സാക് പുന്നന്‍
ക്രിസ്തുവിൻ്റെ ശരീരത്തെ ഒരു ആശുപത്രിയോട് താരതമ്യം ചെയ്യാം. ഒരാൾ രോഗിയായി ആശുപത്രിയിൽ ചെല്ലുമ്പോൾ, അയാളെ സഹായിക്കാൻ ആശുപത്രിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളുണ്ട്. ഒരുപക്ഷെ അയാൾക്ക് ഒരു കുത്തിവയ്പോ, അല്ലെങ്കിൽ ഫിസിയോതെറാപ്പിയോ അല്ലെങ്കിൽ ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം. ചിലപ്പോൾ ഒരു നേത്രചികിത്സാ വിദഗ്ദ്ധനെയോ അല്ലെങ്കിൽ ശ്രവണേന്ദ്രിയചികിത്സാ വിദഗ്ദ്ധനെയോ കാണേണ്ടി വരും. അതുകൊണ്ട് ഒരാശുപത്രിയിൽ വ്യത്യസ്ത ചികിത്സാവിഭാഗങ്ങളുണ്ട്. ഒരു കണ്ണു ഡോക്ടർ മറ്റൊന്നും നോക്കാതെ എപ്പോഴും ആളുകളുടെ കണ്ണുകൾ മാത്രം പരിശോധിക്കുന്നു. അത് മനുഷ്യ ശരീരത്തിലെ മറ്റു ഭാഗങ്ങൾ അപ്രധാനമായതു കൊണ്ടല്ല, എന്നാൽ അയാളുടെ പ്രത്യേക വൈദഗ്ദ്ധ്യമുള്ള വിഷയം കണ്ണായതുകൊണ്ടാണ്. ക്രിസ്തുവിൻ്റെ ശരീരത്തിലും, ഓരോ വിശ്വാസിക്കും വ്യത്യസ്തവരവും വിളിയുമുണ്ട്. ഈ ഭൂമിയുടെ പരപ്പിൽ എക്കാലവും നടന്നിട്ടുള്ളവരിൽ ഏറ്റവും പൂർണമായ സന്തുലിതാവസ്ഥ ഉണ്ടായിരുന്ന വ്യക്തി കർത്താവായ യേശുക്രിസ്തു ആയിരുന്നു. ബാക്കിയുള്ള നാമെല്ലാവരും- നമ്മുടെ ഇടയിലെ ഏറ്റവും നല്ല വ്യക്തി പോലും- അസന്തുലിതരാണ്. നമ്മുടെ സന്തുലനാവസ്ഥ നാം കണ്ടെത്തുന്നത് മറ്റു സഹോദരീസഹോദരന്മാരോടൊപ്പം പ്രവർത്തിക്കുമ്പോൾ മാത്രമാണ്- കർത്താവിൻ്റെ ആശുപത്രിയിലെ മറ്റു വിഭാഗങ്ങളോടൊപ്പം. അതുകൊണ്ട് ഈ ആശുപത്രിയിൽ വ്യക്തിമാഹാത്മ്യ വാദത്തിന് ഒരു സ്ഥാനവുമില്ല.
ഒരു നല്ല ആശുപത്രിയിൽ ആളുകളുടെ വിവിധ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുവാൻ പല ചികിത്സാ വിഭാഗങ്ങൾ ഉണ്ട്. അതുപോലെ, ക്രിസ്തുവിൻ്റെ ശരീരത്തിലും ആളുകളെ സഹായിക്കുവാൻ വിവിധ ശുശ്രൂഷകളും പല ആത്മീയ വരങ്ങളും ഉണ്ട്. ആത്മാവിൻ്റെ എല്ലാ വരങ്ങളും ഉള്ള ഒരു സഭയോ ഒരു കൂട്ടമോ ഇല്ല. എന്നാൽ ക്രിസ്തുവിൻ്റെ ശരീരം മുഴുവനായി എടുത്താൽ അവയെല്ലാം അവിടെയുണ്ട്. സഭയാകുന്ന ശരീരത്തിൽ നമ്മുടെ പ്രത്യേക വിളി എന്താണെന്നു നാം അറിയണം.
