അഭിഷേകം ഉള്ള ഒരു സംഗീതം സഭയിൽ പ്രവചനത്തിന്റെ ആത്മാവിനെ കൊണ്ടുവരും – WFTW 02 ജൂണ്‍ 2013

musical band playing trombone

സാക് പുന്നന്‍

പ്രവചന ശുശ്രൂഷയെക്കുറിച്ച്  ചില കാര്യങ്ങൾ കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.  II രാജാ.3:15 ൽ എലീശയ്ക്ക്   ദൈവത്തിൻറെ മനസ്സറിഞ്ഞ് പ്രവചിക്കേണ്ടിയിരുന്നപ്പോൾ ആരെങ്കിലും ഒരാൾ വന്നു വീണ വായിക്കുവാൻ ആവശ്യപ്പെട്ടു. വീണ വായനക്കാരൻ വായിച്ചുകൊണ്ടിരുന്നപ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വന്നു. അവൻ ശക്തിയോടെ പ്രവചിക്കുവാൻ തുടങ്ങി. അവിടെ ദൈവീക സംഗീതത്തിൻറെ ശക്തിയാണ് നാം കാണുന്നത്.

എൻറെ തന്നെ ജീവിതത്തിലും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്, അനേക സന്ദർഭങ്ങളിൽ ഞായറാഴ്ച രാവിലെ സ്തുതിപ്പിന്റെയും ആരാധനയുടെയും സമയത്ത് ദൈവത്തിൻറെ കൈ എൻറെ മേൽ വന്ന്, ഞാൻ സഭായോഗത്തിന് കടന്നുവന്നപ്പോൾ ഇല്ലാതിരുന്ന ഒരു വചനം എൻറെ ഉള്ളിൽ നല്കിയിട്ടുള്ളത്. എലീശായുടെ മേൽ പ്രവചനത്തിന്റെ ആത്മാവിനെ കൊണ്ടുവന്ന സംഗീതത്തിന് ശക്തിയുണ്ടായിരുന്നു.

ഒരു പ്രവാചകനുപോലും ചില സമയത്ത് സംഗീതജ്ഞരുടെ സഹായം ആവശ്യമായി വരും. അതുകൊണ്ട് സംഗീതത്തിനു നേതൃത്വം നല്കുന്നവർ സംഗീതജ്ഞരായിരുന്നാൽ മാത്രം പോരാ അവർ അഭിഷേകമുള്ളവരും നല്ല മനസ്സാക്ഷി സൂക്ഷിക്കുന്നവരും ആയിരിക്കണം. ദാവീദ് ഗായകരേയും സംഗീതജ്ഞരെയും നിയമിച്ചു. അവർ അഭിഷേകമുള്ളവർ ആയിരുന്നു. ആസാഫിനെപോലുള്ള സംഗീത പ്രമാണിമാരിൽ ചിലർ പന്ത്രണ്ട് മനോഹരങ്ങളായ സങ്കീർത്തനങ്ങൾ രചിച്ചു (സങ്കീ.50, 72-83). രണ്ടു സംഗീത പ്രമാണിമാരെ ദീർഘദർശികൾ എന്ന് വിളിച്ചിരുന്നു. – ഹേമാൻ (1.ദിന.25:5), യെദൂഥൂൻ (2.ദിന.35:15).

അഭിഷേകമുള്ള പ്രവാചകന്മാരെ പ്രോത്സാഹിപ്പിക്കുവാൻ അഭിഷേകമുള്ള സംഗീതജ്ഞരെയും വേണം. അങ്ങനെയാണ് സഭ പണിയപ്പെടുന്നത്. നിങ്ങളിൽ ചിലരെ പ്രവാചകന്മാരായിട്ടായിരിക്കില്ല, ഒരു സംഗീതജ്ഞാനായിട്ടായിരിക്കും വിളിച്ചിരിക്കുക. അങ്ങനെയെങ്കിൽ അഭിഷേകമുള്ള ഒരു സംഗീതജ്ഞനാവുക.

ആ വീണ വായനക്കാരൻ ലോകപ്രകാരമുള്ള സംഗീതം അനുകരിച്ച് വീണ വായിച്ചിരുന്നുവെങ്കിൽ എലീശാ ആ ദിവസം ഉത്സാഹിപ്പിക്കപ്പെടുമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. ആ സംഗീതത്തിൽ സ്വർഗ്ഗീയമായ എന്തോ ഒന്ന് ഉണ്ടായിരുന്നു. ലൗകീകവും സ്വർഗ്ഗീയവും ആയ സംഗീതമുണ്ട്. സ്വർഗ്ഗീയ സംഗീതത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. കാരണം അത് നിങ്ങളുടെ ആത്മാവിനെ ദൈവത്തെ ആരാധിക്കുവാൻ തക്കവണ്ണം ഉയർത്തും. എന്നാൽ ചില സംഗീതം കേട്ടാൽ സംഗീതജ്ഞരെ അഭിനന്ദിക്കുവാൻ മാത്രമേ കഴിയൂ. ആളുകളെ ദൈവത്തെ ആരാധിക്കുന്നതിലേക്ക് നയിക്കുവാനും സഭായോഗതിലേക്ക് പ്രവചനത്തിന്റെ ആത്മാവിനെ കൊണ്ടുവരുവാനും കഴിയുന്നുണ്ടെങ്കിൽ നിങ്ങളൊരു അഭിഷേകമുള്ള സംഗീതജ്ഞനാണ്.

What’s New?