നിങ്ങളുടെ സ്വന്ത ഹിതത്തിന്‍റെ സ്ഥിരമായ നിഷേധം നിങ്ങളെ ആത്മീയരാക്കി തീര്‍ക്കും- WFTW 31 മാർച്ച് 2019

സാക് പുന്നന്‍

” ഞാന്‍ എന്‍റെ ഇഷ്ടമല്ല എന്നെ അയച്ചവന്‍റെ ഇഷ്ടമത്രെ ചെയ്യാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്” (യോഹന്നാന്‍ 6:38).താന്‍ എന്തുചെയ്യുവാനാണ് ഭൂമിയിലേക്കു വന്നിരിക്കുന്നത് എന്ന് തന്‍റെ സ്വന്തം വാക്കുകളില്‍ യേശു ഇവിടെ നമ്മോടു പറഞ്ഞിരിക്കുന്നു. ഈ ഒരൊറ്റ വാചകത്തില്‍ നിന്ന്, യേശു ഈ ഭൂമിയിലെ തന്‍റെ ജീവിതകാലം മുഴുവന്‍ ഓരോ ദിവസവും എങ്ങനെയാണു ജീവിച്ചത് എന്നതിന്‍റെ ഒരു വിവരണം നമുക്കു ലഭിക്കുന്നു. യേശുവിന്‍റെ നസ്രേത്തിലെ 30 വര്‍ഷക്കാലയളവിലുളള ജീവിതത്തെ മറയ്ക്കപ്പെട്ട വര്‍ഷങ്ങളായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവിടെ യേശു, ആ മുപ്പതു വര്‍ഷങ്ങള്‍ ഓരോ ദിവസവും താന്‍ എന്താണ് ചെയ്തത് എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. അവിടുന്നു തന്‍റെ സ്വന്തഹിതം നിഷേധിച്ച് അവിടുത്തെ പിതാവിന്‍റെ ഹിതം നിവര്‍ത്തിച്ചു. ഭൂതകാല നിത്യത മുതല്‍ യേശു പിതാവിനോടു കൂടെ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നപ്പോള്‍, അവിടുത്തേക്ക് ഒരിക്കലും തന്‍റെ സ്വന്തഹിതം ത്യജിക്കേണ്ടിവന്നിട്ടില്ല കാരണം അവിടുത്തെഹിതവും തന്‍റെ പിതാവിന്‍റെ ഹിതവും ഒന്നുതന്നെ ആയിരുന്നു. എന്നാല്‍ അവിടുന്നു നമ്മുടെ ജഡത്തില്‍ ഭൂമിയിലേക്കു വന്നപ്പോള്‍,ആ ജഡത്തിന് ഓരോ കാര്യത്തിലും പിതാവിന്‍റെ ഇഷ്ടത്തിനു നേരെ എതിരായുളള ഒരു സ്വന്ത ഇഷ്ടമുണ്ടായിരുന്നു. അപ്പോള്‍ യേശുവിനു പിതാവിന്‍റെ ഇഷ്ടം ചെയ്യുവാനുളള ഏകമാര്‍ഗ്ഗം എല്ലായ്പ്പോഴും തന്‍റെ സ്വന്തഹിതം ത്യജിക്കുക എന്നതു മാത്രമായിരുന്നു. അവിടുത്തെ ഭൂമിയിലെ ജീവിതത്തിലുടനീളം യേശു വഹിച്ച ക്രൂശ് ഇതായിരുന്നു -അവിടുത്തെ സ്വന്ത ഇഷ്ടത്തിന്‍റെ ക്രൂശീകരണം . ഇന്ന് തന്നെ അനുഗമിക്കണമെങ്കില്‍ ദിനംതോറും നാം വഹിക്കണമെന്ന് അവിടുന്നു നമ്മോടാവശ്യപ്പെടുന്നത് ഇതു തന്നെയാണ്. സ്ഥിരമായ സ്വന്തഹിതത്തിന്‍റെ നിഷേധമാണ് യേശുവിനെ ഒരു ആത്മീയനാക്കി തീര്‍ത്തത്. അതുപോലെ തന്നെ നമ്മുടെ സ്വന്ത ഇഷ്ടത്തെ നിഷേധിക്കുന്നതാണ് നമ്മെയും ആത്മീയരാക്കി തീര്‍ക്കുന്നത്.

