ആത്മാവിനാല്‍ നിറയപ്പെട്ട ശുശ്രൂഷയുടെ സവിശേഷതകള്‍- WFTW 24 മാർച്ച് 2019

സാക് പുന്നന്‍

അപ്പൊസ്തലനായ പൗലൊസിന്‍റെ വാക്കുകളില്‍ നിന്ന് ആത്മനിറവുളള ശുശ്രൂഷയെക്കുറിച്ച് നാലു കാര്യങ്ങള്‍ എടുത്തു പറയുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

ഒരു സ്നേഹ -അടിമ: ഒന്നാമതായി, ആത്മനിറവുളള ഒരു ശുശ്രൂഷ, ഒരു സ്നേഹ- അടിമയുടെ ശുശ്രൂഷയാണ്. അപ്പൊപ്ര 27:23ല്‍ പൗലൊസ് ഇപ്രകാരം പറയുന്നു, “എന്‍റെ ഉടയനും ഞാന്‍ സേവിച്ചു വരുന്നവനുമായ ദൈവത്തിന്‍റെ …..”. അദ്ദേഹം തന്‍റെ ദൈവത്തിന്‍റെ ഒരു സ്നേഹ- അടിമ ആയിരുന്നു. അദ്ദേഹം തന്‍റെ സ്വന്ത ജീവിതത്തിനുവേണ്ടി ഒരുവകാശവും സൂക്ഷിച്ചു വച്ചില്ല. അദ്ദേഹം സകലവും തന്‍റെ യജമാനനു നല്‍കിയിരുന്നു. അതുപോലെ, ഒരു വ്യക്തി തന്‍റെ മുഴുജീവിതവും ദൈവത്തിനു കൊടുക്കുമ്പോള്‍, അയാള്‍ ദൈവത്തിനു മഹത്തായ ഒരു ആനുകൂല്യം ചെയ്യുക അല്ല! ദൈവത്തില്‍ നിന്നു അയാള്‍ മോഷ്ടിച്ചെടുത്ത് അവിടുത്തേക്കു മടക്കി കൊടുക്കുകമാത്രമാണയാള്‍ ചെയ്യുന്നത്. ഞാന്‍ ഒരാളിന്‍റെ പണം മോഷ്ടിച്ചിട്ട്, പിന്നീട് എന്‍റെ ആ പാപത്തെക്കുറിച്ചു ബോധ്യം ഉണ്ടായപ്പോള്‍, അതു ഞാന്‍ അയാള്‍ക്കു മടക്കികൊടുത്താല്‍, തിര്‍ച്ചയായും ഞാന്‍ അയാളോട് ഒരു ആനുകൂല്യം കാണിക്കുകയല്ല. ഞാന്‍ ഒരു മാനസാന്തരപ്പെട്ട കളളനെ പോലെ അയാളുടെ അടുത്തേക്കു ചെല്ലും. നാം നമ്മുടെ ജീവിതങ്ങളെ ദൈവത്തിനു നല്‍കുവാനായി ദൈവത്തെ സമീപിക്കുവാനുളള ഏറ്റവും ശരിയായ ഏക മനോഭാവവും അതു തന്നെയാണ്. ദൈവം നമ്മെ വിലയ്ക്കുവാങ്ങിയിരിക്കുന്നു. അതു നാം മനസ്സിലാക്കുമ്പോഴാണ് സമര്‍പ്പണത്തിനുളള ശരിയായ അടിസ്ഥാനത്തില്‍ നാം എത്തിച്ചേരുന്നത്. പൗലൊസ് കര്‍ത്താവിന്‍റെ ഒരു സ്നേഹ- അടിമ ആയിരുന്നു. തന്‍റെ സേവനത്തിന്‍റെ ഏഴാമത്തെ വര്‍ഷം സ്വതന്ത്രനായി പോകുവാന്‍ കഴിയുന്നവന്‍, എങ്കിലും തന്‍റെ യജമാനനെ സ്നേഹിക്കുക നിമിത്തം ആ സേവനത്തില്‍ തന്നെ തുടരുന്നതു തെരഞ്ഞെടുക്കുന്ന ഒരു എബ്രായ അടിമയെപ്പോലെ (പുറപ്പാട് 21:1-6), പൗലൊസ് തന്‍റെ കര്‍ത്താവിനെ സേവിച്ചു. അദ്ദേഹം കൂലിക്കു വേണ്ടി വേല ചെയ്ത ഒരു കൂലിക്കാരനെപ്പോലെ ആയിരുന്നില്ല, എന്നാല്‍ തനിക്കു സ്വന്തമായി ഒരുവകാശവും ഇല്ലാതെ സേവനം ചെയ്ത ഒരുവന്‍ തങ്ങള്‍ എന്തു ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നുകാണുവാന്‍ എല്ലായ്പോഴും ദൈവത്തിങ്കലേക്കു നോക്കത്തക്കവിധം ദൈവത്തിനു കീഴടങ്ങിയിരിക്കുന്നവര്‍ക്കു വേണ്ടി അവിടുന്നു.അന്വേഷിച്ചു കൊണ്ടിരിക്കുന്നു- തങ്ങള്‍ ദൈവത്തിനു വേണ്ടി ചെയ്യണമെന്ന് അവര്‍ക്കു തോന്നുന്ന കാര്യങ്ങള്‍ തിരക്കിട്ടു ചെയ്യുന്നവരെയല്ല. ഒരു അടിമ ഒരിക്കലും അവനു തോന്നുന്നതു പോലെ കാര്യങ്ങള്‍ ചെയ്തു കൊണ്ട് ചുറ്റി നടക്കാറില്ല. ഇല്ല അടിമ അവന്‍റെ യജമാനനോട് ഇപ്രകാരം ചോദിക്കുന്നു, ” യജമാനനെ, ഞാന്‍ അങ്ങേയ്ക്ക് എന്തുചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?” അനന്തരം അവിടുന്നു അവനോടു പറയുന്നതു പോലെ അവന്‍ ചെയ്യുന്നു. വേദപുസ്തകം ഇപ്രകാരം പറയുന്നു, ” ഒരു വേലക്കാരനെ സംബന്ധിക്കുന്ന ഏറ്റവും പ്രാധാന്യമുളള കാര്യം, യജമാനന്‍ അവനോടു ചെയ്യുവാന്‍ പറയുന്ന കാര്യം മാത്രം അവന്‍ ചെയ്യുന്നു എന്നതാണ്”.(1 കൊരി 4:2).

സുവിശേഷപരമായ തീക്ഷ്ണത: രണ്ടാമതായി, ആത്മനിറവുളള ശുശ്രൂഷ, അതിന് മറ്റുളളവരോടുളള കടം തിരിച്ചറിയുന്നതാണ്. പൗലൊസ് പറഞ്ഞു, ” താന്‍ യവനന്മാര്‍ക്കും (പരിഷ്കൃതര്‍) ബര്‍ബരന്മാര്‍ക്കും (അപരിഷ്കൃതര്‍) ഒരു കടക്കാരനാണ്”(റോമ 1:14). ലോകത്തിനു പങ്കിടുവാനുളള ഒരു നിധി ദൈവം നമുക്കു നന്നിട്ടുണ്ട്. വ്യത്യസ്ത ആളുകള്‍ക്കു മണിഓര്‍ഡറായി കൊടുക്കുവാനുളള പണം ഭരമേല്‍പിക്കപ്പെട്ട പോസ്റ്റ് ഓഫീസ് ജീവനക്കാരെ പോലെയാണു നാം. അത്തരം ഒരു ഉദ്യോഗസ്ഥന്‍ ആളുകള്‍ക്കു കൊടുക്കേണ്ട തുക ഓരോരുത്തനും കൊടുക്കുന്ന ജോലി പൂര്‍ത്തിയാക്കുന്നതുവരെ അവര്‍ക്കു കടം പെട്ടവനായി നിലനില്‍ക്കുന്നു. അയാളുടെ കയ്യില്‍ ആയിരക്കണക്കിനു ഡോളറുകള്‍ ഉണ്ടായിരിക്കാം, എന്നാല്‍ അതില്‍ ഒരു സെന്‍റു പോലും അയാളുടെതല്ല. അയാള്‍ അനേകര്‍ക്കു കടക്കാരനാണ്. സുവിശേഷത്തിന്‍റെ സന്ദേശം ദൈവം തന്നെ ഭരമേല്‍പ്പിച്ചപ്പോള്‍ അതുപോലെ ഒരു കടം തനിക്കുളളതായി ആ അപ്പൊസ്തലന്‍ തിരിച്ചറിഞ്ഞു. അതു പുറത്തേക്കു കൊടുക്കാനുളളതാണെന്നും