”ഒരു വ്യക്തിപോലും പെട്ടെന്ന് ഒരു നിമിഷത്തിലല്ല അധമനായി തീരുന്നത് : എഫ്. ബി. മേയര്‍.
എഫ്. ബി. മേയറുടെ ഈ നിരീക്ഷണം ശരിയാണെന്നു തെളിയിക്കുന്ന ഒരു സംഭവ കഥ ഇങ്ങനെ:
ഒരു പ്രഫസര്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇങ്ങനെയൊരു പരീക്ഷണം നടത്തി. ഒരു വലിയ പാത്രത്തില്‍ പകുതിയോളം വെള്ളം അദ്ദേഹം എടുത്തു. എന്നിട്ട് അതില്‍ ഒരു തവളയെ പിടിച്ചിട്ടു. തണുത്ത വെള്ളത്തില്‍ തവള നീന്തി രസിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം പാത്രം ഗ്യാസ് സ്റ്റൗവിനു മുകളില്‍ വച്ചു വളരെ സാവധാനം ചൂടാക്കാന്‍ തുടങ്ങി.
പാത്രത്തില്‍ കഷ്ടിച്ചു രണ്ടു ലിറ്റര്‍ വെള്ളമാണുള്ളത്. പ്രഫസര്‍ ആദ്യം പത്തു ഡിഗ്രി ഊഷ്മാവിലേക്കു മാത്രം വെള്ളം ക്രമേണ ചൂടാക്കി. തവള വെള്ളത്തില്‍ തന്നെ കിടക്കുന്നു. ക്രമേണ പതിനഞ്ചു ഡിഗ്രിയാക്കി. ഇരുപത്…മുപ്പത്.. നാല്പത്…
കഷ്ടിച്ചു രണ്ടു ലിറ്റര്‍ വെള്ളം നാലു മണിക്കൂര്‍ എടുത്താണ് അദ്ദേഹം തിളപ്പിച്ചത്. ഊഷ്മാവു മെല്ലെ മെല്ലെയാണു കൂടി വന്നത് എന്നതു കൊണ്ടു തവള ചൂട് അങ്ങനെ അനുഭവപ്പെട്ടില്ല. അതു വെള്ളത്തില്‍ നിന്നു പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. അങ്ങനെ ചൂടു കൂടിക്കൂടി വന്നു. ഒടുവില്‍ 100 ഡിഗ്രി സെന്റിഗ്രേഡില്‍ എത്തിയപ്പോള്‍ വെള്ളം തിളച്ചു. തിളച്ച വെള്ളത്തില്‍ തവള വെന്തു ചത്തു.
എന്തുകൊണ്ടാണു തവള നേരത്തെ ചാടി രക്ഷപ്പെടാതിരുന്നത്. വെള്ളം ചൂടായി വന്നതു വളരെ സാവധാനത്തിലായിരുന്നതിനാല്‍ തവള അതിനോടു സമരസപ്പെട്ടു. ചൂട് അതിനു തോന്നിയില്ല. ഒടുവില്‍ വെള്ളം തിളച്ചപ്പോഴാണു വെന്തു ചത്തു പോയത്.
വലിയ പാറ വര്‍ഷങ്ങള്‍ കൊണ്ടാണു പൊടിഞ്ഞ് കല്ലും മണലും ആകുന്നത്. ഇരുമ്പു കഷണം തുരുമ്പു പിടിക്കുന്നതും വര്‍ഷങ്ങള്‍ കൊണ്ടാണ്. ഒരു വ്യക്തിയുടെ പതനം സംഭവിക്കുന്നതും ക്രമേണയാണ്. അതുകൊണ്ട് ചെറിയ ചെറിയ പിന്മാറ്റങ്ങളെ നിസ്സാരവല്ക്കരിക്കാതിരിക്കുക. ”സാരമില്ല, ‘ഓ അതു കുഴപ്പമില്ല എന്നു കരുതാതിരിക്കുക. അല്ലെങ്കില്‍ ലോകം ക്രമേണ പിടിമുറുക്കി ഒടുവില്‍ വിശ്വാസിയെ തീര്‍ത്തും പിന്മാറ്റക്കാരനാക്കി മാറ്റിക്കളയും. ഇതു സംഭവിക്കാതിരിക്കാന്‍ ഓരോ ദിവസവും ദൈവമുന്‍പാകെ, അവിടുത്തെ വെളിച്ചത്തില്‍, ജീവിക്കുക.
”നിങ്ങള്‍ ആരും പാപത്തിന്റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന് ‘ഇന്ന്‘ എന്നു പറയുന്നേടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിച്ചു കൊള്‍വിന്‍’ (എബ്രാ. 3:13).
‘ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മത്സരത്തില്‍ എന്ന പോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്” (എബ്രാ. 3:15).