വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ പുതിയനിയമ ആരാധനയെക്കുറിച്ച് വെളിച്ചമുള്ളു. ഞായറാഴ്ച കൂടിവരവുകളെ ‘ആരാധനായോഗങ്ങള്‍’ എന്ന് ക്രിസ്ത്യാനികള്‍ വിളിക്കാറുണ്ട്. ചില പാട്ടുകള്‍ പാടുന്നതിനെക്കുറിച്ചും, പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനെക്കുറിച്ചുമാണ് അവര്‍ ഓര്‍ക്കുന്നത്. ആരാധന തീര്‍ത്തും മറ്റൊന്നാണ്.
ക്രൈസ്തവ സമൂഹങ്ങളില്‍ സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന ഒരു പദപ്രയോഗമാണ് ‘സ്തുതിയും ആരാധനയും.’ അര്‍ത്ഥമാക്കാതെയും, അര്‍ത്ഥം ഗ്രഹിക്കാതെയും അനേകം പദങ്ങള്‍ പ്രയോഗിക്കപ്പെടുന്നുവെന്നതിനാല്‍, ‘സ്തുതി,’ ‘ആരാധന’ എന്നീ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥവും ഗ്രഹിക്കാതെ ഉപയോഗിക്കപ്പെടുന്നുവെന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ദൈവത്തിന് അവന്റെ നാമത്തെ ഏറ്റുപറയുന്ന ‘അധരഫലം എന്ന സ്‌തോത്രയാഗത്തെ’പ്പറ്റി പുതിയ നിയമം പ്രസ്താവിക്കുന്നു (എബ്രാ. 13:15). സ്തുതിക്കുക എന്നാല്‍ നന്ദി കരേറ്റുക എന്നാണ് അര്‍ത്ഥം. ദൈവം, നമുക്ക് ദൈവമായിരിക്കുകയാല്‍, നമുക്കും മറ്റുള്ളവര്‍ക്കും വേണ്ടി അവന്‍ ചെയ്തിരിക്കുന്നതൊക്കെയും ഓര്‍ത്തുകൊണ്ട് നാം അവന് കരേറ്റുന്ന നന്ദിയാണ് സ്തുതിയെന്നത്.
എന്നാല്‍ ആരാധനകൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്? പുതിയനിയമ വെളിച്ചത്തില്‍ ഈ പദം നാം സശ്രദ്ധം പരിശോധിച്ചാല്‍, മിക്ക ക്രിസ്ത്യാനികളും ഗ്രഹിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അര്‍ത്ഥമാണ് ഇതിനുള്ളത് എന്ന് മനസ്സിലാകും. ആരാധനയില്‍ സംബന്ധിക്കുക, സത്യത്തിലും ആത്മാവിലും ആരാധിക്കുക എന്നൊക്കെയും വിശ്വാസികള്‍ പ്രസ്താവിക്കുമ്പോള്‍ തിരുവചനത്തില്‍ ആരാധനയെ സംബന്ധിച്ച് പ്രസ്താവിച്ചിരിക്കുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ധാരണയിലാണ് അവര്‍ സംസാരിക്കുന്നത്.
”സത്യനമസ്‌കാരികള്‍ പിതാവിനെ ആത്മാ വിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു. ഇപ്പോള്‍ വന്നുമിരിക്കുന്നു” യേശു ശമര്യക്കാരത്തി സ്ത്രീയോട് പറഞ്ഞു: ”തന്നെ നമസ്‌ക്കരിക്കുന്നവര്‍ (ആരാധിക്കുന്നവര്‍) ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്ന് പിതാവ് ഇച്ഛിക്കുന്നു” (യോഹ. 4:23).
ഈ വാക്കുകളില്‍ കൂടി, പഴയനിയമ ആരാധനയും, പുതിയനിയമ ആരാധനയും തമ്മിലുള്ള വ്യത്യാസം യേശു വ്യക്തമാക്കുകയായിരുന്നു. പഴയനിയമ ആരാധന മനുഷ്യന്റെ ദേഹിയിലധിഷ്ഠിതമായിരുന്നുവെങ്കില്‍, പുതിയ നിയമ ആരാധന അവന്റെ ആത്മാവിലധിഷ്ഠിതമായിരിക്കുന്നു.
ഈ പ്രസ്താവിച്ചതെന്താണെന്ന്, സമാഗമന കൂടാരത്തെക്കുറിച്ച് നാം ചിന്തിച്ചാല്‍ വ്യക്തമാകും. ദൈവത്തിങ്കലേയ്ക്കുള്ള മാര്‍ഗ്ഗം, അടയാള ഭാഷയില്‍ യിസ്രായേല്‍ മക്കളെ പഠിപ്പിക്കുകയായിരുന്നു പഴയ നിയമത്തില്‍ എന്ന് നമുക്ക് കാണാം.
