ബൈബിളിലൂടെ : 1 രാജാക്കന്മാര്‍

യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാര്‍



ഈ പുസ്തകം ആരംഭിക്കുന്നത്, ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദിനോടു കൂടെയും, അവസാനിക്കുന്നത്, എക്കാലവും യിസ്രായേലിനെ ഭരിച്ച തില്‍ ഏറ്റവും മോശപ്പെട്ട രാജാവായ ആഹാബിനോടു കൂടെയും ആണ്. യിസ്രായേല്‍ ആരംഭിക്കുന്നത് ശക്തമായ ഒരു രാഷ്ട്രമായാണ്. എന്നാല്‍ അവസാനിക്കുന്നത്, രണ്ടു രാജ്യങ്ങളുടെമേലും (പ്രത്യേകിച്ചും യിസ്രായേലിന്മേല്‍) ഭരണം നടത്തുന്ന അനേകം ദുഷ്ട രാജാക്കന്മാരോടുകൂടെ, വിഭജിക്കപ്പെട്ട ഒരു രാഷ്ട്രമായാണ്.

നാം ആവര്‍ത്തിച്ചു കണ്ടിരിക്കുന്നതുപോലെ, ദൈവജനത്തിന്റെ അവസ്ഥ അവരുടെ നേതാക്കന്മാരില്‍ ഉള്ള ആത്മീയതയെയോ അതിന്റെ കുറവിനെയോ ആശ്രയിച്ചിരിക്കുന്നു. യിസ്രായേലിന് ദൈവഭയമുള്ള നേതാക്കന്മാരുണ്ടായിരുന്നപ്പോഴെല്ലാം അവര്‍ ദൈവിക വഴികളില്‍ മുന്നോട്ടു നീങ്ങി. അവര്‍ക്ക് ജഡികനായ ഒരു നേതാവുണ്ടായിരുന്നപ്പോള്‍, അവര്‍ ദൈവത്തില്‍ നിന്ന് അകന്ന് ജഡികാവസ്ഥയിലേക്കു മാറി. എപ്പോഴും ദൈവജനത്തിന്റെ ഇടയിലുള്ള വലിയ ആവശ്യം ദൈവഭയമുള്ള നേതാക്കന്മാരെ ആയിരുന്നു. യേശു തന്റെ കാലഘട്ടത്തിലുള്ള പുരുഷാരത്തെ നോക്കി, അവരെ ഇടയനില്ലാത്ത ആടുകളെ പോലെ കണ്ടു. തന്റെ ജനത്തിന്റെ മദ്ധ്യത്തിലേക്ക് ഇടയന്മാരെ അയക്കേണ്ടതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു (മത്താ. 9:36-38). ഇന്ന് ഇന്ത്യയിലെ സഭകളിലേക്കു നോക്കുമ്പോള്‍, ദൈവഭക്തിയുള്ള നേതാക്കന്മാര്‍ക്കായുള്ള അതേ ആവശ്യം ദൈവം കാണുന്നു. അവിടുന്ന് അന്വേഷിക്കുന്ന തരത്തിലുള്ള പുരുഷന്മാരും സ്ത്രീകളും ആയിരുന്ന് നമ്മുടെ ഈ തലമുറയില്‍ ദൈവത്തിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ നമുക്കുള്ള വെല്ലുവിളി.

ഓരോ തലമുറയിലും ദൈവത്തിന് ദൈവഭക്തിയുള്ള നേതാക്കന്മാരെ ആവശ്യമുണ്ട്. കഴിഞ്ഞ കാല തലമുറയിലെ നേതാക്കന്മാരുടെ വിവേകത്തില്‍ ആശ്രയിക്കാന്‍ ഇന്നു നമുക്കു കഴിയില്ല. ദാവീദിന് എന്നേക്കും യിസ്രായേലിനെ ഭരിക്കുവാന്‍ കഴിയുകയില്ല. അദ്ദേഹം മരിക്കുകയും മറ്റാരെങ്കിലും ഭരണം ഏറ്റെടുക്കുകയും വേണം. യിസ്രായേല്‍ എന്തായിത്തീരും എന്നത്, അടുത്ത രാജാവ് ഏതു തരത്തിലുള്ള വ്യക്തിയാണ് എന്നതിനെ ആശ്രയിച്ചിരുന്നു.

ഒരു തലമുറയില്‍ ഒരു വേല തുടങ്ങുവാന്‍ ദൈവം ദൈവഭക്തനായ ഒരു പുരുഷനെ എഴുന്നേല്‍പ്പിക്കുന്നു. അദ്ദേഹം പ്രായമായി മരിക്കുന്നു. അടുത്ത തലമുറയിലുള്ള നേതാക്കന്മാര്‍ക്ക് സ്ഥാപകന്റെ ദൈവഭക്തിയോ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനമോ ഇല്ലാതെ അദ്ദേഹത്തിന്റെ അറിവും ഉപദേശങ്ങളും മാത്രമേ ഉണ്ടായിരിക്കുക യുള്ളോ? എങ്കില്‍ ജനം തീര്‍ച്ചയായും വഴിതെറ്റി പോകും. നമ്മുടെ കാലത്ത് ദൈവത്തിന് അനേകം ‘ദാവീദ്മാരെയും’ ‘ദെബോറാമാരെയും’ ആവശ്യമുണ്ട്.

ദാവീദിന്റെ അവസാന നാളുകള്‍

ദാവീദിന്റെ അവസാന നാളുകളിലേക്കു നാം നോക്കുമ്പോള്‍, ദുഃഖകരമായ ചില കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നാം കാണുന്നു. ദാവീദ് മരിക്കാറായപ്പോള്‍, തന്റെ മകന്‍ അദോനിയാവ് തന്നെത്തന്നെ ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു: ”ഞാന്‍ രാജാവാകും”(1:5). തന്നെ രാജാവാക്കുവാന്‍ ദൈവത്തിനു വേണ്ടി കാത്തിരുന്ന തന്റെ പിതാവായ ദാവീദിനെ പോലെ ആയിരുന്നില്ല അവന്‍. അതിന്റെ കാരണങ്ങളില്‍ ഒന്ന് അദോനിയാവിന്റെ മുഴു ജീവിതത്തിലും ഒരിക്കല്‍ പോലും ദാവീദ് അവനെ ശിക്ഷിച്ചിട്ടില്ല (വാ. 6) എന്നതാണ്. അദ്ദേഹം അവന്റെ മേല്‍ വടി ഉപയോഗിച്ചിട്ടില്ല. തന്നെയുമല്ല അവന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുള്ളപ്പോള്‍ ഒരിക്കല്‍ പോലും അവനെ ശാസിച്ചിട്ടും ഇല്ല.

അങ്ങനെ വളരുന്ന ഒരു കുഞ്ഞിന് എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?- പ്രത്യേകിച്ച് അവന്‍ കാഴ്ചയ്ക്കു സുന്ദരനാണെങ്കില്‍? ദാവീദ് വളരെ മോശപ്പെട്ട ഒരു പിതാവായിരുന്നു. അതില്‍ നിന്ന് നമുക്ക് ഒരു മുന്നറിയിപ്പ് എടുക്കാം. തന്റെ കുടുംബത്തിനു വേണ്ടി ചെലവഴിക്കുവാന്‍ ഒട്ടും സമയമില്ലാത്ത വണ്ണം ദാവീദ് യുദ്ധക്കളത്തില്‍ തിരക്കിലായിരുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ എങ്ങനെയാണ് വളരുന്നതെന്നു കാണാന്‍ കഴിയാത്ത വിധം നിങ്ങളുടെ ജോലിയിലോ ശുശ്രൂഷയിലോ തിരക്കുള്ളവനായിരിക്കുവാന്‍ കഴിയും. ഒരുവന്‍ ”കര്‍ത്താവിനെ സേവിക്കുന്നതു” മൂലം അവന്റെ മക്കള്‍ പിശാചിനു പൊയ്‌പ്പോകുന്നെങ്കില്‍ അതു ദുഃഖകരമാണ്. കര്‍ത്താവിനെ സേവിക്കുന്നതിനുള്ള രീതി അതല്ല.

ദാവീദ് മരണക്കിടക്കിയിലായിരുന്നപ്പോള്‍ തന്റെ പിതാവ് നിസ്സഹായനാണെന്ന വസ്തുത അദോനിയാവ് മുതലെടുത്ത്, അവന്‍ രാജത്വം ബലമായി ഏറ്റെടുത്തു. അതേക്കുറിച്ചു കേട്ട ഉടന്‍ നാഥാന്‍ പ്രവാചകന്‍ ബത്ത്-ശേബയുടെ അടുക്കല്‍ ചെന്ന് ശലോമോനെ തന്റെ അനന്തരാവകാശി ആക്കാമെന്നുള്ള ദാവീദിന്റെ വാഗ്ദാനം അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു നാഥാന്‍ തന്നെ ദാവീദിന്റെ അടുക്കല്‍ ചെന്ന് അദോനിയാവിന്റെ ദുരാലോചനയെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പു നല്‍കി (വാ. 22). അങ്ങനെ നാഥാന്‍ പ്രവാചകന്‍ ദൈവത്തിന്റെ മനസ്സിനെ ആ സാഹചര്യത്തിലേക്കു കൊണ്ടുവന്നു. ഒരു സാഹചര്യത്തില്‍ പ്രവചനമായി സംസാരിക്കാന്‍ കഴിയുന്ന ഒരു പ്രവാചകനെങ്കിലും കുറഞ്ഞപക്ഷം ഒരു സഭയ്ക്ക് ഉണ്ടായിരിക്കുമ്പോള്‍ ആ സഭ വളരെ അനുഗ്രഹിക്കപ്പെടും.

ശാലോമോനെ രാജാവായി അഭിഷേകം ചെയ്യുവാന്‍ പുരോഹിതന്മാരോടു ദാവീദ് പറഞ്ഞു. സാദോക്ക് പുരോഹിതന്‍ ഉടനെ തന്നെ അതു ചെയ്തു (വാക്യങ്ങള്‍ 32-34).

അധ്യായം 2: ദാവീദ് മരിക്കുമ്പോള്‍, അദ്ദേഹം ചില കാര്യങ്ങള്‍ ശലോമോനെ ഭരമേല്‍പിച്ചു. എന്നാല്‍ ദാവീദിന്റെ അവസാന വാക്കുകള്‍ വളരെ നിരാശയുളവാക്കുന്നതാണ്. ദൈവത്തിന്റെ ശ്രേഷ്ഠദാസന്മാരുടെ പരാജയങ്ങളെക്കുറിച്ച് ദൈവവചനം നമ്മോടു പറയുമ്പോള്‍ അത് എത്ര സത്യസന്ധമാണ്!

ദൈവഭക്തിയുള്ള ഒരു നായകനായിരിക്കുന്നത് എങ്ങനെയെന്നും ദൈവത്തെ എപ്രകാരം മാനിക്കണമെന്നും ദാവീദിന് ശലോമോനോടു പറയാമായിരുന്നു. സ്ത്രീകളോട് ഇടപെടുമ്പോള്‍ ശ്രദ്ധയുള്ളവനായിരിക്കണമെന്നും ഒന്നിലധികം ഭാര്യമാരെ എടുത്ത് താന്‍ ചെയ്തതുപോലെ തെറ്റു ചെയ്യരുതെന്നും ദാവീദിന് ശലോമോനെ താക്കീത് ചെയ്യാമായിരുന്നു. അതിനു പകരം ദാവീദ് എന്താണ് ശലോമോനോടു പറഞ്ഞത്? വളരെ വര്‍ഷങ്ങളായി ദാവീദിന്റെ വിശ്വസ്തനും ആത്മാര്‍ത്ഥതയുള്ളവനുമായ, സേനാധിപതി ആയിരുന്ന യോവാബിനെ കൊല്ലുവാന്‍ താന്‍ അവനോടു പറഞ്ഞു (2:5,6). ദാവീദ് യോവാബിനു പ്രതിഫലം കൊടുത്തത് ഇങ്ങനെ ആയിരുന്നു എന്നത് ഒരു കഷ്ടമാണ്. ദാവീദിന്റെ മകന്‍ അബ്ശാലോമിനെ കൊന്നത് ദാവീദ് ഒരിക്കലും യോവാബിനോട് യഥാര്‍ത്ഥമായി ക്ഷമിച്ചിട്ടില്ലായിരുന്നു എന്നതാണ് ഇതിന്റെ കാരണം എന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ അബ്‌നേരിനെയും അമാസയെയും കൊന്ന കാര്യം മാത്രമേ ഇവിടെ ദാവീദു പറയുന്നുള്ളു എങ്കിലും.

പിന്നീട് ശിമെയിയെ കൊല്ലുവാന്‍ ദാവീദ് ശലോമോനോടു പറയുന്നു. കാരണം അവന്‍ ദാവീദിനെ ശപിച്ചിട്ടുണ്ട് (2:8,9). ശിമെയി ദാവീദിനെ ശപിച്ച സമയത്ത്, താന്‍ ശിമെയിയെ കൊല്ലുവാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദാവീദ് മഹാമനസ്‌കതയോടെ പറഞ്ഞിട്ടുണ്ട്. കാരണം ദൈവമാണ് തന്നെ ശപിക്കുവാന്‍ ശിമെയിയെ അനുവദിച്ചത് എന്നും ദാവീദ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ദാവീദ് യെരുശലേമിലേക്കു മടങ്ങി വന്നപ്പോള്‍, അദ്ദേഹം അവനോടു വീണ്ടും ക്ഷമിച്ചിട്ട് അവനെ കൊല്ലുകയില്ലെന്ന് സത്യവും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് ശിമെയിക്ക് താന്‍ കൊടുത്ത വാഗ്ദാനത്തിന്മേല്‍ ശലോമോനു ബാധ്യതയില്ല, അതുകൊണ്ട് അവന്‍ കൊല്ലപ്പെട്ടു എന്ന് ശലോമോന്‍ ഉറപ്പു വരുത്തണം എന്നാണ്! യോവാബിനെയും ശിമെയിയെയും ദാവീദ് തന്നെ കൊല്ലുവാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ശലോമോനിലൂടെ അവരെ അവന്‍ കൊല ചെയ്തു. അവന്‍ ശത്രുക്കളെ കൊല്ലുവാന്‍ ഗുണ്ടകളെ കൂലിക്കെടുക്കുന്നവരെ പോലെ ആയി.

2:10-ലുള്ള അടുത്ത വാക്കുകള്‍ എന്താണ്? ”പിന്നെ ദാവീദ് മരിച്ചു.”

അതുകൊണ്ട് ദാവീദ് മരിക്കുന്നതിനു മുന്‍പ് അവസാന വാക്കുകള്‍ പ്രതികാരത്തിന്റെ വാക്കുകള്‍ ആയിരുന്നു. ഇതു ദുഃഖകരമാണ്. ദാവീദ് വളരെ നന്നായി തന്റെ ജീവിതം ആരംഭിച്ചു. ശൗലിനെ കൊല്ലുന്ന കാര്യം അദ്ദേഹം വീണ്ടും വീണ്ടും നിരസിച്ചു (തന്റെ സ്‌നേഹിതരുടെ ആവര്‍ത്തിച്ചുള്ള നിര്‍ബന്ധം ഉണ്ടായിരുന്നിട്ടും). എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍, താന്‍ ക്ഷമിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ട രണ്ടുപേരെ കൊല്ലേണ്ടതിന് അദ്ദേഹം വളരെ ഉത്സുകനാണ്. ഇതില്‍ നിന്നു വ്യക്തമാകുന്നത്, ദാവീദ് യോവാബിനോടും ശിമെയിയോടും ബാഹ്യമായി മാത്രമേ ക്ഷമിച്ചിട്ടുണ്ടായിരുന്നുള്ള എന്നാണ്. അവര്‍ക്ക് എതിരെയുള്ള പക അവന്‍ നിരന്തരമായി താലോലിക്കുകയും ശിമെയിയും യോവാബും തന്നോടു ചെയ്ത തിന്മയുടെ മേല്‍ കുടിയിരിക്കുവാന്‍ അദ്ദേഹം തന്റെ മനസ്സിനെ കൂടെക്കൂടെ അനുവദിക്കുകയും ചെയ്യുന്നുണ്ടായിരുന്നിരിക്കണം. തന്റെ മനസ്സ് ശക്തമായിരുന്നിടത്തോളം, അവരോട് ക്ഷമിച്ചിരിക്കുന്നു എന്ന നാട്യം സൂക്ഷിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ അദ്ദേഹം വൃദ്ധനായി തന്റെ മനസ്സ് ദുര്‍ബലമാകാന്‍ തുടങ്ങിയപ്പോള്‍, തന്റെ ഹൃദയത്തിലുണ്ടായിരുന്നതു പുറത്തു വന്നു. അദ്ദേഹം ഒരിക്കലും അവരോടു ക്ഷമിച്ചിട്ടുണ്ടായിരുന്നില്ല. നമുക്കു വേണ്ടിയുള്ള എന്തൊരു ശക്തമായ മുന്നറിയിപ്പ്!

