ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ – WFTW 10 ജൂലൈ 2022

സാക് പുന്നന്‍

പുതിയനിയമത്തിലെ പ്രധാന പ്രതിപാദ്യങ്ങളിൽ ഒന്നാണ് പരിശുദ്ധാത്മാവ്, അതുപോലെതന്നെ യെശയ്യാവ് 40-66 വരെയുള്ള അദ്ധ്യായങ്ങളിലെയും പ്രധാന പ്രതിപാദ്യങ്ങളിൽ ഒന്ന് പരിശുദ്ധാത്മാവാണ്.

“ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ…” (യെശ.42:1). ദൈവത്താൽ താങ്ങപ്പെടുന്ന ഒരുവനാണ് ഒരു യഥാർത്ഥ ദൈവദാസൻ, പണത്താലോ, ഒരു സംഘടനയാലോ, അല്ലെങ്കിൽ ഏതെങ്കിലും മാനുഷികമായ ഏജൻസിയാലോ അല്ല. എല്ലാ സമയവും നമ്മെ താങ്ങേണ്ട ഒരേ ഒരാൾ കർത്താവാണ്. മനുഷ്യർ നമുക്ക് ദാനങ്ങൾ നൽകിയേക്കാം. എന്നാൽ നാം ഒരിക്കലും മനുഷ്യരിലോ പണത്തിലോ ആശ്രയിക്കരുത്. “പിന്താങ്ങുക” എന്ന വാക്ക്, നാം എന്തിനെയാണ് ആശ്രയിക്കുന്നത് എന്നതിനെ സൂചിപ്പിക്കുന്നു. നാം കർത്താവിൽ മാത്രം ആശ്രയിക്കുന്നവരായിരിക്കണം. നാം നിസ്സഹായതയുടെ സ്ഥാനത്തെത്തുമ്പോൾ ആണ് ദൈവം തൻ്റെ ആത്മാവിനെ നമ്മിലേക്ക് അയക്കുന്നത്.

യെശ.42:2,3ൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തൻ്റെ ശബ്ദം കേൾപ്പിക്കുകയുമില്ല”. യേശുവിനെപ്പറ്റി പറയുന്നതിനുവേണ്ടി ഈ വാക്യം മത്താ. 12:18-20ൽ ഉദ്ധരിച്ചിരിക്കുന്നു, അവിടെ ഇങ്ങനെ തുടർന്നു പറയുന്നു, “…അവൻ തെരുക്കളിൽ അവൻ്റെ ശബ്ദം കേൾപ്പിക്കയില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചു കളയുകയില്ല…”.

അത് അർത്ഥമാക്കുന്നത് തൻ്റെ ജീവിതം താറുമാറാക്കി കളഞ്ഞ ഒരാളെയും കർത്താവ് ഒരിക്കലും നിരുത്സാഹപ്പെടുത്തുകയില്ല എന്നാൽ അവനെ പ്രോത്സാഹിപ്പിച്ച് അവനെ സൗഖ്യമാക്കും. കെട്ടുപോകാറായ ഒരു മെഴുകുതിരി കർത്താവ് കെടുത്തി കളയുകയില്ല. മറിച്ച്, അവിടുന്ന് അതിനെ ഊതി കത്തിക്കും. പരാജിതരായ ബലഹീന വിശ്വാസികളെ സഹായിക്കുന്നതിൽ ദൈവം താല്പര്യമുള്ളവനാണ്. നിരുത്സാഹിതരും വിഷണ്ണരുമായവരെ സഹായിച്ച് അവരുടെ ആത്മാക്കളെ ഉയർത്തുന്നതിൽ അവിടുന്ന് തൽപരനാണ്.

