ദാനിയേലിന്‍റെ ശുശ്രൂഷയും ലൂസിഫറിന്‍റെ ശുശ്രൂഷയും – WFTW 20 ജനുവരി 2013

സാക് പുന്നന്‍ 

(1996ല്‍  പ്രസിദ്ധീകരിച്ച സമ്പൂര്‍ണ  സുവിശേഷം എന്ന പുസ്തകത്തില്‍ നിന്നും എടുത്തിട്ടുള്ളത് )

ദാനിയേല്‍ തന്‍റെ തലമുറയില്‍ ദൈവം ഉപയോഗിച്ച ഒരുവനായിരുന്നു. അദ്ദേഹം 17 വയസ്സുള്ള ഒരു യുവാവായിരുന്നപ്പോള്‍ “തന്നെത്താന്‍ അശുദ്ധമാക്കുകയില്ല” എന്ന് ഹൃദയത്തില്‍ നിശ്ചയിച്ചു (ദാനിയേല്‍ 1:8). തുടര്‍ന്ന് ഹനന്യാവ്, മീശായേല്‍, അസര്യാവ്  എന്നിവര്‍ യുവാവായ ദാനിയേല്‍ ദൈവത്തിനു വേണ്ടി സ്വീകരിച്ച നിലപാട് കണ്ടപ്പോള്‍ അവര്‍ക്കും അപ്രകാരം നില്‍ക്കുവാനുള്ള ധൈര്യം ലഭിച്ചു (ദാനി. 1:11). അവര്‍ക്ക് സ്വയം നില്‍ക്കുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ദാനിയേലിന്‍റെ സ്ഥിരചിത്തത അവരെയും ധീരരാക്കി. ഇന്ന് ഇതുപോലെയുള്ള ധാരാളം പേരുണ്ട്. കര്‍ത്താവിനുവേണ്ടി സ്വയം ധീരതയോടെ നില്‍ക്കുവാന്‍ കഴിവില്ലാതിരിക്കെത്തന്നെ അപ്രകാരം നില്‍ക്കുന്ന ഒരു ദാനിയേലിനായി കാത്തുനില്‍ക്കുന്നവരാണിവര്‍. അങ്ങനെയൊരാളെ കണ്ടെത്തുമ്പോള്‍ അവരും അദ്ദേഹത്തോട് ചേര്‍ന്ന് ധീരരായി നില്‍ക്കും.

നിങ്ങള്‍ അപ്രകാരമൊരു ദാനിയേല്‍ ആയിത്തീരുമോ? “ഞാന്‍ എന്നെത്തന്നെ അശുദ്ധനാക്കുകയില്ല; രാജാവിനെയൊ സൈന്യാധിപനെയോ പിന്മാറ്റത്തിലായ ഒരു മൂപ്പനെയോ മറ്റാരെയെങ്കിലുമോ ഞാന്‍ പിന്തുടരുകയില്ല, നൂറു ശതമാനവും ദൈവവചനം കല്പിക്കുന്നതനുസരിച്ചു ഞാന്‍ നില്‍ക്കും” എന്ന് നിങ്ങള്‍ പറയുമോ?

ഇപ്രകാരം ഒരു ദാനിയേലിന്‍റെ ശുശ്രൂഷയ്ക്കായി, മറ്റനേകം പേരെ നീതിയിലേക്കു നയിക്കുന്ന സ്ത്രീ-പുരുഷന്മാരെ ഇന്ന് നമ്മുടെ രാജ്യത്തിനാവശ്യമുണ്ട് (ദാനി.12:4). നീതിയെപ്പറ്റി പ്രസംഗിക്കുന്ന പ്രസംഗകരെയല്ല, മറിച്ച് വാക്കിനാലും മാതൃകയാലും മറ്റുള്ളവരെ നീതിയിലേക്കു നയിക്കുന്നവരെയാണ് ഈ വാക്യം പരാമര്‍ശിക്കുന്നത്.

