സാക് പുന്നന്
ഉൽപത്തി 32:29 ൽ നാം വായിക്കുന്നത് , “അവിടെ വച്ച് ദൈവം അവനെ അനുഗ്രഹിച്ചു” എന്നാണ്. ദൈവം പെനിയേലിൽ വച്ച് യാക്കോബിനെ അനുഗ്രഹിച്ചതിനു നാലു കാരണങ്ങൾ ഉണ്ട്.
1. ദൈവത്തോടു കൂടെ തനിയെ ആയിരുന്നു
യാക്കോബ് ദൈവത്തോടു കൂടെ തനിയെ ആയിരുന്ന സ്ഥലത്താണ് അവൻ അനുഗ്രഹിക്കപ്പെട്ടത്. അവൻ മറ്റുള്ളവരെയെല്ലാം അക്കരെ അയച്ചിട്ട് അവൻ തനിയെ ആയിരുന്നു (ഉൽപത്തി 32:24). ദൈവത്തോടു കൂടെ തനിയെ സമയം ചെലവഴിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ വിശ്വാസികൾ വളരെ പ്രയാസമുള്ള കാര്യമായി കാണുന്നു. ജെറ്റ്-യുഗത്തിൻ്റെ ആത്മാവ് നമ്മിലധികം പേരിലും കടന്നിട്ട് നാം എപ്പോഴും തിരക്കിൻ്റെ സ്ഥിതിയിലാണ്. പ്രശ്നം നമ്മുടെ സ്വഭാവത്തിൻ്റെയോ അല്ലെങ്കിൽ നമ്മുടെ സംസ്കാരത്തിൻ്റെയോ അല്ല. നമ്മുടെ മുൻഗണനകൾ ശരിയായ വിധത്തിലല്ല നമുക്കുള്ളത് അത്ര മാത്രം. ഒരു വിശ്വാസിക്ക് ആവശ്യമായ ഒരേ ഒരു കാര്യം അവിടുത്തെ പാദപീഠത്തിലിരുന്ന് അവിടുത്തെ ശ്രദ്ധിച്ചു കേൾക്കുക എന്നതു മാത്രമാണെന്ന് യേശു ഒരിക്കൽ പറഞ്ഞു (ലൂക്കോ.10:42). എന്നാൽ നാം അത് ഒരിക്കലും വിശ്വസിക്കുന്നില്ല. അതു കൊണ്ട് യേശുവിൻ്റെ വാക്കുകളെ തള്ളികളയുന്നതിൻ്റെ വിനാശകരമായ ഭവിഷ്യത്തുകൾ നാം അനുഭവിക്കുന്നു. നമ്മുടെ വിവിധങ്ങളായ പ്രവർത്തനങ്ങളാൽ നാം തിരക്കിലായിട്ട്, ഉപവാസത്തിലും പ്രാർത്ഥനയിലും ദൈവത്തോടു കൂടെ തനിയെ ആയിരിക്കുന്നതെന്താണെന്ന് അറിയാതിരുന്നാൽ, നാം നിശ്ചയമായി ദൈവത്തിൻ്റെ ശക്തിയെയോ അനുഗ്രഹത്തെയോ അറിയുകയില്ല – ഞാൻ അർത്ഥമാക്കുന്നത് അവിടുത്തെ യഥാർത്ഥ ശക്തിയാണ്. (ഇന്ന് അനേകർ പൊങ്ങച്ചം പറയുന്ന വില കുറഞ്ഞ വ്യാജ്യാനുകരണങ്ങൾ അല്ല).
