സാക് പുന്നന്‍
ദൈവത്തെ നമ്മുടെ സര്‍വ്വശക്തനും സ്നേഹവാനുമായ പിതാവായി അറിയുന്നില്ല എന്നതിലാണ് നമ്മുടെ എല്ലാ ആത്മീയ പ്രശ്നങ്ങളുടെയും മൂലകാരണം കിടക്കുന്നത്.
പിതാവ് യേശുവിനെ സ്നേഹിച്ചതു പോലെതന്നെ യേശുവിന്‍റെ ശിഷ്യന്മാരെയും അവിടുന്നു സ്നേഹിക്കുന്നു എന്ന് യേശു നല്‍കിയ മഹത്വകരമായ വെളിപ്പാട് ആണ് എന്‍റെ ക്രിസ്തീയ ജീവിതത്തില്‍ സമൂലമായ മാറ്റം വരുത്തിയ ഒരു സത്യം. യേശു തന്‍റെ പിതാവിനോട് അവിടുത്തെ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു പറഞ്ഞത്, ” അവിടുന്ന് എന്നെ സ്നേഹിച്ചതുപോലെ തന്നെ ഇവരെയും സ്നേഹിക്കുന്നു എന്ന് ലോകം അറിയേണ്ടതിന്”. (യോഹ. 17:23).നമുക്കു ചുറ്റുമുളള ലോകം ഈ സത്യം അറിയണം. എന്നാല്‍ ലോകം അതു ഗ്രഹിക്കുന്നതിനു മുമ്പ് ആദ്യം അതു നമ്മുടെ ഹൃദയത്തെ പിടിക്കേണ്ടതുണ്ട്.
ഈ വാഗ്ദത്തം എല്ലാവര്‍ക്കും വേണ്ടിയുളളതല്ല, എന്നാല്‍ യേശുവിന്‍റെ ശിഷ്യന്മാരായി തീര്‍ന്നിട്ടുളളവര്‍ക്കു വേണ്ടിയുളളതാണ് – അതായത്, യേശുവിനെ (1) ഈ ഭൂമിയിലുളള എല്ലാവരെയുംകാള്‍ അധികം (2) തങ്ങളുടെ സ്വന്ത ജീവനെക്കാള്‍ അധികം (3) തങ്ങളുടെ സമ്പത്തുകളെക്കാള്‍ അധികം സ്നേഹിക്കുന്നവര്‍ക്കുളളതാണ്. ഇവയാണ് ലൂക്കോ 14:26,27,33 എന്നീ വാക്യങ്ങളില്‍ യേശു എടുത്തു പറഞ്ഞിട്ടുളള ശിഷ്യത്വത്തിന്‍റെ മൂന്നു വ്യവസ്ഥകള്‍). ഈ മൂന്നു വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചിട്ടുളളവര്‍ക്കുളളതാണ് ഈ വാഗ്ദത്തം.
സ്വര്‍ഗ്ഗത്തിലുളള സ്നേഹവാനായ ഒരു പിതാവിനെ സിദ്ധാന്തപരമായി നാം വിശ്വസിച്ചേക്കാം. എന്നാല്‍ നാം വിഷണ്ണരും ആകുലചിത്തരും അരക്ഷിതാവസ്ഥയും ഭയവും നിറഞ്ഞവരും ആണെങ്കില്‍, അതു തെളിയിക്കുന്നത് ഒന്നുകില്‍ നാം യേശുവിന്‍റെ ശിഷ്യന്മാരല്ല, അല്ലെങ്കില്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് യേശുവിനെ സ്നേഹിച്ചത്രയും തന്നെ നമ്മെയും സ്നേഹിക്കുന്നെന്നു നമ്മുടെ ഹൃദയത്തിന്‍റെ ആഴത്തില്‍ നാം വിശ്വസിക്കുന്നില്ല! മാനുഷികമായി പറഞ്ഞാല്‍ ദൈവം നമ്മെ ഇങ്ങനെ സ്നേഹിക്കുണ്ടെന്നു വിശ്വസിക്കുക അസാദ്ധ്യമാണ്. എന്നാല്‍ അത് അങ്ങനെയാണെന്നു യേശു തന്നെ സ്പഷ്ടമായി നമ്മോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അതു സത്യമാണെന്നു നമുക്കറിയാം.