ആത്മീയമായി രോഗികളായവരെ കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. എന്നാൽ ആരുടെയും കാര്യം ആശയറ്റതല്ല. എല്ലാവർക്കും കർത്താവിനാൽ സൗഖ്യമാക്കപ്പെടുവാൻ കഴിയും. ഇതാണ് നാം പ്രഘോഷിക്കുന്ന സുവിശേഷം. ഏറ്റവും ഹീന പാപിക്കും, ഏറ്റവുമധികം വഴിതെറ്റിപ്പോയ ഒരുവനും പോലും കർത്താവിൻ്റെ ആശുപത്രിയിൽ സൗഖ്യം കണ്ടെത്തുവാൻ കഴിയും. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ഒരു നല്ല ആശുപത്രി ഒരിക്കലും തിരിച്ചയക്കുകയില്ല. നിലവാരം കുറഞ്ഞ ആശുപത്രികൾ അതു ചെയ്യും, കാരണം ഗുരുതരമായ രോഗങ്ങൾ കൈകാര്യം ചെയ്യാൻ തക്ക സജ്ജീകരണങ്ങൾ അവിടെയില്ല. അതുപോലെ തന്നെ, ഒരു നല്ല സഭ, ലോകത്തിലെ ഏറ്റവും വലിയ പാപിയോടു പോലും അവൻ്റെ കാര്യം ആശയറ്റതാണെന്ന് ഒരിക്കലും പറയുകയില്ല!
ഒരു നല്ല സഭയ്ക്ക് ഏറ്റവും മോശം പാപിയെ വിശുദ്ധന്മാരിൽ ഏറ്റവും വലിയവനാക്കി മാറ്റാൻ കഴിയും- ആ പാപി തനിക്കു നല്കപ്പെടുന്ന ചികിത്സ സ്വീകരിക്കുവാൻ മനസ്സുള്ളവൻ ആണെങ്കിൽ. സഭയെ നമുക്ക് മനുഷ്യ ശരീരത്തോടും താരതമ്യം ചെയ്യാൻ കഴിയും. മനുഷ്യശരീരത്തിൽ, ഓരോ ഭാഗത്തിനും ഒരു ധർമ്മമുണ്ട്, ആ ഭാഗം അതിൻ്റെ ധർമ്മം മാത്രം നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. എന്നാൽ വ്യത്യസ്ത ധർമ്മങ്ങളുള്ള മറ്റു ഭാഗങ്ങളെ അഭിനന്ദിക്കുകയും, വിലമതിക്കുകയും അവയോടു സഹകരിക്കുകയും ചെയ്യുന്നു. 1 കൊരിന്ത്യർ 12ൽ, പരിശുദ്ധാത്മാവ് കണ്ണുകൾ, കാതുകൾ, കൈകൾ, കാലുകൾ മുതലായവയുടെ ഉദാഹരണങ്ങൾ ഉപയോഗിച്ച് ക്രിസ്തുവിൻ്റെ ശരീരത്തിൽ ആത്മാവിൻ്റെ വരങ്ങൾ എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നതെന്നു ചിത്രീകരിക്കുന്നു.
വേദപുസ്തകത്തിലെ ചില കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും ഊന്നിപ്പറയുന്നു. അതിൻ്റെ കാരണം, കർത്താവ് എനിക്ക് നൽകിയിരിക്കുന്ന ഭാരം അതാണ്. കർത്താവ് എന്നെ വിളിച്ചിരിക്കുന്ന ആ ശുശ്രൂഷയിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുന്നു, കാരണം, അതിൽ മാത്രമാണ് എനിക്ക് കർത്താവിനു പ്രയോജനമുള്ളവനായിരിക്കാൻ കഴിയുന്നത് എന്നെനിക്കറിയാം. മറ്റെന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ഞാൻ ദൈവത്തിൻ്റെ ആലോചനയെ വൃഥാവാക്കും. എന്നാൽ മറ്റു ശുശ്രൂഷകൾക്കു ഞാൻ എതിരല്ല. ഞാൻ അവയെ വളരെയധികം