വിഷാദസന്ധ്യയിലെ പാട്ട്

ജര്‍മനി കൊടുംശൈത്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. നേരം സന്ധ്യയായതോടെ തണുപ്പും കൂടി. പക്ഷേ പാതയോരത്തെ ആ വീട്ടില്‍ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നതിന്റെ കാരണം കാലാവസ്ഥയായിരുന്നില്ല. മറിച്ച് ആതീവദുഃഖകരമായ ഒരു സംഭവം ആ വീട്ടില്‍ നടന്നിട്ട് അധിക ദിവസം ആയില്ല എന്നതിനാല്‍ ഗൃഹനാഥനും വീട്ടമ്മയും ആ വിഷാദസന്ധ്യയില്‍ നിശ്ശബ്ദരായി, ദുഃഖാകുലരായി വീടിനുള്ളില്‍ ഇരിക്കുകയായിരുന്നു.

കോണ്‍റാഡും ഭാര്യ ഉര്‍സുലയുമായിരുന്നു ആ വീട്ടിലെ അന്തേവാസികള്‍. ചില ദിവസങ്ങള്‍ക്ക് മുന്‍പ് അവരുടെ ഒരേയൊരു മകന്‍ മരിച്ചുപോയതിന്റെ ദുഃഖത്തിലായിരുന്നു അവര്‍.

ആ സന്ധ്യയില്‍ പെട്ടന്ന് അവരുടെ വീടിനു മുന്നില്‍ നിന്നു ശ്രുതി മധുരമായ ഒരു ഗാനം ഉയര്‍ന്നു. അവര്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു പാവം ബാലന്‍ സഹായം അഭ്യര്‍ത്ഥിച്ചു വന്നതാണ്. ഈ തണുപ്പത്തിങ്ങനെ നിന്നാല്‍ ഈ കുഞ്ഞിന്റെ തൊണ്ടയടച്ചുപോകുമല്ലോ എന്നാണവര്‍ ആദ്യം ഓര്‍ത്തത്. ഉര്‍സുല ആ ബാലനെ വീടിനുള്ളിലേക്കു വിളിച്ചു. ചിമ്മിനിക്കരികിലിരുന്നു തണുപ്പ് മാറ്റിക്കൊണ്ടിരിക്കെ ആ ബാലന് അവര്‍ ഭക്ഷണവും നല്‍കി. അതവന്‍ ആര്‍ത്തിയോടെ കഴിച്ചുകൊണ്ടു ”പിതാവു മരിച്ചുപോയതിനാല്‍ തനിക്കു ഭക്ഷണവും വസ്ത്രവും നല്‍കാന്‍ ആരുമില്ലെന്ന്” സ്വന്തം അനുഭവം വിവരിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോള്‍ ദയതോന്നിയ കോണ്‍റാഡും ഉര്‍സുലയും അവനെ അന്നവിടെ കിടക്കാന്‍ ക്ഷണിച്ചു. മരിച്ചുപോയ തങ്ങളുടെ മകന്റെ മുറിയാണ് അവര്‍ ആ രാത്രി ആ ബാലനു നല്‍കിയത്.

അവന്‍ ഉറങ്ങാന്‍ പോയിക്കഴിഞ്ഞപ്പോള്‍ കോണ്‍റാഡും ഉര്‍സുലയും മരിച്ചുപോയ മകന്റെ സ്ഥാനത്ത് ഈ കുട്ടിയെ ദത്തെടുത്താലോ എന്നു ചിന്തിച്ചു. എന്നാല്‍ അതവന്‍ സമ്മതിക്കുമോ എന്നായിരുന്നു അവരുടെ ആശങ്ക.

പിറ്റേന്നുരാവിലെ ബാലനോട് അവര്‍ വിവരം പറഞ്ഞു. അവന്‍ സന്തോഷത്തോടെ അതു സമ്മതിച്ചു. അങ്ങനെ അവന്‍ അവരുടെ ‘മകനായി’ അവരോടൊപ്പം താമസം തുടങ്ങി. അവനെ അവര്‍ സ്‌കൂളിലയച്ചു. മുതിര്‍ന്നപ്പോള്‍ അവന്‍ ജര്‍മനിയിലെ ഒരു കത്തോലിക്കാ പുരോഹിതനായി. അത് ആരാണെന്നോ? പിന്നീടു പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തിനു നേതൃത്വം നല്‍കിയ മാര്‍ട്ടിന്‍ ലൂഥറായിരുന്നു ആ ബാലന്‍. അന്ന് ആ ബാലന് അവര്‍ അഭയം നല്‍കിയില്ലായിരുന്നെങ്കിലോ? ദൈവിക നടത്തിപ്പുകള്‍ എത്ര അത്ഭുതകരം! (എബ്രായര്‍ 13:2)

What’s New?