്‍, നിങ്ങള്‍ ഏകനായിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ നിങ്ങളുടെ തീക്ഷ്ണതയും തേജസും വളരെയധികമായി വര്‍ദ്ധിക്കും. എന്നാല്‍ കര്‍ത്താവിനെക്കാള്‍ അധികം നിങ്ങളുടെ ഭാര്യയോ ഭവനമോ നിങ്ങള്‍ക്കു പ്രാധാന്യമുളളതായി തീരുമെങ്കില്‍, നിങ്ങളുടെ തേജസ് കുറയും. അങ്ങനെയുളള ഒരാള്‍ കര്‍ത്താവിന്‍റെ തേജസ് കാണുന്നതു നിന്നു പോയിട്ട് പിന്മാറാന്‍ തുടങ്ങുന്നു.

2 കൊരി 4:1ല്‍ പൗലൊസ് തന്‍റെ ശുശ്രൂഷയെ കുറിച്ചു വിവരിക്കുന്നതു തുടരുന്നു. ” അതു കൊണ്ടു ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ട് ഈ ശുശ്രുഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്യപ്പെടുന്നില്ല”അധൈര്യപ്പെടുക എന്നാല്‍ നിരുത്സാഹപ്പെടുന്നില്ല എന്നാണര്‍ത്ഥം. അപ്പൊസ്തലനായ പൗലൊസ് പോലും നിരുത്സാഹപ്പെടുവാന്‍ പ്രലോഭിപ്പിക്കപ്പെട്ടു. അതുകൊണ്ട് നിങ്ങള്‍ നിരുത്സാഹപ്പെടുവാന്‍ പ്രലോഭിപ്പിക്കപ്പെടുകയാണെങ്കില്‍, അതൊരു അസാധാരണ കാര്യമായി നിങ്ങള്‍ കരുതരുത്. നിരുത്സാഹപ്പെടുവാന്‍ പലതവണ ഞാന്‍ പ്രലോഭിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൗലൊസിനെപോലെ ഞാന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്, “ഞങ്ങള്‍ ഞങ്ങളുടെ കണ്ണുകള്‍ യേശുവിന്മേല്‍ ഉറപ്പിച്ചിരിക്കുന്നതു കൊണ്ടും ദൈവം ഞങ്ങള്‍ക്കു നല്‍കിയിട്ടുളള ഈ അതിശയകരമായ ശുശ്രുഷയെക്കുറിച്ചു ചിന്തിക്കുന്നതിനാലും ഞങ്ങള്‍ അധൈര്യപ്പെടുന്നില്ല”. അതുകൊണ്ട് നാം എല്ലാം നിരുത്സാഹപ്പെടുവാന്‍ പ്രലോഭിപ്പിക്കപ്പെടുമെങ്കിലും, നാം നമ്മുടെ കണ്ണുകള്‍ കര്‍ത്താവില്‍ ഉറപ്പിക്കുമെങ്കില്‍, നാം ആരും ഒരിക്കലും നിരുത്സാഹപ്പെടേണ്ടി വരികയില്ല.