എന്നാല്‍ ദാവീദ് പഴയ ഉടമ്പടിയിന്‍ കീഴില്‍ ആണ് ജീവിച്ചിരുന്നത്- മറ്റുള്ളവരോട് ക്ഷമിച്ചിട്ടില്ലാത്തവരോടുപോലും ദൈവം ക്ഷമിച്ച കാലത്ത്. പഴയ ഉടമ്പടിയുടെ കീഴില്‍ ദൈവം പല കാര്യങ്ങള്‍ അനുവദിച്ചിരുന്നു. കാരണം ആളുകളുടെ ഹൃദയങ്ങള്‍ കഠിനമായിരുന്നു (മത്താ. 19:8). അവര്‍ക്ക് ഉള്ളില്‍ പരിശുദ്ധാത്മാവ് ഇല്ലായിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിയുടെ കീഴില്‍, യേശു വ്യക്തമായും ആവര്‍ത്തിച്ചും പഠിപ്പിച്ചത്, ഹൃദയപൂര്‍വ്വം മറ്റുള്ളവരോട് ക്ഷമിക്കാത്തവര്‍ക്ക് ഒരു ക്ഷമയും ലഭിക്കുകയില്ല എന്നാണ് (മത്താ. 6:14,15; 18:35). ”ഹൃദയപൂര്‍വ്വം” മറ്റുള്ള എല്ലാവരോടും നാം ക്ഷമിച്ചില്ലെങ്കില്‍, ദൈവം ഒരിക്കല്‍ നമ്മോടു ക്ഷമിച്ചിട്ടുള്ള പാപങ്ങള്‍ പോലും വീണ്ടും നമ്മുടെ കണക്കില്‍ ചേര്‍ക്കും എന്നുപോലും യേശു പഠിപ്പിച്ചു (മത്താ. 18:22-35).
നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്ന പല ആളുകളോടും നിങ്ങള്‍ യഥാര്‍ത്ഥമായി ക്ഷമിച്ചിട്ടുണ്ടാകില്ല എന്നതിനു വളരെ സാധ്യതയുണ്ട്. കയ്പിന്റെ ഒരു വേര് ഉണ്ടായിരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വേദപുസ്തകം പറയുന്നു (എബ്രായര്‍ 12:15). ക്ഷമിക്കാത്ത ഒരു മനോഭാവത്തിന് കയ്പിന്റെ വേരുകള്‍ വളരെ പെട്ടെന്ന് വളര്‍ത്തിയെടുക്കാന്‍ കഴിയും. അതുകൊണ്ട് നിങ്ങളോടു ദോഷം ചെയ്തിട്ടുള്ള ആളുകളുടെ പട്ടിക പരിശോധിച്ചിട്ട്, അവരില്‍ ഓരോരുത്തര്‍ക്കും വിരോധമായി ഉണ്ടായിരുന്ന കയ്പിന്റെ ഓരോ വേരും പൂര്‍ണ്ണമായി പിഴുതു കളഞ്ഞിരിക്കുന്നു എന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെ തന്നെ നശിപ്പിക്കും. നിങ്ങള്‍ മരണക്കിടക്കയിലായിരിക്കുമ്പോഴല്ല, ഇപ്പോള്‍ നിങ്ങളുടെ മനസ്സ് ശക്തമായിരിക്കുമ്പോള്‍ തന്നെ ആ വേരുകള്‍ പിഴുതു കളയുക. ഒരുനാള്‍ ആ വേരുകളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റാത്തവിധം നിങ്ങള്‍ വാര്‍ദ്ധക്യം മൂലമുള്ള ക്ഷീണവും മാന്ദ്യവും ബാധിച്ചവനും വളരെ ദുര്‍ബലനും ആയിരുന്നേക്കാം.

ശലോമോന്റെ പ്രാരംഭ സംവത്സരങ്ങള്‍

അധ്യായം 2: തന്റെ അര്‍ദ്ധ സഹോദരനായ അദോനിയാവിനെയും (വാക്യങ്ങള്‍ 19-27), അവന്റെ പിതാവിന്റെ സഹോദരീ പുത്രനായ യോവാബിനെയും (വാക്യങ്ങള്‍ 28-35), ശിമെയിയെയും (വാക്യങ്ങള്‍ 36-46) കൊല്ലുന്നതോടെയാണ് ശലോമോന്റെ ഭരണം ആരംഭിക്കുന്നത്. ഒരു രാജാവിന് ഭരണം ആരംഭിക്കാനുള്ള എന്തൊരു മാര്‍ഗ്ഗം! തന്നെയുമല്ല ഇതെല്ലാം ശലോമോനോടു നിര്‍ദ്ദേശിച്ചത്, അവനെ നാശത്തിന്റെ പാതയില്‍ ആരംഭിക്കുവാന്‍ പ്രേരിപ്പിച്ചത് ‘ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ’ ദാവീദായിരുന്നു എന്നു ചിന്തിക്കുക! നീക്കിക്കളയാത്ത കയ്പിന്റെ ദീര്‍ഘകാല ഫലം ഇതാണ്. ഇതിനാല്‍ അനേകര്‍ മലിനപ്പെടുന്നു. എന്നാല്‍ ഇതെല്ലാം ഉണ്ടെങ്കിലും ദൈവം തന്നെ അനുഗ്രഹിക്കുമെന്ന് അപ്പോഴും ശലോമോന്‍ ചിന്തിച്ചു (വാ. 45). ഒരു വ്യക്തിക്ക് എങ്ങനെയെല്ലാം വഞ്ചിക്കപ്പെടാന്‍ കഴിയും!

അധ്യായം 3: ഒരിക്കല്‍ നിങ്ങള്‍ തെറ്റായ പാതയിലൂടെ ആരംഭിച്ചാല്‍, നിങ്ങള്‍ കൂടുതല്‍ കുടുതല്‍ ദൈവത്തില്‍ നിന്ന് അകന്നു പോകും! ശലോമോന്‍ ചെയ്ത അടുത്ത കാര്യം അവന്‍ ഒരു വിജാതീയ സ്ത്രീയെ വിവാഹം കഴിച്ചു എന്നതാണ്. ഫറവോന്റെ പുത്രിയായിരുന്നു അത്. ദാവീദ് തന്റെ അന്ത്യനാളുകളില്‍ എങ്ങനെ പ്രതികാരം ചെയ്യണം എന്നു പഠിപ്പിക്കുന്നതിനു പകരം, വിവേകത്തോടു കൂടി വിവാഹം കഴിക്കുന്നതിനെക്കുറിച്ചു മാത്രം ശലോമോനെ ഉപദേശിച്ചിരുന്നെങ്കില്‍, ശലോമോന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ എത്ര വ്യത്യസ്തമായി മാറുമായിരുന്നു! നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് എന്ത് ഉപദേശമാണ് കൊടുക്കുന്നത്? നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങള്‍ എന്താണ്?

”ശലോമോന്‍ യഹോവയെ സ്‌നേഹിച്ചു എങ്കിലും അവന്‍ പൂജാഗിരികളില്‍ വച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു” (3:3). എന്തൊരു വൈരുധ്യം! ഇത്തരം ഒത്തു തീര്‍പ്പുകളാല്‍ ഒടുവില്‍ ശലോമോന്‍ അവനെ തന്നെ നശിപ്പിച്ചു. അവന്‍ രണ്ടു തരത്തിലുള്ള ജീവിതം നയിച്ചു- ദൈവാലയത്തില്‍ ഒന്ന്. രഹസ്യത്തില്‍ മറ്റൊന്ന്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മിക്ക ക്രിസ്ത്യാനികളും ജീവിക്കുന്നത് ഇങ്ങനെയാണ്. കര്‍ത്താവിനോടുള്ള സ്‌നേഹത്തിന്റെ ഉറക്കെയുള്ള പ്രകടനങ്ങള്‍ അവര്‍ കാണിക്കുന്നു. എന്നാല്‍ രഹസ്യജീവിതത്തില്‍, അവര്‍ അനീതിയിലും പാപത്തിലും ജീവിക്കുന്നു. ഒടുവില്‍ അവരുടെ ചെറിയ പിന്മാറ്റങ്ങള്‍ വലിയതായിത്തീര്‍ന്ന് അവരെ നശിപ്പിക്കുന്നു.

എന്നിട്ടും ദൈവം ശലോമോനോടു നല്ലവനായിരുന്നു. കാരണം അവനെ വ്യത്യാസപ്പെടുത്തുവാന്‍ അവിടുന്ന് ആഗ്രഹിച്ചു. ഒരു രാത്രിയില്‍ യഹോവ ശലോമോന് പ്രത്യക്ഷനായിട്ട് അവനോടു പറഞ്ഞു: ”നിനക്കു വേണ്ടുന്നതെല്ലാം ഞാന്‍ നിനക്കു തരും” (വാ. 5). അപ്പോള്‍ ശലോമോന്‍ ചോദിച്ചു: ”വിവേകമുള്ള ഒരു ഹൃദയം എനിക്കു തരേണമേ. ഗുണവും ദോഷവും തിരിച്ചറിഞ്ഞു അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യുവാന്‍ വിവേകമുള്ള ഒരു ഹൃദയം എനിക്കു തരേണമേ. കാരണം ന്യായപാലനം ചെയ്യുന്നതു വളരെ പ്രയാസമുള്ള കാര്യമാണ്” (വാ.9).

അവന്‍ ചോദിച്ച കാര്യങ്ങളെക്കുറിച്ചു യഹോവ സന്തുഷ്ടനായിരുന്നു: ”നീ ദീര്‍ഘായുസ്സോ, സമ്പത്തോ, ശത്രു സംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായ പാലനത്തിനുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ട് ഞാന്‍ നിന്റെ അപേക്ഷ പ്രകാരം ചെയ്തിരിക്കുന്നു. ജ്ഞാനവും വിവേകവും ഉള്ളൊരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു. നിനക്കു സമനായവന്‍ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല. നിനക്കു സമനായവന്‍ നിന്റെ ശേഷം ഉണ്ടാകയുമില്ല. ഇതിനു പുറമേ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാന്‍ നിനക്കു തന്നിരിക്കുന്നു. നിന്റെ ആയുഷ്‌കാലത്തൊക്കെയും രാജാക്കന്മാരില്‍ ഒരുത്തനും നിനക്കു സമനാകയില്ല” (3:10-13).

ഇന്ന് ക്രിസ്തീയ നേതാക്കന്മാരുടെ ഇടയിലെ വലിയ ആവശ്യം വിവേചന ശക്തിയാണ്. ദൈവത്തിനു മാത്രമേ അതു നമുക്കു തരാന്‍ കഴിയൂ. നേതാക്കന്മാര്‍, തങ്ങളുടെ സഭയിലെ സഹോദരീ-സഹോദരന്മാരുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചു വിവേചനമുള്ളവരായിരിക്കേണ്ട ആവശ്യമുണ്ട് – പ്രത്യേകിച്ച് അവരില്‍ ആര്‍ക്കെങ്കിലും ഉത്തരവാദിത്തങ്ങള്‍ നല്‍കുമ്പോള്‍. ദൈവത്തോടു ചോദിക്കുന്നതിലൂടെ ശലോമോന് അതു ലഭിച്ചെങ്കില്‍, നമുക്കെന്തുകൊണ്ട് അതുപോലെ അതു ലഭിക്കാന്‍ കഴിയില്ല? പുതിയ ഉടമ്പടിയുടെ കീഴില്‍ ദൈവം നമ്മെ അതിലധികം സ്‌നേഹിക്കുന്നില്ലേ? ശലോമോന്‍ യിസ്രായേലിനെ ഭരിക്കുന്നതില്‍ അവിടുത്തേക്കുണ്ടായിരുന്നതിനേക്കാള്‍ വലിയ കരുതല്‍ നാം പണിയുന്ന സഭയെക്കുറിച്ച് അവിടുത്തേക്കില്ലേ? തീര്‍ച്ചയായും ഉണ്ട്. അതുകൊണ്ട്, നമുക്ക് വിവേചന ശക്തി കുറവാണെങ്കില്‍, ഒരുപക്ഷേ അതിന്റെ കാരണം, നമ്മുടെ സ്വയം-പര്യാപ്തതയില്‍ അതിനായി അവിടുത്തോടു ചോദിക്കുന്നതില്‍ നാം പരാജയപ്പെട്ടതായിരിക്കാം.

രണ്ടു സ്ത്രീകളും ഒരു ശിശുവും

അധ്യായം 3:16-28: ഇവിടെ നമുക്ക് ശലോമോന്റെ വിവേകത്തിന് ഒരു ഉദാഹരണം ഉണ്ട്. രണ്ടു വേശ്യകള്‍ അവന്റെ മുമ്പില്‍ ന്യായപാലനത്തിനായി നിന്നു. അവര്‍ ഒരേ വീട്ടില്‍ താമസിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ അവര്‍ ഓരോരുത്തരും തങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു രാത്രിയില്‍, അവരില്‍ ഒരുവള്‍ ഉറക്കത്തില്‍ അബദ്ധവശാല്‍ അവളുടെ കുഞ്ഞിന്റെ മേല്‍ കിടന്നുപോയതുകൊണ്ട് ആ കുഞ്ഞ് മരിച്ചുപോയി. സംഭവിച്ചത് അവള്‍ മനസ്സിലാക്കിയപ്പോള്‍, ഉടനെ തന്നെ അവളുടെ കുഞ്ഞിനു പകരം ജീവിച്ചിരിക്കുന്ന കുഞ്ഞിനെ അവള്‍ മാറ്റി എടുത്തു. നടന്ന കാര്യം രാവിലെ മറ്റേ സ്ത്രീ മനസ്സിലാക്കിയപ്പോള്‍ അവള്‍ തന്റെ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടു. ജീവനുള്ള കുഞ്ഞ് ആരുടേതാണെന്നുള്ള തര്‍ക്കം അവരുടെ ഇടയില്‍ അങ്ങനെ ഉണ്ടായി. ഇതുപോലെയുള്ള സാഹചര്യത്തില്‍ ശലോമോന്‍ എങ്ങനെയാണ് തീരുമാനമെടുക്കാന്‍ പോകുന്നത്? ദൈവം ശലോമോന് വിവേകം നല്‍കി. ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളര്‍ന്ന് ഓരോ സ്ത്രീക്കും ഓരോ പാതിവീതം നല്‍കുവാന്‍ ശലോമോന്‍ കല്പിച്ചു. യഥാര്‍ത്ഥത്തില്‍ ആ കുഞ്ഞ് ആരുടേതാണോ ആ സ്ത്രീ പറഞ്ഞു: ”അരുതേ, ദയവുചെയ്ത് അതിനെ കൊല്ലരുതേ. അതിനെ അവള്‍ക്കു കൊടുത്തു കൊള്‍വിന്‍.” എന്നാല്‍ രണ്ടാമത്തെ സ്ത്രീ പറഞ്ഞു: ”വേണ്ട, അതിനെ കൊല്ലുക. പാതി നിനക്കും പാതി എനിക്കും എടുക്കാം.” പെട്ടെന്നു തന്നെ യഥാര്‍ത്ഥ മാതാവ് ആരാണെന്ന് എല്ലാവരും അറിഞ്ഞു. ആ ന്യായപാലനത്തെക്കുറിച്ച് എല്ലാ യിസ്രായേലും കേട്ടപ്പോള്‍ രാജാവിനെ ഭയപ്പെട്ടു. കാരണം ദൈവം അവന് ജ്ഞാനം നല്‍കിയത് എങ്ങനെയെന്ന് അവര്‍ കണ്ടു.

