പുതിയ ഉടമ്പടി എന്താണെന്നു തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു കരുതുന്ന ക്രിസ്ത്യാനികള്‍- WFTW 7 ജൂലൈ 2019

സാക് പുന്നന്‍

തങ്ങള്‍ മറ്റുളളവരെ പോലെയല്ല, തങ്ങള്‍ക്കു ദൈവവചനം ലഭിച്ചിട്ടുണ്ട് എന്ന വസ്തുതയില്‍ പുകഴുന്നവരാണ് യഹൂദന്മാര്‍. എന്നാല്‍ ആ വചനം അനുസരിച്ച് അവര്‍ ജീവിക്കുന്നില്ല; തന്നെയുമല്ല ദൈവവചനം ആരെക്കുറിച്ചാണോ പ്രവചിച്ചിട്ടുളളത് ആ വ്യക്തി അവരുടെ ഇടയിലേക്കു വന്നപ്പോള്‍, അവര്‍ ഒടുവില്‍ അദ്ദേഹത്തെ തളളിക്കളഞ്ഞു. പുതിയ ഉടമ്പടി മനസ്സിലാക്കിയിട്ടുളളവരായ നമുക്കും ഇതേ രീതിയില്‍ തന്നെ പുകഴുവാനും നമ്മെ തന്നെ വഞ്ചിക്കുവാനുമുളള സാധ്യതയുണ്ട്.

താഴെ പറയുന്നത് റോമര്‍ 2-ാം അദ്ധ്യായത്തിന്‍റെ (ലിവിംഗ് ബൈബിളില്‍ നിന്ന്) ഒരു അനുരൂപീകരണം ആണ് – നാം നേരിടുന്ന അപകടങ്ങളോടു അനുരൂപീകരിച്ചത്.

നിങ്ങള്‍ ഇപ്രകാരം പറയുന്നുണ്ടായിരിക്കാം, “ഞങ്ങള്‍ ഇത്ര വ്യക്തമായി മനസ്സിലാക്കിയിട്ടുളള പുതിയ ഉടമ്പടി വളരെയധികം ക്രിസ്ത്യാനികളും മനസ്സിലാക്കിയിട്ടില്ല എന്നത് എത്ര ദുഃഖകരമാണ്.
എന്നാല്‍ ഒന്നു നില്‍ക്കണെ! നിങ്ങളുടെ ജീവിതങ്ങളെ ശോധന ചെയ്തിട്ട്, പുതിയ ഉടമ്പടി മനസ്സിലാക്കിയിട്ടില്ലാത്ത ക്രിസ്ത്യാനികളുടെ ജീവിതങ്ങളെക്കാള്‍ മെച്ചമാണോ നിങ്ങളുടേത് എന്നു നോക്കുക. ഒരുപക്ഷെ, പുതിയ ഉടമ്പടിയെക്കുറിച്ചുളള സൈദ്ധാന്തികമായ പരിജ്ഞാനത്തെ ചൊല്ലിയാണോ നിങ്ങള്‍ പ്രശംസിക്കുന്നത്? അതോ നിങ്ങള്‍ വാസ്തവമായി പുതിയ ഉടമ്പടി പ്രകാരമുളള ജീവിതത്തിലേക്കു പ്രവേശിച്ചിട്ടുണ്ടോ?. ദൈവം നീതിമാനാണെന്നും അവിടുത്തേക്ക് മുഖപക്ഷമില്ലെന്നും നമുക്കറിയാം. അപ്പോള്‍ അവിടുന്നു മറ്റു ക്രിസ്ത്യാനികള്‍ ചെയ്യുന്നതിനെ കുറ്റം വിധിക്കുകയും, എന്നാല്‍ അതേ കാര്യം തന്നെ നിങ്ങള്‍ ചെയ്യുമ്പോള്‍- നിങ്ങള്‍”ഒരു പുതിയ ഉടമ്പടി ക്രിസ്ത്യാനിയാണെന്ന്”അവകാശപ്പെടുന്നതു കൊണ്ടു മാത്രം നിങ്ങള്‍ ചെയ്യുന്നതു അവിടുന്ന് അവഗണിക്കുകയും ചെയ്യും എന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