ദാനിയേലിന്‍റെ ശുശ്രൂഷയ്ക്ക് നേര്‍വിപരീതമായ മറ്റൊരു ശുശ്രൂഷയെപ്പറ്റിയും നാം തിരുവെഴുത്തില്‍ വായിക്കുന്നു: ‘ലൂസിഫറിന്‍റെ ശുശ്രൂഷ.’

ലക്ഷക്കണക്കിന്‌ ദൈവദൂതന്മാരെ ദൈവത്തിനെതിരായുള്ള മത്സരത്തിലേയ്ക്ക് നയിക്കുവാന്‍ ലൂസിഫറിനു കഴിഞ്ഞതായി വെളി.12:4ല്‍ നാം വായിക്കുന്നു. ഇപ്രകാരം ധാരാളം ദൂതന്മാരെ വഴിതെറ്റിക്കുവാന്‍ ദൈവം ലൂസിഫറിനെ അനുവദിച്ചത് എന്തുകൊണ്ടാണ്? അതൃപ്തരും മത്സരികളുമായ എല്ലാ ദൂതന്മാരെയും നീക്കി സ്വര്‍ഗ്ഗത്തെ ശുദ്ധീകരിക്കുവാന്‍ തന്നെ. ലൂസിഫര്‍ അവരുടെയിടയില്‍ എഴുന്നേറ്റ് ദൈവത്തിനെതിരെയുള്ള മത്സരത്തിലേയ്ക്ക് അവരെ നയിച്ചില്ലായിരുന്നെങ്കില്‍ അവരുടെ തിന്മയുള്ള ഹൃദയം വെളിപ്പെടുകയില്ലായിരുന്നു.

അതുപോലെതന്നെ ഇന്നും സഭയില്‍ ലൂസിഫറിന്‍റെ ഒരു ശുശ്രൂഷ ചെയ്യുവാന്‍ ദൈവം ചില സഹോദരീ-സഹോദരന്മാരെ അനുവദിക്കും. ദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും വ്യാജവും ദോഷവും സംസാരിച്ചുംകൊണ്ട് വീടുതോറും സഞ്ചരിക്കുവാന്‍ ദൈവം അവരെ അനുവദിക്കും. അങ്ങനെ സഭയിലുള്ള അതൃപ്തരും മത്സരികളും ലൗകീകരുമായ വിശ്വാസികള്‍ വേര്‍തിരിക്കപ്പെട്ട് ഒരുമിച്ചു ചേര്‍ക്കപ്പെടുവാനും തദ്വാരാ ക്രിസ്തുവിന്‍റെ ശരീരം ശുദ്ധീകരിക്കപ്പെടുവാനും ഇടയായിത്തീരും.

നാം ഒരിക്കലും അത്തരം സഹോദരീ-സഹോദരന്മാരോട് പോരാടുവാന്‍ പാടില്ല.  സഭയെ ദൈവം തന്നെ സംരക്ഷിച്ചുകൊള്ളും. സഭയെ മലിനപ്പെടുത്തുന്നവരെ തക്ക സമയത്ത് അവിടുന്ന് നശിപ്പിക്കും (1കോരി.3:17). എന്നാല്‍ ആരും നശിച്ചുപോകുവാന്‍ ദൈവം ആഗ്രഹിക്കാത്തതുകൊണ്ട് ദൈവം ന്യായവിധി നടത്തുന്നതിനു മുമ്പ് ദീര്‍ഘക്ഷമയോടെ പല വര്‍ഷങ്ങള്‍ കാത്തിരിക്കുന്നു. എല്ലാവരും മാനസാന്തരപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നോഹയുടെ കാലത്ത് അവിടുന്ന് നൂറ്റിയിരുപതു വര്‍ഷം കാത്തിരുന്നു. എന്നാല്‍ ദൈവം ന്യായവിധി നടത്തുമ്പോള്‍ അവിടുത്തെ ന്യായവിധി കര്‍ക്കശമായിരിക്കും.