ഇവിടെയാണ് ശലോമോന്റെ ജ്ഞാനം ഇന്നു നമുക്കെങ്ങനെ പ്രായോഗികമാക്കാം എന്നുള്ളത് വ്യക്തമാകുന്നത്: ഒരു സഭയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രണ്ടു സഹോദരന്മാര്‍ തമ്മില്‍ തെറ്റുന്നു. അവരില്‍ ഒരാള്‍ സഭയെ രണ്ടായി പിളര്‍ന്ന് തന്റെ കൂട്ടത്തിലേക്കു വലിക്കുന്നു. അവനാണോ യഥാര്‍ത്ഥ അമ്മ? തീര്‍ച്ചയായും അല്ല. യഥാര്‍ത്ഥ അമ്മ പറയും: ”വേണ്ട സഭയെ പിളര്‍ക്കരുത്. സഭയെ മുഴുവനായി നിങ്ങള്‍ക്കു തന്നെ എടുക്കാം.”

ഒരിക്കലും വിശ്വാസികളുടെ ഒരു സഭയെ പിളര്‍ക്കരുത്. സഭയ്ക്കു കേടു പറ്റാതെ അതു വിട്ടുപോകുന്നതാണ് അധികം നല്ലത്. നിങ്ങള്‍ തന്നെ പുറത്താകുക. അതിനു ശേഷം വേറെ എവിടെയെങ്കിലും പോയി തീര്‍ത്തും പുതിയ ഒരു വേല ആരംഭിക്കുക- ആദ്യത്തെ സഭയില്‍ ഒരു പിളര്‍പ്പിനു കാരണം ഉണ്ടാക്കാതെ. ദൈവം നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ യഥാര്‍ത്ഥ അമ്മ ആയതുകൊണ്ട്, ആ സഭയെ നയിക്കുവാനായി നിങ്ങള്‍ക്ക് ആ സഭയെ തരുവാന്‍ ദൈവം ആഗ്രഹിക്കുന്നെങ്കില്‍, ഒരു ദിവസം മറ്റേ സ്ത്രീയെ കൊന്നിട്ട് ആണെങ്കില്‍ പോലും ആ കുഞ്ഞിനെ നിങ്ങള്‍ക്കു തരുവാന്‍ ദൈവത്തിനു കഴിയും. അവിടുന്ന് ശൗലിനെ കൊന്നിട്ട് ആ രാജത്വം ദാവീദിനു കൊടുത്തു. അങ്ങനെയുള്ള കാര്യങ്ങള്‍ ഇന്നും അവിടുത്തേക്കു ചെയ്യാന്‍ കഴിയും. എന്നാല്‍ ഒരിക്കലും ജീവനുള്ള കുഞ്ഞിനെ രണ്ടായി മുറിക്കരുത്. ഒരു സഭയെ പിളര്‍ക്കരുത്. മറ്റെവിടെയെങ്കിലും പോയി വേല ചെയ്യുക. ദൈവം അവിടുത്തെ സ്വന്ത കരത്തില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാം നല്‍കട്ടെ. ഒരിക്കലും പിടിച്ചു പറിക്കുകയോ വിഭജിക്കുകയോ ചെയ്യരുത്.

ഒരു സഭയുമായി എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോഴെല്ലാം ഈ പ്രമാണമാണ് ഞാന്‍ പിന്‍തുടര്‍ന്നിട്ടുള്ളത്. അവരില്‍ ചിലരെ എന്റെ പിന്നാലെ വരുവാന്‍ കിട്ടേണ്ടതിന്, ആ സഭയെ പിളര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ മറ്റൊരിടത്തു പോയിട്ടു കര്‍ത്താവിനോടു പറഞ്ഞു: ”കര്‍ത്താവേ, ആദിമുതല്‍ ആകമാനം ഒരു പുതിയ തുടക്കം വീണ്ടും ഞാന്‍ കുറിക്കട്ടെ. എനിക്കു വേറെ ഒരു കുഞ്ഞിനെ തരേണമേ. ആ കുഞ്ഞിനു വേണ്ടി ഞാന്‍ പോരാടുകയില്ല.” ആ മനോഭാവം കാരണം, ദൈവം എന്നെ എന്റെ വേലയില്‍ ധാരാളമായി അനുഗ്രഹിച്ചിരിക്കുന്നു എന്ന് ഇന്ന് എനിക്ക് സാക്ഷ്യം പറവാന്‍ കഴിയും. അതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് അതു ശുപാര്‍ശ ചെയ്യുന്നു.

4:29 (കെ.ജെ.വി), നാം വായിക്കുന്നത്, ”ദൈവം ശലോമോന് കടല്ക്കരയിലെ മണല്‍പോലെ, ജ്ഞാനവും, വിവേചന ശക്തിയും മഹാമനസ്‌കതയും, ഹൃദയ വിശാലതയും കൊടുത്തു” എന്നാണ്. ശലോമോന്‍ വളരെ പ്രായം കുറഞ്ഞ ഒരു യുവാവായിരുന്നു എന്നോര്‍ക്കുക. അതുകൊണ്ട് യുവാക്കള്‍ക്ക് ഇവിടെ പറയപ്പെട്ടിരിക്കുന്ന നാലു വരങ്ങളും തരുവാന്‍ ദൈവത്തോടു ചോദിക്കാം. ജ്ഞാനവും, വിവേചനശക്തിയും മഹാമനസ്‌കതയും മാത്രമല്ല കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൂടെ കൊടുത്തു. ഇതിന്റെ അര്‍ത്ഥം (നമ്മെ സംബന്ധിച്ച്) കടല്‍ക്കരയിലെ മണല്‍ പോലെയുള്ള, ദൈവജനത്തെ എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയത്തക്ക, ഒരു വലിയ ഹൃദയം (ഉല്‍പത്തി 22:17) എന്നാണ്.

മറ്റു സഭാവിഭാഗത്തിലുള്ള ഒരു സഹോദരന്റെ കാര്യം ചിന്തിക്കുക. ജലസ്‌നാനത്തെക്കുറിച്ചോ അന്യഭാഷയില്‍ സംസാരിക്കുന്നതിനെക്കുറിച്ചോ നമ്മോട് വിയോജിക്കുന്ന ഒരുവന്‍. എന്നാല്‍ ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥന ഇങ്ങനെ ആയിരിക്കണം: ”കര്‍ത്താവേ, അവനെ ഊഷ്മളതയോടെ സ്വീകരിക്കാനുള്ള ഹൃദയവിശാലത എനിക്കു തരണേ- അവന്‍ എന്നോടൊത്തു പ്രവര്‍ത്തിക്കുകയോ എന്നോട് യോജിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും.” ദൈവത്തിനു മക്കള്‍ ഉള്ളതുപോലെ എനിക്കും അനേകം സഹോദരന്മാരെയും സഹോദരിമാരെയും ആവശ്യമുണ്ട്.

ചില കാര്യങ്ങളില്‍ നമ്മുടേതില്‍ നിന്നും വ്യത്യസ്തമായ ബോധ്യമുള്ള ഒരു ദൈവപൈതലിന്റെ കാര്യം പരിഗണിക്കാം. ആ വ്യക്തിയെ കൈക്കൊള്ളാന്‍ നമുക്കു കഴിയുമോ? ഒരു സഹോദരി സ്‌നാനത്തിനായി എന്റെ അടുക്കല്‍ വന്ന കാര്യം ഞാന്‍ ഓര്‍ക്കുന്നു. അവള്‍ ചില സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരുന്നു. ഇപ്പോള്‍, വിശ്വാസികള്‍ സ്വര്‍ണ്ണം ധരിക്കരുതെന്ന് എനിക്കു ബോധ്യമുണ്ട്. അത് 1 തിമൊഥെയോസ് 2:9-ല്‍ നിന്നും 1 പത്രൊസ് 3:3-ല്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്ന കാര്യമാണ്. എന്നാല്‍ ഈ സഹോദരി സ്വര്‍ണ്ണം ധരിച്ചിരിക്കുന്നു. ഞാന്‍ അവളെ സ്‌നാനപ്പെടുത്തണമോ വേണ്ടയോ? ആ സമയത്ത് കര്‍ത്താവ് എന്നോട് ഒരു ചോദ്യം ചോദിച്ചു: ”ഞാന്‍ അവളെ കൈക്കൊണ്ടിരിക്കുന്നു എന്നു നീ പറയുന്നുണ്ടോ?” അപ്പോള്‍ ഞാന്‍ പറഞ്ഞു, ”കര്‍ത്താവേ, എനിക്കു കാണാന്‍ കഴിയുന്നിടത്തോളം അവള്‍ യഥാര്‍ത്ഥമായി വീണ്ടും ജനിച്ചവളാണ്. അതുകൊണ്ട് അവിടുന്ന് അവളെ കൈക്കൊണ്ടിരിക്കുന്നു!!” അപ്പോള്‍ കര്‍ത്താവു പറഞ്ഞു: ”ഞാന്‍ കൈക്കൊണ്ടിട്ടുള്ള ഒരാളെ നിനക്കെങ്ങനെ തള്ളിക്കളയുവാന്‍ കഴിയും?” അതുകൊണ്ട് ഞാന്‍ അവളെ സ്‌നാനം കഴിപ്പിച്ചു- സ്വര്‍ണ്ണത്തോടുകൂടി! അവള്‍ക്കു പിന്നീട് ആ കാര്യത്തിന്മേല്‍ വെളിച്ചം ലഭിച്ചേക്കാം. അവളെ വിധിക്കുന്നത് എന്റെ കാര്യമല്ല. ദൈവം അംഗീകരിച്ചിരിക്കുന്ന എല്ലാവരെയും സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അവരുടെ ബോധ്യങ്ങള്‍ എന്റേതില്‍ നിന്ന് വ്യത്യസ്തമായിരുന്നാല്‍ പോലും.

ഒരിക്കല്‍ ചില വിഷയങ്ങളുടെ കാര്യത്തില്‍, കര്‍ത്താവ് എന്നോട് ചോദിച്ചതു ഞാന്‍ ഓര്‍ക്കുന്നു: ”നീ ഈ കാര്യം മനസ്സിലാക്കാന്‍ എത്രനാള്‍ എടുത്തു?” അതിനു ചില വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ട് എന്നു ഞാന്‍ സമ്മതിച്ചു. അപ്പോള്‍ ഈ വിഷയം മനസ്സിലാക്കാന്‍ സമയം എടുക്കുന്ന ആ വ്യക്തിയോട് എനിക്ക് എന്തുകൊണ്ട് സഹിഷ്ണുത കാണിക്കാന്‍ കഴിയുന്നില്ല?

നമുക്കെല്ലാവര്‍ക്കും ഹൃദയവിശാലത ആവശ്യമുണ്ട്. നാം യുവാക്കളായിരിക്കുമ്പോള്‍, നാം തീക്ഷ്ണതയുള്ളവരും, സങ്കുചിത-മനസ്‌ക്കരും ഇടുങ്ങിയ ഹൃദയമുള്ള വരും ആയിരിക്കാനുള്ള പ്രവണതയുള്ളവരാണ്. തന്നെയുമല്ല എല്ലാ വിഷയങ്ങളിലും നമ്മോടു യോജിക്കുന്നവരെ മാത്രമേ നാം അംഗീകരിക്കാറുള്ളു. ഞാന്‍ യുവാവായിരുന്നപ്പോള്‍ അങ്ങനെ ആയിരുന്നു എന്നു പറയുവാന്‍ ഞാന്‍ ലജ്ജിക്കുന്നു. എനിക്കുണ്ടായിരുന്ന അനേകം ഭോഷത്തമായ മനോഭാവങ്ങളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ ഞാന്‍ പ്രായം ചെന്ന് കര്‍ത്താവിനെ കൂടുതലായി അറിഞ്ഞപ്പോള്‍ ഞാന്‍ കണ്ടുപിടിച്ചത് എനിക്ക് ഹൃദയവിശാലത ഉണ്ടാകേണ്ട ആവശ്യമുണ്ട് എന്നാണ്.

6:7-ല്‍ ദൈവാലയം പണിയപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് മനോഹരമായ ചില കാര്യങ്ങള്‍ നാം വായിക്കുന്നു. അങ്ങകലെ മലമ്പ്രദേശത്തുള്ള വെട്ടുകുഴിയില്‍ വച്ചുതന്നെ കുറവു തീര്‍ത്ത കല്ലുകള്‍ ഉപയോഗിച്ചാണ് ആലയം പണിയപ്പെട്ടത്. ആലയം പണി നടക്കുന്ന സ്ഥലത്തേക്കു കൊണ്ടുവരുമ്പോള്‍ കല്ലു ചെത്തുന്ന ശബ്ദം ഉണ്ടാകാതിരിക്കേണ്ടതിന് അവയെല്ലാം നേരത്തെ തന്നെ അവയുടെ 6 വശങ്ങളിലും കുറവു തീര്‍ത്തിരുന്നു. ഇങ്ങനെ ആയിരിക്കണം സഭയും പണിയപ്പെടേണ്ടത്. നാം ഒരുമിച്ചു കൂടി വരുമ്പോള്‍ അവിടെ ഒരു വഴക്കോ സംഘര്‍ഷമോ ഇല്ലാതിരിക്കാന്‍ നമ്മുടെ സ്വകാര്യ ജീവിതങ്ങളെ നാം തന്നെ രഹസ്യത്തില്‍ നേരത്തെ വിധിക്കണം.

ശലോമോന്റെ പിന്മാറ്റം

യഹോവയുടെ ആലയം പണിയുവാന്‍ 7 വര്‍ഷവും (6:38) അവന്റെ സ്വന്തം അരമന പണിയുവാന്‍ 13 വര്‍ഷവും (7:1) ശലോമോന്‍ എടുത്തു. അതുകൊണ്ട് നമുക്കറിയാം അവന്‍ ഏതിനെയാണ് കൂടുതല്‍ വിലമതിച്ചതെന്ന്!! ഇന്നു ക്രിസ്തീയ വേല ചെയ്തുകൊണ്ടിരിക്കുന്ന അനേകരെ കുറിച്ചുള്ള വളരെ നല്ല ഒരു വിവരണം ആണിത്. അവര്‍ ‘ക്രിസ്തീയ വേല’ ചെയ്യുന്നത് എല്ലാം ശരിയായിട്ടാണ്. എന്നാല്‍ അവരുടെ പ്രാഥമിക താല്‍പര്യം അവരുടെ വീടിന്റെ കാര്യത്തിലും തങ്ങളുടെ സ്വന്ത കുടുംബങ്ങളുടെ സുഖസൗകര്യങ്ങളിലുമാണ്. ദൈവത്തിന്റെ വേലയും ദൈവത്തിന്റെ ആലയവും രണ്ടാമത്തെ കാര്യമാണ്. സുവിശേഷം പ്രസംഗിക്കുന്നത് അവരെ ധനികരാക്കി.

