നമ്മുടെ സ്വയത്തിൻ്റെ അന്ത്യത്തിലേക്കു വരുന്നത് – WFTW 2 ഒക്ടോബർ 2022

സാക് പുന്നന്‍

നമ്മുടെ സ്വയത്തിൻ്റെ പൂർണ്ണമായ ഒരു അന്ത്യത്തിലേക്കു വരുമ്പോൾ മാത്രമേ, നാം കർത്താവിലേക്കു വരാൻ ഒരുക്കമുള്ളവരായി തീർന്നിട്ടുള്ളു. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ” (മത്താ.11:28). അവിടുത്തെ അടുക്കലേക്കു വരുവാൻ യേശു എല്ലാവരെയും വിളിക്കുന്നില്ല. ഇവിടെ നാം കാണുന്നത് തങ്ങളുടെ പാപത്താൽ പരാജയപ്പെട്ട ജീവിതം കൊണ്ടു ക്ഷീണിച്ചു തളർന്നവരെ മാത്രമാണ് യേശു വിളിക്കുന്നത് എന്നാണ്. ധൂർത്ത പുത്രൻ തൻ്റെ പിതാവിൻ്റെ അടുക്കലേക്കു മടങ്ങി വന്നത് അവൻ എല്ലാം ചെലവഴിച്ചു കഴിഞ്ഞ ശേഷം ആരും അവന് ഒന്നും കൊടുക്കാതായപ്പോൾ മാത്രമാണ്. അപ്പോൾ മാത്രമാണ് അവന് “സുബോധം” ഉണ്ടായത് (ലൂക്കോ. 15:16-18) നമുക്ക് ആത്മീയമായി വളരാൻ കഴിയുന്നത്, നാം മനുഷ്യരുടെ മാനത്തെ വിലമതിക്കാതെ, ആളുകളെയും ചുറ്റുപാടുകളെയും കുറിച്ചു പരാതിപ്പെടാതിരിക്കുന്ന ആ സ്ഥാനത്ത് എത്തുമ്പോൾ മാത്രമാണ് – കൂടാതെ ഇപ്പോൾ നാം നമ്മുടെ പരാജിത ജീവിതങ്ങളെ കുറിച്ചു മാത്രം മടുത്തിരിക്കുന്ന ഒരു സ്ഥാനത്ത് എത്തുമ്പോൾ. അതാണ് യഥാർത്ഥ മാനസാന്തരം.

അല്ലാത്തപക്ഷം നാം സ്ഥിരമായി ഇൻകുബേറ്ററിൽ സൂക്ഷിക്കപ്പെടേണ്ട അകാലത്തിൽ പിറന്ന ശിശുക്കളെ പോലെ ആയിരിക്കും (സ്ഥിരമായി മറ്റുള്ളവരാൽ ചൂടുപിടിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ട ആവശ്യമുള്ളവരായി). നാം സഭയിൽ പോലും നമ്മുടെ സുരക്ഷിതത്വം കണ്ടെത്തരുത്, കർത്താവിൽ മാത്രം. യെഹെ.36:25 – 30 വരെയുള്ള വാക്യങ്ങൾ പുതിയ ഉടമ്പടിയുടെ കീഴിൽ യേശു നമുക്കു നൽകുന്ന സമൃദ്ധമായ ജീവനെ കുറിച്ചുള്ള 30 പ്രവചനങ്ങൾ നൽകുന്നു. മുപ്പത്തിയൊന്നാം വാക്യത്തിൽ ഇങ്ങനെ തുടരുന്നു, നാം ആ ജീവനിലേക്കു വരുമ്പോൾ “നമ്മുടെ ദുർമാർഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓർത്തു നമ്മുടെ അകൃത്യങ്ങൾ നിമിത്തവും മ്ലേഛതകൾ നിമിത്തവും നമ്മോടു തന്നെ വെറുപ്പു തോന്നും” എന്നാണ്. ഒരു ദൈവമനുഷ്യൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് അയാൾക്ക് എപ്പോഴും തൻ്റെ ഉള്ളിൽ നിന്ന് “അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ. എല്ലാ പാപങ്ങളിൽ നിന്നും പൂർണ്ണമായി ഞാൻ എങ്ങനെ വിടുവിക്കപ്പെടും”? (റോമ.7:24 -പരാവർത്തനം) എന്നൊരു കരച്ചിൽ ഉണ്ടായിരിക്കും. അയാൾ സ്ഥിരമായി എല്ലാ കളങ്കങ്ങളിൽ നിന്നും ജഡത്തിലെ സകല പാപത്തിൻ്റെയും മണത്തിൽ നിന്നു പോലും, സ്വതന്ത്രനാകുവാൻ ആഗ്രഹിക്കും.