2. ദൈവത്താൽ നുറുക്കപ്പെട്ടവൻ
യാക്കോബ് അനുഗ്രഹിക്കപ്പെട്ടത് അവൻ പൂർണ്ണമായി നുറുക്കപ്പെട്ട സ്ഥലത്തു വച്ചാണ്. പെനിയേലിൽ വച്ച്, ഒരു പുരുഷൻ യാക്കോബിനോടു മല്ലു പിടിച്ചു. 20 വർഷങ്ങളായി ദൈവം യാക്കോബിനോടു മല്ലു പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു, എന്നാൽ യാക്കോബ് വഴങ്ങുവാൻ കൂട്ടാക്കിയില്ല. അവൻ എന്തിലെല്ലാം കൈ വെച്ചോ അതെല്ലാം, അവൻ്റെ ബുദ്ധിസാമർത്ഥ്യത്തെയും ആലോചനകളെയും ഒന്നും കൂട്ടാക്കാതെ. തെറ്റിപ്പോയതെങ്ങനെ എന്ന് അവനെ കാണിക്കുവാൻ ദൈവം ശ്രമിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴും യാക്കോബ് പിടിവാശിക്കാരൻ ആയിരുന്നു. ഒടുവിൽ ദൈവം അവൻ്റെ തുടയുടെ തടം തൊട്ടു അതുകൊണ്ട് അവൻ്റെ തുട ഉളുക്കി പോയി (വാ.25). തുടയാണ് ശരീരത്തിൻ്റെ ഏറ്റവും ശക്തമായ ഭാഗം, ദൈവം തട്ടിയത് അവിടെയാണ്.
3. ദൈവത്തിനായി വിശപ്പുള്ളവൻ
ദൈവത്തിനായി മനസ്സുറച്ചവനും വിശപ്പുള്ളവനും ആയിരുന്ന ഇടത്താണ് യാക്കോബ് അനുഗ്രഹിക്കപ്പെട്ടത്. “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്ന് അവൻ നിലവിളിച്ചു (ഉൽ. 32:26). യാക്കോബിൽ നിന്ന് ആ വാക്കുകൾ കേൾക്കുവാൻ ദൈവം നീണ്ട ഇരുപത് വർഷങ്ങൾ എങ്ങനെയാണ് കാത്തിരുന്നിട്ടുള്ളത്. ജന്മാവകാശം, സ്ത്രീകൾ, പണം, വസ്തുവകകൾ ഇവ പിടിച്ചു പറിക്കുന്നതിൽ തൻ്റെ ജീവിതം ചെലവാക്കിയവൻ, ഇപ്പോൾ അവയെല്ലാം പോകാൻ അനുവദിച്ചിട്ട് ദൈവത്തെ പിടിച്ചു പറിക്കുന്നു. ഈ സ്ഥാനത്തേക്ക് അവനെ കൊണ്ടുവരുവാനാണ് ദൈവം യാക്കോബിൻ്റെ ജീവിതകാലത്തുടനീളം പ്രവർത്തിച്ചുകൊണ്ടിരുന്നത്. അവസാനം താൽക്കാലിക വസ്തുക്കളുടെ മേലുള്ള യാക്കോബിൻ്റെ നോട്ടം നഷ്ടപ്പെട്ട് ദൈവത്തിനു വേണ്ടിയും അവിടുത്തെ അനുഗ്രഹത്തിനു വേണ്ടിയും മാത്രം ആഗ്രഹിക്കുകയും ദാഹിക്കുകയും ചെയ്തപ്പോൾ ദൈവത്തിൻ്റെ ഹൃദയത്തെ അതു പ്രസാദിപ്പിച്ചിട്ടുണ്ടാകണം. ഹോശേയ 12:4ൽ നമ്മോടു പറഞ്ഞിരിക്കുന്നത്, ആ രാത്രിയിൽ പെനിയേലിൽ വച്ച് യാക്കോബ് ദൈവത്തിൻ്റെ ഒരു അനുഗ്രഹത്തിനു വേണ്ടി കരഞ്ഞ് അപേക്ഷിച്ചു എന്നാണ്. ഈ ലോകത്തിൻ്റെ കാര്യങ്ങൾ മാത്രം ആഗ്രഹിച്ച അവൻ്റെ പ്രാരംഭ വർഷങ്ങളോടു താരതമ്യം ചെയ്യുമ്പോൾ ആ രാത്രിയിൽ അവൻ എത്ര വ്യത്യസ്തനായ ഒരു പുരുഷനായി മാറിയിരിക്കുന്നു. അവനോടുള്ള ദൈവത്തിൻ്റെ ഇടപാടുകൾ അവസാനം ഫലപ്രാപ്തിയിലെത്തി!
