സകല ഭയത്തിൽ നിന്നും മുക്തരായവർ- WFTW 21 ജനുവരി 2024

സാക് പുന്നൻ

യേശു ക്രിസ്തുവിൻ്റെ ഒരു ശിഷ്യൻ മനുഷ്യരെയോ അല്ലെങ്കിൽ സാഹചര്യങ്ങളെയോ ഭയന്ന് തീരുമാനങ്ങളെടുക്കരുത്.

ഇപ്രകാരം വായിക്കുന്ന ഒരു വലിയ വാക്യം എൻ്റെ വീടിൻ്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി കിടക്കുന്നുണ്ട്, ”നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നെങ്കിൽ, മറ്റൊന്നിനെയും നിങ്ങൾ ഭയപ്പെടേണ്ടതില്ല“. അത് യെശയ്യാവ് 8:12,13 വാക്യങ്ങളുടെ ലിവിംഗ് ബൈബിൾ പരാവർത്തനമാണ്. കഴിഞ്ഞ 25 വർഷങ്ങളായി ആ വാക്യം എനിക്ക് വലിയ സഹായമായി തീർന്നിരിക്കുന്നു.

ഈ ഭയത്തിൻ്റെ കാര്യത്തിൽ കർത്താവിൽ നിന്നു ഞാൻ പഠിച്ചിരിക്കുന്ന സത്യങ്ങളിൽ ചിലത് ഞാൻ നിങ്ങളുമായി പങ്കു വയ്ക്കട്ടെ.

ഒന്നാമതായി, സാത്താൻ്റെ ആയുധപ്പുരയിലെ പ്രധാന ആയുധങ്ങളിൽ ഒന്നാണ് ഭയമെന്ന് ഞാൻ പഠിച്ചിരിക്കുന്നു.

രണ്ടാമത്, ഇടയ്ക്കിടെ ഭയത്തിൻ്റെ ഒരു തോന്നൽ എനിക്കുണ്ടാകുന്നുണ്ടെങ്കിൽ ഞാൻ കുറ്റം വിധിയിലാകേണ്ട ആവശ്യമില്ല എന്നു ഞാൻ പഠിച്ചിരിക്കുന്നു- കാരണം ഞാൻ ഇപ്പോഴും ജഡത്തിലാണ്. ഇതിനെ കുറിച്ചു നാം യാഥാർഥ്യം നിരൂപിക്കുന്നവരും സത്യസന്ധരും ആയിരിക്കണം. അപ്പൊസ്തലനായ പൗലൊസ് തികച്ചും സത്യസന്ധൻ ആയിട്ട് ചില സമയങ്ങളിൽ അദ്ദേഹത്തിന് “ഉള്ളിൽ ഭയം” ഉണ്ടായിരുന്നു എന്ന് സമ്മതിച്ചു (2 കൊരി. 7:5 ).

ഞാൻ പഠിച്ചിരിക്കുന്ന മൂന്നാമത്തെ കാര്യം (അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണു താനും) എനിക്കു ഭയമുണ്ടെങ്കിൽ പോലും, ഞാൻ ഭയത്തെ അടിസ്ഥാനമാക്കി ഒരിക്കലും ഒരു തീരുമാനമെടുക്കരുത്. എൻ്റെ തീരുമാനങ്ങൾ എപ്പോഴും ദൈവത്തിലുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കണം – ഭയത്തിൻ്റെ നേർ വിപരീതം. ഇപ്പോൾ അനേക വർഷങ്ങളായി ഞാൻ ശ്രമിക്കുന്നത് അങ്ങനെ ജീവിക്കാനാണ്. ദൈവം അതിന് എന്നെ വലിയ അളവിൽ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു.

യേശു കൂടെക്കൂടെ “ഭയപ്പെടേണ്ട, ഭയപ്പെടേണ്ട, ഭയപ്പെടേണ്ട” എന്നു പറഞ്ഞതെന്തുകൊണ്ടാണെന്നു ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.

ഇത്, പുതിയ നിയമത്തിലെ മറ്റൊരു ഊന്നൽ പോലെ തന്നെ പ്രധാനപ്പെട്ടതാണ്: പാപം ചെയ്യരുത്, പാപം ചെയ്യരുത്, പാപം ചെയ്യരുത്.

യേശു എപ്പോഴും പാപത്തിന് എതിരായിരുന്നു. തന്നെയുമല്ല അവിടുന്ന് എപ്പോഴും ഭയത്തിനും എതിരായിരുന്നു. അവിടുന്ന് നമ്മോട് ദൈവത്തെ മാത്രമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട എന്നു പറഞ്ഞു (മത്താ.10:28). ഇതു നമുക്കു പഠിക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരു പാഠമാണ്, കാരണം ഒരു ആത്മീയ നേതാവ് ഒരിക്കലും ഭയത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനവും എടുക്കരുത്.

പല വർഷങ്ങളായി എൻ്റെ സ്വീകരണമുറിയിൽ തൂങ്ങുന്ന മറ്റൊരു വചനമാണ് ഗലാത്യർ 1:10 : ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കാൻ നോക്കുന്നെങ്കിൽ, എനിക്ക് ക്രിസ്തുവിൻ്റെ ദാസനായിരിക്കുവാൻ കഴിയുകയില്ല.

