മറഞ്ഞിരിക്കുന്ന പാപങ്ങളിൽ നിന്ന് നമ്മെ തന്നെ വെടിപ്പാക്കുന്നത് – WFTW 27 മാർച്ച് 2022

സാക് പുന്നന്‍

ഒരു വിശ്വാസി, താൻ ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കുന്നില്ലെങ്കിൽ, തൻ്റെ യഥാർത്ഥ ആത്മീയ അവസ്ഥയെ കുറിച്ച് അറിവില്ലാത്തവനായിരിക്കുന്നത് വളരെ എളുപ്പമാണ്. വെളിപ്പാടു പുസ്തകത്തിൽ ഏഴു ‘സഭകളുടെയും മൂപ്പന്മാർക്ക് കർത്താവു നൽകുന്ന ശാസനകളിൽ നിന്ന് ഇതു വ്യക്തമാണ്. ലവൊദിക്യ സഭയുടെ ദൂതനോട് (മൂപ്പനോട്) അവിടുന്ന് ഇപ്രകാരം പറഞ്ഞു, “നീ നിർഭാഗ്യവാനും, അരിഷ്ടനും, ദരിദ്രനും, കുരുടനും, നഗ്നനും എന്നു നീ അറിയുന്നില്ല”.

നമ്മുടെ ഹൃദയത്തിൽ മറഞ്ഞു കിടക്കുന്ന കാര്യങ്ങളെ പുറത്തു കാണിക്കേണ്ടതിന് നമ്മുടെ ജീവിതങ്ങളിൽ വിവിധ സാഹചര്യങ്ങൾ ഉണ്ടാകുവാൻ ദൈവം അനുവദിക്കുന്നു. വ്യത്യസ്തരായ ആളുകളുമായി നമുക്കുണ്ടായിട്ടുള്ള പ്രയാസമുള്ള അനുഭവങ്ങളുടെ ഫലമായി വർഷങ്ങളായി നമ്മുടെ ഹൃദയത്തിൽ സംഭരിച്ചു വച്ചിരിക്കുന്ന അസന്തുഷ്ടമായ അനേകം ഓർമ്മകൾ നമ്മുടെ ഹൃദയങ്ങളിലുണ്ട്. അതു നമ്മുടെ ഹൃദയങ്ങളുടെ അടിത്തട്ടിൽ മറഞ്ഞു കിടക്കുന്നു- എങ്കിലും നാം ചിന്തിക്കുന്നത് നമ്മുടെ ഹൃദയം ശുദ്ധമാണെന്നാണ്. അപ്പോൾ ഈ ചീഞ്ഞളിഞ്ഞു കിടക്കുന്നവയെ ഇളക്കി നമ്മുടെ മനസ്സിലേക്കു കൊണ്ടു വരുന്ന ചില ചെറിയ കാര്യങ്ങൾ സംഭവിക്കുവാൻ ദൈവം അനുവദിക്കുന്നു. അപ്പോഴാണ് നാം നമ്മെ തന്നെ വെടിപ്പാക്കി ആ സംഭവത്തിൽ ഉൾപ്പെട്ടവരോട് ക്ഷമിച്ച് അവരെ സ്നേഹിക്കാൻ തീരുമാനിക്കേണ്ട സമയം. ഈ കാര്യങ്ങൾ നമ്മുടെ ഹൃദയത്തിൽ നിന്നു നീക്കി അതിനെ വെടിപ്പാക്കാൻ നാം അത്തരമൊരവസരം ഉപയോഗിക്കുന്നില്ലെങ്കിൽ, ഈ പ്രക്ഷുബ്ധത അടങ്ങി കഴിയുമ്പോൾ വീണ്ടും അവ അടിത്തട്ടിലേക്കു താഴ്ന്ന് നമ്മുടെ ഹൃദയങ്ങളിൽ അവശേഷിക്കുന്നു. എല്ലാം നന്നായിരിക്കുന്നു എന്ന് അപ്പോൾ നമുക്ക് കരുതാൻ കഴിയും. എന്നാൽ അതങ്ങനെയല്ല. മറ്റൊരു ചെറിയ സംഭവത്തിന് അവയെ എല്ലാം വീണ്ടും നമ്മുടെ മനസ്സിലേക്ക് ഉയർത്തി കൊണ്ടുവരാൻ കഴിയും. അതുകൊണ്ട് അങ്ങനെ എന്തെങ്കിലും ഉപരിതലത്തിലേക്കു പൊങ്ങി വരുന്ന ഓരോ സമയത്തും നാം നമ്മെ തന്നെ വെടിപ്പാക്കണം.