ശലോമോന്റെ പിന്മാറ്റം ക്രമേണ ആയിരുന്നു- മറ്റെല്ലാ പിന്മാറ്റവും പോലെ. അവന്‍ തന്റെ ഭരണം ആരംഭിച്ചത് ആളുകളെ കൊന്നുകൊണ്ടാണ്. അവന് അനായാസേന തന്റെ പിതാവിനോട് വിയോജിച്ചിട്ട്, ശിമെയിയെയും യോവാബിനെയും കൊല്ലുന്ന കാര്യം നിരസിക്കാമായിരുന്നു. അദോനിയാവോട് ക്ഷമിച്ച് അവനെ കൊല്ലാതിരിക്കാമായിരുന്നു. ഒരിക്കല്‍ താഴേയ്ക്ക് വഴുതുന്നത് ആരംഭിച്ചു കഴിഞ്ഞപ്പോള്‍ ചെരിവ് കുത്തനെ ആയിത്തീര്‍ന്നു. അടുത്തതായി, അവന്‍ ഫറവോന്റെ മകളെ വിവാഹം കഴിച്ചു- സ്പഷ്ടമായും അവളുടെ സമ്പത്തിനു വേണ്ടി. പിന്നീട് സ്വന്തം അരമന പണിയുവാന്‍ അവന്‍ പതിമൂന്നു വര്‍ഷങ്ങള്‍ എടുത്തു. ദൈവം അവന് ഇത്ര വലിയ വിവേകം നല്‍കിയിട്ടുണ്ട് എന്ന വസ്തുത കൂട്ടാക്കാതെയാണ് ഇതെല്ലാം! ക്രിസ്തീയ പ്രവര്‍ത്തകരില്‍, അവരുടെ ജീവിതങ്ങളുടെ ആരംഭം മുതല്‍, ലോകത്തിലേക്കുള്ള ഒരു തെന്നി മാറല്‍, അനേകം തവണ ഞാന്‍ കണ്ടിരിക്കുന്നു. അവര്‍ ശുശ്രൂഷ ആരംഭിച്ച സമയം മുതല്‍ തന്നെ അവര്‍ ചെറിയ തോതില്‍ തങ്ങളുടെ സ്വന്തം നേട്ടം അന്വേഷിക്കുവാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ അവരെ കാണുമ്പോള്‍ സ്വന്തം കാര്യം അന്വേഷിക്കുന്നതില്‍ അവര്‍ വിദഗ്ധരായി തീര്‍ന്നിരിക്കുന്നു.

എന്നാല്‍ ദൈവം അപ്പോഴും അവിടുത്തെ ജനത്തെ സ്‌നേഹിക്കുന്നു- അവരുടെ രാജാവ് പിന്മാറ്റത്തിലായിട്ടുപോലും. അതുകൊണ്ട് ആലയം പണി പൂര്‍ത്തി ആയപ്പോള്‍ അവിടുന്ന് അതിനെ തന്റെ തേജസ്സു കൊണ്ടു നിറച്ചു (8:10,11). അത് മോശെ സമാഗമന കൂടാരത്തിന്റെ പണി പൂര്‍ത്തിയാക്കിയ ദിവസം പോലെ ആയിരിക്കുന്നു. സമാഗമന കൂടാരത്തിന്റെ അതേ മാതൃകയിലാണ് ആലയം പണിയപ്പെട്ടത്, എന്നാല്‍ കൂടുതല്‍ വലുപ്പത്തിലും വലിയ തോതിലും ആയിരുന്നു.

ശലോമോന്‍ മനോഹരമായൊരു പ്രതിഷ്ഠാ പ്രാര്‍ത്ഥന പ്രാര്‍ത്ഥിച്ചു (8:22-61). അപ്പോള്‍ രണ്ടാം തവണയും യഹോവ അവനു പ്രത്യക്ഷനായിട്ട് അവനോടു പറഞ്ഞത് അവിടുന്ന് അവന്റെ പ്രാര്‍ത്ഥന കേട്ടു എന്നാണ്. എന്നിട്ട് വീണ്ടും, അവന്റെ രാജത്വം സ്ഥിരമാക്കപ്പെടേണ്ടതിന് അവന്‍ ഹൃദയപരമാര്‍ത്ഥതയോടും നേരോടും കൂടെ നടക്കണമെന്ന് അവനെ ഉത്സാഹിപ്പിച്ചു. ശലോമോന്‍ യഹോവയെ പിന്‍പറ്റുന്നതില്‍ നിന്നു വിട്ടുമാറിയാല്‍, യിസ്രായേല്‍ ആ ദേശത്തു നിന്നു നീക്കപ്പെടും. ആ ആലയവും നാശാവശിഷ്ടത്തിന്റെ ഒരു കൂമ്പാരമായി തീരും എന്നു കൂടി അവിടുന്ന് അവനു മുന്നറിയിപ്പു നല്‍കി (9:3-9).

ബാബിലോന്യര്‍ വന്ന് യെഹൂദ്യ പിടിച്ചടക്കി ആലയം നശിപ്പിച്ചപ്പോള്‍ കൃത്യമായി ആ കാര്യമാണ് സംഭവിച്ചത്. ദൈവം അവര്‍ക്ക് ഇപ്രകാരം താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു: ”നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ നിങ്ങള്‍ക്കു ജീവിക്കാം. എന്നാലും ഞാന്‍ നിങ്ങളെ അനുഗ്രഹിച്ചു കൊണ്ടേ ഇരിക്കും എന്നു ചിന്തിക്കരുത്.” നാം വഴിതെറ്റി പോകാന്‍ തുടങ്ങുന്നതിനു വളരെ മുമ്പു തന്നെ കര്‍ത്താവു നമുക്കു താക്കീതു നല്‍കുന്നു.

അധ്യായം 10-ല്‍ ശലോമോന്‍ അതിശയകരമായ ജ്ഞാനത്തെക്കുറിച്ച് കേട്ടിട്ട് ശേബാരാജ്ഞി വന്ന് ശലോമോനുമായി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ചു നാം വായിക്കുന്നു. ജ്ഞാനത്തിനുള്ള ലോകവ്യാപകമായ സകല പ്രശസ്തിയും ഉണ്ടായിരുന്നിട്ടും, ശലോമോന്‍ സമ്മിശ്ര സ്വഭാവമുള്ള ഒരു മനുഷ്യനായിരുന്നു. യഹോവയോട് പരസ്യമായി മനോഹരമായി പ്രാര്‍ത്ഥിക്കുവാന്‍ അവനു കഴിയുമായിരുന്നു- മിക്ക ക്രിസ്ത്യാനികളെയും പോലെ. എന്നാല്‍ അവന്റെ രഹസ്യ ജീവിതത്തില്‍, അവന്‍ മറ്റാരെയും പോലെ ദൈവമില്ലാത്തവനായിരുന്നു- വീണ്ടും അനേകം ക്രിസ്ത്യാനികളെ പോലെ. മോഹത്തിന്റെ കാര്യത്തില്‍ അവന്‍ ശിംശോനു കിടനിന്നു- കാരണം അവന്‍ 700 ഭാര്യമാരെ വിവാഹം കഴിച്ചു. അതു പോരാത്തവണ്ണം അവന്‍ 300 വെപ്പാട്ടികളെയും സൂക്ഷിച്ചു- മിക്കപേരും അവനു ചുറ്റുമുള്ള വിജാതീയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ (11:1-3). അവന്‍ അവരില്‍ ഓരോരുത്തരെയും 3 വര്‍ഷത്തിനിടയില്‍ ഒരു തവണ കണ്ടിരിക്കാം! ആ ഭാര്യമാര്‍ അവനെ, വിഗ്രഹങ്ങളെ ആരാധിക്കേണ്ടതിന് യഹോവയെ വിട്ടു മാറുവാന്‍ ഇടയാക്കി.

നിങ്ങള്‍ വിവാഹം കഴിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍, കേവലം സൗന്ദര്യമുള്ള മുഖം മാത്രം അന്വേഷിക്കരുത്. ആ പെണ്‍കുട്ടിക്ക് ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കുവാന്‍ ആഗ്രഹമുണ്ടോ എന്നു നോക്കുക. കാലപ്പഴക്കത്തില്‍ അതാണ് വളരെയധികം പ്രാധാന്യമുള്ളത്. ഭംഗിയുള്ള മുഖം മാത്രമുള്ള ഒരു സ്ത്രീക്ക് നിങ്ങളുടെ ജീവിതം തകര്‍ത്ത് അതിനെ നശിപ്പിക്കാന്‍ കഴിയും. ദൈവഭക്തിയുള്ള ഒരു സ്ത്രീ ഏതു വിധത്തിലും നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ നാളും നിങ്ങള്‍ക്കു നന്മ ചെയ്യും. ദൈവവചനത്തില്‍ ധാരാളം മുന്നറിയിപ്പുകള്‍ ഉണ്ട്. എന്നാല്‍ സമയം വരുമ്പോള്‍ നിങ്ങള്‍ അവയെ ശ്രദ്ധിക്കുമോ എന്ന് എനിക്കറിയില്ല. മീറ്റിംഗുകളില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അനേകരും തങ്ങളുടെ തലയാട്ടും. എന്നാല്‍ അവരുടെ വിവാഹത്തിന്റ സമയം വരുമ്പോള്‍, അവര്‍ അപ്പോഴും ലൗകികയായ ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നു- അവള്‍ സൗന്ദര്യമുള്ളവളാണ് എന്നതു കൊണ്ടു മാത്രം. ഇനി സഹോദരിമാരേ, ഞാന്‍ നിങ്ങളെയും കൂടെ ഉത്സാഹിപ്പിക്കട്ടെ: ‘നിങ്ങളുടെ ഭര്‍ത്താവാകേണ്ടതിന് ദൈവഭക്തനായ ഒരു മനുഷ്യന്റെ അടുത്തേക്ക് ദൈവം നിങ്ങളെ നയിക്കേണമേ’ എന്നു പ്രാര്‍ത്ഥിക്കുക. രക്ഷിക്കപ്പെടാത്ത ഒരാളിനെ നിങ്ങളുടെ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചാല്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കു നിങ്ങള്‍ വഴങ്ങരുത്. നിങ്ങളുടെ ജീവിത പങ്കാളിക്കു നിങ്ങളെ വിഗ്രഹാരാധനയിലേക്കു വഴിതെറ്റിച്ചു കൊണ്ടുപോകാന്‍ കഴിയും- പണത്തിന്റെ, ആനന്ദത്തിന്റെ, ദൈവമില്ലാത്ത വിനോദങ്ങള്‍ മുതലായവയുടെ വിഗ്രഹങ്ങള്‍.

ശലോമോന്‍ വഴിതെറ്റി പോയപ്പോള്‍ ദൈവം അവനോട് കോപിച്ചു പറഞ്ഞത് അവിടുന്ന് രാജ്യം രണ്ടായി വിഭജിക്കുമെന്നാണ് (11:9-11). എന്നാല്‍ ദാവീദ് ദൈവഭക്തിയുള്ള ഒരു മനുഷ്യന്‍ ആയിരുന്നതിനാല്‍, ശലോമോന്റെ ജീവിതകാലത്ത് ദൈവം അതു ചെയ്തില്ല (11:12). തങ്ങളുടെ മാതാപിതാക്കന്മാരുടെ ദൈവഭക്തിമൂലം മക്കള്‍ എത്രമാത്രം അനുഗ്രഹിക്കപ്പെടുന്നു എന്നു നാം അവിടെ കാണുന്നു! ശലോമോനെ ഉപദ്രവിക്കുവാന്‍ ദൈവം ശത്രുക്കളെ എഴുന്നേല്‍പിച്ചു. എന്നാല്‍ അപ്പോഴും അവന്‍ മാനസാന്തരപ്പെട്ടില്ല (11:14). യൊരൊബെയാം അവനെതിരെ മത്സരിക്കാന്‍ പോകുന്നു എന്നു ശലോമോന്‍ ഭയപ്പെട്ടപ്പോള്‍, അവന്‍ യൊരൊബെയാമിനെ കൊല്ലാന്‍ ശ്രമിച്ചു (11:26-40). യെരൊബെയാം പിന്നീട് വിഭജിക്കപ്പെട്ട രാജ്യത്തിന്റെ രാജാവായി തീര്‍ന്നു. അങ്ങനെ ശലോമോന്‍ മരിച്ചു (11:43).

ശലോമോന്‍ തന്റെ ജീവിതകാലത്ത് തിരുവചനത്തിലെ 3 പുസ്തകങ്ങള്‍ എഴുതി. അവയില്‍ രണ്ടെണ്ണം- സദൃശവാക്യങ്ങളും ഉത്തമഗീതവും- പഴയ ഉടമ്പടിയിലെ പുതിയ ഉടമ്പടി പുസ്തകങ്ങള്‍ പോലെയാണ്. പഴയ നിയമത്തിലെ ഏറ്റവും നല്ല പുസ്തകമാണ് സദൃശവാക്യങ്ങള്‍. ചെറുപ്പക്കാരായ എല്ലാവരും അതു ക്രമമായി കൂടെക്കൂടെ വായിക്കണം. അതിന് 31 അധ്യായങ്ങള്‍ ഉണ്ട്. ഒരു ദിവസം ഒരു അധ്യായം വായിക്കുക. എന്നാല്‍ അതിനു നിങ്ങളെ തിന്മയില്‍ നിന്ന് ഏറെ സംരക്ഷി ക്കാന്‍ കഴിയും.

ഉത്തമഗീതം: ഒരു കാന്തയെന്ന നിലയില്‍ യേശുക്രിസ്തുവിനോടുള്ള ഭക്തിയുടെ അത്ഭുതകരമായ ഒരു ചിത്രമാണത്.

ശലോമോന്‍ വഴുതി വീണതിനു ശേഷം എഴുതിയ പുസ്തകമാണ് സഭാപ്രസംഗി. അതില്‍ അവന്‍ ലോകജ്ഞാനത്തിന്റെ അപകടത്തെക്കുറിച്ചു നമുക്കു മുന്നറിയിപ്പു നല്‍കുന്നു.

വേദപുസ്തകത്തിലെ വിസ്മയകരമായ 3 പുസ്തകങ്ങളെഴുതിയ ഈ മനുഷ്യന്‍ ഒടുവില്‍ നരകത്തിലേക്കു പോയി. ഇന്ന് എഴുന്നേറ്റു നിന്ന് വിസ്മയകരമായി പ്രസംഗിക്കുന്ന എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകുമെന്നു ചിന്തിക്കരുത്. ശലോമോന്‍ നരകത്തില്‍ പോയി എന്നു നാം എങ്ങനെ അറിയും? പരിശുദ്ധാത്മാവ് ശലോമോന്റെ രണ്ടു ജീവചരിത്രങ്ങള്‍ എഴുതുകയും (1 രാജാക്കന്മാര്‍, 2 ദിനവൃത്താന്തം) ഇവ രണ്ടിലും അവന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ അവന്‍ മാനസാന്തരപ്പെട്ടു എന്ന് സൂചിപ്പിക്കാതിരിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടോ- അയാള്‍ വാസ്തവത്തില്‍ അതു ചെയ്തിട്ടുണ്ടെങ്കില്‍? അത്തരത്തിലുള്ള നിശ്ശബ്ദത വളരെ വാചാലമാണ്. അതു നമ്മോടു പറയുന്നത് ശലോമോന്‍ മാനസാന്തരപ്പെടാത്തവനായി മരിച്ചു എന്നാണ്. ശലോമോനെക്കാള്‍ വളരെയധികം ദോഷകരമായ തിന്മകള്‍ വളരെ നാളുകളായി ചെയ്തു കൊണ്ടിരുന്ന ഒരു രാജാവായിരുന്നു മനശ്ശെ. എന്നാല്‍ അവന്റെ ജീവിതത്തിന്റെ അവസാനം അവന്‍ മാനസാന്തരപ്പെടുകയും പരിശുദ്ധാത്മാവ് അതു തിരുവചനത്തില്‍ എടുത്തു പറയുകയും ചെയ്യുന്നു (2 ദിനവൃത്താന്തം 33:12,13). ശലോമോന്‍ മാനസാന്തരപ്പെട്ടിട്ടുണ്ടെങ്കില്‍ പരിശുദ്ധാത്മാവ് അതു പ്രസ്താവിക്കാതിരുന്നേക്കാം എന്നത് അചിന്ത്യമാണ്.