വാസ്തവത്തില്‍ ദൈവം നിങ്ങളോടു ക്ഷമയുളളവനാണ്. അവിടുത്തെ കാഴ്ചയിലുളള നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ നിങ്ങള്‍ കാണുന്നതിനുളള സമയം നിങ്ങള്‍ക്കു നല്‍കുകയാണ് നിങ്ങളോടുളള അവിടുത്തെ ദയ നിങ്ങളെ തന്നെത്താന്‍ വിധിക്കുന്നതിലേക്കും മാനസാന്തരത്തിലേക്കും നയിക്കുന്നു.

എന്നാല്‍, നിങ്ങള്‍ പുതിയ ഉടമ്പടി മനസ്സിലാക്കിയിട്ടുണ്ട് എന്നു മാത്രമല്ല മറ്റു ളളവര്‍ക്കു അത് വിശദീകരിച്ചു കൊടുക്കുവാന്‍ പോലും നിങ്ങള്‍ക്കുകഴിയും എന്ന കാരണം കൊണ്ടുമാത്രം നിങ്ങള്‍ എല്ലാകാര്യത്തിലും ശരിയാണെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കാം. അപ്പോള്‍ നിങ്ങള്‍ കുറെകൂടി വലിയ അപകടത്തിലാണ് – കാരണം മറ്റുളളവരെ പഠിപ്പിക്കുന്നു എന്നു നിങ്ങള്‍ അവകാശപ്പെടുന്ന സത്യമനുസരിച്ചു നിങ്ങള്‍ ജീവിക്കുന്നില്ല.

എല്ലാവരുടെയും രഹസ്യജീവിതങ്ങളെ ദൈവം ന്യായം വിധിക്കുന്ന ദിവസം വരുന്നു – അവരുടെ അന്തരംഗത്തിലെ ചിന്തകള്‍, ഭാവങ്ങള്‍, ഉദ്ദേശ്യങ്ങള്‍ മുതലായവ അവിടുന്നു ഓരോരുത്തനും അവനവന്‍റെ പ്രവൃത്തികള്‍ കൃത്യമായി അര്‍ഹിക്കുന്ന വിധത്തില്‍ പകരം നല്‍കും – അവിടുത്തെ ഹിതം ക്ഷമയോടെ ചെയ്യുന്നവര്‍ക്കും അവിടുത്തെ മഹത്വവും മാനവും അന്വേഷിച്ചവര്‍ക്കും നിത്യജീവന്‍ നല്‍കും. എന്നാല്‍ തങ്ങള്‍ക്കു പുതിയ ഉടമ്പടി അറിയാം എന്നു പറയുക മാത്രം ചെയ്തിട്ട് അവരുടെ സ്വാര്‍ത്ഥതയിലും ആത്മീയ നിഗളത്തിലും, രഹസ്യപാപത്തിലും നടക്കുന്നവരെ അവിടുന്നു തളളിക്കളയും.

പാപം ചെയ്യുന്നതു തുടര്‍ന്നുകൊണ്ടിരുന്നാല്‍, പുതിയ ഉടമ്പടി ക്രിസ്ത്യാനികള്‍ക്കും മറ്റുളളവര്‍ക്കും ഒരുപോലെ ആ നാളില്‍ നിത്യ ദുഃഖം ഉണ്ടാകും. എന്നാല്‍ ദൈവത്തെ അനുസരിച്ചവര്‍ക്കു ദൈവത്തില്‍ നിന്നു പുകഴ്ചയും മാനവും ഉണ്ടാകും, അവര്‍ തങ്ങളെത്തന്നെ “പുതിയ ഉടമ്പടി ക്രിസ്ത്യാനികള്‍” എന്നു വിളിച്ചാലും അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തിലുളള ക്രിസ്ത്യാനികള്‍ എന്നു വിളിച്ചാലും ദൈവത്തിനു മുഖപക്ഷം ഇല്ല.