ധൂർത്ത പുത്രൻ്റെ സഹോദരൻ്റെ കാര്യത്തിൽ, അവനു തൻ്റെ ഇളയ സഹോദരനു നേരെ എങ്ങനെയാണ് ഒരു തെറ്റായ മനോഭാവം ഉണ്ടായിരുന്നത് എന്നു നാം കാണുന്നു. എങ്കിലും അതു പുറത്തുവന്നത് അവൻ്റെ സഹോദരൻ മടങ്ങി വന്ന്, അവനു വേണ്ടി ഒരു വിരുന്ന് ഒരുക്കപ്പെട്ടപ്പോൾ മാത്രമായിരുന്നു. അതിനുശേഷം അവൻ എപ്രകാരമാണ് തൻ്റെ സഹോദരനെ, അവൻ സങ്കല്പിച്ചിരുന്ന കുറ്റാരോപണങ്ങൾ കൊണ്ട്, കുറ്റപ്പെടുത്തുന്നത് എന്നു നാം കാണുന്നു, അവൻ്റെ പ്രസ്താവനകൾ സത്യമാണോ അല്ലയോ എന്നു പരിശോധിച്ചു നോക്കാതെ (ഉദാഹരണത്തിന്, അവൻ്റെ ഇളയ സഹോദരൻ” അവൻ്റെ പണം വേശ്യമാരോടു കൂടെ പാഴാക്കി കളഞ്ഞു” എന്ന കാര്യം). നമുക്ക് ആരെങ്കിലുമായി ഒരു നല്ല ബന്ധമില്ലെങ്കിൽ, നാം എപ്പോഴും അവരെ കുറിച്ച് ഏറ്റവും മോശമായ കാര്യങ്ങൾ വിശ്വസിക്കും.

പിതാവ് തൻ്റെ മൂത്ത മകനോട് ഇപ്രകാരം പറഞ്ഞു, “എനിക്കുള്ളതെല്ലാം നിൻ്റേതല്ലയോ”. പിതാവ് അവനു കൊടുത്ത കാര്യങ്ങളിൽ മുഴുകിയിരിക്കുന്നതിനു പകരം ഈ മൂത്ത സഹോദരൻ തൻ്റെ തന്നെ നേട്ടങ്ങളിൽ മുഴുകിയിരുന്നു. “ഞാൻ നിൻ്റെ കല്പനകളോട് ഒരിക്കൽ പോലും അനുസരണക്കേട് കാണിച്ചിട്ടില്ല. ഈ വർഷങ്ങളിലെല്ലാം ഞാൻ നിന്നെ സേവിച്ചു”. അവന് തൻ്റെ സഹോദരൻ്റെ കുറവുകളെ കുറിച്ചും ചിന്തയുണ്ടായിരുന്നു, “നിൻ്റെ ഈ മകൻ നിൻ്റെ പണം പാഴാക്കി കളഞ്ഞു” (ലൂക്കോ.15:29 -32). ആ പിതാവിനെ പോലെ, ദൈവവും നമ്മോട് ഇങ്ങനെ പറയുന്നു, “എനിക്കുള്ളതെല്ലാം നിൻ്റേതാണ്”. യേശുവിലുള്ളത് ഓരോന്നും നമ്മുടേതാണ്- അവിടുത്തെ എല്ലാ നിർമ്മലതയും, അവിടുത്തെ എല്ലാ നന്മയും, അവിടുത്തെ എല്ലാ സഹിഷ്ണുതയും, അവിടുത്തെ എല്ലാ താഴ്മയും തുടങ്ങിയവ.

ഈ കഥയിൽ നിന്നു നമുക്കു പഠിക്കാനുള്ള പാഠം ഇതു മാത്രമാണ്: നാം എല്ലായ്പോഴും ദൈവത്തിൻ്റെ കൃപയുടെ ധനത്തിൽ മുഴുകിയിരിക്കുക – അല്ലാതെ നിങ്ങളുടെ സ്വന്തം നേട്ടങ്ങളിലോ, അല്ലെങ്കിൽ, നിങ്ങളുടെ സഹവിശ്വാസികളുടെ പരാജയങ്ങളിലോ അല്ല.

നമ്മുടെ ഹൃദയങ്ങളിൽ മറഞ്ഞു കിടക്കുന്ന കാര്യങ്ങളെ പുറത്തു കാട്ടുവാൻ തക്കവണ്ണം വ്യത്യസ്ത സാഹചര്യങ്ങളെ ദൈവം അനുവദിക്കുന്നു. ചില കാര്യങ്ങൾ ഉപരിതലത്തിലേക്കു പൊങ്ങി വരുന്ന ഓരോ സമയവും നാം നമ്മെ തന്നെ വെടിപ്പാക്കണം (ശുദ്ധീകരിക്കണം).