നിങ്ങൾ മനുഷ്യരെ പ്രസാദിപ്പിക്കാൻ നോക്കിയാൽ, നിങ്ങൾക്ക് ഒരിക്കലും കർത്താവിൻ്റെ ഒരു ദാസനായിരിക്കാൻ കഴിയുകയില്ല. മനുഷ്യരെ പ്രസാദിപ്പിക്കാൻ നോക്കുന്നതിൽ നിന്ന് വിച്ഛേദിക്കപ്പെട്ട് സ്വതന്ത്രരാകുന്നത് എളുപ്പമല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ഏതെങ്കിലും ഒരാളെ പ്രസാദിപ്പിച്ചില്ലെങ്കിൽ അയാൾ നിങ്ങളെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കും എന്ന് ഒരു ഭയം നിങ്ങളുടെ ഹൃദയത്തിലുണ്ടെങ്കിൽ, അപ്പോൾ, നിങ്ങൾ അയാളെ എപ്പോഴും പ്രസാദിപ്പിക്കുവാൻ ശ്രമിക്കും. അപ്പോൾ നിങ്ങൾക്ക് ഒരിക്കലും ദൈവത്തിൻ്റെ ഒരു ഭൃത്യനാകുവാൻ കഴിയില്ല. എന്നെങ്കിലും നിങ്ങൾ ഭയത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ, നിങ്ങളെ നയിക്കുന്നത് ദൈവമല്ല, പിശാചാണ് എന്നു നിങ്ങൾക്ക് ഉറപ്പിക്കാം.

നമ്മുടെ ജീവിതങ്ങളിലേക്ക് നാം തിരിഞ്ഞു നോക്കിയാൽ, ഭയത്തിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നാളുകളിൽ നാം പല തീരുമാനങ്ങളും എടുത്തിരിക്കുന്നത് എന്നു നാം കണ്ടെത്തും. ആ തീരുമാനങ്ങളിലൊന്നും, നാം ദൈവത്താലല്ല നയിക്കപ്പെട്ടത്. ആ തീരുമാനങ്ങളിൽ ചിലതിൻ്റെ അനന്തര ഫലങ്ങൾ ഒരു പക്ഷെ ഗൗരവതരമായി തീരുന്നില്ലായിരിക്കാം. എന്നാൽ നമുക്ക് ദൈവത്തിൻ്റെ ഏറ്റവും നല്ലതു നഷ്ടപ്പെട്ടു. നാം ഭാവിയിൽ വ്യത്യസ്തമായി പ്രവർത്തിക്കണം.

നമുക്കു ഭയം തോന്നുന്നത് സ്വാഭാവികമാണ്- കാരണം നാം മനുഷ്യരാണ്. ഉദാഹരണത്തിന്, നിങ്ങൾ ഇപ്പോൾ ഇരിക്കുന്നതിൻ്റെ തൊട്ടുമുമ്പിൽ പെട്ടെന്ന് ഒരു മൂർഖനെ കണ്ടാൽ, നിങ്ങൾക്ക് സ്വാഭാവികമായി ഒരു ഞെട്ടൽ ഉണ്ടായിട്ട് ചാടി എഴുന്നേൽക്കും- അഡ്രിനാലിൻ നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് തള്ളിക്കയറും. അത് സ്വാഭാവികമാണ്. എന്നാൽ എല്ലാ കസേരയുടെയും അടിയിൽ മൂർഖനെ കണ്ടെത്തും എന്ന ഭയത്തിൽ നിങ്ങൾ ജീവിക്കുകയില്ല – നിങ്ങൾ പോകുന്നിടത്തെല്ലാം!

ആരെയും കുറിച്ചുള്ള ഭയത്തിലും നാം ജീവിക്കരുത്.

മനുഷ്യരെയോ അല്ലെങ്കിൽ സാത്താനെയോ കുറിച്ചുള്ള ഭയത്തിൻ്റെ അടിസ്ഥാനത്തിൽ നാം ഒരിക്കലും ഒരു തീരുമാനം എടുക്കരുത്‌. നാം എടുക്കുന്ന ഓരോ തീരുമാനവും ദൈവഭയത്തെ അടിസ്ഥാനമാക്കിയും നമ്മുടെ സ്വർഗ്ഗീയ പിതാവിലുള്ള വിശ്വാസത്തിൽ അടിസ്ഥാനമാക്കിയും ആയിരിക്കണം. അപ്പോൾ മാത്രമേ നാം പരിശുദ്ധാത്മാവിനാലാണ് നയിക്കപ്പെടുന്നത് എന്ന കാര്യത്തിൽ നമുക്ക് തീർച്ചയുണ്ടാകാൻ കഴിയൂ.

കർത്താവിനെ സേവിക്കുന്ന നമുക്കെല്ലാവർക്കും വേണ്ടിയുള്ള വളരെ പ്രധാനപ്പെട്ട ഒരു വാക്യമാണ് എബ്രാ. 13:6. അവിടെ അത് ഇപ്രകാരം പറയുന്നു : “കർത്താവ് എനിക്കു തുണ, ഞാൻ പേടിക്കയില്ല. മനുഷ്യൻ എന്നോട് എന്തു ചെയ്യും” എന്നു ഞാൻ ധൈര്യത്തോടെ പറയാം.

നാം ഇതു വിശ്വസിക്കുമെങ്കിൽ, അതു നമ്മുടെ ജീവിതങ്ങളിലേക്ക് വളരെ വലിയ ഒരു അധികാരം കൊണ്ടുവരും. നമ്മുടെ ധാരാളം ആത്മീയ അധികാരങ്ങൾ സാത്താൻ നമ്മിൽ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു, കാരണം നാം മനുഷ്യരെ ഭയപ്പെടുന്നു, അല്ലെങ്കിൽ അവരെ പ്രസാദിപ്പിക്കാൻ നോക്കുന്നു, അല്ലെങ്കിൽ അവരിൽ മതിപ്പുളവാക്കുന്നു അല്ലെങ്കിൽ അവരുടെ മുമ്പിൽ നമ്മെത്തന്നെ നീതീകരിക്കുന്നു. ഈ മനോഭാവങ്ങൾ പൂർണ്ണമായും നാം ഉപേക്ഷിക്കണം.