മതഭക്തരായിരിക്കെ തന്നെ ആത്മീയരാകാതിരുന്ന മൂന്നു പേരുടെ ഉദാഹരണം – WFTW 15 സെപ്റ്റംബര്‍ 2013

സാക് പുന്നന്‍

   

യൂദായുടെ ലേഖനത്തില്‍ മതഭക്തരായിരിക്കെത്തന്നെ ആത്മീയരാകാതിരുന്ന മൂന്ന് ആളുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നു  കായീന്‍, ബിലെയാം, കോരഹ് ( യൂദാ 11 മത്തെ  വാക്യം). അവരെ ഓരോരുത്തരെ ആയി ഒന്നു നോക്കാം.

1) കായീന്‍

കായീന്‍ ദൈവമില്ലാത്ത ഒരു മനുഷ്യനായിരുന്നില്ല . ദൈവത്തിനു യാഗം അര്‍പ്പിക്കണമെന്ന് വിശ്വസിച്ചിരുന്ന വളരെ മതഭക്തനായ ഒരാളായിരുന്നു അവന്‍. ഹാബേലും ദൈവത്തിന് യാഗം അര്‍പ്പിച്ചു. എന്നാല്‍ ഈ രണ്ടു യാഗങ്ങള്‍ തമ്മിലും കായീനും ഹാബേലും തമ്മിലും സ്വര്‍ഗ്ഗവും നരകവും പോലുള്ള വ്യത്യാസമാണുള്ളത്. കായീനും ഹാബേലും മനുഷ്യര്‍ പോകുന്ന രണ്ട് മാര്‍ഗ്ഗങ്ങളെ സൂചിപ്പിക്കുന്നു. മതഭക്തിയുടെ മാര്‍ഗ്ഗവും ആത്മീയതയുടെ മാര്‍ഗ്ഗവും. കായീന്‍ പണം, സേവനം, സമയം തുടങ്ങി പുറമേയുള്ള കാര്യങ്ങള്‍   ദൈവത്തിന് സമര്‍പ്പിക്കുന്നവരെപ്പോലെയാണ്. മറുവശത്ത് ഹാബേല്‍ തന്നെത്തന്നെ യാഗപീഠത്തില്‍ വയ്കുന്നു എന്നതിന്റെ അടയാളമായിട്ടാണ് ഒരു ആട്ടിന്‍കുട്ടിയെ കൊന്നു യാഗം കഴിച്ചത് .

മതഭക്തരായ ആളുകള്‍ക്ക് ദാനങ്ങള്‍ നല്‍കുവാനും പ്രാര്‍ത്ഥിക്കുവാനും ധാരാളം നല്ല പ്രവര്‍ത്തികള്‍ ചെയ്യുവാനും സാധിക്കും. എന്നാല്‍  തന്നെത്തന്നെ യാഗമര്‍പ്പിക്കുക എന്നത് എന്താണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അവര്‍ ദശാംശം കൃത്യമായി കൊടുക്കും. എന്നാല്‍ ഒരു പ്രലോഭനത്തിനു മുന്‍പില്‍ സ്വയത്തെ മരണത്തിന് ഏല്പിച്ചുകൊടുക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതാണ്  പഴയ ഉടന്പടിയും പുതിയ ഉടന്പടിയും തമ്മിലുള്ള വ്യത്യാസം. സ്വയത്തില്‍ മരിക്കാതെ നമുക്ക് പഴയ ഉടന്പടിയിലേക്ക് കടക്കാം. എന്നാല്‍ സ്വയത്തില്‍ മരിക്കാതെ പുതിയ ഉടന്പടിയിലേക്ക് കടക്കുവാന്‍ ഒരിക്കലും സാധിക്കുകയില്ല. യേശു ദശാംശം കൊടുക്കുകയല്ല, പകരം ദൈവത്തിന് സ്വീകാര്യവും പ്രസാദകരവുമായ ഒരു യാഗമായി തന്നെത്തന്നെ അര്‍പ്പിക്കുകയത്രെ ചെയ്തത്.  കായീനും ഹാബേലും ദൈവത്തെ സമീപിക്കുന്നതിനുള്ള വിശാലവും ഇടുങ്ങിയതുമായ രണ്ടു വഴികളെ സൂചിപ്പിക്കുന്നു. അത് മതഭക്തിയുടെയൂം യഥാര്‍ത്ഥ ആത്മീയതയുടേയും വഴികള്‍ തന്നെയാണ്. സ്വയത്തില്‍ മരിക്കാതെ ഒരു ദാസനായിരിക്കുവാന്‍ കഴിയും. എന്നാല്‍ ഒരു പുത്രനാകുവാന്‍ അതുകൂടാതെ കഴിയുകയില്ല.