ഏതാനും വര്‍ഷങ്ങള്‍ കര്‍ത്താവിനെ സേവിച്ചതിനു ശേഷം മിക്ക ക്രിസ്തീയ പ്രവര്‍ത്തകരും നിരുത്സാഹിതരും, വിഷണ്ണരും, ധൈര്യമറ്റവരുമായിരിക്കുന്നു തന്നെയുമല്ല ചിലര്‍ക്ക് മാനസിക തകര്‍ച്ച പോലും സംഭവിച്ചിരിക്കുന്നു. – അവരുടെ തന്നെ പര്യാപ്തതയില്‍ അവര്‍ ദൈവത്തെ സേവിക്കുവാന്‍ ശ്രമിച്ചതു കൊണ്ടാണ് ഇതു സംഭവിച്ചത്. അവിടുത്തെ ശുശ്രൂഷയ്ക്കായി നമ്മെ പ്രാപ്തരാക്കേണ്ടതിനു നാം ദൈവത്തില്‍ ആശ്രയിക്കണം. നമുക്കു ദൈവത്തെ സേവിക്കുവാന്‍ ആവശ്യമായ ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പോലും നാം ദൈവത്തില്‍ ആശ്രയിക്കേണ്ടതുണ്ട്. ” ബാല്യക്കാര്‍ ക്ഷീണിച്ചു തളര്‍ന്നു പോകും, യൗവ്വനക്കാരും ഇടറി വീഴും, എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും, അവര്‍ കഴുകനെ പോലെ ചിറക് അടിച്ചു കയറും (യെശയ്യാവ് 40:31). നമ്മുടെ പര്യാപ്തത ദൈവത്തില്‍ നിന്നു വരുന്നു. നിങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെങ്കില്‍ പോലും ഈ വാഗ്ദത്തില്‍ ആശ്രയിക്കുക. “ഞങ്ങളുടെ പ്രാപ്തി ദൈവത്തില്‍ നിന്നത്രേ”(2 കൊരി 3:5). നമുക്കാവശ്യമുളളതെല്ലാം നല്‍കുവാന്‍ ദൈവം പ്രാപ്തന്‍.

ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളാല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുളള വാക്യങ്ങളാണ് 2 കൊരി 4:10,11. അനേക വിശ്വാസികള്‍ തങ്ങളുടെ ജീവിതങ്ങളില്‍ ഭൗതികമായ അതിശയങ്ങള്‍ ചെയ്യുന്ന സുവിശേഷം കേള്‍ക്കുവാന്‍ ആകാംക്ഷയുളളവരാണ്. എന്നാല്‍ നിങ്ങളില്‍ യേശുവിന്‍റെ ജീവന്‍ വെളിപ്പെടുത്തപ്പെടണമെന്നു നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍, അതിനുളള ഉത്തരം ഈ വാക്യങ്ങളില്‍ കിടപ്പുണ്ട്. നാം നമ്മുടെ ശരീരങ്ങളില്‍ യേശുവിന്‍റെ മരണം വഹിക്കണം . എന്താണ് യേശുവിന്‍റെ മരണം. അത് ഭൂമിയിലെ തന്‍റെ 33 1/2 വര്‍ഷക്കാലം മുഴുവന്‍ യേശു ചെയ്ത വിധത്തില്‍ നമ്മുടെ സ്വന്തഹിതത്തിനും സ്വയജീവനും മരിക്കുന്നതാണ്. യേശു ഭൂമിയിലായിരുന്നപ്പോള്‍ അവിടുന്നു പ്രതികരിച്ചതു പോലെ നമ്മുടെ ജീവിത സാഹചര്യങ്ങളോട് നാം പ്രതികരിക്കുക എന്നാണ് അതിന്‍റെ അര്‍ത്ഥം. ജനങ്ങള്‍ അവിടുത്തെ പിശാചെന്നു വിളിച്ചപ്പോള്‍, യൂദാ ഇസ്കര്യോത്താ അദ്ദേഹത്തിന്‍റെ പണം മോഷ്ടിച്ചപ്പോള്‍, ജനങ്ങള്‍ അവിടുത്തെ മുഖത്തു തുപ്പിയപ്പോള്‍, ജനങ്ങള്‍ തന്നെ ജാരസന്തതി (മറിയയുടെ മകന്‍) എന്നു വിളിച്ചപ്പോള്‍, ജനങ്ങള്‍ അവിടുത്തെ അധിക്ഷേപിച്ചപ്പോള്‍, തന്നെ കൊളളയടിച്ചപ്പോള്‍, തന്നെക്കുറിച്ച് ദൂഷണം പറഞ്ഞപ്പോള്‍, പ്രസംഗിക്കുന്നതു നിര്‍ത്തുവാന്‍ പറഞ്ഞിട്ട് അദ്ദേഹത്തെ സിനഗോഗിന്‍റെ പുറത്തേക്കു തളളിക്കളഞ്ഞപ്പോള്‍ ഒക്കെ അവിടുന്നു എങ്ങനെയാണു പ്രതികരിച്ചത്? അവിടുന്നു മനുഷ്യമാനം, അഭിമാനം, പ്രശസ്തിയും അന്തസ്സും , അവിടുത്ത സ്വന്തഹിതം ഇവയ്ക്കെല്ലാം മരിച്ചിരുന്നു. അതാണ് “യേശുവിന്‍റെ മരണം”യേശുവിന്‍റെ കാല്‍വറിയിലെ മരണത്തില്‍ എനിക്കോ നിങ്ങള്‍ക്കോ ഒരു ഭാഗവും ഇല്ല. ലോകത്തിന്‍റെ പാപങ്ങള്‍ക്കു വേണ്ടി നമുക്കു മരിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ അവിടുത്തെ ഭൂമിയിലെ ജീവിതത്തില്‍ ഓരോ ദിവസവും തുടര്‍ന്നു കൊണ്ടിരുന്ന തന്‍റെ ജീവനിലുളള ഒരു മരണം ഉണ്ടായിരുന്നു. ആ മരണമാണ് നാം പങ്കിടേണ്ടത്. എന്തു കൊണ്ടാണ് അതു “യേശുവിന്‍റെ മരണം” എന്നു വിളിക്കപ്പെടുന്നത്? കാരണം, സ്വയത്തിനും ഈ ലോകത്തിന്‍റെ കാര്യങ്ങള്‍ക്കും മരിക്കുന്ന ഈ വഴിയിലൂടെ ആദ്യം നടന്ന വ്യക്തി യേശു ആയിരുന്നു. മാനുഷികമായ എല്ലാത്തിനും അവിടുന്നു മരിക്കുകയും അങ്ങനെ അവിടുന്നു പിതാവിന്‍റെ തേജസ്സിനെ വെളിപ്പെടുത്തുകയും ചെയ്തു. യേശുവിന്‍റെ കാല്‍ചുവടുകളില്‍ അനുഗമിക്കുവാനാണ് ഞാനും നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്.