ശലോമോനെ സ്വര്‍ഗ്ഗത്തിലേക്ക് അയയ്ക്കുവാന്‍ എന്തുകൊണ്ടാണ് അനേകം ക്രിസ്ത്യാനികളും ഇത്ര ഉത്സുകരായിരിക്കുന്നത്? അതു കര്‍ത്താവിനെ സേവിക്കുന്ന ഏവരും, അവര്‍ എങ്ങനെ ജീവിക്കുന്നു എന്നതു കണക്കാക്കാതെ, തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് അവര്‍ ചിന്തിക്കുന്നതുകൊണ്ടാണ്. യേശു പറഞ്ഞത് അന്ത്യനാളില്‍ അനേകര്‍ എന്റെ അടുക്കല്‍ വന്നിട്ട് ഇങ്ങനെ പറയും: ”കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കയും, നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും, നിന്റെ നാമത്തില്‍ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടില്ലയോ?” എന്നാല്‍ കര്‍ത്താവ് അവരോട് ”പാപത്തില്‍ ജീവിച്ചവരേ (അധര്‍മ്മം പ്രവര്‍ത്തി ച്ചവരെ), എന്നെ വിട്ടു പോകുവിന്‍” (മത്താ. 7:22,23) എന്നു പറയും. ആ നാളില്‍ ശലോമോനും കര്‍ത്താവിന്റെ മുമ്പില്‍ വന്നിട്ടു പറയും: ”കര്‍ത്താവേ, ലക്ഷക്കണക്കിന് ജനങ്ങളെ അനുഗ്രഹിച്ച ദൈവവചനത്തിലെ മൂന്നു പുസ്തകങ്ങള്‍ ഞാന്‍ എഴുതി” മറ്റുള്ളവരോടു പറഞ്ഞ അതേകാര്യം തന്നെ കര്‍ത്താവ് അവനോടും പറയും: ”പാപത്തില്‍ ജീവിച്ചവനെ നീ എന്നെ വിട്ടുപോകുക.” ശലോമോന്റെ ജീവിതം നമുക്കെല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ. പൗലൊസ് പറഞ്ഞു: ”ഞാന്‍ മറ്റുള്ളവരോടു പ്രസംഗിച്ച ശേഷവും, ഞാന്‍ തന്നെ ഒടുവില്‍ അയോഗ്യനായി തീര്‍ന്നേക്കാം” (1 കൊരി. 9:27).

വിഭജിക്കപ്പെട്ട രാജ്യം

അധ്യായം 12 മുതല്‍ 1 രാജാക്കന്മാര്‍ അവസാനം വരെ വിഭജിക്കപ്പെട്ട രാജ്യത്തെക്കുറിച്ചു നാം വായിക്കുന്നു. തന്റെ കൊട്ടാരം പണിയുന്നതിനും മറ്റു പല രീതികളില്‍ അവനെ സേവിക്കുന്നതിനും ജനങ്ങളെ കൊണ്ടു കഠിനാധ്വാനം ചെയ്യിച്ച വളരെ ക്രൂരനായ ഒരു രാജാവായിരുന്നു ശലോമോന്‍. അതുകൊണ്ട് അവന്റെ മകന്‍ രെഹബെയാം രാജാവായപ്പോള്‍, ജനങ്ങളില്‍ ചിലര്‍ അവന്റെ അടുക്കല്‍ വന്ന്, ”നിന്റെ അപ്പന്‍ ഞങ്ങളുടെ നുകം കഠിനമാക്കി. ഇപ്പോള്‍ നീ അതു ഞങ്ങള്‍ക്കു ഭാരം കുറച്ചു തരേണം” എന്നു പറഞ്ഞു (12:4). മൂന്നു ദിവസം കഴിഞ്ഞിട്ടു വരുവാന്‍ രാജാവ് അവരോടു പറഞ്ഞു. ആ മൂന്നു ദിവസങ്ങളില്‍ രെഹബെയാം വൃദ്ധന്മാരുമായി ആലോചിച്ചു, അവര്‍ അവനോട് ‘നിന്റെ പ്രജകളോട് ഇപ്പോള്‍ ദയയുള്ളവനായിരുന്നാല്‍, അവര്‍ നിന്നെ സന്തോഷത്തോടെ എന്നേക്കും സേവിക്കും’ എന്നു പറഞ്ഞു. അതിനു ശേഷം അവന്‍ യുവാക്കളോട് അലോചിച്ചു. അവര്‍ അവനോട് ”എന്റെ ചെറുവിരല്‍ എന്റെ അപ്പന്റെ അരയേക്കാള്‍ വണ്ണമുള്ളതായിരിക്കും. എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചെങ്കില്‍, ഞാന്‍ നിങ്ങളെ തേളുകളെ കൊണ്ടു ദണ്ഡിപ്പിക്കും” എന്നു ജനങ്ങളോട് ഉത്തരം പറയണം എന്നു പറഞ്ഞു (12:11). അവനു ശേഷമുള്ള മറ്റ് അനേകം ഭോഷന്മാരെപ്പോലെ അവനും ചെറുപ്പക്കാര്‍ പറഞ്ഞതു കേട്ടു. വൃദ്ധന്മാരെ കേട്ടതുമില്ല. അതിന്റെ ഫലമായി അവന് തന്റെ രാജ്യത്തിന്റെ 85% നഷ്ടമായി. പത്തു ഗോത്രങ്ങള്‍ അവനില്‍ നിന്നു വേര്‍പെട്ടുപോയി. രെഹബെയാം എന്തൊരു വിഡ്ഢി ആയിരുന്നു! ബുദ്ധിശൂന്യമായ ഒരു വാചകം പറഞ്ഞതിനാല്‍ അവന്‍ തന്റെ രാജ്യത്തെ പിളര്‍ന്നു.

യെഹൂദാ ഗോത്രവും ബെന്യാമീന്‍ ഗോത്രവും (തെക്കെ രാജ്യത്തുള്ളവര്‍) മാത്രമാണ് രെഹബെയാമിനോടു കൂറുള്ളവരായിരുന്നത്. യൊരൊബെയാം വടക്കെ ദേശത്തുള്ള, തങ്ങളെത്തന്നെ യിസ്രായേല്‍ എന്നു വിളിക്കുന്ന, മറ്റു പത്തു ഗോത്രങ്ങളുടെ രാജാവായി തീര്‍ന്നു. എന്നാല്‍ തന്റെ പ്രജകള്‍ ഒരു വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം അവരുടെ വര്‍ഷംതോറുമുള്ള ഉത്സവങ്ങളുടെ ആവശ്യത്തിനായി യെരുശലേമിലേക്കു പോയി, തെക്കെ രാജ്യത്തിലെ ആളുകളുമായി കൂടിച്ചേര്‍ന്നാല്‍ തനിക്കു തന്റെ ജനത്തിന്മേലുള്ള സ്വാധീനം നഷ്ടപ്പെട്ടു പോയേക്കും എന്ന് യൊരൊബെയാം ചിന്തിച്ചു. അതുകൊണ്ട് അവര്‍ യെരുശലേമിലേക്കു പോകുന്നതിനെ തടയുവാനും, ജനങ്ങള്‍ക്കു തങ്ങളുടെ ഉത്സവങ്ങള്‍ ആചരിക്കാന്‍ കഴിയേണ്ടതിനുമായി അവന്‍ ശേഖേമില്‍ ഒരു പൂജാഗിരി ക്ഷേത്രം പണിതു. അവന്‍ അവിടെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും എല്ലാവരും വിഗ്രഹാരാധനയില്‍ പങ്കെടുക്കുവാന്‍ ഇടയാകുകയും ചെയ്തു.

അധ്യായം 13: ഇവിടെ യൊരൊബെയാം രാജാവിനു വിരോധമായുള്ള ന്യായവിധിയുടെ ഒരു സന്ദേശം നല്‍കിയ ഒരു യുവ പ്രവാചകനെക്കുറിച്ചു നാം വായിക്കുന്നു. അദ്ദേഹം പോയി അത് വിശ്വസ്തതയോടെ നല്‍കുകയും യഹോവ അവന്റെ പ്രവചനത്തെ അമാനുഷികമായി രാജാവിന് സ്ഥിരീകരിച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ രാജാവ് ആ പ്രവാചകനെ ഒരു ഭക്ഷണത്തിനും ഒരു സമ്മാനത്തിനുമായി തന്റെ വീട്ടിലേക്കു ക്ഷണിച്ചു. എന്നാല്‍ നേരത്തെ തന്നെ ദൈവം അവനോട് തിരികെ സ്വന്തം ഭവനത്തില്‍ എത്തുന്നതുവരെ തിന്നുകയോ കുടിക്കുകയോ ചെയ്യരുതെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ആ യുവ പ്രവാചകന്‍ യഹോവയുടെ കല്പനകളോടു വിശ്വസ്തനായിരുന്നു. അവന്‍ രാജാവിനോടു പറഞ്ഞത് രാജാവ് രാജ്യത്തിന്റെ പകുതി തന്നാലും അവന്‍ രാജാവിന്റെ കൂടെ അരമനയിലേക്കു ചെല്ലുകയില്ല എന്നാണ്. അവന്‍ എന്തൊരു വിശ്വസ്തനായിരുന്നു- അവന്‍ അങ്ങനെ തന്നെ തുടര്‍ന്നിരുന്നെങ്കില്‍!

എന്നാല്‍ അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചു കേട്ട വൃദ്ധനായ ഒരു പ്രവാചകന്‍ ആ മേഖലയില്‍, ജീവിക്കുന്നുണ്ടായിരുന്നു. രാജാവിന് ഈ ശക്തമായ സന്ദേശം നല്‍കുവാന്‍ ദൈവം ഒരു ചെറുപ്പക്കാരനെ തിരഞ്ഞെടുത്തതില്‍ അയാള്‍ അസ്വസ്ഥനായി. അവന്‍ അസൂയാലുവും ആയിരുന്നു. അവന്‍ നേരെ പോയി ആ യുവ പ്രവാചകനെ കണ്ടു. എന്നിട്ട് അവനോട് ഒരു കള്ളം പറഞ്ഞത്, ആ യുവ പ്രവാചകനെ ഒരു നേരത്തെ ഭക്ഷണത്തിനായി ക്ഷണിക്കുവാന്‍ ”യഹോവ എന്നോടു പറഞ്ഞിട്ടുണ്ട്” എന്നാണ്. ആ യുവാവ് ഒരു വിഡ്ഢിയെപ്പോലെ, യഹോവയുടെ യഥാര്‍ത്ഥമായ ആലോചന അനുസരിക്കാതെ, ദൈവം അവനെ അറിയിക്കാതെ അവിടുത്തെ മനസ്സു മാറ്റിയിട്ടുണ്ടെന്നു കരുതി വൃദ്ധനായ പ്രവാചകന്‍ പറഞ്ഞതു കേട്ട് അയാളുടെ കൂടെ പോയി ഭക്ഷണം കഴിച്ചു!! അവന്റെ അനുസരണക്കേടിന് യഹോവയാല്‍ ശിക്ഷിക്കപ്പെട്ടു. അവന്‍ തുടര്‍ന്ന് ഒരു സിംഹത്താല്‍ കൊല്ലപ്പെട്ടു.

ഇതില്‍നിന്ന് നാം നമുക്കുവേണ്ടി എടുക്കേണ്ട പാഠം എന്താണ്? ഇന്ന് അനേകം വിരമിച്ച ”പ്രവാചകന്മാര്‍” ഉണ്ട്. അവര്‍ ചെറുപ്പക്കാരായ പ്രവാചകന്മാരോട് അസൂയാലുക്കളായിട്ട്, പലപ്പോഴും അവരെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ചെറുപ്പക്കാരായ പ്രവാചകന്മാര്‍ ഇത്തരം വിരമിച്ച പിന്മാറ്റത്തിലായ ”പ്രവാചകന്മാരെ” സൂക്ഷിക്കണം. ”നിന്നോട് ഇതു പറയുവാന്‍ യഹോവ എന്നോടു പറഞ്ഞു” എന്നു പറയുന്ന ഏതൊരാളെയും ശ്രദ്ധിച്ചുകൊള്ളണം. അവരെ വിശ്വസിക്കരുത്. ദൈവത്തിനു നിന്നോട് ഒരു വാക്കു പറയണമെങ്കില്‍, അവിടുന്ന് നേരിട്ട് നിന്നോടു പറയും- കാരണം അവിടുന്ന് നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനെ തന്നിരിക്കുന്നു. പഴയ ഉടമ്പടിയുടെ കാലത്തെ പോലെ അല്ല.

ഏലിയാവും തന്റെ ശുശ്രൂഷയും

അധ്യായം 17-ല്‍ നാം ഏലിയാവിനെക്കുറിച്ചു വായിക്കുന്നു. ഏലിയാവിനെക്കുറിച്ചു നിങ്ങള്‍ ശ്രദ്ധിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നാമത്തെ കാര്യം ആഹാബ് രാജാവിനോടുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ്. ”ഞാന്‍ സേവിച്ചു നില്‍ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ ജീവിക്കുന്നു” (17:1). ഈ യഥാര്‍ത്ഥ പ്രവാചകന്മാര്‍ ഒരേ ഒരു കാരണത്താല്‍ രാജാക്കന്മാരെ ഭയപ്പെട്ടില്ല- അവര്‍ യഹോവയുടെ മുമ്പാകെയാണു നിന്നത്. ദൈവത്തിന്റെ മുമ്പില്‍ രാജാക്കന്മാര്‍ക്കു കേവലം പൊടിയുടെ കനം ആയിരുന്നു. അത്തരം പ്രവാചകന്മാരാകാന്‍ കഴിവുള്ള ചെറുപ്പക്കാരാണ് ഇന്ത്യയടെ വലിയ ആവശ്യം. വേദപുസ്തക പരിജ്ഞാനം പ്രാധാന്യമുള്ളതാണ്. എന്നാല്‍ അതിനേക്കാള്‍ അധികം പ്രാധാന്യമുള്ളത് ഇതാണ്: നിങ്ങള്‍ ദൈവത്തിന്റെ മുമ്പാകെ ജീവിക്കണം. ദൈവത്തിന്റെ മുമ്പാകെ ജീവിക്കുവാന്‍ നിങ്ങള്‍ നിങ്ങളുടെ മനഃസാക്ഷിയെ 100% ശുദ്ധമായി സൂക്ഷിക്കണം -99%അല്ല 100%. നിങ്ങളെ തന്നെ പൂര്‍ണ്ണമായി താഴ്ത്തുകയും വേണം. എല്ലാ സമയത്തും നിങ്ങളുടെ മുഖം പൊടിയില്‍ താഴ്ത്തുക. അങ്ങനെയാണ് ഏലിയാവ് ജീവിച്ചത്.

ദൈവത്തിന് അതുപോലെയുള്ള ഒരു യുവാവിനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, ഞാന്‍ പ്രതീക്ഷിക്കുന്നത് അവിടുന്ന് ദൈവത്തിന്റെ മുമ്പാകെ ജീവിക്കുന്ന ചില യുവസഹോദരിമാരെ കണ്ടെത്തി ഇന്ത്യയില്‍ അവിടുത്തെ ശബ്ദമായി ഇരിക്കുമാറാക്കും. നിങ്ങള്‍ ഒരു പ്രസംഗപീഠത്തില്‍ കയറി നില്‍ക്കുകയില്ലായിരിക്കാം, എന്നാല്‍ നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആളുകളെ സ്വാധീനിക്കുവാന്‍ കഴിയും. അവിടുത്തെ മുമ്പാകെ ജീവിക്കുന്ന അനേകം സഹോദരീ സഹോദരന്മാരെ ദൈവത്തിനാവശ്യമുണ്ട്.

