വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സോക്രട്ടീസ് ജയിൽവാസം അനുഭവിക്കുന്ന സമയം. സോക്രട്ടീസിന്റെ പ്രിയശിഷ്യനായ ക്രിറ്റോ അദ്ദേഹത്തെ മരണത്തിൽ നിന്നു രക്ഷിക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്തു. രാത്രിയുടെ മറപറ്റി തീരത്തണയുന്ന ഒരു കപ്പലിലേക്ക് സോകട്ടീസിനെ ജയിലിൽ നിന്ന് ഒളിച്ചു കടത്തുക. തുടർന്ന് രാത്രി തന്നെ അന്യദേശത്തേക്കു കുതിക്കുന്ന കപ്പലിൽ തന്റെ ഗുരുവിനെ മറ്റൊരു നാട്ടിൽ എത്തിച്ച് ഗ്രീക്കുകാരുടെ പിടിയിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപെടുത്തുക ഇതായിരുന്നു ക്രിറ്റോയുടെ പരിപാടി. ഇതിനായി ജയിലധികൃതർക്ക് കൈക്കുലി കൊടുത്ത് അവരെയും അദ്ദേഹം വശത്താക്കിയിരുന്നു. സത്യാന്വേഷിയും മനുഷ്യസ്നേഹിയുമായ സോക്രട്ടീസിനെ അന്യായമായി വധശിക്ഷയ്ക്കു വിധിച്ച ഭരണാധികാരികളെ കബളിപ്പിക്കാൻ തെറ്റായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതു തീർത്തും ശരിയാണെന്നായിരുന്നു ക്രിറ്റോയുടെ വിശ്വാസം. ലക്ഷ്യം മാർഗ്ഗത്തെ സാധുകരിക്കും എന്നും അദ്ദേഹം കരുതി.
പദ്ധതി ഒരു പിഴവും വരാതെ ആസൂത്രണം ചെയ്ത ശേഷം സോക്രട്ടീസിനെ വിവരം ധരിപിക്കാൻ ജയിലിലെത്തിയ ക്രിറ്റോ കണ്ടത് അദ്ദേഹം ശാന്തമായി ഉറങ്ങുന്നതാണ്. മരണം തൊട്ടു മുമ്പിലെത്തി നിന്നിട്ടും സമാധാനത്തോടെ ഉറങ്ങുന്ന ഗുരുവിനെ കണ്ട് ക്രിറ്റോ ആശ്ചര്യപ്പെട്ടു. പക്ഷേ ഗുരു ഉണരുന്നതു കാത്തു നില്ക്കാൻ സമയമില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ക്രിറ്റോ സോക്രട്ടീസിനെ വിളിച്ചുണർത്തി. ഗുരുവിനെ രക്ഷപ്പെടുത്താൻ താൻ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികൾ വിശദീകരിച്ചു.
സോക്രട്ടീസ് ശാന്തമായി എല്ലാം കേട്ടു. കൈക്കൂലി കൊടുത്ത് രാജ്യത്തിന്റെ നിയമങ്ങൾ ലംഘിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതു ശരിയല്ല എന്നു സോക്രട്ടീസ് പറഞ്ഞു. ഇങ്ങനെ രക്ഷപെടുന്നതു താൻ മുറുകെപ്പിടിച്ച തത്ത്വങ്ങളെ ബലികഴിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം വാദിച്ചു. അതേ സമയം അധികാരികളുടെ അധാർമികമായ ഒരു നടപടിക്കു മുൻപിൽ തല കുനിച്ചു കൊടുക്കാൻ പാടില്ലെന്ന് ക്രിറ്റോയും എതിർവാദം നിരത്തി (സോക്രട്ടീസിന്റെ മറ്റൊരു ശിഷ്യനായ പ്ളേറ്റോ രചിച്ച ‘കിറ്റോ’ എന്ന ഗ്രന്ഥത്തിൽ സോക്രട്ടീസും ക്രിറ്റോയും ധാർമികതയെക്കുറിച്ചു നടത്തിയ വാദപ്രതിവാദങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്).
ഒടുവിൽ തന്നെ കൊലപ്പെടുത്തുന്നത് അധാർമികമാണെങ്കിലും തിന്മയ്ക്കു പകരം തിന്മ പ്രവർത്തിക്കുന്നതുകൊണ്ട് പ്രയോജനമെന്ത് എന്നൊരു ചോദ്യം സോക്രട്ടീസിൽ നിന്നയർന്നു. ക്രിറ്റോയ്ക്ക് അതിനു മറുപടി ഉണ്ടായില്ല. അങ്ങനെ സോക്രട്ടീസ് വിധിയെ ധൈര്യപൂർവ്വം സ്വീകരിക്കുവാൻ തീരുമനിച്ചു. ക്രിറ്റോ നിരാശയോടെ ജയിലറ വിട്ടു. സോക്രട്ടീസിനെ കുടാതെ കപ്പൽ തീരം വിട്ടു യാത്രയായി.സോക്രട്ടീസ് മരണത്തിനു മുൻപ് അധികാരികളോടു പറഞ്ഞു “നിങ്ങളെക്കാൾ ഞാൻ ദൈവത്തെ അനുസരിക്കും. എനിക്കു പല തവണ മരിക്കേണ്ടി വന്നാലും ഞാൻ സത്വത്തിന്റെയും ധാർമികതയുടെയും മാർഗ്ഗത്തിൽ നിന്നും മാറുകയില്ല”.
താൻ കാത്തുസൂക്ഷിച്ച ജീവിതമൂല്യങ്ങളോടുള്ള പ്രതിബദ്ധത ലക്ഷ്യം മാർഗ്ഗത്തെ സാധുകരിക്കുകയില്ലെന്നു കാണാൻ സോക്രട്ടീസിനെ സഹായിച്ചു.
ലക്ഷ്യം പോലെ മാർഗ്ഗവും സംശുദ്ധമായിരിക്കുവാൻ നാം ശ്രദ്ധിക്കുമോ?.
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമോ?
What’s New?
- വ്യാജവും യഥാർത്ഥവുമായ മാനസാന്തരം – WFTW 19 ജനുവരി 2025
- നീയും ദൈവവും
- ആവേശമുണർത്തുന്ന ഒരു ജീവിതം – WFTW 12 ജനുവരി 2025
- യേശു പഠിപ്പിച്ച ഏറ്റവും ഒന്നാമത്തെ കാര്യം: ഓരോ ദിവസവും ദൈവത്തിൻ്റെ വചനം പ്രാപിക്കുക – WFTW 5 ജനുവരി 2025
- CFC Kerala Youth Conference 2024
- CFC Kerala Conference 2024
- ഒരു തിരുവചനത്താൽ മാത്രം ജീവിക്കരുത് എന്നാൽ മുഴുവൻ തിരുവചനത്താലും ജീവിക്കുക – WFTW 29 ഡിസംബർ 2024
- നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ദൈവം ആസൂത്രണം ചെയ്തിരിക്കുന്നു – WFTW 22 ഡിസംബർ 2024
- നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതി നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിക്കുക – WFTW 15 ഡിസംബർ 2024
- ഉപദേശിക്കുന്നതിനു മുമ്പ് പ്രവൃത്തി വരണം – WFTW 8 ഡിസംബർ 2024