ഒരു അമ്മയെന്ന നിലയില്‍ സ്ത്രീയ്ക്കുള്ള വിളി – WFTW 03 നവംബര്‍ 2013

grayscale photography of woman and baby

സാക് പുന്നന്‍

 ആദം തന്റെ ഭാര്യയെ ഹവ്വയെന്നാണ്  വിളിച്ചത്. കാരണം അവളൊരു മാതാവായിരുന്നു. ഏദനിലെ ദൈവീക വെളിച്ചത്തില്‍ അവന്‍ തന്റെ ഭാര്യയുടെ ശുശ്രൂഷയെന്തെന്ന് അറിഞ്ഞു. ഹവ്വയും അത് അറിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പാപവും മാനുഷിക പാരന്പര്യങ്ങളും (സാത്താനാല്‍ സ്വാധീനിക്കപ്പെട്ടത് )  ഒരു മാതാവെന്ന നിലയില്‍ സ്ത്രീയ്കുള്ള മഹത്വം കാണാത്തവണ്ണം അവളുടെ തിരിച്ചറിവിനെ മേഘാവൃതമാക്കിയിരിക്കുന്നു. മക്കളെ ഇപ്പോള്‍ പൈശാചികമായ നിലയില്‍ ‘അപകടങ്ങള്‍’ എന്നാണ് വിളിക്കുന്നത്. ദൈവം അവരെ ദാനങ്ങള്‍ എന്നാണ് വിളിക്കുന്നത് ( സങ്കീ 127.3). അവരെ ‘ശല്യങ്ങള്‍’ ആയിട്ട് കണക്കാക്കുന്നു. എന്നാല്‍ ദൈവം അവരെ അനുഗ്രഹം ആയിട്ടാണ് കാണുന്നത് ( സങ്കീ 127.5,128.4). ക്രിസ്ത്യാനികള്‍ എന്ന് വിളിക്കുന്നവര്‍ പോലും എത്ര മാത്രം ദൈവത്തില്‍ നിന്നും അകന്ന്    പൈശാചികമായി ചിന്തിക്കുന്നു എന്നതിന്റെ അടയാളമാണിത്.

തിമോഥെയോസിന്റെ അമ്മ യൂനിക്ക തികച്ചും വ്യത്യസ്തയായിരുന്നു. അവള്‍ തന്റെ വിളിയെ വ്യക്തമായി കണ്ടിരുന്നു. അവളുടെ ഭര്‍ത്താവ് ഒരു അവിശ്വാസിയായിരുന്നെങ്കിലും ( അപ്പൊ പ്രവ 16.1) അത് അവളുടെ വിശ്വാസത്തെ തകര്‍ത്തില്ല. നിര്‍വ്യാജ വിശ്വാസം ഉണ്ടായിരുന്ന ദൈവവചനമറിഞ്ഞ ഒരു സ്ത്രീയായിരുന്നു അവള്‍ ( 2 തിമോ 1.5). അവള്‍ തിമോഥെയോസിനെ ദൈവവചനം പഠിപ്പിച്ചു ( 2 തിമോ 3.11,15). അതിലുപരി തന്റെ നിര്‍വ്യാജ വിശ്വാസം അവനിലേക്ക് പകരുകയും ചെയ്തു. ലോകം മുഴുവന്‍ അവിശ്വാസമെന്ന വിഷപുക നിറഞ്ഞിരുന്നപ്പോള്‍ തിമോഥെയോസിന് തന്റെ ഭവനത്തില്‍ വിശ്വാസമെന്ന ശുദ്ധവായു ശ്വസിക്കുവാന്‍ അവന്റെ അമ്മ അവസരമൊരുക്കി. തന്റെ മാതാവ് എപ്പോഴും  പ്രാര്‍ത്ഥിക്കുന്നതും, എപ്പോഴും ദൈവത്തെ സ്തുതിക്കുന്നതും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ദൈവത്തെ ആശ്രയിക്കുന്നതും ഒരിക്കലും പിറുപിറുക്കലോ പരാതി പറയുകയോ ചെയ്യ്യാത്തതും അവന്‍ കണ്ടുകാണും. നിര്‍വ്യാജ വിശ്വാസത്തിന്റെ    പ്രത്യേകതകളാണ് ഇവയെല്ലാം. അങ്ങനെയുള്ള തിമോഥെയോസ് ഒരു അപ്പോസ്‌തോലനും പൗലോസിന്റെ സഹ പ്രവര്‍ത്തകനും ആയി വളര്‍ന്നു വന്നതില്‍ അത്ഭുതമില്ല. ആ അമ്മയുടെ പ്രയത്‌നമാണ് ഒടുവില്‍ ഫലമുണ്ടാക്കിയത്.

