ചരടറ്റ പട്ടം

കൗമാരക്കാരിയായ മകളുടെ ഏറ്റവും വലിയ പരാതി തന്റെ പപ്പാ വളരെ കര്‍ശനക്കാരനാണ്, തനിക്കുവേണ്ട സ്വാതന്ത്ര്യം നല്‍കുന്നില്ല എന്നതായിരുന്നു. ഈ പരാതി അവള്‍ അമ്മയോടു പറഞ്ഞു. അങ്ങനെ അവളുടെ പപ്പായും അവളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കി.

ഒരു ദിവസം പപ്പായും മകളും കൂടി പട്ടം പറത്തുകയാണ്. മകള്‍ പറഞ്ഞു: ”നോക്ക് പപ്പാ, ഈ നൂലാണ് പട്ടത്തെ സ്വാതന്ത്ര്വമായി പറക്കാന്‍ അനുവദിക്കാത്തത്. അത് എപ്പോഴും പട്ടത്തെ താഴേക്കു വലിക്കുന്നു”.

നൂലിന്റെ ഈ വലി ഇല്ലാതിരുന്നെങ്കില്‍ പട്ടം ഇപ്പോള്‍ എത്രയോ ഉയരത്തിലെത്തുമായിരുന്നു!

”ഇല്ല. മോളേ, നീ പറഞ്ഞതു തെറ്റാണ്. ഈ നൂലാണു പട്ടത്തിനു ദിശാബോധം നല്‍കുന്നത്, ലക്ഷ്യം തെറ്റാതെ പറക്കാന്‍ അതിനെ സഹായിക്കുന്നത്. പപ്പാ ചിരിച്ചുകൊണ്ടു പറഞ്ഞു.

മകള്‍ക്കു വിശ്വാസമായില്ല. അവളുടെ തുറിച്ചുനോട്ടം കണ്ടപ്പോള്‍ ”നോക്കു മോളേ” എന്നു പറഞ്ഞ് പട്ടത്തിന്റെ നൂല് പപ്പാ പൊട്ടിച്ചുകളഞ്ഞു. നിയന്ത്രണം വിട്ട പട്ടം ആദ്യം സ്വാതന്ത്ര്വത്തോടെ മുകളിലേക്കു ഒന്നു കുതിച്ചു. പക്ഷേ വേഗത്തില്‍ കാറ്റിന്റെ ശക്തിയില്‍ കുത്തനെ മറിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി കീറിപ്പറിഞ്ഞ് തലകുത്തനെ താഴേക്കു പതിച്ചു.

ഇതു കണ്ട് അന്തം വിട്ടുനിന്ന മകളോട് പപ്പാപറഞ്ഞു: ”നീ ഈ പട്ടമാണെന്നു സങ്കല്‍പ്പിക്കുക. നിന്നെ നിയന്ത്രിക്കുന്ന നൂലാണ് നിന്റെ മാതാപിതാക്കള്‍. ഞങ്ങളുടെ നിയന്ത്രണത്തില്‍ നിനക്ക് എത്ര ഉയരത്തിലും പറക്കാം. എന്നാല്‍ ഈ നിയന്ത്രണം മുറിച്ചു കളഞ്ഞാല്‍ നീ താഴെ വീണു തകര്‍ന്നു പോകും.

മകള്‍ പറഞ്ഞു: ”ശരിയാണ് പപ്പാ, ഇപ്പോള്‍ എനിക്കു മനസ്സിലായി.’ (സദൃശ്വവാക്യങ്ങള്‍ 10:1,121)