ആത്മീയത എന്നത് ദൈവവുമായുളള ഒരു കൂടിക്കാഴ്ചയിലൂടെ ഉണ്ടാകുന്ന ഒരു കാര്യമല്ല. അത് സ്വയത്തെ നിഷേധിച്ച്, നാള്‍ തോറും, ആഴ്ച തോറും, വര്‍ഷങ്ങള്‍ തോറും, സ്ഥിരമായി ദൈവഹിതം ചെയ്യുന്ന മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്നതാണ്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം രണ്ടു സഹോദരന്മാരുടെ (രണ്ടുപേരും ഒരേ ദിവസം ക്രിസ്തുവിങ്കലേക്കു മാനസാന്തരപ്പെട്ടവര്‍) ആത്മീയ അവസ്ഥയെക്കുറിച്ചു ചിന്തിക്കുക. അതില്‍ ഒരാള്‍ ഇപ്പോള്‍, ദൈവത്തിന് സഭയിലെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഭരമേല്‍പ്പിക്കുവാന്‍ കഴിയുന്ന, ആത്മീയ വിവേചനത്തോടു കൂടിയ പക്വതയുളള ഒരു സഹോദരനാണ്. മറ്റെയാള്‍ ഇപ്പോഴും, വിവേചനമില്ലാത്ത, മറ്റുളളവരാല്‍ നിരന്തരം പരിപോഷിക്കപ്പെടുകയും ഉത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ട ഒരു ശിശുവാണ്. ഈ രണ്ടുപേര്‍ക്കും തമ്മില്‍ ഇത്തരം ഒരു വ്യത്യാസം ഉണ്ടാകുവാന്‍ ഇടയാക്കിയത് എന്താണ്? അതിന്‍റെ ഉത്തരം ഇതാണ്. 10 വര്‍ഷക്കാലത്തെ തങ്ങളുടെ ക്രിസ്തീയ ജീവിതത്തിലെ ഓരോ ദിവസവും അവര്‍ എടുത്ത ചെറിയ തീരുമാനങ്ങള്‍ ഇതേ രീതിയില്‍ ഇവര്‍ തുടര്‍ന്നു പോയാല്‍, മറ്റൊരു പത്തു വര്‍ഷത്തിനുളളില്‍, അവര്‍ തമ്മിലുളള വ്യത്യാസം ഇതിലുമധികം പ്രകടമായിരിക്കും. പിന്നെ നിത്യതയില്‍, അവരുടെ തേജസ്സിന്‍റെ അളവിലുളള വ്യത്യാസം ഒരു 2000 – വാട്ട് ബള്‍ബില്‍ നിന്നു പുറത്തേക്കു വരുന്ന പ്രകാശവും ഒരു 5 – വാട്ട് ബള്‍ബില്‍ നിന്നു പുറത്തേക്കു വരുന്ന പ്രകാശവും തമ്മിലുളള വ്യത്യാസം പോലെ ആയിരിക്കും!! ” നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ട് വ്യത്യാസം ഉണ്ടല്ലോ” (1 കൊരി 15:41). നിങ്ങള്‍ ഒരു ഭവനം സന്ദര്‍ശിക്കുമ്പോള്‍ അവിടെ സന്നിഹിതനല്ലാത്ത ഒരു സഹോദരനെ സംബന്ധിച്ച് (നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാള്‍) നിഷേധാത്മകമായ ചില കാര്യങ്ങള്‍ പറയുവാന്‍ പ്രലോഭിക്കപ്പെടുന്ന ഒരു സാഹചര്യത്തെക്കുറിച്ചു ചിന്തിക്കുക. നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ആ പ്രലോഭനത്തിനു കീഴടങ്ങി പരദൂഷണം പറയുമോ, അതോ നിങ്ങളെ തന്നെ നിഷേധിച്ച് നിങ്ങളുടെ വായ് അടച്ചിരിക്കുമോ? ആരെയെങ്കിലും കുറിച്ച് ദൂഷണം പറഞ്ഞതുകൊണ്ട് ദൈവം ആരെയും ഒരിക്കലും കുഷ്ടം കൊണ്ടോ ക്യാന്‍സര്‍ കൊണ്ടോ, അടിച്ചു വീഴ്ത്തുകയില്ല. ഇല്ല അതുകൊണ്ടുതന്നെ അനേകരും കരുതുന്നത് അത്തരം ഒരു പാപം തങ്ങളുടെ ജീവിതങ്ങളെ നശിപ്പിക്കുകയില്ലാ എന്നാണ്. കഷ്ടമെന്ന് പറയട്ടെ നിത്യതയില്‍ മാത്രമാണ് തങ്ങളെ തന്നെ പ്രസാദിപ്പിച്ച ഓരോ സമയവും അവര്‍ തങ്ങളെ തന്നെ അല്പാല്പം നശിപ്പിക്കുകയായിരുന്നു എന്ന് അനേകം സഹോദരി സഹോദരന്മാരും മനസ്സിലാക്കാന്‍ പോകുന്നത്. അപ്പോള്‍ , ഭൂമിയില്‍ തങ്ങളുടെ ജീവിതങ്ങളെ പാഴാക്കിയ വിധമോര്‍ത്ത് അവര്‍ ദുഃഖിക്കും.