ഈ നുറ്റാണ്ടിലേയും അമ്മമാര്‍ക്കുള്ള വെല്ലുവിളിയാണിത്. നൂറു വര്‍ഷം ഒരു സുവിശേഷ പ്രസംഗികയായി ലോകം മുഴുവന്‍ സഞ്ചരിച്ചാല്‍ ചെയ്യാന്‍ കഴിയുമായിരുന്നതിനേക്കാള്‍ കാര്യങ്ങള്‍ ദൈവത്തിനും  ദൈവസഭയ്കുമായി ചെയ്യുവാന്‍ 16 വര്‍ഷം വീട്ടില്‍ ഒരു നല്ല അമ്മയായി കഴിഞ്ഞ തിമോഥെയോസിന്റെ അമ്മ യൂനിക്കയ്ക്ക് സാധിച്ചു. കുറച്ചുകൂടെ സമീപ കാലത്ത് 15 മക്കളുടെ അമ്മയായിരുന്ന സൂസന്ന വെസ്ലിയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ദാരിദ്ര്യം നിറഞ്ഞ അവളുടെ ഭവനത്തില്‍ ചില കുഞ്ഞുങ്ങള്‍ ശൈശവത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. എന്നാല്‍ ബാക്കിയുള്ളവരെ ഓരോരുത്തരേയും വ്യക്തിപരമായി ഉപദേശിച്ച് ദൈവഭയത്തില്‍ വളര്‍ത്തി കൊണ്ടുവരുവാന്‍ അവള്‍ക്ക് കഴിഞ്ഞു. അവളുടെ ആണ്‍ മക്കളിലൊരാള്‍ ജോണ്‍ വെസ്ലി ദൈവ കരങ്ങളിലെ ഒരു മഹത്തായ ഉപകരണമായി വളര്‍ന്നു വന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും എഴുത്തുകളിലൂടെയും    അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. സൂസന്ന വെസ്ലി തന്റെ ഭവനത്തെ അവഗണിച്ച് കൂടുതല്‍ പണം സന്പാദിക്കുന്നതിനുവേണ്ടി എന്തെങ്കിലും ജോലിക്ക് പോവുകയോ അല്ലെങ്കില്‍ ലോകം മുഴുവന്‍ ഒരു സുവിശേഷകയായി സഞ്ചരിക്കുകയോ ചെയ്തിരുന്നെങ്കില്‍ തന്റെ മകന്‍ ചെയ്ത വേലയുടെ ഒരു    ചെറിയ അംശം പോലും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.

പൗലോസ് തിമോഥെയോസിനോട് പുരുഷന്മാരുടെയും സ്ത്രീകളുടെയും ശുശ്രൂഷകളെക്കുറിച്ച്  പറയുന്‌പോള്‍ സ്ത്രീകള്‍ക്ക് മൂപ്പനാകുവാനും പഠിപ്പിക്കുവാനും കഴിയുകയില്ലെന്നും എന്നാല്‍ അവര്‍ക്ക് മാതൃത്വമെന്ന വലിയ ശുശ്രൂഷ ഉണ്ടെന്നും പറയുന്നു.  ( 1 തിമോ 2.12,15). ഈ ലേഖനത്തിന്റെ പശ്ചാത്തലം നോക്കിയാല്‍ മാതൃത്വത്തെ സഭയിലെ ശുശ്രൂഷയായി പൗലോസ് പരിഗണിച്ചിരുന്നു എന്നത് തീര്‍ച്ചയാണ്. തന്റെ മകള്‍ക്ക് ദൈവഭയമുള്ള ഒരു അമ്മയാവുകയെന്നതാണ് സ്ത്രീകള്‍ക്കായി ദൈവം വച്ചിരിക്കുന്ന ശുശ്രൂഷ. തിമോഥെയോസിന് ചെറുപ്പത്തില്‍ തന്നെ ഈ ശുശ്രൂഷയുടെ മഹത്വം തന്റെ ഭവനത്തില്‍ കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ അവന്‍ എഫസോസിലുള്ളവര്‍ക്ക് അത് പഠിപ്പിച്ച് കൊടുക്കുകയാണ്.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും ഒരു കാര്യത്തില്‍ മാത്രം സ്ത്രീകള്‍ വ്യത്യസ്തരായി നില്‍ക്കുന്നു. അത് ഒരു മാതാവെന്ന നിലയിലാണ്. ദൈവം സ്ത്രീയെ സൃഷ്ടിച്ചതുതന്നെ ഇതിനുവേണ്ടിയാണെന്നാണ് ഇത് കാണിക്കുന്നത്. തങ്ങളുടെ മക്കളെ അവഗണിച്ച് കൂടുതല്‍ പണം സന്പാദിക്കുവാന്‍ ( ആര്‍ഭാട ജീവിതത്തിനായി) ജോലിക്ക് പോവുകയോ അല്ലെങ്കില്‍ ഒരു പ്രസംഗകയായി നടക്കുകയോ ചെയ്യുന്ന അമ്മമാര്‍ക്ക് പിന്നീടുള്ള ജീവിതത്തില്‍ തങ്ങളുടെ മക്കള്‍ ചെറുപ്പത്തില്‍ നേരിട്ട അവഗണന മൂലം പലവിധ കഷ്ടതകള്‍ അനുഭവിക്കുന്നതുകണ്ട് ദുഖിക്കേണ്ടി വരും. അപ്പോള്‍ അവര്‍ക്ക് ദുഖിക്കാനല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. ഇത് യുവതലമുറയിലെ അമ്മമാര്‍ക്കുള്ള ഒരു മുന്നറിയിപ്പ് ആയിരിക്കട്ടെ. തന്റെ കുടുംബത്തിന്റെ സാന്പത്തിക ആവശ്യങ്ങള്‍ക്ക് വളരെ ആവശ്യമാണെങ്കില്‍ മാത്രം ജോലിക്കു പോകുന്ന അമ്മമാര്‍ക്ക് ദൈവം അധികം കൃപ നല്‍കും. എന്നാല്‍ ജോലിക്ക് പോകുന്നതിന്റെ താല്‍പര്യം ആര്‍ഭാട ജീവിതവും ഉന്നത ജീവിതനിലവാരവുമാണെങ്കില്‍ അവള്‍ തിന്മ മാത്രമേ കൊയ്യുകയുള്ളു. ദൈവത്തെ വിഡ്ഢിയാക്കുവാന്‍ സാധിക്കുകയില്ല.

തങ്ങളുടെ വിളിയുടെ മഹത്വം കാണുവാന്‍ ദൈവം എല്ലാ അമ്മമാരുടേയും കണ്ണുകള്‍ തുറക്കട്ടെ.

   

What’s New?


Top Posts