അതിനാല്‍ ഒരു സഭയില്‍ ഒരിക്കലും ഭിന്നത ഉണ്ടായിട്ടില്ലെന്ന് പ്രശംസിക്കുന്നത് ഭോഷത്തമാണ്. ആരംഭകാലത്ത് സ്വര്‍ഗ്ഗത്തില്‍ത്തന്നെ ദൂതന്മാരുടെയിടയില്‍ ഒരു ഭിന്നതയുണ്ടായിരുന്നു. അത്തരം ഭിന്നതകള്‍ ആവശ്യമാണ്. “എന്തെന്നാല്‍ നിങ്ങളില്‍ കൊള്ളാകുന്നവര്‍ വെളിവാകേണ്ടതിനു നിങ്ങളുടെയിടയില്‍ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടത് ആവശ്യം”(1കോരി.11:19).

ഇരുട്ട് വെളിച്ചത്തില്‍നിന്നു വേര്‍തിരിക്കപ്പെടണം. അതൊരു ഭിന്നതയല്ല, ഒരു നിര്‍മ്മലീകരണമാണ്. അതില്ലെങ്കില്‍ ഭൂമിയില്‍ ദൈവത്തിന്‍റെ സാക്ഷ്യം വികലമാകും.

നമുക്കെല്ലാവര്‍ക്കും ഒന്നുകില്‍ സഭയില്‍ ഐക്യവും കൂട്ടായ്മയും വളര്‍ത്തുന്ന ഒരു ദാനിയേല്‍ ശുശ്രൂഷയോ, അല്ലെങ്കില്‍ ഭിന്നത വളര്‍ത്തുന്ന ലൂസിഫര്‍ ശുശ്രൂഷയോ ഉണ്ടായിരിപ്പാന്‍ കഴിയും. നിഷ്പക്ഷരായിരിക്കുവാന്‍ നമുക്ക് സാധ്യമല്ല. തന്നോട് ചേര്‍ക്കാത്തവര്‍ ചിതറിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. ചേര്‍ക്കുക, ചിതറിക്കുക – ഇങ്ങനെ രണ്ടു ശുശ്രൂഷകള്‍ മാത്രമാണ് സഭയിലുള്ളത് (മത്തായി 12:30).

ഇന്ത്യയിലെ നമ്മുടെ സഭകളില്‍,  സ്ഥാന-മാനങ്ങള്‍ ആഗ്രഹിക്കുന്നവരെയും, വിവാദത്തിന്‍റെയും തര്‍ക്കത്തിന്‍റെയും ആത്മാവുള്ളവരെയും, തങ്ങളേക്കാള്‍ ആത്മീയ വളര്‍ച്ച പ്രാപിക്കുന്ന യുവ സഹോദരന്മാരോട് അസ്സൂയയുള്ളവ വരെയും  നമ്മുടെയിടയില്‍ തുറന്നുകാട്ടുന്നതിനും, നീക്കിക്കളയുന്നതിനും, ദൈവം അത്ഭുതകരമായും അതിവിദഗ്ദമായും സാഹചര്യങ്ങളെ ക്രമീകരിക്കുന്നുണ്ട്. നമ്മുടെയിടയിലുള്ള “ജ്ഞാനി”കളെയും “വലിയ”വരെയും ദൈവം പിടിക്കുകയും , സഭയെ “റാഞ്ചുന്ന”തിനുള്ള അവരുടെ നിഗൂഡ പദ്ധതികളെ വിഫലമാക്കുകയും ചെയ്യുന്നു.   “ദൈവം ജ്ഞാനികളെ അവരുടെ കൗശലത്തില്‍ പിടിക്കുന്നു” (1കരി. 3:19). ദൈവത്തിനു നമ്മോടുള്ള കരുതലിന്‍റെയും, നമ്മുടെ നാട്ടില്‍ ദൈവ നാമത്തിനു നിര്‍മ്മലസാക്ഷ്യം ഉണ്ടാകണമെന്നുള്ള ഉല്‍ക്കടമായ ആഗ്രഹത്തിന്‍റെയും ഒരു തെളിവാണ് ഇത്.