കഷ്ടകാലത്ത് നിങ്ങൾ ശക്തരായിരിക്കണമെന്നാണ് ദൈവം നിങ്ങളെ കുറിച്ച് ആഗ്രഹിക്കുന്നത് (സദൃശ.24:10). കഷ്ടകാലത്ത് നിങ്ങൾ ശക്തരായിരിക്കണമെന്നാഗ്രഹിക്കുന്നെങ്കിൽ, ഈ സമാധാന കാലത്ത് കർത്താവിൻ്റെ പരിജ്ഞാനത്തിൽ നിങ്ങൾ വളരണം.

ദൈവത്തിൻ്റെ വഴികൾ നമ്മുടെ വഴികൾ അല്ല. അവിടുത്തേക്കു നമ്മെ ആദ്യം അനേകം മോഹഭംഗങ്ങളിലൂടെയും പരാജയങ്ങളിലൂടെയും തകർക്കേണ്ടതുണ്ട്- അതുകൊണ്ട് അവിടുന്നു നിങ്ങൾക്കു വേണ്ടി പദ്ധതിയിട്ടിരിക്കുന്ന ആത്മീയ വിദ്യാഭ്യാസം ലഭിക്കാൻ കഴിയുന്ന ഇടത്തേക്ക് നിങ്ങളെ അയയ്ക്കുന്നു.

യിസ്രായേലിൻ്റെ ഏറ്റവും വലിയ നേതാവാകേണ്ടതിന് ഒരുക്കുവാൻ വേണ്ടി മോശെയെ 40 വർഷത്തേക്ക് മരുഭൂമിയിൽ ആടിനെ വളർത്തുവാനും തൻ്റെ അമ്മായപ്പൻ്റെ കീഴിൽ ജോലി ചെയ്യുവാൻ അദ്ദേഹത്തിൻ്റെ കൂടെ താമസിക്കുന്നതിലുള്ള അപമാനം നേരിടുന്നതിനുമായി അയയ്ക്കുന്ന കാര്യത്തെകുറിച്ച് നമ്മിൽ ആരും ഒരിക്കലും ചിന്തിച്ചു കാണില്ല. എന്നാൽ അതാണ് ദൈവത്തിൻ്റെ വഴി. യാക്കോബിൻ്റെ കാര്യത്തിലും അവനെ ദൈവത്തിൻ്റെ പ്രഭു (ഇസ്രായേൽ) ആക്കുന്നതിനു മുമ്പ്, ഇതേ പോലെ ചില കാര്യങ്ങൾ ചെയ്തു. ദൈവത്തിന് ഏറ്റവും പ്രയാസമുള്ള ദൗത്യം ഒരു മനുഷ്യനെ തകർക്കുക എന്നതാണ്. അതു ചെയ്യുന്നതിൽ ദൈവം വിജയിക്കുമ്പോൾ, അത്തരം ഒരു മനുഷ്യനിലൂടെ സ്വതന്ത്രമാക്കപ്പെടുന്ന ശക്തി, ഒരു ആറ്റം പിളർക്കപ്പെടുമ്പോൾ അതിൽ നിന്നു സ്വതന്ത്രമാക്കപ്പെടുന്നതിനേക്കാൾ വളരെ അധികമായിരിക്കും!

ഈ അനുഭവത്തെ കുറിച്ചു പൗലൊസ് പറയുന്നത് “ഞങ്ങൾ അടിച്ചു വീഴ്ത്തപ്പെട്ടവരാണ്, എന്നാലും ഞങ്ങൾ എഴുന്നേറ്റ് യാത്ര തുടരുന്നു” (2കൊരി. 4: 9 – ലിവിംഗ്). നാം കൂടെക്കൂടെ തള്ളിയിടപ്പെടുവാൻ ദൈവം അനുവദിക്കും. എന്നാൽ ഞങ്ങൾ മറ്റുള്ളവരെപ്പോലെ വീണു കിടക്കുന്നില്ല. ഞങ്ങൾ എഴുന്നേറ്റ് യാത്ര തുടരുന്നു. അതാണ് സാത്താനെ കൂടുതൽ രോഷാകുലനാക്കുന്നത്. തള്ളിവീഴ്ത്തപ്പെടുന്നതിലൂടെ അതു നമ്മുടെ ഏറ്റവും നന്മയ്ക്കായി തീരേണ്ടതിന്, ദൈവം നമുക്ക് വിശുദ്ധീകരണത്തിൽ ഒരു അഭ്യസനം നൽകുന്നു. അതുകൊണ്ട് അന്നു മുതൽ യേശുവിൻ്റെ വിജയവും സാത്താൻ്റെ പരാജയവും മുമ്പത്തെക്കാൾ അധികം, ഞാൻ പോകുന്ന എല്ലാ ഇടങ്ങളിലും പ്രഘോഷിക്കുന്നതു തുടരുന്നു. ഹാലേലുയ്യാ!!