പ്രാകാരം (എല്ലാവര്‍ക്കും ദൃശ്യമായിരുന്ന ഭാഗം), വിശുദ്ധ സ്ഥലം, അതിപരിശുദ്ധ സ്ഥലം (അദൃശ്യ ഭാഗങ്ങള്‍) എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ സമാഗമന കൂടാരത്തിന് ഉണ്ടായിരുന്നു. ദൃശ്യമായ ഒരു ശരീരവും, അദൃശ്യമായ ദേഹിയും, ആത്മാവും ഉള്‍പ്പെട്ട മനുഷ്യന്റെ ഒരു നിഴല്‍ മാത്രമായിരുന്നു സമാഗമന കൂടാരം. വിശുദ്ധസ്ഥലം ദേഹിയേയും (പ്രാണന്‍ എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്) അതിവിശുദ്ധ സ്ഥലം, ആത്മാവിനെയും കുറിക്കുന്നു.
വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയിലുണ്ടായിരുന്ന തിരശ്ശീല, അതിവിശുദ്ധ സ്ഥലത്ത് ആവസിച്ചിരുന്ന ദൈവതേജസ്സ് കൂടാരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപരിക്കുന്നതിന് ഒരു മറയായി നിലകൊണ്ടിരുന്നു. തിരശ്ശീലയ്ക്കപ്പുറമുള്ള അതിപരിശുദ്ധ സ്ഥലത്തേയ്ക്ക് ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതനല്ലാതെ ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. മനുഷ്യന് ദൈവത്തോടുള്ള കൂട്ടായ്മയെ തടസ്സപ്പെടുത്തുന്ന എന്തൊന്നിന്റെയോ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നതായിരുന്നു ഈ തിരശ്ശീലയെന്നത്.
അതിനാല്‍ പഴയനിയമ ആരാധന വിശുദ്ധ സ്ഥലത്ത് മാത്രം പരിമിതപ്പെട്ടിരുന്നു – അതായത് മനുഷ്യന്റെ ദേഹിയുടെ തലത്തില്‍ മാത്രം. ദേഹിയെ ഉത്തേജിപ്പിക്കുന്ന കൈത്താളം, നൃത്തം, വാദ്യഘോഷങ്ങള്‍ എന്നിവയ്ക്ക് പഴയനിയമ ആരാധനയില്‍ ഉണ്ടായിരുന്ന പ്രാധാന്യത്തിന് കാരണമിതാണ്. പുതിയനിയമ ആരാധനയെ സംബന്ധിച്ച് മേല്‍പ്പറഞ്ഞവ ഒന്നും തിരുവചനത്തില്‍ പ്രസ്താവിച്ചിട്ടേ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. കാരണം ഇപ്പോള്‍ സത്യ ആരാധകര്‍ ആത്മാവിലാണ് ആരാധിക്കുന്നത്. തിരശ്ശീല ചീന്തപ്പെടുകയും അതിവിശുദ്ധ സ്ഥലം തുറക്കപ്പെടുകയും ചെയ്തിരിക്കുന്നു.
യേശുവിനെ പിന്‍പറ്റുകയെന്നാല്‍, പരീക്ഷാ സന്ദര്‍ഭങ്ങളില്‍ യേശു ചെയ്ത അതേ പ്രവൃ ത്തി നാമും ചെ യ്യുകയെന്നാണര്‍ത്ഥം. ഈ മാര്‍ഗ്ഗം -തിരശ്ശീല ചീന്തിയുള്ള നവ്യവും ജീവനുള്ളതുമായ മാര്‍ഗ്ഗം- യേശു നമുക്കായി തുറന്നിരിക്കുന്നു! (എബ്രാ.10:20). പിതാവുമായുള്ള നിരന്തര കൂട്ടായ്മയുടെ സന്തോഷത്തില്‍, ഇപ്രകാരം നമുക്കും പരീക്ഷാ സന്ദര്‍ഭങ്ങളില്‍ ക്രൂശ് സഹിച്ചുകൊണ്ട് യേശുവിനെ പിന്‍പറ്റുവാന്‍ കഴിയും.
