സാക് പുന്നന്‍
ലൂക്കോ. 2:40,52ൽ, യേശു തൻ്റെ കുട്ടിക്കാലം മുതൽ ജ്ഞാനത്തിൽ വളർന്നു എന്നു നാം വായിക്കുന്നു. യൗവ്വനക്കാരെ കുറിച്ച്, അവർ ചെറുപ്പമായതുകൊണ്ട്, വിഡ്ഢിത്തങ്ങൾ ചെയ്തേക്കാം എന്നു നാം പ്രതീക്ഷിക്കാറുണ്ടെങ്കിലും, യുവാവ് ആയിരുന്നപ്പോൾ പോലും യേശു വിവേകരഹിതമായതൊന്നും ഒരിക്കലും ചെയ്തില്ല. നമുക്ക് യേശുവിനെ നമ്മുടെ മാതൃകയാക്കാം, അങ്ങനെ നമ്മുടെ യൗവ്വന നാളുകളിൽ അനേകം വിഡ്ഢിത്തമായ കാര്യങ്ങളിൽ നിന്നു നാം രക്ഷിക്കപ്പെടും. യഹോവ ഭയം (ഭക്തി) ജ്ഞാനത്തിൻ്റെ ആരംഭമാകുന്നു. ആത്മീയ മരണത്തിൽ നിന്നു രക്ഷിക്കപ്പെടേണ്ടതിനു വേണ്ട സഹായത്തിനായി യേശു പ്രാർത്ഥിച്ചു, ”അവിടുത്തെ ദൈവഭയം നിമിത്തം അവിടുത്തെ പ്രാർത്ഥന ദൈവം കേട്ടു” (എബ്രാ.5:7-കെജെവി). ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ തന്നെ നമ്മെയും സ്നേഹിക്കുന്നു. അതു കൊണ്ട് യേശു ചെയ്തതുപോലെ നാമും ദൈവത്തെ ഭയപ്പെടുമെങ്കിൽ, നമ്മുടെ പ്രാർത്ഥനകളും ദൈവം കേൾക്കും.
ഉൽപ്പത്തി 22:12ൽ ഇപ്രകാരം പറഞ്ഞു കൊണ്ട് ദൈവം അബ്രാഹാമിന് ഒരു സാക്ഷ്യപത്രം നൽകി, “നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഇപ്പോൾ ഞാൻ അറിയുന്നു”, തൻ്റെ ഏകജാതനായ മകനെ യാഗം കഴിക്കാൻ അവൻ തയ്യാറായപ്പോഴായിരുന്നു അത്. അന്ന് ആ മലമുകളിൽ അവൻ തനിയെ ആയിരുന്നപ്പോൾ, അബ്രാഹാം പൂർണ്ണമായി ദൈവത്തെ അനുസരിച്ചു. തൻ്റെ അനുസരണം ദൈവം മാത്രം കാണണമെന്ന് അവൻ ആഗ്രഹിച്ചു. ഒരു രാത്രി അബ്രാഹാം, തനിച്ച് ആയിരുന്നപ്പോഴാണ് ദൈവം അവനോടു സംസാരിച്ചത് (ഉൽപ്പത്തി 22:1). ദൈവം എന്താണ് അവനോടു പറഞ്ഞത് എന്ന് മറ്റാരും അറിഞ്ഞിരുന്നില്ല. അങ്ങനെ അബ്രാഹാം ദൈവത്തെ രഹസ്യത്തിൽ അനുസരിച്ചു. നാം രഹസ്യത്തിൽ ചെയ്യുന്ന കാര്യങ്ങൾ (നാം ചെയ്യുന്നതെന്താണെന്ന് മറ്റാരും അറിയാതിരിക്കുന്ന സ്ഥാനത്ത്) നാം ദൈവത്തെ ഭയപ്പെടുന്നോ ഇല്ലയോ എന്നു നാം കണ്ടെത്തും
ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നു എന്നൊരു സാക്ഷ്യപത്രം, സാത്താനു മുമ്പിൽ ദൈവം ഇയ്യോബിനു നൽകി (ഇയ്യോ.1:8) . ദൈവത്തിനു നമ്മെ കുറിച്ചും പിശാചിനോട് അതുപോലെ പ്രശംസിക്കുവാൻ കഴിയുമെങ്കിൽ അതു നല്ലതാണ്- കാരണം സാത്താൻ ഇന്നും ലോകം മുഴുവൻ ഊടാടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, തന്നെയുമല്ല നമ്മുടെ രഹസ്യ ജീവിതത്തെക്കുറിച്ച് സകലവും അറിയുകയും ചെയ്യുന്നു. ഒരിക്കലും ഒരു സ്ത്രീയെ മോഹത്തോടെ നോക്കുകയില്ലെന്ന് ഇയ്യോബ് തൻ്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തു (ഇയ്യോ.31:1). ന്യായപ്രമാണം നൽകപ്പെടുന്നതിനു മുമ്പ്, പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ്, ജീവിച്ചിരുന്ന ഒരാളിന് ഒരു വേദപുസ്തകം ഇല്ലാതെ, പരിശുദ്ധാത്മാവിനെ കൂടാതെ, പ്രോത്സാഹിപ്പിക്കുവാനോ വെല്ലുവിളിക്കുവാനോ മറ്റ് സഹോദരങ്ങൾ ആരുമില്ലാതെ, അത്തരം ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞു എന്നത് വളരെ ആശ്ചര്യകരമാണ്! ന്യായവിധി നാളിൽ ഇയ്യോബ് എഴുന്നേറ്റ് ഈ തലമുറയെ അതിൻ്റെ മോഹത്തിനും പാപത്തിനും വേണ്ടി ശിക്ഷ വിധിക്കും.
ഒരു അന്യദേശത്ത് ദൈവത്തോടു വിശ്വസ്തനായിരുന്ന 18 വയസ്സു പ്രായമുള്ള ചെറുപ്പക്കാരനായ യോസേഫിൻ്റെ മാതൃകയെ കുറിച്ചു ചിന്തിക്കുക. അവൻ ദൈവഭയം എന്ന ആയുധത്താൽ ധരിപ്പിക്കപ്പെട്ടവനായിരുന്നു- അത് അവനെ സാത്താൻ്റെ കെണികളിൽ നിന്നു സൂക്ഷിച്ചു. യോസേഫിൻ്റെ, ഉദാഹരണം നമ്മെ കാണിക്കുന്നത് 18 വയസ്സുള്ള ഒരു യുവാവിനു പോലും ദൈവത്തോട് സത്യമുള്ളവനായി നിൽക്കാൻ കഴിയും എന്നാണ്. താഴെ പറയുന്ന സാഹചര്യങ്ങളിൽ പോലും:
(1)നിലവാരമില്ലാത്ത ഒരു അസാന്മാർഗ്ഗിക സമൂഹത്തിൻ്റെ മധ്യത്തിലാണ് അവൻ ജീവിച്ചിരുന്നത്.
(2)നാൾതോറും ഒരു സ്ത്രീയാൽ അവൻ പ്രലോഭിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു.
(3) അവൻ മരിച്ചെന്നു കരുതി ജീവിക്കുന്ന അവൻ്റെ മാതാപിതാക്കൾ നൂറുകണക്കിനു മൈലുകൾക്കപ്പുറം ആയിരിക്കുന്നു
(4)അവൻ്റെ കയ്യിൽ ഒരു വേദപുസ്തകമോ അവനെ പ്രോത്സാഹിപ്പിക്കത്തക്ക വിധമുള്ള ദൈവ സംബന്ധമായ പുസ്തകങ്ങളോ മാസികകളോ ഒന്നും ഇല്ല
(5) പരിശുദ്ധാത്മശക്തി പ്രാപിച്ചിട്ടില്ല
(6) അവൻ്റെ കൂടെ കൂട്ടായ്മയ്ക്ക് വിശ്വാസികളാരും ഇല്ല
(7) അവനു പോകാൻ കഴിയുന്ന ആത്മീയ യോഗങ്ങൾ ഒന്നുമില്ല. എന്നാൽ അവൻ തൻ്റെ ഭവനത്തിൽ ചെലവഴിച്ച ആദ്യത്തെ 17 വർഷങ്ങളിൽ അവൻ്റെ പിതാവായ യാക്കോബ് അവൻ്റെ ഉള്ളിൽ നട്ട ദൈവഭയം അവനുണ്ടായിരുന്നു. ഏതു യുവാവിനെയും പാപത്തിൽ നിന്നു സൂക്ഷിക്കുവാൻ, ഇന്നും ദൈവഭയം മതിയായതാണ്.
ഇയ്യോബിൻ്റെയും യോസേഫിൻ്റെയും ഉദാഹരണങ്ങൾ നമ്മെ കാണിക്കുന്നത് ലൈംഗിക മോഹത്തിൻ്റെയും വ്യഭിചാരത്തിൻ്റെയും ഈ ഘോര പാപത്തിൽ നിന്നു നമ്മെ സൂക്ഷിക്കുവാൻ ദൈവഭയം മതിയായതാണെന്നാണ്. ദൈവഭയം ജ്ഞാനത്തിൻ്റെ ആദ്യാക്ഷരങ്ങൾ (എ,ബി,സി) ആണ്.
അന്ത്യനാളുകൾ നോഹയുടെ കാലം പോലെ ആയിരിക്കുമെങ്കിൽ (യേശു മത്തായി 24 ൽ പറഞ്ഞതുപോലെ), ഈ അന്ത്യനാളുകളിൽ ദൈവത്തിനു നോഹയെ പോലെയുള്ള പുരുഷന്മാരെയും ആവശ്യമുണ്ട്, പാപത്തിനും അനീതിക്കുമെതിരായി ഒരു നിലപാടെടുക്കുന്നവരും, ഈ ദുഷ്ട കാലത്ത് ദൈവത്തിനു വേണ്ടി സത്യത്തോടും നിർമ്മലതയോടും കൂടി നിൽക്കുന്നവരും.
നാം സമ്പൂർണ്ണമായ ഒരു നിർമ്മലതയിലേക്കു വരുന്നതുവരെ നാം നിരന്തരമായി ലൈംഗിക മേഖലയിൽ പോരാടേണ്ടതുണ്ട്. ഒരു പെൺകുട്ടിയോടു സംസാരിക്കുന്ന ശൈലിയിൽ പോലും നമ്മെ മലിനപ്പെടുത്താവുന്ന അശുദ്ധിയുണ്ടായിരിക്കുവാൻ കഴിയും. ഈ മേഖലയിൽ യേശു ആയിരുന്നതുപോലെ നിർമ്മലരായിരിക്കേണ്ട കാര്യത്തിലേക്ക് നാം മുന്നോട്ട് ആയേണ്ടതുണ്ട്. ഒരിക്കൽ യേശു ഒരു സ്ത്രീയോടു സംസാരിക്കുന്നതുകണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു എന്നാണ് എഴുതിയിരിക്കുന്നത് (യോഹ.4:27). അതായിരുന്നു അവിടുത്തെ സാക്ഷ്യം.