ദൈവം പറഞ്ഞ ഓരോ ചെറിയ കാര്യത്തോടും അനുസരണമുള്ള ഒരു പുരുഷനായിരുന്നു ഏലിയാവ്. ഒരുനാള്‍ ദൈവം അദ്ദേഹത്തോട് കെരീത്തു തോട്ടിന്നരികെ ചെന്ന് ഒളിച്ചിരിക്ക എന്നു പറഞ്ഞു- ഉടനെ തന്നെ അദ്ദേഹം പോയി (17:3). അവിടെ കാക്കകള്‍ അദ്ദേഹത്തിന് അപ്പവും ഇറച്ചിയും കൊണ്ടുകൊടുക്കുകയും, ആ തോട്ടില്‍ നിന്നു താന്‍ കുടിക്കുകയും ചെയ്തു (വാക്യം 6). എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒരു കാക്ക അദ്ദേഹത്തിന് അപ്പവും ഇറച്ചിയും കൊണ്ടു വന്നു കൊടുത്തു. കാക്കകള്‍ അദ്ദേഹത്തിനു പച്ചക്കറികള്‍ കൊണ്ടു കൊടുത്തിരുന്നെങ്കില്‍, അതു തന്നെ ഒരു അത്ഭുതം ആകുമായിരുന്നു. എന്നാല്‍ കാക്ക, ഇറച്ചി (അതിന് ഇഷ്ടമുള്ളത്) കൊണ്ടുവരുന്നത് ഒരു വലിയ അത്ഭുതം ആണ്. അങ്ങനെയാണ് ദൈവം ഏലിയാവിനു വേണ്ടി കരുതിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏലിയാവ് യഹോവയില്‍ ആശ്രയിക്കാതെ കാക്കകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കാം

അനേകം കര്‍ത്താവിന്റെ ദാസന്മാര്‍ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കു കര്‍ത്താവില്‍ ആശ്രയിച്ചുകൊണ്ടു തുടങ്ങി. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, പിന്നീട് അവര്‍ കര്‍ത്താവില്‍ അല്ല ആശ്രയിക്കുന്നത്, ചില കാക്കകളിലാണ്- അവര്‍ക്കു ക്രമമായി സഹായം അയച്ചു കൊടുക്കുന്ന മനുഷ്യരില്‍! അതുകൊണ്ട് തോടു വറ്റിപ്പോകയും കാക്കളുടെ വരവ് കര്‍ത്താവു നിര്‍ത്തിക്കളയുകയും ചെയ്തു. ഏലിയാവ് ഒരിക്കല്‍ക്കൂടി യഹോവയില്‍ മാത്രം ആശ്രയിക്കുവാന്‍ പഠിക്കേണ്ടതിന് അവന് തോട്ടിലും, കാക്കകളിലുമുള്ള ആശ്രയം ഇളക്കിക്കളയുവാന്‍ ദൈവം ആഗ്രഹിച്ചു. കാക്കകളുടെ വരവു നില്‍ക്കുമ്പോള്‍ ദൈവത്തിനു സ്‌തോത്രം ചെയ്യുക- വാഗ്ദാനം ചെയ്യപ്പെട്ട സഹായം വരാതിരിക്കുമ്പോള്‍. അപ്പോള്‍ വീണ്ടും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ യഹോവയില്‍ ആശ്രയിക്കാന്‍ പഠിക്കും. അങ്ങനെയുള്ള അനുഭവങ്ങളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. കാക്കകളില്‍ നിന്ന് ”പര്‍വ്വതങ്ങളിലെ ആയിരമായിരം കന്നുകാലികളും എനിക്കുള്ളത്” (സങ്കീ. 50:10) എന്നും ”ക്രിസ്തുയേശുവില്‍ തന്റെ മഹിമാധനത്തിനൊത്തവണ്ണം എല്ലാ ബുദ്ധി മുട്ടുകളും തീര്‍ത്തു തരും” (ഫലി. 4:19) എന്നും പറഞ്ഞവനിലേക്ക് എന്റെ കണ്ണുകളെ തിരിച്ച സമയങ്ങള്‍ക്കായി ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.

പിന്നീട് യഹോവ തന്റെ പ്രവര്‍ത്തന രീതി ഒന്നു മാറ്റിയിട്ട് ഏലിയാവിനോട് സരേഫാത്തിലേക്കു പോകുവാന്‍ കല്പിച്ചു. സരേഫാത്ത് യിസ്രായേലിനു പുറത്തായിരുന്നു. അവിടെയുള്ള ഏതെങ്കിലും ധനികനായ വ്യാപാരി അദ്ദേഹത്തിന്റെ കാര്യം നോക്കിക്കൊള്ളും എന്ന് ഏലിയാവ് ചിന്തിച്ചുകാണും. എന്നാല്‍ അദ്ദേഹം സരേഫാത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍, അവിടെ താന്‍ കണ്ടെത്തിയത് ധനികനായ വ്യാപാരിയെ അല്ല, തന്റെ അവസാനത്തെ ഭക്ഷണം കഴിക്കാനിരിക്കുന്ന ഒരു വിധവയെയാണ്! അപ്പോള്‍ യഹോവ ഏലിയാവിനോട് പറഞ്ഞു: ”അവള്‍ നിന്റെ ആവശ്യങ്ങള്‍ നടത്തിത്തരും!” ദൈവത്തിന്റെ വഴികള്‍ സത്യമായും ആശ്ചര്യകരമാണ്. ദൈവം അങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നത് അവിടുന്ന് തീക്ഷ്ണതയുള്ളവനായ ഒരു ദൈവമായതുകൊണ്ടാണ്. നാം കാക്കകളിലോ ധനികരായ വ്യാപാരികളിലോ ആശ്രയിക്കാതെ തന്നില്‍മാത്രം ആശ്രയിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങളെ സഹായിക്കാന്‍ കഴിവുള്ളവനെന്ന് നിങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത, ബലഹീനനായ, ഒരുവനെ അവിടുന്ന് ഉപയോഗിക്കും. അയാളെ ഉപയോഗിക്കുന്നത് തന്റെ സന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനാണ് (1 കൊരി. 1:29).

ആ വിധവ ഇപ്രകാരം പറഞ്ഞു: ”ഞങ്ങള്‍ ഞങ്ങളുടെ അവസാനത്തെ ഭക്ഷണം കഴിച്ചിട്ടു മരിക്കാനിരിക്കുകയാണ്” (17:12). ഏലിയാവ് അവളോട്, ”ഭയപ്പെടേണ്ട. ആദ്യം എനിക്ക് ചെറിയ ഒരു അട ഉണ്ടാക്കി തരിക. യഹോവ ഭൂമിയില്‍ മഴ പെയ്യിക്കുന്ന നാള്‍വരെ നിന്റെ കലത്തിലെ മാവു തീര്‍ന്നു പോകുകയില്ല. നിന്റെ ഭരണിയിലെ എണ്ണ കുറഞ്ഞു പോകുകയും ഇല്ല” (17:13,14). അതുപോലെ തന്നെ കലത്തിലെ മാവ് തീര്‍ന്നു പോയില്ല. ഭരണിയിലെ എണ്ണ കുറഞ്ഞു പോയതുമില്ല.

ദരിദ്രരായ ആളുകളെ, തങ്ങള്‍ക്കു പണം നല്‍കുവാന്‍ പഠിപ്പിക്കേണ്ടതിന് ഈ സംഭവം ഉപയോഗിക്കുന്ന അനേകം പ്രസംഗകര്‍ ഉണ്ട്. എന്നാല്‍ അത് ഈ സംഭവത്തെക്കുറിച്ചുള്ള തീര്‍ത്തും തെറ്റായ ഒരു വ്യാഖ്യാനമാണ്. ഒന്നാമതായി ഇന്നത്തെ മിക്ക പ്രസംഗകരും ഏലിയാവിനെ പോലെയുള്ള പ്രവാചകന്മാരല്ല. രണ്ടാമത്, ഇന്നത്തെ മിക്ക പ്രസംഗകരും പണസ്‌നേഹികളാണ്. ഏലിയാവിനെ പ്പോലെ അല്ല. ഈ രണ്ടു വസ്തുതകള്‍ തന്നെ ഏലിയാവിനെ, സാധുക്കളെ ചൂഷണം ചെയ്യുന്ന ഇന്നത്തെ പ്രസംഗകരുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ശ്രേണിയില്‍ ആക്കുന്നു. തന്നെയുമല്ല, ക്ഷാമത്തിന്റെ സമയത്ത് അതിജീവിക്കാന്‍ വേണ്ടി കഷ്ടിച്ച് ഒരു നേരത്തേക്കുള്ള ഭക്ഷണമാണ് ഏലിയാവ് വിധവയോടു ചോദിച്ചത്. ആ വിധവയും മകനും കഴിച്ച അതേ ഭക്ഷണം തന്നെയാണ് അദ്ദേഹവും കഴിച്ചത്. തങ്ങള്‍ക്ക് അതിജീവനത്തിനു വേണ്ട പണമല്ല ഇന്നത്തെ പ്രസംഗകര്‍ ചോദിക്കുന്നത്. മറിച്ച് അവരുടെ പ്രൗഢമായ ജീവിതശൈലിയെ പിന്‍താങ്ങേണ്ടതിനാണ്. ഒടുവിലായി, ഏലിയാവ് ഒരു നേരത്തെ ആഹാരം ആ വിധവയുടെ പക്കല്‍ നിന്നു കഴിച്ച ശേഷം അവള്‍ക്കും അവളുടെ മകനും അനേകം മാസങ്ങളിലേക്കു വേണ്ട ഭക്ഷണം അദ്ദേഹം നല്‍കി- ക്ഷാമം അവസാനിക്കുന്നതു വരെ. അങ്ങനെ അവള്‍ പ്രവാചകനു കൊടുത്ത ഭക്ഷണത്തിന്റെ നൂറു മടങ്ങ് അവള്‍ക്കു ലഭിച്ചു. ഇന്നത്തെ ഏതു പ്രസംഗകനാണ് അതു ചെയ്യുന്നത്? ഇന്നു നമുക്കു ചുറ്റും വ്യാജ പ്രവാചകന്മാരുടെ ഒരു വലിയ കൂട്ടമുണ്ട്. നിര്‍ഭാഗ്യവശാല്‍, ദൈവജനത്തില്‍ മിക്കപേര്‍ക്കും ഒരു യഥാര്‍ത്ഥ പ്രവാചകനെയും വ്യാജപ്രവാചകനെയും തമ്മില്‍ തിരിച്ചറിയുന്നത് എങ്ങനെയെന്ന് അറിയാത്തതുകൊണ്ട് അവര്‍ വഞ്ചിക്കപ്പെടുന്നു.

അധ്യായം 18-ല്‍, നാം ഓബദ്യാവ് എന്നു വിളിക്കപ്പെടുന്ന ഒരുവനെക്കുറിച്ചു വായിക്കുന്നു. അവന്‍ ആഹാബിന്റെ കൊട്ടാരത്തിലെ ഗൃഹവിചാരകനായിരുന്നു. അവനെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു: ”അവന്‍ യഹോവയിങ്കല്‍ മഹാ ഭക്തനായിരുന്നു” (വാക്യം 3). അയാള്‍ ഒരു മതഭക്തനായിരുന്നു എന്നു മാത്രമേ അത് അര്‍ത്ഥമാക്കുന്നുള്ളു. 2 രാജാക്കന്മാര്‍ 17:33-ല്‍ മറ്റുള്ളവരെക്കുറിച്ച് ”അവര്‍ യഹോവയെ ഭയപ്പെടുകയും തങ്ങളുടെ സ്വന്ത ദേവന്മാരെ സേവിക്കുകയും ചെയ്തു” എന്ന് എഴുതിയിരിക്കുന്നു.

ഒരുവന്‍ സത്യമായി യഹോവയെ ഭയപ്പെടുകയും ദുഷ്ടനും വിഗ്രഹാരാധിയുമായ ഒരു രാജാവിന്റെ കൊട്ടാരത്തിലെ ഗൃഹവിചാരകനായി ജീവിക്കുകയും ചെയ്യുവാന്‍ എങ്ങനെ കഴിയും എന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഓബദ്യാവ് പ്രകടമായി തനിക്കു തന്നെ മതഭക്തിയോടൊപ്പം സുഖകരമായ ഒരു ജീവിതം അന്വേഷിക്കുകയായിരുന്നു. അവിടെ അതുപോലെ അനേകം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ശിഷ്യത്വത്തിന്റെ വിലകൊടുക്കുവാന്‍ ആഗ്രഹമില്ലായിരുന്നു. അരിമത്യയിലെ ജോസഫ് അപ്രകാരമുള്ള ഒരു മനുഷ്യന്‍ ആയിരുന്നു. അവന്‍ യെഹൂദന്മാരുടെ സെന്നദ്രിം സംഘം വിട്ട് യേശുവിന്റെ നിന്ദിക്കപ്പെട്ട ഒരു ശിഷ്യനായിരിക്കുവാന്‍ ആഗ്രഹിച്ചില്ല. യേശു, മശിഹായാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അയാള്‍, അവിടുത്തെ രഹസ്യമായി പിന്‍ഗമിക്കുവാന്‍ ആഗ്രഹിച്ചു. കാരണം അയാള്‍ മനുഷ്യന്റെ മാനം അന്വേഷിച്ചു. അത്തരത്തിലുള്ള വിശ്വാസികള്‍ക്ക് ഒരിക്കലും അപ്പൊസ്തലന്മാരാകാന്‍ കഴിയുകയില്ല. യേശുവിന്റെ ശരീരം ക്രൂശില്‍ നിന്ന് താഴെ ഇറക്കേണ്ടി വന്നപ്പോള്‍, പീലാത്തോസിന്റെ കൊട്ടാരത്തിലെ ജോസഫിന്റെ സ്വാധീനം പ്രയോജനപ്പെട്ടു. ഇതുപോലെ ഓബദ്യാവും യഹോവയുടെ പ്രവാചകന്മാരില്‍ ചിലര്‍ക്കു സഹായകനായിരുന്നു.

പിന്നീട് നാം ഏലിയാവ് യിസ്രായേലിനു നല്‍കുന്ന വെല്ലുവിളിയെക്കുറിച്ചു വായിക്കുന്നു. ഏലിയാവ് ആഹാബിനോടു പറഞ്ഞു: ”എല്ലാവരെയും കര്‍മ്മേല്‍ പര്‍വ്വതത്തിലേക്കു വിളിച്ചു വരുത്തുക” (വാ.19). ആഹാബ്, രാജാവായിരുന്നെങ്കിലും, അയാള്‍ ഏലിയാവിനെ ഭയപ്പെട്ടു. അതുകൊണ്ട് തന്നോട് പറഞ്ഞ കാര്യം അയാള്‍ ചെയ്ത് യിസ്രായേല്യരെ കര്‍മ്മേല്‍ പര്‍വ്വതത്തിലേക്കു വിളിച്ചു വരുത്തി. അപ്പോള്‍ ഏലിയാവ് ബാലിന്റെ 450 പ്രവാചകന്മാരോട് ഇപ്രകാരം പറഞ്ഞു: ”നാം ഇരുകൂട്ടരും ഓരോ കാളയെ തിരഞ്ഞെടുത്ത് ഒരു യാഗപീഠം ഉണ്ടാക്കി തീയിടാതെ അതിന്മേല്‍ വയ്ക്കാം. അതിനു ശേഷം നിങ്ങള്‍ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിച്ച് അവനോട് തീ അയയ്ക്കാന്‍ ചോദിക്കുക. ഞാന്‍ എന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കും. തീ കൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നെ സത്യദൈവം ആയിരിക്കട്ടെ.” ”അതു നല്ല വാക്ക് നമുക്ക് അങ്ങനെ ചെയ്യാം” എന്നു ജനമെല്ലാം പറഞ്ഞു (18:23,24).