യേശുവിനെ അനുഗമിക്കുകയെന്നാല്‍ എന്തെന്ന് ഗ്രഹിക്കാതെയാണ് അനേകം ക്രിസ്ത്യാനികളും യേശുവിനെ അനുഗമിക്കുന്നതിനെക്കുറിച്ചുള്ള പാട്ടുകള്‍ പാടുന്നത്. യേശുവിന്റെ ജീവിതത്തെയാണ് നാം അനുഗമിക്കേണ്ടത്, അവന്റെ ശുശ്രൂഷയെയല്ല. യേശുവിനെപ്പോലെ നാമും പരീക്ഷിക്കപ്പെടുമ്പോള്‍, പിതാവിനോടുള്ള കൂട്ടായ്മയോ അതോ പാപത്തിന്റെ തത്ക്കാലം സന്തോഷമോ, ഏതാണ് നാം തിരഞ്ഞെടുക്കുന്നത്? ഈ തിരഞ്ഞെടുപ്പാണ്, നമ്മുടെ നടപ്പിനെ നിര്‍ണ്ണയിക്കുന്നത് – യേശു തുറന്നുതന്ന ജീവനുള്ള പുതുവഴിയിലൂടെ ആണോ നാം നടക്കുന്നതെന്ന് അതാണ് നിര്‍ണ്ണയിക്കുന്നത്. നാം വിശുദ്ധ സ്ഥലം കൊണ്ട് തൃപ്തരാണോ അതോ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിപ്പാന്‍ ആഗ്രഹിക്കന്നുവോ എന്നുംകൂടി ഇവിടെ നിര്‍ണ്ണയിക്കപ്പെടുകയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ നാം ദേഹീമയരായി ഇരിക്കുന്നതില്‍ തൃപ്തരോ അതോ ആത്മീയരായിത്തീരുവാന്‍ മുമ്പോട്ട് ആയുന്നവരോ എന്ന് നമ്മുടെ പരീക്ഷാ സന്ദര്‍ഭങ്ങളില്‍ നിര്‍ണ്ണയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പുതിയനിയമ ആരാധന, ഞായറാഴ്ച രാവിലെ ഒരുമിച്ചുകൂടി നാം അനുവര്‍ത്തിക്കുന്ന ഒരു അനുഷ്ഠാനമോ, പ്രാര്‍ത്ഥനയോ, സ്തുതിസ്‌തോത്രമോ അല്ല. ആഴ്ചയിലുടനീളം നമ്മുടെ പരീക്ഷാ സമയത്ത് നമുക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യമാണ് ആരാധനയെന്നത്.
വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ പുതിയനിയമ ആരാധനയെക്കുറിച്ച് വെളിച്ചമുള്ളു. ഞായറാഴ്ച കൂടിവരവുകളെ ‘ആരാധനായോഗങ്ങള്‍’ എന്ന് ക്രിസ്ത്യാനികള്‍ വിളിക്കാറുണ്ട്. ചില പാട്ടുകള്‍ പാടുന്നതിനെക്കുറിച്ചും, പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനെക്കുറിച്ചുമാണ് അവര്‍ ഓര്‍ക്കുന്നത്. ആരാധന തീര്‍ത്തും മറ്റൊന്നാണ്. ദൈവവചനം പരിശോധിക്കുവാന്‍ ബുദ്ധിമുട്ടാത്ത അനേകരെ പിശാച് വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ചില സമൂഹങ്ങളില്‍ വൈജ്ഞാനികവും യുക്തിപരവും ആകര്‍ഷണീയവുമായ പ്രസംഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെടുന്നത്. മറ്റ് പലയിടങ്ങളില്‍ വൈകാരികതയ്ക്കാണ് പ്രാധാന്യം – ഡ്രമ്മുകളും, സംഗീത ഉപകരണങ്ങളും, കൈത്താളങ്ങളും കൊണ്ട് ദേഹിയെ ഉത്തേജിപ്പിക്കുന്നു. ഇവ രണ്ടും മനുഷ്യദേഹിയുടെ രണ്ട് ഭാവങ്ങളില്‍ അധിഷ്ഠിതമാണ്.
ആത്മാവിലുള്ള ആരാധന ഒരു ദൈനംദിന അനുഭവമാണ്. പരീക്ഷയുടെ സന്ദര്‍ഭങ്ങളില്‍ സ്വന്തം ഇച്ഛയെ ഏതൊരുവന്‍ ദൈവത്തിന്റെ ഇച്ഛയ്ക്ക് കീഴ്‌പ്പെടുത്തിക്കൊടുക്കുമോ അവനാണ് പുതിയനിയമ ആരാധകന്‍. യേശു ശമര്യക്കാരത്തി സ്ത്രീയോട് പറഞ്ഞത്, ഇങ്ങനെയുള്ള (ആത്മാവില്‍ ആരാധിക്കുന്ന) നമസ്‌കാരികളെയാണ് പിതാവ് അന്വേഷിക്കുതെന്നാണ് (യോഹ. 4:23). യേശുവില്‍ പിതാവിന് അത്തരം ഒരു പുതിയനിയമ ആരാധനക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞു. ഇതു തന്നെയാണ് ദൈവം നമ്മില്‍ ഓരോരുത്തരിലും പ്രതീക്ഷിക്കുന്നത്.
