നാളെ നാളെ…നാളെ…നാളെ

winding road photography

മരുഭൂമിയിൽ പ്രാർത്ഥനയിലായിരുന്ന യേശുവിന്റെ മുൻപിൽ മൂന്നു പരീക്ഷകളുമായി സാത്താൻ എത്തി. പക്ഷേ ആ പരീക്ഷകളിലെല്ലാം തോറ്റത് സാത്താനാണ്. ലജ്ജിതനായ സാത്താൻ തന്റെ കിങ്കരന്മാരുടെയും മന്ത്രിസഭാംഗങ്ങളുടെയും സമ്മേളനം വിളിച്ചുകൂട്ടി. ആമുഖമായി സാത്താൻ പറഞ്ഞു: “ദൈവപുത്രനായ യേശുവിനെ പരാജയപ്പെടുത്താനും വരുതിയിലാക്കാനും നമുക്കു കഴിഞ്ഞില്ലെന്നതു ശരി. പക്ഷേ നാം അടങ്ങിയിരുന്നു കൂടാ. ഇനിയും നമുക്കു സാധ്യതയുണ്ട്. മനുഷ്യർ ഭൂമിയിലുണ്ടല്ലോ. അവരെ എങ്ങനെ ദൈവഹിതത്തിൽ നിന്നു പിൻതിരിപ്പിച്ച് തോല്പിക്കാൻ കഴിയും എന്നു നമുക്കു ചിന്തിക്കാം. നിങ്ങളോരോരുത്തരും അതിനുള്ള തന്ത്രങ്ങൾ വിശദീകരിക്കണം.”

സാത്താന്റെ ആമുഖപ്രഭാഷണം കഴിഞ്ഞപ്പോൾ ആദ്യം എഴുന്നേറ്റത് കോപമെന്ന വകുപ്പിന്റെ തലവനായ കുട്ടിപ്പിശാചാണ്. അവൻ പറഞ്ഞു: “മനുഷ്യനിൽ പക കുത്തിവച്ച് തമ്മിൽത്തല്ലിക്കുവാനും അനന്യോന്യം കൊല്ലിക്കുവാനും എനിക്കും എന്റെ സൈന്യത്തിനും കഴിയും”. പക്ഷേ സാത്താന് ഈ അവകാശവാദത്തിൽ പൂർണവിശ്വാസം ഉണ്ടായില്ല.

അപ്പോൾ വിഷയാസക്തി എന്ന വകുപ്പു കയ്യാളുന്ന പിശാച് എഴുന്നേറ്റ് എല്ലാവരേയും നോക്കി ഒന്ന് ഇളിച്ചശേഷം ഇങ്ങനെ പ്രസ്താവിച്ചു. “എന്റെ കീഴിലുള്ള സൈന്യത്തെക്കൊണ്ട് മനുഷ്യനെ മുച്ചൂടും നശിപ്പിക്കാം”. സാത്താന് അതും തൃപ്തിയായില്ല. അത്യാഗ്രഹത്തിന്റെ ചുമതലക്കാരനായ പിശാചിന്റേതായിരുന്നു അടുത്ത ഊഴം. അവൻ എഴുന്നേറ്റ് കൊമ്പുകുലുക്കിക്കൊണ്ട് പറഞ്ഞു: “ഏതു മനുഷ്യനേയും അത്യാഗ്രഹിയാക്കി ദൈവഹിതത്തിൽ നിന്നു വീഴ്ത്താം. ഞങ്ങൾ അതിനു ശ്രമിക്കാം.” പക്ഷേ അതിന്റെ വിജയസാധ്യതയെക്കുറിച്ചു സാത്താനു വീണ്ടും സന്ദേഹമായി. മദ്യപാനം, ഭക്ഷണാസക്തി എന്നീ വകുപ്പുകൾ ഒരുമിച്ചു കൈകാര്യം ചെയ്യുന്ന മന്ത്രി എഴുന്നേറ്റു വാലു ചുഴറ്റി ഇങ്ങനെ വീമ്പടിച്ചു. “മനുഷ്യനെ നശിപ്പിക്കുവാൻ ഞങ്ങൾക്കു കഴിയും”.

പക്ഷേ സാത്താൻ അതും സമ്മതിക്കാതെ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പറഞ്ഞതെല്ലാം നല്ലതന്ത്രങ്ങളാണ്. പക്ഷേ അവയെല്ലാം വളരെ പ്രകടമാണ്. ബുദ്ധിയുള്ള ഒരുവന് ഈ ചതി മനസ്സിലാകും. മറഞ്ഞിരിക്കുന്ന, അതപ്രകടമല്ലാത്ത, ഒരു തന്ത്രമാണു നമുക്ക് വേണ്ടത്”.

അല്പനേരത്തെ ആലോചനയ്ക്കുശേഷം ഉപമുഖ്യമന്ത്രിയായ പിശാച് എഴുന്നേറ്റു. “ഏതു മനുഷ്യനേയും ദൈവഹിതത്തിൽ നിന്നു പിൻതിരിപ്പിക്കാൻ ഒരു തന്ത്രം പറയാം. ഞാൻ പോയി മനുഷ്യരോട് ദൈവം മനുഷ്യരെക്കുറിച്ച് ഉദ്ദേശിച്ചിട്ടുള്ളതും അവർ ചെയ്യേണ്ടതുമായ നല്ല കാര്യങ്ങളെക്കുറിച്ച് വാചാലമായി സംസാരിക്കും. അവ ചെയ്യാൻ അവരെ ഉത്സാഹിപ്പിക്കും”. പിശാച് ഒരു നിമിഷം നിർത്തി. പിന്നെ തുടർന്നു “പക്ഷേ അതു ചെയ്യാൻ അത്ര തിടുക്കം കൂട്ടേണ്ട. ഇന്നു വേണ്ട നാളെ ആരംഭിക്കാം. അനുകൂലസാഹചര്യങ്ങൾ വരട്ടെ അപ്പോൾ ചെയ്യാം…..എന്നിങ്ങനെ കൂടെ ഞാൻ അവരോടു പറയും”.

ഭേഷ്! സാത്താന്യ മന്ത്രിസഭ കൈയടികളോടെ ഐകകണ്ഠേന ഈ തന്ത്രം സ്വീകരിച്ചു. അതു നടപ്പാക്കാനും തുടങ്ങി.

അതുകൊണ്ട് ഇന്ന് നമ്മൾ ഏതെങ്കിലും നല്ല കാര്യം ചെയ്യാൻ ഇറങ്ങുമ്പോൾ സ്വരം കേൾക്കാം: “ഇന്നു വേണ്ട… നാളെയാകട്ടെ”.

ഇങ്ങനെ നാളെ നാളെ…നാളെ നാളെ,