വിഷണ്ണരും നിരുത്സാഹിതരും പ്രതീക്ഷയറ്റ് ജീവിതം മടുത്തവരും ആയവരെ പ്രോസാഹിപ്പിക്കുന്നതും ആത്മാക്കളെ ഉയർത്തുന്നതുമായ സമാന ശൂശ്രൂഷ കർത്താവിൻ്റെ ഒരു യഥാർത്ഥ ദാസനും ഉണ്ടായിരിക്കും. നമുക്കെല്ലാവർക്കും അത്തരമൊരു ശുശ്രൂഷയ്ക്കായി അന്വേഷിക്കാം, കാരണം എല്ലായിടത്തും ആളുകൾക്ക് അതാവശ്യമുണ്ട്.

യെശ. 42:6-8: യഹോവയായ ദൈവം ഇപ്രകാരം നമ്മോട് അരുളി ചെയ്തു: “…കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽ നിന്നും വിടുവിപ്പാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു”. ഇതൊരു മഹത്തായ ശുശ്രൂഷയാണ്. എന്നാൽ ഒരു കാര്യം എപ്പോഴും ഓർക്കുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “ഞാൻ ഒരിക്കലും എൻ്റെ മഹത്വം മറ്റൊരുത്തനും വിട്ടുകൊടുക്കുകയില്ല” (യെശ. 42:8).

നമ്മുടെ ശുശ്രൂഷയുടെ ഒരു മഹത്വവും നാം ഒരിക്കലും എടുക്കരുത്. നമുക്കു വേണ്ടി തന്നെ പുകഴ്ചയോ മഹത്വമോ എടുക്കുന്നത് വളരെ വളരെ ഗൗരവതരമായ കുറ്റമാണ്. അതു പണം മോഷ്ടിക്കുന്നതിനേക്കാൾ കുറേക്കൂടി വഷളായ കാര്യമാണ്. ദൈവം നിങ്ങളെയും നിങ്ങളുടെ ശുശ്രൂഷയെയും അനുഗ്രഹിച്ച് നിങ്ങളെ ശക്തമായി ഉപയോഗിച്ചേക്കാം. എന്നാൽ അവിടുന്ന് ഒരിക്കലും അവിടുത്തെ മഹത്വം ആർക്കും വിട്ടു കൊടുക്കയില്ല. ഒരു പ്രാവശ്യം നിങ്ങൾ ദൈവത്തിൻ്റെ മഹത്വത്തെ തൊട്ടാൽ, കർത്താവിൻ്റെ അനേകം ദാസന്മാർ നശിപ്പിക്കപ്പെട്ടതുപോലെ, നിങ്ങളും നിങ്ങളെ തന്നെ നശിപ്പിക്കും. ഒരു തവണ മനുഷ്യരുടെ മുമ്പിൽ നിങ്ങളെ തന്നെ ഉയർത്താൻ തുടങ്ങിയാൽ, ജനങ്ങളെ കർത്താവിങ്കലേക്കു നയിക്കുന്നതിനു പകരം നിങ്ങളിലേക്കു തന്നെ വലിച്ചടുപ്പിക്കാൻ ശ്രമിച്ച് ദൈവം ചെയ്ത കാര്യങ്ങൾക്കുള്ള പുകഴ്ച നിങ്ങൾ എടുത്താൽ, നിങ്ങൾ വളരെ അപകടകരമായ ഒരു നിലയിലാണ്. ഇങ്ങനെയാണ് ആയിരങ്ങൾക്ക് തങ്ങളുടെ ജീവിതങ്ങളുടെ മേലുണ്ടായിരുന്ന അഭിഷേകം നഷ്ടപ്പെട്ടത്.

യെശ. 42 :19 : “എൻ്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എൻ്റെ പ്രിയനെപ്പോലെ കുരുടനും, യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ? “ഇത് കുഴപ്പിക്കുന്ന ഒരു വാക്യം പോലെ തോന്നുന്നു, പ്രത്യേകിച്ച് അതു വ്യക്തമായി യേശുവിനെക്കുറിച്ച് സൂചിപ്പിക്കുന്നതു കൊണ്ട് (ഒന്നാമത്തെ വാക്യം മുതൽ നമുക്കതു കാണാവുന്നതാണ്).

അതെന്താണ് അർത്ഥമാക്കുന്നത്? ഒരു യഥാർത്ഥ ദൈവദാസൻ തനിക്കു ചുറ്റും കാണുന്നതും കേൾക്കുന്നതുമായ പലകാര്യങ്ങൾക്കും കുരുടനും ചെകിടനും ആയിരിക്കും. അയാൾ പലകാര്യങ്ങളും കാണുന്നു, എന്നാൽ അയാൾ അതിനെ സൂക്ഷ്മനിരീക്ഷണം നടത്തുന്നില്ല (യെശ.42:20). മറ്റുള്ളവരിലുള്ള പാപം കണ്ടുപിടിക്കാനായി ചുറ്റി നടക്കുന്നില്ല. ജനങ്ങൾ പറഞ്ഞ എന്തെങ്കിലും കാര്യങ്ങളിൽ അവരെ കുടുക്കേണ്ടതിനായി അവരെ കേൾക്കാൻ ചുറ്റി നടക്കുന്നില്ല. പരീശന്മാർ അങ്ങനെ ആയിരുന്നു – യേശു പറഞ്ഞ എന്തിലെങ്കിലും കുറ്റം കണ്ടു പിടിച്ച് അവിടുത്തെ കുടുക്കാനായി എപ്പോഴും കാത്തിരുന്നു. നിർഭാഗ്യവശാൽ പല ക്രിസ്ത്യാനികളും അങ്ങനെയാണ് – ആരെങ്കിലും പറഞ്ഞ എന്തിലെങ്കിലും അയാളുടെ കുറ്റം കണ്ടുപിടിക്കാൻ വേണ്ടി എപ്പോഴും കാത്തിരിക്കുന്നു – മിക്കവാറും അയാളുടെ ശുശ്രൂഷയിലുള്ള അസൂയ കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. അവരെ പോലെയാകരുത് .

നിങ്ങൾക്കു ചുറ്റും കേൾക്കുകയും കാണുകയും ചെയ്യുന്ന അനേകം കാര്യങ്ങൾക്കും നിങ്ങൾ ബധിരനും കുരുടനും ആയിരിക്കുക . നിങ്ങൾക്കു വിരോധമായി ആരെങ്കിലും പറഞ്ഞ ഒരു വ്യാജ കുറ്റാരോപണം നിങ്ങൾ കേട്ടോ? നിങ്ങൾ ബധിരനായിരുന്നെങ്കിൽ അതു കേൾക്കയില്ലായിരുന്നു. അപ്പോൾ “ബധിരൻ” ആയിരിക്കുക. വശ്യ സൗന്ദര്യമുള്ള സ്ത്രീകളുടെ അടുത്ത് അന്ധനായിരിക്കുന്നത് ഒരു കർത്താവിൻ്റെ ദാസനു നല്ലതല്ലേ? നിങ്ങൾക്കു കണ്ണുകളുണ്ട് എന്നാൽ നിങ്ങൾ കാണുന്നില്ല. നിങ്ങൾ “അന്ധനാണ്”! നിങ്ങൾക്കു ചെവികൾ ഉണ്ട് എന്നാൽ നിങ്ങൾ കേൾക്കുന്നില്ല! കാരണം നിങ്ങളുടെ കണ്ണുകൾ കൊണ്ടു കാണുന്നതുപോലെയോ അല്ലെങ്കിൽ കാതുകൊണ്ടു കേൾക്കുന്നതു പോലെയോ നിങ്ങൾ വിധിക്കരുത്. ഇങ്ങനെയാണ് യേശു ജീവിച്ചത്, ഇങ്ങനെ തന്നെയാണ് നാമും ജീവിക്കേണ്ടത് (യെശ.11:3).