ഈ സത്യം റോമാ ലേഖനം 12:1-ല്‍ കൂടുതല്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാം. ജീവനുള്ള യാഗമായി നമ്മുടെ ശരീരങ്ങളെ ദൈവത്തിന് സമര്‍പ്പിക്കുന്നതാണ് ആത്മീയ ആരാധനയെന്ന് അവിടെ നാം കാണുന്നു. നമ്മുടെ ശരീരങ്ങളെ ദൈവത്തിന് അര്‍പ്പിക്കുകയെന്നാല്‍ എന്താണര്‍ത്ഥം? ‘മുമ്പ് നിങ്ങളുടെ അവയവങ്ങളെ പാപത്തിന് സമര്‍പ്പിച്ചിരുന്നതുപോലെ, ഇപ്പോള്‍ നീതിക്കായി നിങ്ങളുടെ അവയവങ്ങളെ സമര്‍പ്പിക്കുവിന്‍'(റോമ.6:13). പ്രയോഗത്തില്‍ ഈ അര്‍പ്പണം നടക്കുന്നത് പരീക്ഷയുടെ സന്ദര്‍ഭത്തിലാണ്. ഇവ്വണ്ണമുള്ള അര്‍പ്പണമാണ് യഥാര്‍ത്ഥ ആരാധന. ഇപ്രകാരം നമ്മെ അര്‍പ്പിക്കുമ്പോഴൊക്കെയും നാം ആത്മാവില്‍ ആരാധിക്കുകയാണ്. ഇതില്‍ കുറഞ്ഞ ഒന്നിനെയും ആത്മാവിലുള്ള ആരാധനയായി കരുതുവാന്‍ കഴിയുകയില്ല.
പരീക്ഷകളെ നാം അഭിമുഖീകരിക്കുമ്പോള്‍ ഒന്നുകില്‍ നാം നമ്മുടെ ജഡമോഹങ്ങളെ ആരാധിക്കുകയാണ് അല്ലെങ്കില്‍ ദൈവത്തെ ആരാധിക്കുകയാണ്. സ്വന്തം മോഹങ്ങളെ ആരാധിക്കുന്ന മുഴുലോകത്തിന്റെയും നടുവില്‍ സത്യത്തിലാരാധിക്കുന്നവരെ പിതാവ് അന്വേഷിക്കുന്നു.
നാം കണ്ണുകൊണ്ട് മോഹിപ്പാന്‍ പരീക്ഷിക്കപ്പെടുമ്പോളാണ് നമ്മുടെ ശരീരത്തെ -കണ്ണുകളെ- ജീവനുള്ള യാഗമായി ദൈവത്തിന് സമര്‍പ്പിക്കേണ്ടത്. ഒരു ഭോഷ്‌ക്ക് പറയുവാനോ, കോപം പ്രകടമാക്കുവാനോ നാം പരീക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ ശരീരത്തെ -നാവിനെ- ജീവനുള്ള യാഗമായി ദൈവത്തിനര്‍പ്പിക്കുവാനുള്ള സമയമാണ്. അപ്പോഴൊക്കെ നാം ആത്മാവില്‍ ആരാധിക്കുക യാണു ചെയ്യുന്നത്. ഇവ്വണ്ണം ആഴ്ചയുടെ ഓരോ ദിവസവും നമ്മുടെ ശരീരങ്ങളെ ദൈവത്തിന് സമര്‍പ്പിക്കാതെ, ഞായറാഴ്ചത്തെ സഭാ കൂടിവരവുകളില്‍ ഉച്ചത്തില്‍ ഹാലേലുയ്യാ പറയുന്നത് തികഞ്ഞ കാപട്യമാണ്. അത്തരത്തിലുള്ള ‘സ്തുതിയും ആരാധനയും’ ചവറ്റുകൊട്ടയില്‍ തള്ളിക്കളയാന്‍ മാത്രം യോഗ്യതയുള്ളതാണ്. ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരെയാണ് പിതാവ് അന്വേഷിക്കുന്നത്. സത്യത്തില്‍ ആരാധിക്കുകയെന്നാല്‍, യഥാര്‍ത്ഥത്തില്‍ ഒട്ടും കാപട്യം കൂടാതെ ദൈവത്തെ ആരാധിക്കുക എന്നുതന്നെ.