ഉദയസൂര്യനു നേരേ തിരിയുക

മാസിഡോണിയിലെ ഫിലിപ്പ് രാജാവിന്റെ കൊട്ടാരം. രാവിലെ കൊട്ടാര മുറ്റത്തു നിൽക്കുന്ന കറുത്ത അഴകുള്ള പുതിയ കുതിരയിലാണ് എല്ലാവരുടേയും കണ്ണ്, അതിനെ മെരുക്കാൻ പലരും ശ്രമിച്ചു. പക്ഷേ കുതിര ആരെയും അടുപ്പിക്കാതെ ഇടഞ്ഞു നിൽക്കുകയാണ്.

എല്ലാം ശ്രദ്ധിച്ചുകൊണ്ടു നിന്ന ബാലൻ പെട്ടെന്നു രാജാവിന്റെ അനുമതി വാങ്ങി കുതിരയെ സമീപിച്ചു. കുതിരയുടെ അടുത്തു ചെന്ന് അതിനെ തിരിച്ചു നിർത്തി. ഒരു നിമിഷം കൊണ്ട് അതിന്റെ പുറത്തുചാടിക്കയറി അതിനെ ഓടിച്ചുകൊണ്ടുപോയി.

അല്പം കഴിഞ്ഞപ്പോൾ ആളുകളുടെ കരഘോഷങ്ങൾക്കിടയിലൂടെ ആ ബാലൻ കുതിരയെ ഓടിച്ചു തിരിച്ചെത്തി. എങ്ങനെയാണു കുതിരയെ മെരുക്കിയതെന്ന് അന്വേഷിച്ചവരോട് ഫിലിപ്പ് രാജാവിന്റെ മകനായ അലക്സാണ്ടർ രാജകുമാരൻ എന്ന ആ ബാലൻ ഇങ്ങനെ മറുപടി നൽകി.

“കുതിരയെ ശ്രദ്ധിച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി. കുതിരയെ ഉദയസൂര്യന് എതിരായാണു നിർത്തിയിരിക്കുന്നത്. അതുകൊണ്ട് അതിന്റെ കറുത്ത വലിയ നിഴൽ കുതിരയുടെ മുൻപിലായാണു വീണുകിടന്നത്. ഈ നിഴൽ കണ്ടു വിരണ്ടുപോയതിനാലാണു കുതിര ആരെയും അടുപ്പിക്കാതെ ഇടഞ്ഞു നിന്നത്.

“ഞാൻ കുതിരയെ ഉദയസൂര്യന് അഭിമുഖമായി തിരിച്ചു നിർത്തുകയാണ് ആദ്യം ചെയ്തത്. അപ്പോൾ നിഴൽ കുതിരയുടെ പിന്നിലായി. കുതിരയുടെ പേടി പോയി. ആ തക്കത്തിനു ഞാൻ കുതിരയുടെ പുറത്തു കയറി സവാരി നടത്തുകയായിരുന്നു.

ഉദയസൂര്യനായ യേശുവിന് അഭിമുഖമായി നിൽക്കുക. ഇല്ലെങ്കിൽ സ്വന്തം നിഴൽ പോലും നമ്മെ ഭയപ്പെടുത്തും. എന്നാൽ യേശുവിലേക്കു തിരിയുമ്പോൾ നമ്മുടെയും മാറിപ്പോകും.

“കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും”(2 കൊരി.3:15)

“ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത് ദൈവം യേശുക്രിസ്തുവിന്റെ മുഖത്തുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു” (2 കൊരി.4:6).