ബഹുമാനിക്കുന്നു. വയറ് കൈയെ വലിയതോതിൽ വിലമതിക്കുന്നു, എന്നാൽ അതൊരിക്കലും കൈ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നില്ല. ഉദാഹരണത്തിന്, ഒരു താലത്തിൽ നിന്ന് ആഹാരം എടുക്കാൻ അതു ശ്രമിക്കുന്നില്ല. അതു ചെയ്യുവാൻ വയറ് കൈയെ അനുവദിക്കുകയും പിന്നീട് കൈ പെറുക്കിയെടുത്ത് അതിലേക്ക് അയച്ചുകൊടുക്കുന്ന ഭക്ഷണം ദഹിപ്പിക്കുക എന്ന തൻ്റെ സ്വന്തം ജോലി അതു ചെയ്യുകയും ചെയ്യുന്നു! ക്രിസ്തുവിൻ്റെ ശരീരത്തിൽ നാം അന്യോന്യം പൂരകമാകുന്നതെങ്ങനെയാണെന്നു കാണിക്കുന്ന ഒരു ചിത്രമാണിത്. ശരീരത്തിലെ ശുശ്രൂഷകളുടെ വൈവിധ്യത്തിൻ്റെ ഈ ചിത്രം മിക്ക വിശ്വാസികളും കാണുന്നില്ല. എന്നാൽ ഈ സത്യം നിങ്ങൾ കാണുന്നില്ലെങ്കിൽ, നിങ്ങൾ പൂർത്തീകരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നിറവേറ്റാൻ നിങ്ങൾക്കൊരിക്കലും കഴിയുകയില്ല. ദൈവം നമ്മെ എന്തിനായി വിളിച്ചിരിക്കുന്നു എന്നകാര്യം നമ്മുടെ മനസ്സിൽ വ്യക്തതയുള്ള വരായിരിക്കുന്നത് നമുക്കെല്ലാവർക്കും നല്ലതാണ്. കർത്താവ് നമ്മുടെ ഹൃദയങ്ങളിൽ തരുന്ന ഭാരം, സാധാരണയായി കർത്താവിൻ്റെ ശരീരത്തിൽ ദൈവം നമുക്കു വേണ്ടി വച്ചിരിക്കുന്ന ശുശ്രൂഷയുടെ സൂചനയാണ്. ക്രിസ്തുവിൻ്റെ ശരീരത്തിൽ- മറ്റാർക്കും നിറവേറ്റാൻ കഴിയാത്ത- വ്യത്യസ്തവും അതുല്യവുമായ ഒരു ശുശ്രൂഷ നിങ്ങൾക്കുണ്ട്. എന്നാൽ ആ ശുശ്രൂഷ ഒരിക്കലും സന്തുലിതമായ ഒന്നായിരിക്കില്ല. അത് അസന്തുലിതമായിരിക്കും. ശരീരത്തിൽ വ്യത്യസ്ത ശുശ്രൂഷകളുള്ള മറ്റുള്ളവരുമായുള്ള കൂട്ടായ്മയിൽ പ്രവർത്തിച്ച് നിങ്ങളുടെ സന്തുലനാവസ്ഥ നിങ്ങൾ കണ്ടെത്തണം. ദൈവം നമ്മെ വിനയാന്വിതരായി സൂക്ഷിക്കുന്നത് ആ വിധത്തിലാണ്- മറ്റുള്ളവരിൽ ആശ്രിതരായി നമ്മെ തീർക്കുന്നതുവഴി. ദൈവത്തിനു സ്തുതി! നാം എല്ലാവരും നമ്മുടെ ജീവിതത്തിലെ ചില മേഖലകളിൽ ശക്തരാണ്, എന്നാൽ മറ്റു ചില മേഖലകളിൽ ബലഹീനരാണ്- ഒരു വിദ്യാർത്ഥി ഇംഗ്ലീഷിൽ മിടുക്കനും കണക്കിൽ മോശവും ആകാം എന്ന പോലെ. എന്നാൽ നാം ബലഹീനരായി ഇരിക്കുന്നതെവിടെയാണെന്ന് അറിഞ്ഞ് ആ മേഖലകളെ ശക്തിപ്പെടുത്തണം. നിങ്ങളുടെ സഭ സുവിശേഷീകരണത്തിനുള്ള ഊന്നലിൽ ശക്തമായിരിക്കാം. എന്നാൽ വിശുദ്ധിക്കുള്ള ഊന്നലിൽ ബലഹീനമായിരിക്കാം. അങ്ങനെയാണെങ്കിൽ ഏതുതരം ശുശ്രൂഷയ്ക്കാണ് നിങ്ങളുടെ സഭ തന്നെ തന്നെ തുറന്നു വയ്ക്കേണ്ടതെന്ന് നിങ്ങൾക്കറിയാം.