അദ്ദേഹം അറിഞ്ഞു. രക്ഷയുടെ സന്ദേശം മറ്റുളളവര്‍ക്കു കൊടുത്തു കഴിയുന്നതുവരെ താന്‍ കടത്തില്‍ നിലനില്‍ക്കും എന്നും അദ്ദേഹം അറിഞ്ഞു. സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ ചെലവഴിച്ചതിനുശേഷവും പൗലൊസ് പറയുന്നു, ” ഞാന്‍ ഒരു കടക്കാരനാണ്”, അതിനുശേഷം അദ്ദേഹം റോമന്‍ ക്രിസ്ത്യാനികളോടു പറയുന്നത്, റോമിലുളള ജനങ്ങളോടുളള തന്‍റെ കടം തീര്‍ക്കുവാനായി റോമിലേക്കുവരുവാന്‍ അദ്ദേഹം തയ്യാറാണ് എന്നാണ്. റോമര്‍ 1.14-16 വരെയുളള വാക്യങ്ങളില്‍ കാണുന്ന “ഞാന്‍ ആകുന്നു”എന്ന 3 പ്രസ്താവനകള്‍ ശ്രദ്ധിക്കുക: ” ഞാന്‍ ഒരു കടക്കാരന്‍ ആകുന്നു…., ഞാന്‍ ഒരുങ്ങിയിരിക്കുന്നുٹ, സുവിശേഷം പ്രസംഗിക്കുവാന്‍ ഞാന്‍ ലജ്ജിക്കുന്നില്ല”. ആത്മനിറമുളള ശശ്രൂഷ ചെലവായി പോകുന്നതാണ്. അതിനു മറ്റുളളവരോടുളള കടം തിരിച്ചറിഞ്ഞ്, പുറത്തു പോയി ആ കടം കൊടുത്തു വീട്ടുവാന്‍ ഒരുങ്ങിയിരിക്കുന്നതുമാണ്. ആത്മാവില്‍ നിറയപ്പെട്ട ശുശ്രൂഷയ്ക്ക് സുവിശേഷ സംബന്ധമായ ഒരു തീക്ഷ്ണതയുണ്ട് കൂടാതെ അത് ശാശ്വതമായി ചെലവായി പോകുന്നതുമാണ്. അത് അതിന്‍റെ തന്നെ തൃപ്തിയെക്കുറിച്ചല്ല മറ്റുളളവരുടെ ആവശ്യങ്ങളെക്കുറിച്ചു കരുതലുളളതാണ്. ക്രിസ്തു തന്നെ ഒരിക്കല്‍ പോലും അവിടുത്തെ സ്വന്ത തൃപ്തി അന്വേഷിച്ചില്ല (റോമ.15:3).

മാനുഷിക അപര്യാപ്തത: മുന്നാമതായി, ആത്മാവില്‍ നിറയപ്പെട്ട ശുശ്രൂഷ,മാനുഷിക അപര്യാപ്തയെക്കുറിച്ചു ബോധമുളള ഒരു ശുശ്രൂഷയാണ്. 2 കൊരിന്ത്യര്‍ 10:1 ല്‍ ” ഞാന്‍ നിങ്ങളുടെ സമക്ഷത്തു താഴ്മയുളളവന്‍ ആകുന്നു” അല്ലെങ്കില്‍ മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ” എനിക്കു മതിപ്പുളവാക്കുവാന്‍ കഴിവുളള ഒരു വ്യക്തിത്വം ഇല്ല” എന്നീ വാക്കുകള്‍ ശ്രദ്ധിക്കുക. പരമ്പരാഗതമായ അഭിപ്രായം നമ്മോടു പറയുന്നത്, പൗലൊസ് 4 അടി 10 ഇഞ്ച് മാത്രം ഉയരവും കഷണ്ടിതലയുമുളള ഒരുവനായിരിന്നു എന്നാണ്. അദ്ദേഹത്തിനു വളഞ്ഞ മൂക്ക് ആണുണ്ടായിരുന്നതെന്നും ഒരു നേത്ര രോഗത്താല്‍ അദ്ദേഹം അസഹ്യപ്പെടുത്തപ്പെട്ടിരിക്കാം എന്നും പറയുന്നു. ഒരു സിനിമാതാരത്തെ പോലെയുളള ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നത് സ്പഷ്ടമാണ്. അദ്ദേഹത്തിന്‍റെ അദ്ധ്വാനത്തിന്‍റെ വിജയം ഏതെങ്കിലും മാനുഷിക ഘടകങ്ങളെ ആശ്രയിച്ചായിരുന്നില്ല, കാരണം അദ്ദേഹത്തിന്‍റെ പ്രത്യക്ഷതയിലോ സംസാരത്തിലോ, മതിപ്പുളവാക്കുന്നതെന്നും ഇല്ലായിരുന്നു. പൗലൊസ് തന്‍റെ പ്രസംഗത്തെക്കുറിച്ചു കൊരിന്ത്യര്‍ക്കെഴുതുന്നത്, “ഞാന്‍ ഭയത്തോടും വളരെ നടക്കത്തോടും കൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു” (1 കൊരി 2:3) എന്നാണ്. അദ്ദേഹം പ്രസംഗിക്കുമ്പോള്‍, തന്നിലൂടെ പ്രവഹിക്കുന്ന ദൈവശക്തിയേക്കാള്‍ അധികം, തന്‍റെ ബലഹീനതയെക്കുറിച്ചു ബോധവനായിരുന്നു. ഇതാണ് ആത്മനിറമുളള ശുശ്രൂഷ – അതുകൊണ്ട്, വിജാതീയരാജ്യമായ കൊരിന്തില്‍ പൗലൊസിന്‍റെ പ്രസംഗത്തിന്‍റെ ഫലമായി ഒരു സഭ സ്ഥാപിക്കപ്പെട്ടു എന്ന് ഓര്‍ക്കുക.

നമ്മുടെ വിളിയെ നിറവേറ്റുന്നു. നാലാമതായി, ആത്മാവിനാല്‍ നിറയപ്പെട്ട ശുശ്രൂഷ ദൈവത്തിന്‍റെ പ്രത്യേക വിളിയെ നിറവേറ്റുന്നതാണ്. കൊലൊസ്യര്‍ 1:23,25 വാക്യങ്ങളില്‍ ” ഞാന്‍ ഒരു ശുശ്രൂഷകനാക്കപ്പെട്ടിരിക്കുന്നു” എന്നും 1 തിമൊഥെയൊസ് 2:7 ല്‍ ” ഞാന്‍ ഒരു അപ്പൊസ്തലനായി നിയമിക്കപ്പെട്ടിരിക്കുന്നു”എന്നും പറയുന്നു. പൗലൊസ് നിയമിക്കപ്പെട്ടത് ഏതെങ്കിലും ഒരു മനുഷ്യനാലല്ല, തന്‍റെ രക്ഷകന്‍റെ ആണിപഴുതുളള കരങ്ങളാലാണ്. ഒരു അപ്പൊസ്തലനായിരിക്കുവാന്‍ പൗലൊസിനെ വിളിച്ചത് ദൈവമായിരുന്നു. അദ്ദേഹം കൊലെസ്യര്‍ 1:25ല്‍ പറയുന്നത്, ഈ വിളി തനിക്കു നല്‍കപ്പെട്ടതാണ് എന്നാണ്. ഇതു ദൈവത്തിന്‍റെ ദാനമായിരുന്നു- അദ്ദേഹം നേടിയെടുത്തതോ സമ്പാദിച്ചതോ ഒന്നുമല്ല. ഈ വിളി മറ്റുളളവരെ ശുശ്രൂഷിക്കുവാനായി തനിക്കു നല്‍കപ്പെട്ടതാണെന്നുകൂടി അതേ വാക്യത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. സഭയുടെ കെട്ടു പണിക്കായി തന്നില്‍ ദൈവത്താല്‍ ഭരമേല്‍പ്പിക്കപ്പെട്ട ഒരു കാര്യ വിചാരകത്വമായിരുന്നു അത്. നാം ഓരോരുത്തര്‍ക്കും വേണ്ടി ദൈവത്തിനു പ്രത്യേകമായ ഒരു വിളിയുണ്ട്. നാം ആയിരിക്കുവാന്‍ ദൈവം വിളിച്ചിട്ടില്ലാത്ത ഒരു കാര്യത്തില്‍ നമ്മെ ആക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു വ്യര്‍ത്ഥമാണ്- കാരണം നമ്മില്‍ ഓരോരുത്തനും എന്തുവരമാണ് ഉണ്ടായിരിക്കേണ്ടത് എന്നു തീരുമാനിക്കുന്നതു പരിശുദ്ധാത്മാവാണ്. പൗലൊസ് ഒരു അപ്പൊസ്തലനായിരിക്കുവാനാണ് വിളിക്കപ്പെട്ടത്. എന്നാല്‍ എല്ലാവര്‍ക്കും ആ വിളിയല്ല ഉളളത്. ദൈവം നമ്മെ എന്തിനുവേണ്ടി വിളിച്ചിരിക്കുന്നുവോ, അതു ചെയ്യുവാനുളള ശക്തിക്കുവേണ്ടിയാണ് നാം ദൈവത്തിന്‍റെ തിരുമുഖം അന്വേഷിക്കേണ്ടത്. ‘ കര്‍ത്താവില്‍ നിന്നു നിനക്കു ലഭിച്ച ശുശ്രൂഷ നിവര്‍ത്തിപ്പാന്‍ ശ്രദ്ധിക്കുക”എന്നാണ് അര്‍ഹിപ്പൊസിനോടുളള പൗലൊസിന്‍റെ ഉപദേശം (കൊലൊസ്യര്‍ 4:17). ക്രിസ്തുവിന്‍റെ സഭയില്‍ ദൈവം ധാരാളം വരങ്ങള്‍ വച്ചിട്ടുണ്ട്. നാം ചെയ്യേണ്ട കാര്യം, നമ്മുടെ വരവും വിളിയും തിരിച്ചറിഞ്ഞ് – ആവരം പ്രയോഗിക്കുവാനും ആ വിളി നിവര്‍ത്തിക്കാനുമാണ്. ദൈവം നമുക്കു നല്‍കിയിരിക്കുന്ന ആ പ്രത്യേക വിളി നിറവേറ്റുന്നതാണ് ആത്മ- നിറമുളള ശുശ്രൂഷ. പ്രത്യേകമായി നാം അന്വേഷിക്കുവാന്‍ പുതിയ നിയമം നമ്മെ ഉത്സാഹിപ്പിക്കുന്ന ഒരു വരമുണ്ടെങ്കില്‍, അതു പ്രവചനവരമാണ് (1 കൊരി 14:39). ഇന്നു ഒരു പക്ഷേ സഭയില്‍ ഏറ്റവും ആവശ്യമുളള വരം ഇതുതന്നെയാണ്. ഒരു പ്രവചന ശുശ്രൂഷ ആത്മീകവര്‍ദ്ധനവരുത്തുന്ന ഒന്നാണ് (ശക്തിപ്പെടുത്തുകയും പണിയുകയും ചെയ്യുന്നു), പ്രബോധിപ്പിക്കുന്നതാണ് (ശാസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു.), കൂടാതെ സമാശ്വസിപ്പിക്കുന്നതാണ് ( ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു) ( 1 കൊരി 14:3). ഭയമോ പക്ഷഭേദമോ കൂടാതെ, ദൈവത്തിന്‍റെ സത്യം സംസാരിക്കുന്ന പ്രവാചകന്മാരെ നമ്മുടെ സഭയില്‍ ദൈവം നല്‍കേണ്ടതിനു നാം പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ട് – തങ്ങളുടെ ശമ്പളം, സ്ഥാനം, പ്രശസ്തി എന്നിവയില്‍ കൂടുതല്‍ താല്‍പര്യമുളള, ഉപജീവനാര്‍ത്ഥം മതപരമായ ശാസ്ത്രിമാരായവരില്‍ നിന്നു വ്യത്യസ്തമായ സ്വഭാവ ദാര്‍ഢ്യമുളള പുരുഷന്മാര്‍. നമ്മുടെ വിളി എന്താണെന്നു കണ്ടുപിടിക്കേണ്ടതിനു അവിടുത്തെ മുഖം അന്വേഷിക്കുവാന്‍ കര്‍ത്താവ് നാം ഓരോരുത്തനെയും സഹായിക്കട്ടെ.