സാക് പുന്നന്‍
പൗലൊസ് എഴുതിയ ലേഖനങ്ങളില്‍ ഒരുപക്ഷെ ഏറ്റവും ആത്മീയമായത് എഫെസ്യര്‍ക്കുളള ലേഖനമാണ്, അതു സൂചിപ്പിക്കുന്നത് ആ സമയത്ത് എഫെസൊസില്‍ ഉണ്ടായിരുന്ന സഭ വളരെ ആത്മീയമായ നിലയിലായിരുന്നു എന്നാണ്. അവിടെ പൗലൊസിനു തിരുത്തുവാനായി ഒന്നുമുണ്ടായിരുന്നില്ല. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗീയ ജീവിതം ജീവിക്കുന്നതിനെക്കുറിച്ചാണു എഫെസ്യര്‍ക്കുളള ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. ഒരു സഭയും ഒരു ക്രിസ്ത്യാനിയും സ്വര്‍ഗ്ഗീയ മനസ്സുളളവരാണെങ്കില്‍ മാത്രമെ ഭൂമിയിലുളള അവരുടെ ധര്‍മ്മം നിറവേറ്റുവാന്‍ അവര്‍ക്കു സാധിക്കൂ. നിങ്ങള്‍ എത്രയധികം സ്വര്‍ഗ്ഗീയ മനസ്സുളളവരാണോ, അത്രയധികം ഈ ഭൂമിയില്‍ നിങ്ങളെക്കുറിച്ചുളള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുവാന്‍ നിങ്ങള്‍ക്കു കഴിയും. നിങ്ങള്‍ എത്രമാത്രം ഭൗമിക മനസ്സുളളവരാണോ, അത്രമാത്രം ഈ ഭൂമിയില്‍ നിങ്ങളെക്കുറിച്ചുളള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതില്‍ നിങ്ങള്‍ പ്രയോജനമില്ലാത്തവരായിരിക്കും, നിങ്ങള്‍ മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കാണു പോകുന്നത് എന്നു നിങ്ങള്‍ പറഞ്ഞാല്‍ പോലും നിങ്ങളുടെ ഭവനം സ്വര്‍ഗ്ഗീയ-മനസ്സുളള ഒന്നാണെങ്കില്‍ മാത്രമെ അതിനു ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുളളൂ. നമ്മെക്കുറിച്ചുളള കര്‍ത്താവിന്റെ ഹിതം, ”ഭൂമിയിലുളള നമ്മുടെ നാളുകള്‍ ഭൂമിയിലെ സ്വര്‍ഗ്ഗീയ ദിനങ്ങള്‍ പോലെ ആയിരിക്കണമെന്നതാണ്”( ആവര്‍ത്തനം 11:21- കെജെവി). പഴയ ഉടമ്പടിയുടെ കീഴില്‍ നമുക്ക് അത് സാദ്ധ്യമായിരുന്നില്ല. എന്നാല്‍ പുതിയ ഉടമ്പടിയുടെ കീഴില്‍ നമുക്ക് എങ്ങനെ അതുപോലെ ജീവിക്കുവാന്‍ കഴിയുമെന്ന് എഫെസ്യര്‍ നമ്മോടു പറയുന്നു.
എഫെസ്യര്‍ 1:3 ഇപ്രകാരം പറയുന്നു, ”സ്വര്‍ഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ ”. ഇവിടെ എല്ലാ അനുഗ്രഹങ്ങളും ആത്മീകമാണ് ഭൗതികമല്ല എന്ന കാര്യം ശ്രദ്ധിക്കുക. പഴയ ഉടമ്പടിയില്‍ ഇസ്രയേല്യര്‍ക്കു വാഗ്ദാനം ചെയ്തിരുന്നതു ഭൗമിക അനുഗ്രഹങ്ങളായിരുന്നു. ആവര്‍ത്തന പുസ്തകം 28ല്‍ നമുക്കതു വായിക്കാന്‍ കഴിയും മോശെ കൊണ്ടുവന്ന ന്യായ പ്രമാണത്തില്‍ നിന്ന് ക്രിസ്തുകൊണ്ടുവന്ന കൃപയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. മുകളില്‍ പറഞ്ഞതുപോലെ ഒരു വാക്യം പഴയ നിയമത്തിലുണ്ടായിരുന്നെങ്കില്‍, അത് ഇപ്രകാരം വായിക്കുമായിരുന്നു: ”ഭൂമിയിലെ സകല ഭൗതികാനുഗ്രഹങ്ങളാലും നമ്മെ മോശെയില്‍ അനുഗ്രഹിച്ച സര്‍വ്വശക്തനായ ദൈവം (നമ്മുടെ പിതാവെന്നല്ല) വാഴ്ത്തപ്പെട്ടവന്‍ അതുകൊണ്ട് പ്രാഥമികമായി ശാരീരിക സൗഖ്യവും ഭൗതികാനുഗ്രഹങ്ങളും അനേ്വഷിക്കുന്നവര്‍ വാസ്തവത്തില്‍ പഴയ ഉടമ്പടിയിലേക്കു തിരിച്ചു പോവുകയാണ്. അങ്ങനെയുളള ”വിശ്വാസികള്‍”യിസ്രായേല്യരാണ് ക്രിസ്ത്യാനികള്‍ അല്ല. അവര്‍ മോശെയെ അനുഗമിക്കുന്നവരാണ്, ക്രിസ്തുവിനെ അല്ല.
അതിന്റെ അര്‍ത്ഥം ദൈവം വിശ്വാസികളെ ഭൗതികമായി അനുഗ്രഹിക്കുകയില്ലെന്നാണോ? അവിടുന്ന് അനുഗ്രഹിക്കും – എന്നാല്‍ വ്യത്യസ്തമായൊരു മാര്‍ഗ്ഗത്തിലായിരിക്കും. അവര്‍ മുമ്പെ അവിടുത്തെ രാജ്യവും നീതിയും അനേ്വഷിക്കുമ്പോള്‍, അവരുടെ ഭൗമികാവശ്യങ്ങള്‍ എല്ലാം അവര്‍ക്കു നല്‍കപ്പെടും. പഴയ ഉടമ്പടിയില്‍, ജനങ്ങള്‍ ഈ ഭൗമികകാര്യങ്ങള്‍ മാത്രമാണ് അനേ്വഷിച്ചത്, അത് അവര്‍ക്കു ലഭിക്കുകയും ചെയ്തു- അനേകം മക്കള്‍, വളരെ വസ്തുക്കള്‍, ധാരാളം പണം, ശത്രുക്കളുടെ മേല്‍ വിജയം, ഭൂമിയിലെ സ്ഥാനവും മാനവും തുടങ്ങിയവ . എന്നാല്‍ പുതിയ ഉടമ്പടിയില്‍, നാം ആത്മീക അനുഗ്രഹങ്ങള്‍ക്കായി അനേ്വഷിക്കുന്നു – ആത്മിക മക്കള്‍, ആത്മിക സമ്പത്ത്, ആത്മികമാനം, ആത്മിക ജയം ( സാത്താന്റെയും ജഡത്തിന്റെയും മേല്‍, അല്ലാതെ ഫെലിസ്ത്യരുടെയോ മറ്റു മനുഷ്യരുടെയോ മേലല്ല). നമ്മുടെ ഭൗതികാവശ്യങ്ങള്‍, ദൈവഹിതം നിവര്‍ത്തിക്കുവാന്‍ വേണ്ട ആരോഗ്യവും പണവും പോലെയുളള കാര്യങ്ങള്‍, നമുക്കു കൂട്ടിച്ചേര്‍ത്തുതരും. നമ്മെ നശിപ്പിക്കുകയില്ല എന്ന് അവിടുത്തേക്ക് അറിയാവുന്നത്രപണം ദൈവം നമുക്കുതരും. ദൈവം അനേകരെ കോടീശ്വരന്മാരാക്കിയിട്ടുണ്ടാവാം. എന്നാല്‍ ഇന്നു നമുക്കു വേണ്ടി അവിടുന്ന് അതു ചെയ്യുകയില്ല, കാരണം അതു നമ്മെ ഉയരത്തിലുളള കാര്യങ്ങളെ അനേ്വഷിക്കുന്നതില്‍ നിന്നു തടഞ്ഞേക്കും- അങ്ങനെ അതു നമ്മെ നശിപ്പിക്കും.