യേശുവും നസ്രേത്തില്‍ 30 വര്‍ഷങ്ങള്‍ ഇതേ സാഹചര്യങ്ങളില്‍ പ്രലോഭിപ്പിക്കപ്പെട്ടു. ആ അറിയപ്പെടാത്ത വര്‍ഷങ്ങളെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് ” ഒരു സമയം പോലും അവിടുന്നു ഒരിക്കലും തന്നെത്തന്നെ പ്രസാദിപ്പിച്ചില്ല” എന്നാണ് (റോമര്‍ 15:3). അവിടുന്നു എപ്പോഴും തന്നെത്തന്നെ നിഷേധിച്ചു. അങ്ങനെ എല്ലാ നേരവും അവിടുന്നു തന്‍റെ പിതാവിനെ പ്രസാദിപ്പിച്ചു. ഒരാള്‍ക്കു തന്‍റെ ജീവിതത്തിന്‍റെ അനേകം മേഖലകളില്‍ തന്നെത്തന്നെ പ്രസാദിപ്പിക്കുന്ന കാര്യം ചെയ്യാന്‍ കഴിയും ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്കു വിശപ്പില്ലെങ്കില്‍ പോലും, കുറച്ചു പണം ചിലവാക്കി രുചികരമായ ഏതെങ്കിലും ലഘുഭക്ഷണങ്ങള്‍ വാങ്ങി തിന്നുവാന്‍ നിങ്ങള്‍ തീരുമാനിക്കുന്ന ഒരു സാഹചര്യത്തെപ്പറ്റി ചിന്തിക്കുക. തീര്‍ച്ചയായും അതില്‍ പാപകരമോ തെറ്റായതോ ഒന്നുമില്ല. എന്നാല്‍ അത് ഒരു പ്രത്യേക ജീവിതശൈലിയെക്കുറിച്ചു പറയുന്നു. നിങ്ങള്‍ക്കു പണമുളളതു കൊണ്ട്, നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങള്‍ക്ക് ഇഷ്ടമുളളതു നിങ്ങള്‍ വാങ്ങിക്കുന്നു. നിങ്ങളെതന്നെ പ്രസാദിപ്പിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു. നിങ്ങള്‍ക്കു ചില കാര്യങ്ങള്‍ വാങ്ങുവാന്‍ തോന്നുന്നു എങ്കില്‍ നിങ്ങള്‍ അതു വാങ്ങുന്നു. നിങ്ങള്‍ക്ക് ഏതെങ്കിലും സ്ഥലത്തു പോകണമെന്നു തോന്നുന്നു എങ്കില്‍ നിങ്ങള്‍ പോകുന്നു. താമസിച്ച് ഉറങ്ങണമെന്നു നിങ്ങള്‍ക്കു തോന്നുന്നു എങ്കില്‍, നിങ്ങള്‍ വെറുതെ താമസിച്ചുറങ്ങുന്നു. നിങ്ങള്‍ ക്രമമായി മീറ്റിംഗുകള്‍ക്കു പോകുകയും എല്ലാ ദിവസവും നിങ്ങളുടെ ബൈബിള്‍ വായിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇപ്രകാരം ജീവിക്കുന്നതിന്‍റെ അന്തിമഫലം എന്താണ്? നിങ്ങള്‍ക്കു നിങ്ങളുടെ രക്ഷ നഷ്ടപ്പെടുകയില്ലായിരിക്കാം, എന്നാല്‍ അവിടുത്തേക്കു വേണ്ടി ജീവിക്കുവാന്‍ ദൈവം നിങ്ങള്‍ക്കു നല്‍കിയ ഒരു ജീവിതം നിങ്ങള്‍ പാഴാക്കും. മറ്റൊരു സഹോദരന്‍ ഏതു വിധേനയും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. അവന്‍ തന്‍റെ ശരീരത്തെ ശിക്ഷണം ചെയ്യുവാന്‍ തീരുമാനിക്കുന്നു. തനിക്കു വിശപ്പില്ലാത്തപ്പോള്‍ ആവശ്യമില്ലാത്തതൊന്നും തിന്നുകയില്ലായെന്ന് അയാള്‍ തീരുമാനിക്കുന്നു. ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനു വേണ്ടി ഓരോ ദിവസവും 15 മിനിറ്റ് നേരത്തെ എഴുന്നേല്‍ക്കണം എന്ന് അയാള്‍ തീരുമാനിക്കുന്നു. ആരെങ്കിലും അയാളോടു കോപിച്ചു സംസാരിക്കുമ്പോള്‍, ശാന്തമായി മറുപടി പറയുവാന്‍ അയാള്‍ തീരുമാനിക്കുന്നു. എപ്പോഴും സ്നേഹത്തിലും നന്മയിലും നിലനില്‍ക്കുവാന്‍ അയാള്‍ തീരുമാനിക്കുന്നു. വര്‍ത്തമാനപത്രങ്ങളില്‍ കാണുന്ന, തന്‍റെ മോഹത്തെ ഉത്തേജിപ്പിക്കുന്ന തരത്തിലുളള ചില വാര്‍ത്തകള്‍ വായിക്കുകയില്ലെന്ന് അയാള്‍ തീരുമാനിക്കുന്നു. ഓരോ സാഹചര്യത്തിലും തന്നെത്താന്‍ താഴ്ത്തുവാനും, സ്വയം നീതീകരിക്കാതിരിക്കുവാനും അയാള്‍ തീരുമാനിക്കുന്നു. ലോകത്തിലേക്കു തന്നെ സ്വാധീനിക്കുന്ന ചില സൗഹൃദ ബന്ധങ്ങള്‍ ഉപേക്ഷിക്കുവാന്‍ അവന്‍ തീരുമാനിക്കുന്നു. സ്ഥിരമായി തന്‍റെ ഇഷ്ടത്തെ നിഷേധിക്കുവാന്‍ (തന്നെ പ്രസാദിപ്പിച്ചവ) തീരുമാനിക്കുന്നതിലൂടെ, ദൈവത്തെ മാത്രം പ്രസാദിപ്പിക്കുവാനുളള തന്‍റെ ഇഷ്ടത്തില്‍ അവന്‍ ശക്തനായി തീരുന്നു. അനാവശ്യകാര്യങ്ങള്‍ വാങ്ങാതിരുന്നതിനാല്‍, അല്ലെങ്കില്‍ 15 മിനിറ്റ് നേരത്തെകിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനാല്‍ അല്ലെങ്കില്‍ തന്‍റെ മാന്യതയെക്കുറിച്ചുളള മാനുഷിക ബോധം ഉപേക്ഷിച്ച് ക്ഷമ ചോദിക്കുന്നതിനാല്‍ അവന് എന്തു നഷ്ടമുണ്ടായി ? ഒന്നുമില്ല. എന്നാല്‍ അവന്‍ എന്തു നേടി എന്നതിനെക്കുറിച്ചു ചിന്തിക്കുക!

അതുപോലെയുളള ഒരു മനുഷ്യന്‍, അല്പ കാര്യങ്ങളില്‍ സ്ഥിരമായി വിശ്വസ്തതയുളളവന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ വിശ്വാസയോഗ്യനായ ഒരു ദൈവ പുരുഷനായി മാറും – അവന്‍റെ ബൈബിള്‍ പരിജ്ഞാനം കൊണ്ടല്ല, എന്നാല്‍ അവനെ തന്നെ പ്രസാദിപ്പിക്കാതെ ദൈവത്തെ പ്രസാദിപ്പിക്കേണ്ടതിനു അവന്‍ തന്‍റെ ജീവിതത്തില്‍ എടുത്ത ചെറിയ തീരുമാനങ്ങള്‍ കൊണ്ട്. അപ്പോള്‍ നിങ്ങള്‍ ബലഹീന- ഇച്ഛാശക്തിയുളളവരാകരുത്. എല്ലാ സമയവും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ നിങ്ങളുടെ ഇച്ഛാശക്തിയെ അഭ്യസിപ്പിക്കുക. പക്വതയുളള ക്രിസ്ത്യാനികള്‍ എന്നാല്‍ ” നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ ( അനേകം വര്‍ഷങ്ങളിലൂടെ തങ്ങളുടെ ഇച്ഛയെ ശരിയായ ദിശയില്‍ അഭ്യസിപ്പിക്കുന്നതില്‍) അഭ്യസിച്ച ഇന്ദ്രിയങ്ങളുളളവരായി പ്രായം തികഞ്ഞവര്‍ ” ആണ് (എബ്രാ 5:14). നിങ്ങള്‍ ഒരു യഥാര്‍ത്ഥ ദൈവ പുരുഷന്‍ /സ്ത്രീ ആകും എന്നു നിങ്ങള്‍ തീരുമാനിക്കുക.

What’s New?