ദൈവം ഹാബേലിന്റെ യാഗത്തില്‍ അഗ്‌നിയിറക്കി ഉത്തരമരുളി. എന്നാല്‍ കായീന്റെ യാഗത്തിന്മേല്‍ ഒന്നും വന്നില്ല. ഒരു മനുഷ്യന്‍ നിരന്തരം തന്റെ സ്വയത്തെ മരണത്തിന്   ഏല്പിച്ചുകൊടുത്താല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അഗ്‌നി അവന്റെ ജീവിതത്തിന്മേലും അവന്റെ ശുശ്രൂഷയുടെ മേലും ഉണ്ടാകും. വേരിന്മേല്‍ കോടാലി വയ്കുന്നവര്‍ക്ക്  യേശു നല്‍കുമെന്ന് യോഹന്നാന്‍ സ്‌നാപകന്‍ പറഞ്ഞ ആത്മാവിനാലും അഗ്‌നിയാലുമുള്ള യഥാര്‍ത്ഥ സ്‌നാനം ഇതാണ്. മറുവശത്ത് പുറമെയെല്ലാം നന്നായി ചെയ്യുന്ന ഒരു സഹോദരന് ഒരു നല്ല ജീവിതം ഉണ്ടായിരിക്കും. എന്നാല്‍ അഗ്‌നിയും സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അഭിഷേകവും അയാളുടെ ജീവിതത്തില്‍ കാണുകയില്ല. ക്രൂശിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുത്ത ശിഷ്യരുടെ  മേല്‍ യേശു അയക്കുന്ന  ആത്മാവിനാലും അഗ്‌നിയാലുമുള്ള യഥാര്‍ത്ഥ സ്‌നാനവുമായി താരതമ്യം ചെയ്താല്‍ സാത്താന്‍ നല്‍കുന്ന വികാരങ്ങളെ ഇളക്കുന്ന ‘വ്യാജസ്‌നാനം’ ( ഇന്ന് പലരും അനുഭവിക്കുന്നത് അതാണ്) ഒട്ടും വിലയില്ലാത്ത ചവറാണ്.

2.ബിലെയാം

ബിലെയാം മറ്റൊരു മതഭക്തനായ മനുഷ്യനാണ്. ദൈവത്തെ സേവിക്കുവാന്‍ ആഗ്രഹിച്ച ഒരു പ്രസംഗകനായിരുന്നു അയാള്‍. എന്നാല്‍ അതോടൊപ്പം പണം സന്പാദിക്കുവാനും ലോകത്തിലെ പ്രമുഖ വ്യക്തികളെ പരിചയപ്പെടുവാനും  അവനു താല്പര്യമുണ്ടായിരുന്നു(സംഖ്യ 22 ). ഒരേ സമയം പണവും ബഹുമാനവും ദൈവനാമം ഉപയോഗിച്ച് നേടുവാന്‍ അവന്‍ ആഗ്രഹിച്ചു. ഇന്നും ബിലെയാമിനെപ്പോലെയുള്ള വ്യാജപ്രവാചകന്മാര്‍ ധാരാളം ഉണ്ട്. എന്നാല്‍ വിവേചനമില്ലാത്ത വിശ്വാസികള്‍ക്ക് അവര്‍ ബിലെയാമിന്റെ ആത്മാവിനാലാണ് (പണവും ബഹുമാനവും ഒരുപോലെ സ്‌നേഹിക്കുന്ന) ഉത്സാഹിപ്പിക്കപ്പെടുന്നതെന്ന് തിരിച്ചരിയുവാന്‍ കഴിയുന്നില്ല. അവര്‍ സ്വന്തകാര്യം അന്വേഷിച്ചു എന്ന് പൌലോസ് ഫിലിപ്പിയര്‍ 2:21ല്‍ എഴുതുന്നത് ഇങ്ങനെയുല്ലവരെക്കുറിച്ചാണ്. പെര്‍ഗമാസിലെ സഭയില്‍ ബിലെയാമിന്റെ ഉപദേശം അനുസരിച്ച് ജീവിച്ച ചിലര്‍ ഉണ്ടായിരുന്നു(വെളി 2:14). പണം അന്വേഷിക്കുന്നതും ബഹുമാനം അന്വേഷിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും ബിലെയാമിന്റെ ആത്മാവിന്റെ രണ്ടു രീതികള്‍ മാത്രം.