ഈ മഹത്വകരമായ സത്യത്തിലേക്കു നമ്മുടെ കണ്ണുകള്‍ ഒരു പ്രാവശ്യം തുറന്നു കഴിഞ്ഞാല്‍, അതു ജീവിതത്തെക്കുറിച്ചുളള നമ്മുടെ മുഴുവന്‍ കാഴ്ചപ്പാടുകളെയും മാറ്റും. എല്ലാ പിറുപിറുപ്പും, നിരാശയും, വിഷാദവും ഭയവും ആകുലചിന്തയും നമ്മുടെ ജീവിതങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകും. ഇതു എന്‍റെ ജീവിതത്തില്‍ സംഭവിച്ചതുകൊണ്ട് ഇതു സംഭവ്യമാണെന്നു ഞാന്‍ അറിയുന്നു. എന്‍റെ ജീവിതത്തിന്‍റെ അചഞ്ചലമായ അടിസ്ഥാനം ഇതാണ്. ദൈവം യേശുവിനെ സ്നേഹിച്ചതു പോലെ തന്നെ എന്നെയും അവിടുന്നു സ്നേഹിക്കുന്നു.
നമ്മുടെ ജീവിതങ്ങളില്‍ നാം പരാജയപ്പെടുന്നതു നാം ഉപവസിക്കുന്നതു കൊണ്ടോ പ്രാര്‍ത്ഥിക്കാത്തതു കൊണ്ടോ അല്ല. അല്ല, വിജയം വരുന്നതു വിശ്വാസത്താലാണ് – സ്വയ പ്രയത്നത്താലല്ല.ലോകത്തെ ജയിച്ച ജയമോ -നമ്മുടെ വിശ്വാസം തന്നെ”.(1.യോഹന്നാന്‍ 5:4). “എന്തിലുളള വിശ്വാസം? ” എന്നു നിങ്ങള്‍ ചോദിച്ചേക്കാം. അതിന്‍റെ ഉത്തരം ഇതാണ്: നിങ്ങള്‍ക്കു വേണ്ടിയുളള ദൈവത്തിന്‍റെ തികഞ്ഞ സ്നേഹത്തിലുളള വിശ്വാസം.
നീ വേണ്ടത്ര ഉപവസിക്കുന്നില്ല; നീ വേണ്ടത്ര പ്രാര്‍ത്ഥിക്കുന്നില്ല, നീ വേണ്ടത്ര സാക്ഷിയാക്കുന്നില്ല, നീ വേണ്ടത്ര വേദപുസ്തകം പഠിക്കുന്നില്ല”. എന്നിങ്ങനെയുളള സാത്താന്‍റെ കുറ്റം വിധിക്കു കീഴിലാണ് അനേകം വിശ്വാസികളും ജീവിക്കുന്നത് – ഇത്തരത്തിലുളള കുറ്റപ്പെടുത്തകലുകളാല്‍ അവര്‍ പ്രവര്‍ത്തനങ്ങളുടെയും വളരെയധികം നിര്‍ജ്ജീവപ്രവൃത്തികളുടെയും ഒരു ഉന്മാദാവസ്ഥയിലേക്ക് പോകുവാന്‍ സ്വാധീനം ചെലുത്തപ്പെടുന്നു.