4. ദൈവത്തോടു സത്യസന്ധൻ
ദൈവത്തോടു സത്യസന്ധൻ ആയ ഇടത്താണ് യാക്കോബ് അനുഗ്രഹിക്കപ്പെട്ടത്. ദൈവം അവനോടു ചോദിച്ചു “നിൻ്റെ പേരെന്ത്?” .ഇരുപത് വർഷങ്ങൾക്കു മുമ്പ്, അവൻ്റെ പിതാവ് അവനോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ, അവൻ കള്ളം പറഞ്ഞു, “ഞാൻ ഏശാവാണ്” (ഉൽ. 27:19). എന്നാൽ ഇപ്പോൾ അവൻ സത്യസന്ധനായിരിക്കുന്നു. “യഹോവേ, ഞാൻ ഒരു പിടിച്ചുപറിക്കാരനാണ്, ഒരു ചതിയനാണ്, ഒരു വിലപേശുന്നവനുമാണ്”. ഇപ്പോൾ യാക്കോബിൽ കപടം ഇല്ല. അതുകൊണ്ട് ദൈവത്തിന് അവനെ അനുഗ്രഹിക്കാൻ കഴിഞ്ഞു. ദൈവം യാക്കോബിനെ അവിടെ വച്ച് അനുഗ്രഹിച്ചു- അവൻ സത്യസന്ധനായപ്പോൾ, അവൻ ഇനി ഒരിക്കലും അഭിനയിക്കാൻ ആഗ്രഹിക്കാതിരുന്നപ്പോൾ, “യഹോവേ ഞാനൊരു കാപട്യക്കാരനാണ് എൻ്റെ ജീവിതത്തിൽ ലജ്ജയും അഭിനയവും ഉണ്ട്” എന്ന് അവൻ ഏറ്റു പറഞ്ഞപ്പോൾ. ഞാൻ നിങ്ങളോടു പറയുന്നു, ഒരു മനുഷ്യനു തൻ്റെ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് അത് ഏറ്റു പറയുവാൻ യഥാർത്ഥ നുറുക്കം ആവശ്യമാണ്. അനേകം ക്രിസ്തീയ നേതാക്കൾ അതുപോലെയുള്ള വാക്കുകൾ വ്യാജ താഴ്മയോടെ പറയാറുണ്ട്- വിനീതൻ ആണ് എന്ന പ്രശസ്തി നേടാൻ വേണ്ടി. ഞാൻ പരാമർശിക്കുന്നത് അത്തരം അറപ്പുളവാക്കുന്നതിനെ അല്ല. ഞാൻ അർത്ഥമാക്കുന്നത് യഥാർത്ഥമായി നുറുക്കപ്പെട്ടതും പശ്ചാത്തപിക്കുന്നതുമായ ഹൃദയത്തിൽ നിന്നു വരുന്ന സത്യസന്ധതയെയാണ്. അത് വില കൂടിയതാണ്. നാം എല്ലാവരിലും വളരെയധികം കാപട്യം ഉണ്ട്. നാം വളരെ വിശുദ്ധീകരിക്കപ്പെട്ടവരാണെന്ന്, അങ്ങനെയല്ലാതിരിക്കുമ്പോൾ, അഭിനയിക്കുന്നതിന് ദൈവം നമ്മോടു കരുണ കാണിക്കട്ടെ. നാം ആത്മാർത്ഥതയും സത്യസന്ധതയും, തുറന്ന മനസ്ഥിതിയും ഉള്ളവരായിരിക്കുവാൻ നമ്മുടെ മുഴുഹൃദയവും വച്ച് നമുക്ക് ആഗ്രഹിക്കാം, അപ്പോൾ നമ്മുടെ ജീവിതങ്ങളുടെ മേലുള്ള ദൈവത്തിൻ്റെ അനുഗ്രഹത്തിന് ഒരു പരിധിയുമുണ്ടാകയില്ല.