2 കൊരി 4:17,18 വാക്യങ്ങളില്‍ പൗലൊസ് ഇപ്രകാരം പറയുന്നു, “ഞങ്ങള്‍ കടന്നുപോകുന്ന ഈ കഷ്ടങ്ങളെല്ലാം വളരെ ലഘുവാണ് കാരണം അവയിലൂടെ ഞങ്ങള്‍ക്കു ലഭിക്കുവാന്‍ പോകുന്ന തേജസ് അതി മഹത്തായതാണ്”. ” ഞങ്ങള്‍ കാണുന്ന കാര്യങ്ങളെ നോക്കുന്നതു നിരസിച്ചിട്ട് കാണാത്ത കാര്യങ്ങളെ നോക്കിക്കൊണ്ടിരിക്കുന്ന ” സമയത്തോളം മാത്രമെ ഈ തേജസ് ഞങ്ങളിലേക്കു വരികയുളളു. (4:18). അതിന്‍റെ അര്‍ത്ഥം ഞങ്ങളുടെ ഏതു കഷ്ടങ്ങളെയും മാനുഷകാഴ്ചപ്പാടില്‍ നോക്കുന്നില്ല, എന്നാല്‍ ദൈവിക കാഴ്ചപ്പാടില്‍ ഞങ്ങള്‍ നോക്കുന്നു. ഈ ശോധനകളിലൂടെ നമ്മുടെ ജീവിതങ്ങളില്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്ന ഒരു തേജസ്സുണ്ട് കൂടാതെ നാം യേശുവിന്‍റെ ഹൃദയവുമായി കൂടുതല്‍ അടുത്ത ഒരു കൂട്ടായ്മയിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് നാം ഉത്സാഹിപ്പിക്കപ്പെടുന്നതും ആ വഴിയിലൂടെയാണ് നമുക്കൊരു ശുശ്രൂഷ ലഭിക്കുന്നതും. ദൈവവചനം പഠിക്കുന്നതിലൂടെ മാത്രം നമുക്കൊരു ശുശ്രൂഷ ലഭിക്കുന്നില്ല.

What’s New?