3.കോരഹ്.

മറ്റൊരു മതഭക്തനായ മനുഷ്യനാണ് കോരഹ്. അവന്‍ പുരോഹിത വര്‍ഗ്ഗമായ ലേവ്യഗോത്രത്തില്‍പ്പെട്ടവനായിരുന്നു(സംഖ്യ 16). എന്നാല്‍ ദൈവം അവന് അനുവദിച്ച്  നല്‍കിയ ശുശ്രൂഷയില്‍ അവന്‍ അതൃപ്തനായിരുന്നു. മോശെയെപ്പോലെ  പ്രാമുഖ്യം ലഭിക്കുവാന്‍ അവന്‍ ആഗ്രഹിച്ചു.ഈ ദുര്‍മ്മോഹം ( മതഭക്തിയാല്‍ ആവരണം ചെയ്യപ്പെട്ടത്) ഒടുവില്‍ അവന്റെ നാശത്തിലേക്കാണ് എത്തിയത്. അവനും അവന്റെ കൂടെ മത്സരികളായ ദാഥാനും , അഭിരാമും അവരുടെ കുടുംബാംഗങ്ങളും മാത്രമാണ് ജീവനോടെ നരകത്തിലേക്ക് പോയതായി ദൈവവചനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്(സംഖ്യ 16:32,33). താന്‍ നിയമിച്ച അധികാരത്തോടുള്ള മത്സരം എന്ന പാപത്തെ ദൈവം വളരെ ഗൌരവമായി കാണുന്നതിന്റെ തെളിവാണിത്.

ഇന്നുള്ള പല മൂപ്പന്മാരും, പ്രസംഗകരും, പാസ്റ്റര്‍മാരും സ്വയം അവരോധിക്കപ്പെട്ടവരാണ്. അവര്‍ക്കെതിരെയുള്ള എതിര്‍പ്പ് അത്ര ഗൌരവമുള്ളതല്ല.അത് ചിലപ്പോള്‍ ആവശ്യമായി വരും. എന്നാല്‍ ദൈവത്താല്‍ നിയമിക്കപ്പെട്ട ഒരുവനെതിരെ മത്സരിച്ചാല്‍ ദൈവത്തിന്റെ കഠിനമായ ന്യായവിധിയുണ്ടാകും. ഒരു ആത്മീയ മനുഷ്യന്‍ അത്തരെമൊരു കാര്യം സ്വപ്നത്തില്‍പോലും ചിന്തിക്കുകയില്ല. എന്നാല്‍ മതഭക്തര്‍ മാത്രമായവര്‍ അങ്ങനെ ചെയ്യും. മതഭക്തിയോട് ചേര്‍ന്ന് വരുന്ന ഒരു ആത്മീയ മഠയത്തമാണിത്.

സഭയില്‍ ചിലരുമായി ആരോഗ്യകരമല്ലാത്ത തരത്തില്‍ മത്സരിക്കുന്നവരുടെ അടയാളമാണ് കോരഹ്. ദൈവഭക്തനായ ഒരു സഹോദരനെ അംഗീകരിക്കുവാനും പുകഴ്തുവാനും നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ കോരഹിന്റെ ആത്മാവുണ്ടെന്നാണ്. നിങ്ങള്‍ അയാളെ വിമര്‍ശിക്കുന്‌പോള്‍ നിങ്ങള്‍ കോരഹിന്റെ ‘ആത്മാവിനാല്‍’ നിറഞ്ഞിരിക്കുകയാണ്. മറ്റുള്ളവര്‍ അയാളെ വിമര്‍ശിക്കുന്‌പോള്‍ അത് ശ്രദ്ധിച്ചാല്‍ നിങ്ങളും കോരഹിനോടൊപ്പം മത്സരിച്ച് ദൈവത്തിന്റെ ന്യായവിധിക്ക് വിധേയരായ 250 പേരെ പോലെയായിരിക്കും.

മതഭക്തിയും ആത്മീയതയും തമ്മില്‍ വിവേചിച്ച് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് ആത്മീയരാകാന്‍ കഴിയുകയില്ല. ഈ കാലഘട്ടത്തിന്റെ ആവശ്യവും അതാണ്.

What’s New?