പാപത്തെ എവിടെ കണ്ടാലും ദൈവം അതിനെ ശിക്ഷിക്കും എന്നതാണു സത്യം. അക്രൈസ്തവര്‍ക്കു പോലും അവരുടെ പാപത്തിനു ശിക്ഷ നല്‍കും, കാരണം അവര്‍ക്കു ഒരു വേദപുസ്തകം ഇല്ലെങ്കിലും, അവിടുന്നു അവര്‍ക്കു എന്താണു ശരി എന്താണു തെറ്റ് എന്നു പറയുന്ന ഒരു മനസ്സാക്ഷി നല്‍കിയിട്ടുണ്ട്. ദൈവത്തിന്‍റെ നിയമങ്ങള്‍ അവരുടെ ഉളളില്‍ എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരുടെ മനസ്സാക്ഷി ഒന്നുകില്‍ അവരെ കുറ്റപ്പെടുത്തും അല്ലെങ്കില്‍ അവരോടു ക്ഷമിക്കുന്നു.

എന്നാല്‍ പുതിയ ഉടമ്പടി ക്രിസ്ത്യാനികള്‍ പാപം ചെയ്താല്‍ ദൈവം അവരെ വളരെയധികം ശിക്ഷിക്കും, കാരണം അവര്‍ക്കു മറ്റുളളവരേക്കാള്‍ നന്നായി അവിടുത്തെ നിയമങ്ങള്‍ അറിയാം, എന്നാല്‍ അവയെ അവര്‍ അനുസരിച്ചില്ല. എന്തു ചെയ്യണമെന്ന് അറിയുക മാത്രം ചെയ്യുന്നവര്‍ക്കല്ല രക്ഷ നല്‍കപ്പെടുന്നത്, എന്നാല്‍ വാസ്തവമായി അതു ചെയ്യുന്നവര്‍ക്കാണ്. ഏറെ നല്‍കപ്പെട്ടവരില്‍ നിന്നു ദൈവം ഏറെ പ്രതീക്ഷിക്കുന്നു.

അതുകൊണ്ട് ” പുതിയ ഉടമ്പടി ക്രിസ്ത്യാനികളായ നിങ്ങള്‍ അവിടുത്തെ സത്യം മനസ്സിലാക്കുന്നു എന്നതു കൊണ്ടു മാത്രം ദൈവവും നിങ്ങളും തമ്മിലുളള എല്ലാ കാര്യങ്ങളും നന്നായിരിക്കുന്നു എന്നു നിങ്ങള്‍ ചിന്തിക്കരുത്. ദൈവത്തിന്‍റെ വിശിഷ്ട സ്നേഹിതന്മാരാണ് നിങ്ങള്‍ എന്നുപോലും നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും കാരണം അവിടുന്ന് എന്താണാഗ്രഹിക്കുന്നതെന്നു നിങ്ങള്‍ക്കറിയാം, നിങ്ങള്‍ക്കു ശരിയും തെറ്റും തിരിച്ചറിയാം, അവിടുത്തെ പുതിയ നിയമത്തിന്‍റെ വ്യവസ്ഥകള്‍ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. ശുദ്ധഗതിക്കാരായ ആളുകളെ ദൈവത്തിന്‍റെ ആഴമുളള സത്യങ്ങളിലേക്കു നയിക്കുവാന്‍ കഴിയുന്ന ദീപ സ്തംഭങ്ങളാണു നിങ്ങള്‍ എന്നു കൂടി നിങ്ങള്‍ നിങ്ങളെക്കുറിച്ചു ചിന്തിക്കുന്നുണ്ടാകാം.
എന്നാല്‍ ഒന്നാമതു നിങ്ങളെ തന്നെ പരിശോധിക്കുക, ചിലപ്പോള്‍ മറ്റുളളവരോടു മോഷ്ടിക്കരുത് എന്നു നിങ്ങള്‍ പറയുന്നു- എന്നാല്‍ എപ്പോഴെങ്കിലും നിങ്ങള്‍ ചെയ്തിട്ടില്ലാത്ത കാര്യത്തിനുളള ബഹുമതി നിങ്ങള്‍ മോഷ്ടിക്കുന്നുണ്ടോ? വ്യഭിചാരം ചെയ്യുന്നതു തെറ്റാണെന്നു നിങ്ങള്‍ പറയുന്നു- എന്നാല്‍ അഴകുളള പെണ്‍കുട്ടികളെ നിങ്ങള്‍ മോഹിക്കാറുണ്ടോ? വിഗ്രഹങ്ങളെ ആരാധിക്കരുത് എന്നു നിങ്ങള്‍ പറയന്നു- എന്നാല്‍ പണത്തെ നിങ്ങളുടെ ദൈവമാക്കി തീര്‍ക്കുന്നുണ്ടോ?.