അപ്പോള്‍ ബാലിന്റെ പ്രവാചകന്മാര്‍ കാളയെ യാഗപീഠത്തില്‍ വച്ചിട്ട് അവര്‍ തുള്ളിച്ചാടുവാനും ഉച്ചത്തില്‍ വിളിക്കുവാനും ആക്രോശിക്കുവാനും തുടങ്ങി. ഒന്നും സംഭവിച്ചില്ല. തുള്ളിച്ചാടുകയും ഉച്ചത്തില്‍ വിളിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന അനേകം ‘ക്രിസ്ത്യാനികള്‍’ ഈ ബാലിന്റെ ആരാധകരെപ്പോലെ ജഡികരും രക്ഷിക്കപ്പെടാത്തവരും ആണെന്നുള്ളത് ശ്രദ്ധിക്കുന്നത് നല്ലതാണ്! ”ഉറക്കെ വിളിപ്പിന്‍. ഒരുപക്ഷേ അവന്‍ ഉറങ്ങുകയായിരിക്കും. അവനെ ഉണര്‍ത്തേണം. അല്ലെങ്കില്‍ പക്ഷേ അവന്‍ വെളിക്കു പോയിരിക്കയാകുന്നു!” (18:27) എന്നു പറഞ്ഞ് ഏലിയാവ് അവരെ പരിഹസിച്ചു. അവര്‍ എന്നിട്ട് 6 മണിക്കൂറോളം ഉറക്കെ നിലവിളിക്കുകയും അവരെത്തന്നെ മുറിവേല്‍പ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

എത്ര മണിക്കൂറുകള്‍ അവര്‍ പ്രാര്‍ത്ഥിച്ചു! ചില സമയങ്ങളില്‍ നല്ല മനഃസാക്ഷി ഇല്ലാത്ത ക്രിസ്ത്യാനികള്‍ ഉച്ചത്തില്‍ ഹല്ലേലുയ്യാകള്‍ പറയുന്നത്, തമ്മില്‍ കണ്ടാല്‍ സംസാരിക്കാത്ത സഹോദരന്മാര്‍ ഒരേ യോഗത്തില്‍ നിന്നുകൊണ്ട് വലിയ ശബ്ദത്തില്‍ ഒന്നിച്ചു ദൈവത്തെ സ്തുതിക്കുന്നത്, തമ്മില്‍ പോരടിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഞായറാഴ്ച യോഗത്തിനു വന്ന് അന്യഭാഷയില്‍ സംസാരിക്കുന്നത് മുതലായവ കാണുമ്പോള്‍ ഞാന്‍ ഈ ബാലിന്റെ ആരാധകരെക്കുറിച്ചു ചിന്തിക്കാറുണ്ട്. പല ക്രിസ്തീയ യോഗങ്ങളിലും ധാരാളം ശബ്ദം ഉണ്ട്. എന്നാല്‍ തീ ഇല്ല. നിങ്ങള്‍ക്ക് 6 മണിക്കൂറുകളോളം ഉറക്കെ ശബ്ദമുണ്ടാക്കാന്‍ കഴിയും, അല്ലെങ്കില്‍ ഒരു മുഴുരാത്രി പ്രാര്‍ത്ഥനപോലും നടത്താന്‍ കഴിയും. എന്നാല്‍ ഒന്നും സംഭവിക്കുകയില്ല. കാരണം ദൈവം നോക്കുന്നത് ഒരു നല്ല മനഃസാക്ഷിക്കു വേണ്ടിയാണ്. ഞാന്‍ എപ്പോഴും ക്രിസ്ത്യാനികളോടു പറയുന്നത്, ”നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ്, ദൈവം ടെലിഫോണ്‍ എടുത്ത് കേള്‍ക്കുന്നു എന്ന് ഉറപ്പു വരുത്തുക. നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ പാപം ഉണ്ടെങ്കില്‍ ദൈവം നിങ്ങളെ കേള്‍ക്കുകയില്ല” (സങ്കീ. 66:18).

പിന്നീട് ഏലിയാവിന്റെ ഊഴമായിരുന്നു. അദ്ദേഹം 12 കല്ലുകള്‍ എടുത്ത് ഒരു യാഗപീഠം ഉണ്ടാക്കി. ഇപ്പോള്‍ യിസ്രായേല്‍ ജനം വിഭജിക്കപ്പെട്ടിരിക്കുകയാണ് എന്നത് ഓര്‍ക്കുക- 10 ഗോത്രങ്ങള്‍ ഒരു രാഷ്ട്രത്തിലും 2 എണ്ണം മറ്റേതിലും. എന്നാല്‍ ഏലിയാവ് രാഷ്ട്രങ്ങളിലോ സമുദായങ്ങളിലോ വിശ്വസിച്ചിരുന്നില്ല – അതുകൊണ്ട് അദ്ദേഹം 12 കല്ലുകള്‍ എടുത്തു. അദ്ദേഹം ദൈവജനത്തിന്റെ ഐക്യത്തില്‍ വിശ്വസിച്ചു. അവിടെ ഉണ്ടായിരുന്ന ചിലര്‍ ബെന്യാമിന്‍ ഗോത്രത്തെയും യെഹൂദാ ഗോത്രത്തെയും കൂടെ ഉള്‍പ്പെടുത്തുന്നതില്‍ അസ്വസ്ഥരായിട്ടുണ്ടാകും. എന്നാല്‍ ഏലിയാവ് അവരുടെ അഭിപ്രായത്തിനു ശ്രദ്ധ കൊടുത്തില്ല.

തന്റെ യാഗപീഠത്തിനു താഴെ രഹസ്യമായ തീ ഉണ്ടായിരുന്നില്ല എന്നു തെളിയിക്കുവാന്‍ 12 തൊട്ടി വെള്ളം യാഗപീഠത്തിന്മേല്‍ ഒഴിക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനുശേഷം അദ്ദേഹം പ്രാര്‍ത്ഥിച്ചു- ഒരു മിനിറ്റിനെക്കാള്‍ കുറഞ്ഞ സമയം. ”ഓ യഹോവേ, അവിടുന്നു ദൈവമെന്നും ഞാന്‍ അവിടുത്തെ ദാസനെന്നും ഇന്നു വെളിപ്പെട്ടു വരട്ടെ” (18:36). തീ ഇറങ്ങുകയും ജനമെല്ലാം കവിണ്ണു വീണ് ‘യഹോവ തന്നെ സത്യദൈവം’ എന്ന് ഏറ്റു പറയുകയും ചെയ്തു. ഇപ്പോള്‍ എല്ലാ യിസ്രായേലും അദ്ദേഹത്തിന്റെ പക്ഷത്തായി. അവരുമായി ചേര്‍ന്ന് ഏലിയാവ് ബാലിന്റെ 450 പ്രവാചകന്മാരെ പിടിച്ച് അവരെ എല്ലാവരെയും കൊന്നു കളഞ്ഞു.

ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസനെ തിരിച്ചറിയുന്നതിനുള്ള ഒരേ ഒരു അടയാളം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങുന്ന തീ ആണ്. ഇതാണ് ദൈവജനത്തെ അവിടുത്തെ അടുക്കലേക്കു തിരിച്ചുകൊണ്ടുവരുന്നതിന് ഇന്നും നമുക്കാവശ്യമുള്ള കാര്യം.

ജനങ്ങള്‍ മാനസാന്തരപ്പെട്ടതുകൊണ്ട്, ഏലിയാവ് ആഹാബിനോട് ‘മഴയുടെ മുഴക്കം ഉണ്ട്’ എന്നു പറഞ്ഞു. മൂന്നര വര്‍ഷങ്ങളായി അവിടെ മഴ ഇല്ലായിരുന്നു. അപ്പോള്‍ ഏലിയാവ് പര്‍വ്വതത്തിന്റെ മുകളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അദ്ദേഹം നിലത്തു കുനിഞ്ഞ് മുഖം തന്റെ മുഴങ്കാലുകളുടെ ഇടയില്‍ വച്ച് പ്രാര്‍ത്ഥിച്ചു (വാ. 42). മഴ വരുന്നുണ്ടോ എന്നു നോക്കാന്‍ അദ്ദേഹം തന്റെ ബാല്യക്കാരനെ അയച്ചു. അവിടെ ഒന്നും ഇല്ലായിരുന്നു. വീണ്ടും വീണ്ടും അദ്ദേഹം തന്റെ ബാല്യക്കാരനെ അയച്ചു- ഏഴു പ്രാവശ്യം. ഒടുവില്‍ ഒരു മേഘം ഉണ്ടായി. ഇവിടെ ഏലിയാവിന്റെ പ്രാര്‍ത്ഥനയിലുള്ള സ്ഥിരത നാം കാണുന്നു. ”ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യന്‍ ആയിരുന്നു. മഴ പെയ്യാതിരിക്കേണ്ടതിന് അവന്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു. മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്തു നിന്നു മഴ പെയ്തു” (യാക്കോബ് 5:17,18). നേരത്തെ വരള്‍ച്ച ഉണ്ടായതും ഏലിയാവിന്റെ സ്ഥിരമായ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു. ഇപ്പോള്‍ മഴ പെയ്തതും അദ്ദേഹത്തിന്റെ സ്ഥിരമായ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയിലുള്ള സ്ഥിരതയുടെ മാതൃക നമുക്കെല്ലാവര്‍ക്കും ഒരു വെല്ലുവിളിയാണ്. പലപ്പോഴും, നമുക്കുണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിച്ചിരിക്കുന്നതൊന്നും നാം പ്രാപിച്ചിട്ടില്ല. കാരണം നാം വളരെ പെട്ടെന്ന് പ്രാര്‍ത്ഥിക്കുന്ന കാര്യം വിട്ടു കളഞ്ഞു.

പിന്നെ അദ്ദേഹം പ്രാര്‍ത്ഥനയില്‍ നിന്ന് എഴുന്നേറ്റ്, ദൈവത്തിന്റെ അമാനുഷിക ശക്തിയില്‍, ആഹാബിന്റെ രഥത്തിനു മുമ്പായി യിസ്രായേലിലേക്ക് 6 മൈലുകള്‍ ഓടി- കുതിരകളെ മറികടന്ന് (വാക്യം 46).

അവളുടെ എല്ലാ കള്ളപ്രവാചകന്മാരും കൊല്ലപ്പെട്ട വിവരം കേട്ടപ്പോള്‍, ഈസേബെലിനു കോപമുണ്ടായിട്ട് അടുത്തതായി ഏലിയാവിനെ അവള്‍ കൊല്ലുമെന്ന് അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു. രാജാവിനെയോ, 450 വ്യാജപ്രവാചകന്മാരെയോ, അല്ലെങ്കില്‍ രാഷ്ട്രത്തെ മുഴുവനെയോ ഭയപ്പെടാതിരുന്ന ശക്തനായ പ്രവാചകന്‍, ഇപ്പോള്‍ ഒരു സ്ത്രീയുടെ ഭീഷണിയില്‍ ഭയപ്പെട്ട് പതുങ്ങിക്കിടന്നു. അദ്ദേഹം എത്രമാത്രം നമ്മെപ്പോലെ ആയിരുന്നു.!

വേദപുസ്തകം അതിലെ മഹാന്മാരുടെ ബലഹീനതകളെയും പരാജയങ്ങളെയും കുറിച്ച് സത്യസന്ധമായി പറയുന്നതു നല്ലതല്ലേ? ഞാന്‍ അതിനായി ദൈവത്തെ സ്തുതിക്കുന്നു. ദൈവം തന്നെ സേവിക്കുന്നതിന് അതിമാനുഷനെ അല്ല എടുക്കുന്നത്. എന്നാല്‍ സാധാരണ മനുഷ്യനെയാണ്.

ഏലിയാവ് മൂന്നര വര്‍ഷത്തെ ക്ഷാമത്തിലൂടെ ജീവിച്ചു. ഇപ്പോള്‍ ക്ഷീണിതനു മാണ്. ഇതെല്ലാം അദ്ദേഹത്തെ വളരെ നിരുത്സാഹപ്പെടുത്തിയിരിക്കണം. അദ്ദേഹം യിസ്രായേലില്‍ നിന്ന് പര്‍വ്വതങ്ങളിലേക്ക് ഓടിപ്പോയി ഒരു ചൂരച്ചെടിയുടെ കീഴില്‍ കിടന്നു (19:5). സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ ഇറങ്ങി വന്നു. ദൂതന്‍ ഏലിയാവിന് ഒരു പ്രബോധനം അല്ല നല്കിയത്. മറിച്ച് കുറച്ചു ഭക്ഷണം. അദ്ദേഹം വീണ്ടും ഉറങ്ങി ഉണര്‍ന്നു. വീണ്ടും ദൂതന്‍ അദ്ദേഹത്തിന് ആഹാരം കൊടുത്തു. അവിടുന്നു നമ്മെ സഹായിക്കുന്ന രീതിയില്‍ വളരെ യാഥാര്‍ത്ഥ്യബോധമുള്ളവനും പ്രായോഗികതയുള്ളവനും ആണ്. പലപ്പോഴും, നിരുത്സാഹിതനായ ഒരുവന് ആവശ്യം അല്പം ഭക്ഷണവും ഉറക്കവുമാണ്. അനേകം പ്രസംഗങ്ങളെക്കാള്‍ ഒരു ചെറിയ പ്രോത്സാഹനത്തിനും അല്പ ഭക്ഷണത്തിനും ഒരു ചെറിയ സമ്മാനത്തിനും ആളുകളെ ഉത്സാഹിപ്പിക്കുവാന്‍ കഴിയും. മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയേണ്ടതിന് നമുക്ക് വിവേകം ആവശ്യമാണ്.

എങ്ങനെ ആയാലും ഏലിയാവ് പഴയ ഉടമ്പടിക്ക് കീഴിലായിരുന്നു. അദ്ദേഹത്തിന്റെ നിരുത്സാഹം നമുക്ക് ആശ്വസിക്കാനുള്ള ഒരു മാതൃക അല്ല. ഇന്ന് നാം ഓട്ടം ഓടുന്നത്, എലിയാവിനെ നോക്കിക്കൊണ്ടല്ല. എന്നാല്‍ ഒരിക്കലും നിരുത്സാഹപ്പെട്ടിട്ടില്ലാത്ത യേശുവിനെ നോക്കിക്കൊണ്ടാണ്. നാം ഒരിക്കലും ഒരു സമയത്തും നിരുത്സാഹപ്പെടേണ്ടതില്ല. അതെല്ലാം നാം ആരെ പിന്‍ഗമിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.

ദൈവത്തിനു വേണ്ടി നില്‍ക്കാന്‍ യിസ്രായേലില്‍ താന്‍ മാത്രമാണ് ശേഷിച്ചിരിക്കുന്നത് എന്ന് കരുതിയ ഏലിയാവ് തന്റെ ജീവന്‍ എടുക്കുവാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു (19:10,4). എന്നാല്‍ അദ്ദേഹത്തെ കൂടാതെ മറ്റു പലരും യിസ്രായേലില്‍ ഉണ്ട് എന്നു യഹോവ അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. വാസ്തവത്തില്‍, അദ്ദേഹത്തിനു ശേഷം പ്രവാചകനാകാന്‍ ഒരാളിനെ നേരത്തെ തന്നെ യഹോവ ഒരുക്കിയിട്ടുണ്ടായിരുന്നു. ഏലിയാവില്‍ നിന്ന് ചുമതല ഏല്‍ക്കാന്‍ എലീശയെ അഭിഷേകം ചെയ്യേണ്ടിയിരുന്നത് ഏലിയാവ് ആയിരുന്നു (19:16). ബാലിനു മുട്ടു മടക്കാത്ത 7000 പേര്‍ അവിടെ ഉണ്ടെന്നു കൂടി യഹോവ ഏലിയാവോട് പറഞ്ഞു (19:18). അങ്ങനെ ആ രാജ്യത്തില്‍ ദൈവത്തിന് ഒരു ശേഷിപ്പ് ഉണ്ടായി.

