കലാമൂല്യമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ ശേഖരിക്കുന്നതില്‍ തല്പരനായിരുന്ന പ്രായമായ പിതാവ് അന്തരിച്ചു. അദ്ദേഹത്തിന്റെ ശേഖരത്തില്‍ വാന്‍ഗോഗ്, റാഫേല്‍, പിക്കാസോ തുടങ്ങിയ ലോകപ്രശസ്തരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അന്തരിച്ച കലാസ്വാദകനായ പിതാവ് വലിയ സമ്പന്നനായിരുന്നു. കൊട്ടാര സദൃശമായ വീട്. അതിനു മുന്നില്‍ വലിയ പൂന്തോട്ടം. ഇഷ്ടംപോലെ മറ്റു സ്ഥാവര ജംഗമ സമ്പാദ്യങ്ങള്‍. ഇതിനെല്ലാം അവകാശിയായി ഏകമകനാണ് ആ പിതാവിനുണ്ടായിരുന്നത്. പക്ഷേ അവന്‍ അകാലത്തില്‍ മരിച്ചുപോയി.
പിതാവിന്റെ വില്‍പത്രം അനുസരിച്ച് കലാശേഖരത്തിലെ അപൂര്‍വ്വ ചിത്രങ്ങള്‍ ലേലം ചെയ്യുന്നതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ലേലദിവസം അനേകര്‍ ലേലം നടക്കുന്ന ഹാളിലെത്തി.
ലേലം തുടങ്ങി പക്ഷേ അഭിഭാഷകന്‍ ആദ്യം മരിച്ചുപോയ പിതാവ് തന്നെ വരച്ച തന്റെ മകന്റെ ചിത്രമാണു ലേലത്തിനു വച്ചത്. പക്ഷേ കലാസ്വാദകര്‍ക്കാര്‍ക്കും അതില്‍ താല്പര്യം ഉണ്ടായിരുന്നില്ല. ആരും അതു ലേലത്തില്‍ പിടിച്ചില്ല. ആരും ഒന്നും വിളിക്കാതിരുന്നപോള്‍ പിതാവിന്റെ തോട്ടക്കാരന്‍ തന്റെ പഴയ ‘കൊച്ചു യജമാനനോടുള്ള സ്‌നേഹത്തില്‍ ആ ചിത്രത്തിന് നൂറു രൂപ കൊടുക്കാമെന്നു പറഞ്ഞു.
“വേറെ ആരെങ്കിലും കൂടുതല്‍ വിളിക്കാനുണ്ടോ?” – ലേലം ഉറപ്പിക്കുന്നതിനു മുന്‍പ് അഭിഭാഷകന്‍ ഉച്ചത്തില്‍ ചോദിച്ചു.
“ഇല്ല, ഞങ്ങള്‍ക്കാര്‍ക്കും അതുവേണ്ട. ലേലം ഉറപ്പിച്ചോളൂ. എന്നിട്ടു മറ്റു പ്രശസ്ത ചിത്രങ്ങള്‍ ലേലം ചെയ്യ്”- തടിച്ചു കൂടിയ കലാസ്വാദകര്‍ അക്ഷമരായി. അഭിഭാഷകന്‍ നൂറുരൂപയ്ക്ക് ദരിദ്രനായ തോട്ടക്കാരന് ആ ചിത്രം നല്‍കി. എന്നിട്ടു പറഞ്ഞു: “ഇതോടെ ലേലം അവസാനിച്ചു. പിതാവിന്റെ വില്‍പത്രത്തില്‍ പറഞ്ഞിരുന്നത് ആദ്യം തന്റെ മകന്റെ ചിത്രം ലേലത്തില്‍ വയ്ക്കണമെന്നും അതു ലേലത്തില്‍ പിടിക്കുന്ന ആളിന് തന്റെ മറ്റു ചിത്രങ്ങളും കലാശേഖരവും വീടും സ്വത്തുക്കളും എല്ലാം സൗജന്യമായി നല്‍കണമെന്നുമാണ്. അതനുസരിച്ച് ഇവയെല്ലാം ഇതാ ഈ തോട്ടക്കാരനു ലഭിച്ചിരിക്കുന്നു”.
തോട്ടക്കാരന്‍ ആനന്ദാശ്രുക്കളോടെ എല്ലാം കേട്ടുനിന്നു. മറ്റുള്ളവര്‍ ലജ്ജിതരായി പിരിഞ്ഞുപോയി.
സ്വര്‍ഗീയ പിതാവും ഇങ്ങനെയാണ്. തന്റെ പുത്രനെ സ്വീകരിക്കുന്നവര്‍ക്കു സ്വര്‍ഗവും അതിലുള്ള സന്തോഷങ്ങളും അവിടുന്നു സൗജന്യമായി നല്‍കുന്നു.
“പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യ ജീവനുണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല. ദൈവക്രോധം അവന്റെ മേല്‍ വസിക്കുന്നതേയുള്ളൂ” (യോഹന്നാന്‍ 3:36)