ഇങ്ങനെയുള്ള സാത്താന്യ ആക്രമണങ്ങളില്‍ നിന്നും നമ്മെ സൂക്ഷിക്കുന്നതിനായി ഇടവിടാതെ നമ്മെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിനു സ്തോത്രം. “യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു” (സങ്കീ.127:1). എവിടെ  സഹോദരന്മാര്‍ ഒരുമയോടെ വസിക്കുന്നുവോ അവിടെയാണ് ദൈവം തന്‍റെ ശാശ്വതമായ അനുഗ്രഹങ്ങള്‍ കല്പിച്ചിരിക്കുന്നത് (സങ്കീ. 133:1,3). ഒരുമയുള്ള ഒരു സഭയ്ക്ക്  മാത്രമേ  സാത്താന്‍റെ കോട്ടയെ ജയിക്കാന്‍ സാധ്യമാകൂ. ഇപ്രകാരമുള്ള ഐക്യത്തെ തകര്‍ക്കുന്നവരെ നീക്കിക്കളയുന്നതിനുവേണ്ടി  പരിശുദ്ധാത്മാവിന്‍റെ  അതിശക്തമായ പ്രവര്‍ത്തനം നമ്മുടെയിടയില്‍ ഉള്ളതുകൊണ്ട് നാം ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സഭകളില്‍ എകശരീരമായി സൂക്ഷിക്കപ്പെടുന്നു. ഭാവിയിലും ഈവിധ പ്രവര്‍ത്തനം നമ്മുടെയിടയില്‍ തുടരേണ്ടതിനായി നമുക്ക് പ്രാര്‍ഥിക്കാം, കാരണം ഏതു സമയത്തും നമ്മുടെയിടയില്‍ നിഗളം കടന്നുവരുവാനുള്ള സാദ്ധ്യതയുണ്ട്. ദൈവത്തിന്‍റെ വാഗ്ദത്തം ഇപ്രകാരമാണ്: ” ഞാന്‍ നിന്‍റെ മദ്ധ്യേ നിന്ന് നിന്‍റെ ഗര്‍വ്വോല്ലാസിതന്മാരെ നീക്കിക്കളയും. നീ എന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ ഇനി ഗര്‍വ്വിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന സകല പ്രവൃത്തികളും നിമിത്തം നീ അന്നാളില്‍ ലജ്ജിക്കേണ്ടിവരുകയില്ല. ഞാന്‍ നിന്‍റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും” സെഫന്യാവ് 3:11,12). താഴ്മയും, വിനയവുമുള്ളവരെക്കൊണ്ട് മാത്രമേ ഐക്യത്തില്‍ സഭ പണിയപ്പെടുകയുള്ളൂ.

തന്‍റെ സഭയെ വിശുദ്ധിയില്‍ സൂക്ഷിക്കുന്നതിനുവേണ്ടി അവിടുന്ന് സ്വാര്‍ത്ഥ-തല്പരരെ അവിടുത്തെ സമയത്തും, അവിടുത്തെ വഴിയിലൂടെയും തുറന്നു കാട്ടുകയും, നീക്കിക്കളയുകയും ചെയ്യും, യെരുശലേം ദേവാലയത്തില്‍ നിന്ന് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അവിടുത്തെ സമയത്ത് നീക്കിക്കളഞ്ഞപോലെതന്നെ. എല്ലാ സ്തുതിയും മഹത്വവും അവിടുത്തെയ്ക്കുമാത്രം.സഭയെ എല്ലാ സ്ഥലത്തും ദൈവനാമമഹത്വത്തിനായി ഒരു വിശുദ്ധ സാക്ഷ്യമായി പണിതുയര്‍ത്തുവാന്‍വേണ്ടി നാം ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കുവാന്‍ ഈ അന്ത്യദിനങ്ങളില്‍ ദൈവം നമുക്ക് കൃപയും ജ്ഞാനവും നല്‍കട്ടെ.

What’s New?