ദൈവത്തിന്‍റെ പുതിയ ഉടമ്പടി അറിയാം എന്നതില്‍ നിങ്ങള്‍ നിഗളിക്കുകയും, എന്നാല്‍ നിങ്ങളുടെ ജീവിത രീതി കൊണ്ട് അവിടുത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടോ?
പുതിയ ഉടമ്പടി അറിയുന്നതു വിലയുളള ഒരു കാര്യമായി തീരുന്നതു നിങ്ങള്‍ അതനുസരിച്ചു ജീവിക്കുന്നെങ്കില്‍ മാത്രമാണ്. എന്നാല്‍ അതനുസരിച്ചു ജീവിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ മറ്റാരെക്കാളും മെച്ചമല്ല. മറ്റു ക്രിസ്ത്യാനികള്‍ ( നിങ്ങള്‍ അവജ്ഞയോടെ നോക്കുന്നവര്‍) ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്നെങ്കില്‍, അവര്‍ പുതിയ ഉടമ്പടിയെ മനസ്സിലാക്കുന്നില്ലെങ്കില്‍ പോലും, ദൈവം അവര്‍ക്കു പ്രതിഫലം നല്‍കും. ദൈവത്തെയും അവിടുത്തെ വാഗ്ദത്തങ്ങളെയും ഇത്രയധികം അറിഞ്ഞിട്ടും അതനുസരിച്ചു ജീവിക്കാത്ത നിങ്ങളെക്കാള്‍ ന്യായവിധി ദിവസത്തില്‍ അവര്‍ക്കു നന്നായിരിക്കും.

ഒരു പുതിയ ഉടമ്പടി സഭയില്‍ ഉള്‍പ്പെട്ടവനാണ് എന്നതു കൊണ്ടോ നിങ്ങള്‍ അതിലെ സത്യങ്ങള്‍ മനസ്സിലാക്കുന്നു എന്നതു കൊണ്ടോ മാത്രം അല്ല നിങ്ങള്‍ ഒരു പുതിയ ഉടമ്പടി ക്രിസ്ത്യാനി ആകുന്നത്. അല്ല. ഒരു യഥാര്‍ത്ഥ പുതിയ ഉടമ്പടി ക്രിസ്ത്യാനി, തന്നെത്താന്‍ വിധിക്കുന്നതു കൊണ്ട് എല്ലാ ദിവസവും ഒരു ജയ ജീവിതം നയിക്കുന്നു. അതുകൊണ്ട് അവന്‍റെ ഹൃദയം എപ്പോഴും ദൈവവുമായി ശരിയായിരിക്കുന്നു. ശരിയായ ഉപദേശം ഉളളവരെയല്ല ദൈവം അന്വേഷിക്കുന്നത്, എന്നാല്‍ ദിവസം തോറും യേശുവിന്‍റെ കാല്‍ചുവടുകളില്‍ വാസ്തവമായി നടക്കുവാന്‍ വേണ്ടി തങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും പരിശുദ്ധാത്മാവിനാല്‍ വ്യത്യാസപ്പെടുത്തേണ്ടതിനു അനുവദിച്ചിട്ടുളളവരെയാണ്. തങ്ങളുടെ ജീവിതങ്ങളില്‍ ആ തരത്തിലുളള മാറ്റം ഉളളവര്‍ക്കു മാത്രമെ അന്ത്യനാളില്‍ ദൈവത്തില്‍ നിന്നു അവര്‍ക്കുളള പ്രശംസ ലഭിക്കുകയുളളൂ.

കേള്‍പ്പാന്‍ ചെവിയുളളവന്‍ കേള്‍ക്കട്ടെ