ആ 7000 പേര്‍ക്കും ഏലിയാവിനും തമ്മില്‍ ഏതു വിധത്തിലും ഒരു വലിയ വ്യത്യാസം ഉണ്ട്. അവര്‍ ബാലിനു മുട്ടുമടക്കിയില്ല എന്നതു സത്യമാണ് എന്നാല്‍ അവരില്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ നിന്നു തീ ഇറക്കി രാഷ്ട്രത്തെ യഹോവയിങ്കലേക്കു തിരിക്കുവാന്‍ കഴിഞ്ഞില്ല. ഏലിയാവിനു മാത്രമേ അതിനു കഴിഞ്ഞുള്ളു. ഇതു രണ്ടു തരത്തിലുള്ള വിശ്വാസികളുടെ ഒരു ചിത്രമാണ്. ഒരു കൂട്ടത്തിന്റെ സാക്ഷ്യം നിഷേധാത്മകമായിരുന്നു- അവര്‍ വിഗ്രഹങ്ങളെ ആരാധിച്ചില്ല, അവര്‍ പുക വലിച്ചില്ല, അവര്‍ മദ്യപിച്ചില്ല തുടങ്ങിയവ. മറ്റുള്ള കൂട്ടം ഏലിയാവിനെപ്പോലെ ധനാത്മകമായ സാക്ഷ്യമുള്ളവര്‍. അവര്‍ ദൈവത്തിന്റെ മുമ്പില്‍ നില്ക്കുകയും ദൈവത്തിന്റെ തീയാല്‍ കത്തി എരിയുകയും ചെയ്യുന്നവരാണ്. വിട്ടുവീഴ്ച ചെയ്യാത്ത ഒരു പ്രവാചകന്, അര്‍ദ്ധ മനസ്‌കരായ 7000 വിശ്വാസികളെക്കാള്‍ അധികം കാര്യങ്ങള്‍ ദൈവത്തിനു വേണ്ടി നിര്‍വ്വഹിക്കാന്‍ കഴിയും.

അധ്യായം 19:19-21: ഇവിടെ ഏലിയാവ് എലീശയെ വിളിക്കുന്നതു നാം വായിക്കുന്നു. ഏലിയാവ് എലീശയെ വിളിക്കുമ്പോള്‍ അവന്റെ കാളകളുമായി അവന്‍ വയലില്‍ ആയിരുന്നു.

ഒന്നാമതു ശ്രദ്ധിക്കേണ്ടത്, തങ്ങളുടെ മതേതര ജോലികളില്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരും വിശ്വസ്തരുമായവരെയാണ് ദൈവം എല്ലായ്‌പോഴും വിളിക്കുന്നത് എന്നതാണ്. ദൈവം വിളിക്കുമ്പോള്‍ മോശെ വിശ്വസ്തതയോടെ തന്റെ അമ്മായിയ പ്പന്റെ ആടുകളെ നോക്കുന്ന ജോലിയിലായിരുന്നു. ദാവീദ് ആടുകളെ നോക്കുകയും സിംഹങ്ങളോടും കരടികളോടും യുദ്ധം ചെയ്യുകയുമായിരുന്നു. ആമോസ് കന്നുകാലികളെ മേയ്ക്കുന്ന കഠിനാദ്ധ്വാനിയായ ഒരുവന്‍ ആയിരുന്നു. പത്രൊസ്. യാക്കോബ്, യോഹന്നാന്‍, അന്ത്രയാസ് എന്നിവര്‍ കഠിനാദ്ധ്വാനികളായ മുക്കുവര്‍ ആയിരുന്നു. പഴയ നിയമത്തിലൊ പുതിയ നിയമത്തിലൊ എവിടെയെങ്കിലും ദൈവം തന്റെ ശുശ്രൂഷയ്ക്കായി അലസനായ ഒരുവനെ വിളിക്കുന്നതു നാം ഒരിക്കലും കണ്ടിട്ടില്ല.

ഏലിയാവ് എലീശയുടെ വീട്ടില്‍ ചെന്ന് അവന്‍ നല്ല ഉറക്കത്തിലായിരുന്നപ്പോള്‍ അവനെ വിളിക്കുന്നതായി നാം കാണുന്നില്ല- കാരണം അവന്‍ ഒരു മടിയനാണെന്നു നാം ചിന്തിക്കുമായിരുന്നു. യേശുവും പത്രൊസിനെ വിളിക്കുവാന്‍ ഒരിക്കലും വൈകുന്നേരത്തായിരുന്നില്ല അവന്റെ വീട്ടില്‍ ചെന്നത്. അവന്‍ മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോഴാണ് അവിടുന്ന് അവനെ വിളിച്ചത്. ഈ ഉദാഹരണങ്ങളെല്ലാം നമ്മെ കാണിക്കുന്നത്, അവിടുത്തെ സേവിക്കുവാനായി അവിടുന്ന് നമ്മെ വിളിക്കുന്നതിനു മുമ്പ് നാം നമ്മുടെ ലോകപരമായ ജോലിയില്‍ വിശ്വസ്തരും കഠിനാദ്ധ്വാനികളും ആയിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു എന്നാണ്. ഭൗമിക കാര്യങ്ങളില്‍ നാം വിശ്വസ്തരല്ലെങ്കില്‍, സ്വര്‍ഗ്ഗീയ കാര്യങ്ങളില്‍ നമുക്കെങ്ങനെ വിശ്വസ്തരാകാന്‍ കഴിയും? നിങ്ങള്‍ യുവാവ് ആയി ഭവനത്തില്‍ താമസിക്കുകയാണെങ്കില്‍, ഇപ്പോള്‍ ഭവനത്തില്‍ വിശ്വസ്തനായ ഒരു മകനോ മകളോ ആയിരിക്കുക.

രണ്ടാമതു ശ്രദ്ധിക്കേണ്ടത്, ദൈവം അവരെ വിളിച്ച ഉടനെ, അവര്‍ എല്ലാം വിട്ടിട്ട് ചെന്നു എന്നതാണ്. പത്രൊസ്, യോഹന്നാന്‍, മത്തായി തുടങ്ങിയവരുടെ ജീവിതത്തില്‍ നാം അതു കണ്ടു. ഇവിടെ എലീശയുടെ കാര്യത്തിലും. തന്റെ വിളിയോട് പെട്ടെന്നും പൂര്‍ണ്ണഹൃദയത്തോടെയും പ്രതികരിക്കുന്നവരെയാണ് ദൈവം വിളിക്കുന്നത്. അവര്‍ തങ്ങളുടെ വൈകാരിക തോന്നലുകളുടെ അടിസ്ഥാനത്തിലല്ല അതു ചെയ്യുന്നത് എന്ന് ഉറപ്പു വരുത്താന്‍, തങ്ങളുടെ ജീവിതത്തിന്മേലുള്ള ദൈവ വിളിയെ ദൈവഭക്തരിലൂടെ സ്ഥിരീകരിക്കുന്ന കാര്യം അവര്‍ അന്വേഷിച്ചേക്കാം. എന്നാല്‍ ഒരിക്കല്‍ അവര്‍ക്ക് ആ കാര്യം ഉറപ്പായാല്‍ പിന്നെ അവര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ളവരെ മാത്രമേ അവിടുത്തെ സേവിക്കുന്നതിന് വിളിക്കുന്നുള്ളു. അവര്‍ക്ക് പെട്ടെന്നുള്ള അനുസരണം, പൂര്‍ണ്ണമായ പ്രതിബദ്ധത, കഠിനാദ്ധ്വാനം എന്നിവ ആവശ്യമാണ്. അതുകൊണ്ട് നാം വിശ്വസ്തരാണോ എന്നു കാണാന്‍ ദൈവം നമ്മുടെ മതേതര തൊഴിലുകളില്‍ നമ്മെ ശോധന ചെയ്യുന്നു. നിങ്ങളോട് ഒരു മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ട്, നിങ്ങള്‍ അശ്രദ്ധമായോ ക്രമരഹിതമായോ അതു ചെയ്താല്‍, അവിടുത്തെ സേവിക്കേണ്ടതിന് എപ്പോഴെങ്കിലും ദൈവം നിങ്ങളെ വിളിക്കുമോ എന്നു ഞാന്‍ സംശയിക്കുന്നു. കാരണം, ഒരു മുറി വൃത്തിയാക്കുന്നത് ആ വിധത്തില്‍ ആണെങ്കില്‍, നിങ്ങളുടെ ഹൃദയത്തെ വെടിപ്പാക്കുന്നതും മിക്കവാറും ആ വിധത്തില്‍ തന്നെ ആയിരിക്കും. അപ്പോള്‍ അവിടുത്തെ സഭയെ വെടിപ്പാക്കേണ്ടതിന് നിങ്ങളെ ഉപയോഗിക്കുവാന്‍ ദൈവത്തിന് എങ്ങനെ കഴിയും? ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയാണ് ദൈവം നോക്കുന്നത്.

അധ്യായം 21-ല്‍, ആഹാബിന്റെ അയല്‍ക്കാരനായിരുന്ന നാബോത്ത് എന്ന ഒരാളെക്കുറിച്ചു നാം വായിക്കുന്നു. നാബോത്തിനുണ്ടായിരുന്ന ഒരു മുന്തിരത്തോട്ടം ആഹാബ് വാങ്ങുവാനാഗ്രഹിച്ചു. എന്നാല്‍ നാബോത്ത് അത് വില്‍ക്കുന്നത് നിരസിച്ചു- ദൈവത്തിന്റെ നിയമപ്രകാരം (ലേവ്യര്‍ 25:23). ഈസേബെല്‍, ഏതുവിധേനയോ, അവന്റെമേല്‍ വ്യാജാരോപണം നടത്തി അവനെ കൊന്നു. അങ്ങനെ ആഹാബ് ആ മുന്തിരിത്തോട്ടം കൈവശമാക്കി. നിര്‍ഭയനായ ഏലിയാവ് ദൈവത്തിന്റെ നടത്തിപ്പുപ്രകാരം ആഹാബിനെ എതിരേറ്റ് അവനോടു പറഞ്ഞത്, നാബോത്തിനെ കൊന്നതിന് ദൈവം അവനെ ന്യായം വിധിക്കുകയും ഒരു ദിവസം നായ്ക്കള്‍ ആഹാബിന്റെ രക്തം നക്കിക്കുടിക്കുകയും അവന്റെ കുടുംബം നശിപ്പിക്കപ്പെടുകയും ചെയ്യും എന്നാണ്. ആഹാബ് ഭയപ്പെട്ട് തന്റെ വസ്ത്രം കീറി ഉപവസിച്ചു (വാക്യം 27). അപ്പോള്‍ ദൈവം ഏലീയാവിനോട് പറഞ്ഞത്, അവിടുത്തേക്ക് ആഹാബിനോട് കരുണയുണ്ടായിട്ട്, അടുത്ത തലമുറയില്‍ മാത്രമേ അവന്റെ കുടുംബത്തിന്മേലുള്ള ന്യായവിധി അയയ്ക്കുകയുള്ളു എന്നാണ്. ദൈവം എത്ര ദയാലുവാണ് എന്നു കാണുന്നത് ആശ്ചര്യകരമാണ്. ആഹാബ് (ഇത്ര ദുഷ്ടനായ) പോലും തന്നെത്താന്‍ താഴ്ത്തിയപ്പോള്‍, ദൈവം അതു ശ്രദ്ധിച്ചിട്ട് ന്യായവിധി താല്‍ക്കാലികമായി നിറുത്തി വയ്ക്കത്തക്കവിധം വലിയതായി ദൈവം താഴ്മയെ വിലമതിക്കുന്നു.

അധ്യായം 22-ല്‍ യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ വിഡ്ഢിത്തത്തെക്കുറിച്ചു പറയുന്നു. ആരാം രാജാവിനെതിരായുള്ള യുദ്ധത്തില്‍ തന്നോടു ചേരാമോ എന്ന് ആഹാബ് അവനോടു ചോദിച്ചു. യെഹോശാഫത്ത് പെട്ടെന്നു തന്നെ സമ്മതിക്കുകയും അതിനു ശേഷം അതിനെക്കുറിച്ചുള്ള ദൈവഹിതം അന്വേഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു (22:4,5). യഹോവ അവര്‍ക്കു വിജയം നല്‍കും എന്നു നേരത്തെ പ്രവചിച്ച ഏകദേശം 400 വ്യാജപ്രവാചകന്മാരെ ആഹാബ് ഉടനെ തന്നെ കൂട്ടി വരുത്തി (22:6).ദൈവത്തിന്റെ തീ ഇറങ്ങിക്കഴിഞ്ഞ് ഉടനെ തന്നെ യിസ്രായേലില്‍, വ്യാജപ്രവാചകന്മാര്‍ എഴുന്നേറ്റു എന്നു കാണുന്നത് ആശ്ചര്യകരമാണ്! യുഗങ്ങളിലുടനീളം കാര്യങ്ങള്‍ അങ്ങനെ തന്നെ ആയിരുന്നു. ജനങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുന്നതിന് വ്യാജപ്രവാചകന്മാരും പ്രസംഗകരും എല്ലായിടത്തും ഓരോ തലമുറയിലും ധാരാളമായി എഴുന്നേല്‍ക്കുന്നു. എന്നാല്‍ ഈ 400 പ്രവാചകന്മാരില്‍ ആരും യഥാര്‍ത്ഥ പ്രവാചകന്മാരല്ല എന്നു തിരിച്ചറിയാനുള്ള വിവേചനശക്തി യെഹോശാഫാത്തിനുണ്ടായിരുന്നു. വേറെ പ്രവാചകന്മാര്‍ ആരെങ്കിലും ഉണ്ടോയെന്ന് യോഹോശാഫാത്ത് അന്വേഷിച്ചു. ഇനിയും മീഖായാവ് എന്നൊരു പ്രവാചകനും കൂടെ ഉണ്ടെന്ന് ആഹാബ് പറഞ്ഞു- എന്നാല്‍ ആഹാബ് അവനെ വെറുത്തു. കാരണം മീഖായാവ് എപ്പോഴും ആഹാബിനു വിരോധമായി ന്യായവിധിയാണ് പ്രവചിച്ചിട്ടുള്ളത്. തുടര്‍ന്നു മീഖായാവ് വിളിക്കപ്പെടുകയും യിസ്രായേല്‍ സൈന്യം പരാജയപ്പെടും എന്ന് അവന്‍ പ്രവചിക്കുകയും ചെയ്തു. അവനെ തടവില്‍ പൂട്ടിയിടത്തക്കവിധം ആഹാബിന് അവനോടു കോപം ഉണ്ടായി. ദൈവം സംസാരിച്ചെങ്കിലും, യെഹോശാഫാത്ത് വിവേകശൂന്യനായി അപ്പോഴും ആഹാബിനോടു ചേര്‍ന്നു. അവന് മിക്കവാറും അവന്റെ ജീവന്‍ നഷ്ടമാകും എന്ന അവസ്ഥയിലെത്തി. കാരണം യിസ്രായേലിന്റെ രാജാവ് അവനാണെന്നാണ് ശത്രു സൈന്യം കരുതിയത്. കൊല്ലപ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ആഹാബ് വേഷപ്രഛന്നനായിരുന്നു. എന്നിട്ടും അവന് ദൈവത്തിന്റെ ന്യായവിധിയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കാരണം ലക്ഷ്യം തെറ്റി എയ്ത ഒരു അമ്പ് വന്ന് അവനെ കൊന്നു- ദൈവം കല്പിച്ചിരുന്ന പ്രകാരം അവന്റെ രക്തം നായ്ക്കള്‍ നക്കി (21:19; 22:38).

ഈ പുസ്തകം ആരംഭിക്കുന്നത് ഏകീകരിക്കപ്പെട്ട യിസ്രായേലിനെ ഭരിക്കുന്ന ദാവീദിനോട് കൂടെയാണ്. അത് അവസാനിക്കുന്നത് രണ്ടായി വിഭജിക്കപ്പെട്ടും, പിന്മാറ്റത്തിലുമായ രാജ്യത്തോടെയാണ്. ഒരു ഭാഗം ഭരിക്കുന്നത് ദുഷ്ടനായ ആഹാബും മറ്റേ ഭാഗം ഭരിക്കുന്നത് ഒത്തുതീര്‍പ്പുകാരനായ യെഹോശാഫാത്തുമാണ്. ഒരു പ്രവാചകന് ഒരു രാഷ്ട്രത്തിന്മേലുണ്ടാകാവുന്ന വലിയ ഒരു സ്വാധീനവും നാം ഈ പുസ്തകത്തില്‍ കാണുന്നു. ഇന്ന് ദൈവത്തിനു സഭയില്‍ പ്രവാചകന്മാരെ ആവശ്യമുണ്ട്. അവര്‍ക്കു ദൈവജനത്തിന്റെ ഇടയില്‍ കാണുന്ന അധഃപതനത്തിനുള്ള പ്രവണതയെ പിടിച്ചു നിര്‍ത്താന്‍ കഴിയും.