നിങ്ങളുടെ സ്വയ-ശിക്ഷണങ്ങളും, ഉപവാസവും, പ്രാര്‍ത്ഥനയും സാക്ഷ്യം പറയുന്നതും എല്ലാം, അവ ദൈവത്തോടുളള സ്നേഹത്തില്‍ നിന്ന് ഉത്ഭവിക്കുന്നതല്ലെങ്കില്‍, നിര്‍ജ്ജീവ പ്രവൃത്തികളാണ് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?. ഒന്നാമതായി നിങ്ങള്‍ക്കുവേണ്ടിയുളള ദൈവത്തിന്‍റെ സ്നേഹത്തില്‍ നിങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍ , മുന്‍ പ്രസ്താവിച്ച പ്രവര്‍ത്തനങ്ങള്‍ക്കു അങ്ങനെയുളള സ്നേഹത്തില്‍ നിന്ന് ഉത്ഭവിക്കുവാന്‍ കഴിയുകയില്ല. എഫെസൊസിലുളള ക്രിസ്ത്യാനികള്‍ക്കുവേണ്ടിയുളള പൗലൊസിന്‍റെ പ്രാര്‍ത്ഥന അവര്‍ ദൈവത്തിന്‍റെ സ്നേഹത്തില്‍ വേരൂന്നി
അടിസ്ഥാനപ്പെട്ടവരായി തീരണം എന്നായിരുന്നു (എഫെ 3:16,17).
തങ്ങളെ സ്നേഹിക്കുവാന്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുന്ന ആളുകളെ കൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു. അനേകം ക്രിസ്ത്യാനികള്‍ സ്നേഹിക്കപ്പെടുവാന്‍ വേണ്ടി ഒരു സഭയില്‍ നിന്നു മറ്റൊന്നിലേക്കു പോകുന്നു. ചിലര്‍ സുഹൃദ് ബന്ധങ്ങളില്‍ സ്നേഹം അന്വേഷിക്കുന്നു. മറ്റു ചിലര്‍ വിവാഹബന്ധത്തില്‍ സ്നേഹം അന്വേഷിക്കുന്നു. എന്നാല്‍ ഇവയെല്ലാം നിരാശയില്‍ അവസാനിക്കുന്നു. ആദാമിന്‍റെ മക്കള്‍ അനാഥരെ പോലെ അരക്ഷിതാവസ്ഥയിലാണ്, അതിന്‍റെ ഫലമായി വീണ്ടും വീണ്ടും സ്വയസഹതാപത്തിന്‍റെ ആക്രമണത്താല്‍ പരാജിതരാകുന്നു.
ഈ പ്രശ്നത്തിനുളള ഉത്തരം എന്താണ്? ദൈവത്തിന്‍റെ സ്നേഹത്തില്‍ നമ്മുടെ സുരക്ഷിതത്വം കണ്ടെത്തുക എന്നതാണ് ഉത്തരം. യേശു അവിടുത്തെ ശിഷ്യന്മാരോട് ആവര്‍ത്തിച്ചു പറഞ്ഞകാര്യം അവരുടെ തലയിലെ മുടികള്‍ എല്ലാം എണ്ണപ്പെട്ടിരിക്കുന്നു എന്നും ലക്ഷോപലക്ഷം പക്ഷികളെ തീറ്റിപോറ്റുന്നവനും, ലക്ഷക്കണക്കിനു പുഷ്പങ്ങളെ ഉടുപ്പിക്കുന്നവനുമായ ഒരു ദൈവം തീര്‍ച്ചയായും അവര്‍ക്കുവേണ്ടി കരുതും എന്നാണ്. അവ എല്ലാറ്റിനെക്കാളും മഹത്തായ ഒരു ന്യായവാദമാണ്. ” സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്‍ക്കും വേണ്ടി ഏല്‍പ്പിച്ചു തന്നവന്‍ അവനോടു കൂടെ സകലവും നമുക്കു നല്‍കാതിരിക്കുമോ?” (റോമര്‍ 8:32). ദൈവം യേശുവിനു വേണ്ടി കരുതിയതു പോലെ, നമുക്കുവേണ്ടിയും അവിടുന്നുകരുതും.
