എല്ലാം നന്മയ്ക്ക് ?

എന്തു സംഭവിച്ചാലും ‘എല്ലാം നന്മയ്ക്ക്’ എന്നു പറയുന്നതായിരുന്നു മന്ത്രിയുടെ സ്വഭാവം. ഒരിക്കല്‍ ഒരു ചെറിയ അപകടത്തില്‍ രാജാവിന് ഇടതു കൈയിലെ കുഞ്ഞുവിരല്‍ നഷ്ടമായി. മന്ത്രി പതിവുപോലെ ഇതു സംബന്ധിച്ചും തന്റെ അഭിപ്രായം പറഞ്ഞു: ”രാജാവിനു വിരലു നഷ്ടപ്പെട്ടതും നന്മയ്ക്ക്”.

വിവരം രാജാവറിഞ്ഞു. രാജാവിനു ദേഷ്യമായി – തന്റെ വിരലു മുറിഞ്ഞുപോയതില്‍ എന്താണു നന്മ മന്ത്രിയെ തുറങ്കിലിലടയ്ക്കാന്‍ കല്പന കൊടുത്തിട്ടു രാജാവു നേരത്തെ നിശ്ചയിച്ച് നായാട്ടിനു പോയി. മന്ത്രിക്കുള്ള ശിക്ഷ തിരിച്ചു വന്നിട്ട്.

പക്ഷേ നായാട്ടിനു പോയ രാജാവ് കാട്ടു ജാതിക്കാരായ കിരാതന്മാരുടെ കൈയിലകപ്പെട്ടു. മലദൈവത്തിനു നരബലി അര്‍പ്പിക്കാന്‍ വേണ്ടി അവര്‍ ഒരാളെ തിരയുമ്പോഴാണു രാജാവ് അവരുടെ കൈയില്‍ പെട്ടത്. ഒത്ത നീളവും വണ്ണവുമുള്ള ഇയാളെ തന്നെ ബലിയര്‍പ്പിക്കാം എന്നവര്‍ തീരുമാനിച്ചു. അവര്‍ രാജാവിനെ ബലമായി പിടിച്ചുകെട്ടി നരബലി നടത്തുന്ന സ്ഥലത്തെത്തിച്ചു. അവര്‍ നരബലിക്കുള്ള വട്ടം കൂട്ടുന്നതിനിടയില്‍ ‘ബലിമൃഗത്തെ പൂജാരി വിശദമായി പരിശോധിച്ചപ്പോഴാണതു കണ്ടെത്തിയത്. ഇയാള്‍ക്ക് ഒരു വിരലില്ല. വികലാംഗനെ ദൈവത്തിനു ബലി കഴിക്കുകയോ? പാടില്ല. ശാരീരികമായി ഒരു ഊനവും ഇല്ലാത്ത ആളിനെ വേണം ബലിയര്‍പ്പിക്കാന്‍. ചുരുക്കത്തില്‍ അവര്‍ രാജാവിനെ മോചിപ്പിച്ചു.

തന്റെ കഞ്ഞുവിരല്‍ നഷ്ടപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ തിരിച്ചു കിട്ടിയതെന്നു രാജാവിനു മനസ്സിലായി. വിരല്‍ നഷ്ടപ്പെട്ടത് നന്മയ്ക്കാണെന്ന് ഇപ്പോള്‍ മാത്രമാണു തനിക്കു മനസ്സിലായത്. പക്ഷേ തന്റെ മന്ത്രിക്കതു നേരത്തെ തന്നെ കാണാന്‍ കഴിഞ്ഞു. രാജാവു ചിന്തിച്ചു.

രാജധാനിയില്‍ മടങ്ങിയെത്തിയ രാജാവ് കയ്യോടെ മന്ത്രിയെ മോചിപ്പിച്ചു. മാത്രമല്ല ധാരാളം സമ്മാനങ്ങളും നല്‍കി ആദരിച്ചു. അപ്പോഴും മന്ത്രി പറഞ്ഞു: ”രാജാവിനു വിരലു പോയതു മാത്രമല്ല, എന്നെ തടവിലിട്ടതും നന്മയ്ക്ക്. അതുകൊണ്ടാണല്ലോ പ്രായശ്ചിത്തമെന്ന നിലയില്‍ ഇത്രയും വിലപിടിച്ച സമ്മാനങ്ങള്‍ എനിക്കു നല്‍കാന്‍ രാജാവിനു തോന്നിയത്.


What’s New?