എഫെസ്യര്‍ 1:3ല്‍ ഉളള ”ആത്മിക അനുഗ്രഹങ്ങള്‍” എന്ന വാക്കുകള്‍, ”പരിശുദ്ധാത്മാവിന്റെ അനുഗ്രങ്ങള്‍” എന്നു വിവര്‍ത്തനം ചെയ്യാം. ദൈവം പരിശുദ്ധാത്മാവിലുളള അനുഗ്രഹം നേരത്തെ തന്നെ ക്രിസ്തുവില്‍ നല്‍കിയിരിക്കുന്നു. നാം അത് യേശുവിന്റെ നാമത്തില്‍ അവകാശെപ്പടേണ്ട കാര്യം മാത്രമെ ഉളളൂ. വഴിയരികില്‍ ഭിക്ഷയാചിച്ചുകൊണ്ടിരിക്കുന്ന ഒരു യാചക പെണ്‍കുട്ടിയെക്കുറിച്ചു ഇങ്ങനെ ചിന്തിക്കാം. ഒരു ധനികനായ രാജകുമാരന്‍ അതുവഴി വരികയും അവളെ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചിട്ട് ലക്ഷകണക്കിനു രൂപ ഒരു ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു – അവള്‍ക്കാവശ്യമുളളപ്പോഴെല്ലാം സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുന്ന ഒരു അക്കൗണ്ട്. എത്ര ഭാഗ്യവതിയായ ഒരു പെണ്‍കുട്ടിയാണവള്‍! ഒരിക്കല്‍ ഏതാനും നാണയത്തുട്ടുകള്‍ അടങ്ങിയ ഒരു ചെറിയ തകര പാത്രം അല്ലാതെ മറ്റൊന്നും അവള്‍ക്കില്ലായിരുന്നു. എന്നാല്‍ ഇന്നവള്‍ മേല്‍ത്തരമായ വസ്ത്രം ധരിച്ച് ആഡംബരത്തോടെ ജീവിക്കുന്നു. അവള്‍ക്കു ബാങ്കില്‍ നിന്ന് എത്ര പണം വേണമെങ്കിലും പിന്‍വലിക്കാം, കാരണം രാജകുമാരന്‍ ഒപ്പിട്ട ധാരാളം ചെക്കുകള്‍ അവളുടെ കൈവശം ഉണ്ട്. ആത്മികമായി പറഞ്ഞാല്‍ ഇതു നമ്മുടെ ചിത്രമാണ്. നമുക്ക് ഇന്നു സ്വര്‍ഗ്ഗീയ ബാങ്കില്‍ ചെന്ന് പരിശു ദ്ധാത്മാവിലുളള ഓരോ അനുഗ്രഹവും അവകാശപ്പെടാം, കാരണം അവയെല്ലാം ക്രിസ്തുവിന്റെ നാമത്തില്‍ നമ്മുടേതാണ്. ക്രിസ്തുവുമായുളള ഈ വിവാഹ ഉടമ്പടി ബന്ധത്തില്‍ നിലനിന്നാല്‍ സ്വര്‍ഗ്ഗത്തിലുളളതെല്ലാം ക്രിസ്തുവില്‍ നമ്മുടേതാണ്. നമുക്ക് ഇപ്രകാരം പറയാന്‍ കഴിഞ്ഞാല്‍, ” കര്‍ത്താവെ, ഈ ഭൂമിയിലുളള എന്റെ എല്ലാ നാളുകളും അങ്ങയുടെ മണവാട്ടി എന്ന നിലയില്‍ അവിടുത്തോട് സത്യസന്ധ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”, അപ്പോള്‍ പരിശുദ്ധാത്മാവിന്റെ ഓരോ അനുഗ്രഹവും നമ്മുടേതാണ്. നാം അതിനര്‍ഹരാണ് എന്ന് ദൈവത്തെ ബോധ്യപ്പെടുത്താനായി പരിശ്രമിക്കേണ്ട ആവ ശ്യമില്ല – കാരണം അവയില്‍ ഒന്നുപോലും നാം അര്‍ഹിക്കുന്നില്ല. ആ യാചക പെണ്‍കുട്ടിക്ക് സൗജന്യമായി കിട്ടിയ സകല സമ്പത്തും അവള്‍ അര്‍ഹിക്കുന്നതാണെന്ന് അവള്‍ കരുതുന്നതായി നിങ്ങള്‍ക്കു സങ്കല്പിക്കാമോ? ഒരിക്കലും ഇല്ല. നാം പ്രാപിക്കുന്നതെല്ലാം ദൈവത്തിന്റെ കരുണയും കൃപയുമാണ്. സ്വര്‍ഗ്ഗത്തിന്റെതെല്ലാം നമുക്ക് എടുക്കാം. കാരണം അവയെല്ലാം ക്രിസ്തുവില്‍ നമുക്കു സൗജന്യമായി നല്‍കപ്പെട്ടിരിക്കുന്നു. നമ്മുടെ ഉപവാസങ്ങളോ പ്രാര്‍ത്ഥനകളോ കൊണ്ട് നമുക്കതു സമ്പാദിക്കുവാന്‍ കഴിയുകയില്ല. അനേകരും പരിശുദ്ധാത്മാവിന്റെ അനുഗ്രഹം പ്രാപിക്കുന്നില്ല. കാരണം അവര്‍ ഈ മാര്‍ഗ്ഗങ്ങളിലൂടെ അവ നേടിയെടുക്കുവാന്‍ ശ്രമിക്കുന്നു! അവയെ നമുക്കങ്ങനെ പ്രാപിക്കാന്‍ കഴിയുകയില്ല. നാം ക്രിസ്തുവിന്റെ യോഗ്യതയിലൂടെ മാത്രം അവയെ കൈക്കൊളളണം.