നമ്മുടെ സഹജീവികളുമായുളള ഇടപാടുകളില്‍ നിരാശപ്പെടുവാന്‍ ഇടയ്ക്കിടെ ദൈവം അനുവദിക്കുന്നതിനുളള ഒരു കാരണം നാം മനുഷ്യരില്‍ ആശ്രയിക്കുന്നതു അവസാനിപ്പിക്കുവാനാണ്. അത്തരത്തിലുളള വിഗ്രഹാരാധനയില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു – കാരണം മനുഷ്യനില്‍ ആശ്രയിക്കുന്നത് ഒരു തരം വിഗ്രഹാരാധനയാണ്. പൂര്‍ണ്ണമായി ദൈവത്തില്‍ മാത്രം ആശ്രയിക്കുവാന്‍ നാം പഠിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട്, മനുഷ്യരുമായുളള ഇടപാടുകളില്‍ എല്ലാ വശത്തു നിന്നും നാം നിരാശപ്പെടുമാറ് സാഹചര്യങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം കല്‍പ്പിക്കുമ്പോള്‍, അതു നമ്മെ നിരുത്സാഹപ്പെടുത്തുരുത്. നാം ദൈവത്തിലുളള വിശ്വാസത്തില്‍ ജീവിക്കേണ്ടതിന് നമ്മെ ജഡത്തിന്‍റെ ഭുജത്തില്‍ നിന്നു പിന്‍തിരിപ്പിക്കുവാനുളള ദൈവത്തിന്‍റെ മാര്‍ഗ്ഗമാണത്.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ” മനുഷ്യനില്‍ ആശ്രയിച്ചു ജഡത്തെ തന്‍റെ ഭുജമാക്കി ഹൃദയം കൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍. അവന്‍ മരുഭൂമിയിലെ ചൂരച്ചെടി പോലെയാകും……. എന്നാല്‍ യഹോവയില്‍ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ അവന്‍ വെളളത്തിനരികെ നട്ടിരിക്കുന്നതും ٹٹ.. ആയ വൃക്ഷം പോലെയാകും; ഉഷ്ണം തട്ടുമ്പോള്‍ അതു പേടിക്കയില്ല. അതിന്‍റെ ഇല പച്ചയായിരിക്കും വരള്‍ച്ചയുളള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും”.(യിരെമ്യാവ്. 17:5-8).
ക്രിസ്ത്യാനികളുടെ ഇടയിലുളള എല്ലാ മത്സരവും അസൂയയും അരക്ഷിതാവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവരുന്നു. ദൈവ സ്നേഹത്തില്‍ സുരക്ഷിതനും ദൈവം തന്നെ ഏതുവിധത്തില്‍ ആക്കിയിരിക്കുന്നോ അതിലും, അവനു അവിടുന്നു കൊടുത്തിട്ടുളളവരങ്ങളും താലന്തുകളും നല്‍കിയതിലും ദൈവത്തിനു ഒരബദ്ധവും പറ്റിയിട്ടില്ല എന്നു വിശ്വസിക്കുന്നവനുമായ ഒരു മനുഷ്യന് ഒരിക്കലും മറ്റൊരുവനോട് അസൂയാലുവാകുവാന്നോ, മറ്റൊരാളുമായി മത്സരിക്കുവാനോ കഴിയുകയില്ല. വിശ്വാസികളുടെ ഇടയില്‍ പരസ്പര ബന്ധങ്ങളിലുളള എല്ലാ പ്രശ്നങ്ങളും അടിസ്ഥാനപരമായി ഇതേ അരക്ഷിതാവസ്ഥ മൂലമുളളതാണ്.
അതുകൊണ്ട് ലൂക്കോ 14:26-34 വാക്യങ്ങള്‍ ധ്യാനിക്കുകയും യേശുവിന്‍റെ ഒരു പൂര്‍ണ്ണ ഹൃദയശിഷ്യനായി തീരുകയും ചെയ്യുക. അതിനുശേഷം ദൈവം യേശുവിനെ സ്നേഹിച്ചതു പോലെ ഇപ്പോള്‍ അവിടുന്നു നിന്നെ സ്നേഹിക്കുന്നു എന്ന വസ്തുതയില്‍ നിങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുക.