നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ സമ്പൂർണ്ണമായ പദ്ധതി- WFTW 12 ജൂൺ 2022

സാക് പുന്നന്‍

നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ സമ്പൂർണ്ണമായ പദ്ധതി പൂർത്തീകരിക്കുന്നതിനേക്കാൾ വലിയതായി നിങ്ങൾക്കൊന്നും നേടാനില്ല. ദൈവം നിങ്ങളുടെ ജീവിതത്തിലൂടെയും ജോലിയിലൂടെയും ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് അവിടുത്തെ സഭ പണിയുന്നതിനുള്ള ഒരു ഉപകരണമായി ഒരു നാൾ നിങ്ങളെ ഉപയോഗിക്കണമെന്നതാണ് എൻ്റെ പ്രാർത്ഥന. നിങ്ങളുടെ വിദ്യാഭ്യാസവും ജോലിയും നിങ്ങളുടെ ഉപജീവന മാർഗ്ഗത്തിനു വേണ്ടി മാത്രമുള്ളതാണ് – അത് നിങ്ങളുടെ ഭൗതികാവശ്യങ്ങൾക്കു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാൻ വേണ്ടിയുള്ളതാണ്. എന്നാൽ നിങ്ങളുടെ ജീവിതത്തിലെ വിളി ദൈവത്തിനു വേണ്ടി ജീവിക്കേണ്ടതിനാണ്. അതുകൊണ്ട് നിങ്ങളുടെ ജോലിയെ ഒരു വിഗ്രഹമാക്കരുത്.

നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ വിശദാംശവും ദൈവം നേരത്തേ തന്നെ രൂപ കല്പന ചെയ്തിരിക്കുന്നു. അതിൽ നിങ്ങളുടെ വിദ്യാഭ്യാസം ഉൾപ്പെടുന്നു – നിങ്ങൾ ചേരേണ്ട സ്കൂളുകളും കോളേജുകളും, ആ കോളേജിൽ നിങ്ങൾ എടുക്കേണ്ട കോഴ്സുകൾ പോലും. ഈ കാര്യങ്ങളിലെല്ലാം അവിടുന്ന് പരമാധികാരത്തോടെ മേലധികാരം നടത്തി നിങ്ങൾ ശരിയായ ജോലിയിലേക്കാണ് നയിക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്തുന്നു. അതു കൊണ്ട് ചില സാഹചര്യത്തിൽ, നിങ്ങൾ കഴിവിൻ്റെ പരമാവധി ശ്രമിച്ചിട്ടും, നിങ്ങൾ പ്രതീക്ഷിച്ചതോ അല്ലെങ്കിൽ ആഗ്രഹിച്ചതോ ആയ കോഴ്സുകൾ ലഭിക്കുന്നില്ലെങ്കിൽ, കർത്താവിനെ സ്തുതിക്കുക മാത്രം ചെയ്യുക. ദൈവം നിങ്ങളെ നിരീക്ഷിക്കുക ആയിരുന്നു എന്നും അവിടുത്തെ പരമാധികാരത്തിൽ നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ വിശദാംശങ്ങളുടെമേലും മേലധികാരം നടത്തുകയായിരുന്നെന്നും വർഷങ്ങൾക്കു ശേഷം നിങ്ങൾ കണ്ടെത്തും (നിങ്ങൾ അതേ കുറിച്ചു ബോധവാനായിരുന്നില്ലെങ്കിൽ പോലും). തന്നെയുമല്ല അത് നിങ്ങൾക്കുവേണ്ടി പ്രാവർത്തികമാക്കിയ മാർഗ്ഗവും വാസ്തവത്തിൽ നിങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ ഏറ്റവും നല്ല മാർഗ്ഗമായിരുന്നു എന്നു കണ്ടെത്തും (റോമ.8:28). ദൈവത്തിൻ്റെ ഈ വചനത്തിലുള്ള വിശ്വാസത്തിൽ ജീവിക്കുക.

ദൈവത്തിനു നിങ്ങളെ കുറിച്ചുള്ള പ്രധാന ഉദ്ദേശ്യം നിങ്ങൾ അവിടുത്തെ സാക്ഷി ആയിരിക്കണമെന്നതാണ്- ഈ ഭൂമിയിൽ- യേശുവിൻ്റെ ജീവൻ വെളിപ്പെടുത്തിക്കൊണ്ട്. അതുകൊണ്ട് നിങ്ങളുടെ അഭിലാഷങ്ങൾ ഭൗമികമായി തീരാൻ ഒരിക്കലും അനുവദിക്കരുത്. ജീവിതത്തെ ഗൗരവമായി എടുക്കുക. ദൈവത്തിൻ്റെ പൂർണ്ണഹിതം അന്വേഷിക്കുക. ന്യായവിധി നാളിൽ നിങ്ങൾ ഒടുവിൽ ദൈവത്തിൻ്റെ മുമ്പാകെ നിൽക്കുമ്പോൾ, നിങ്ങൾ ജീവിച്ചവിധം ഓർത്ത് ദുഃഖിക്കാതിരിക്കത്തതായ ഒരു ജീവിതം ജീവിക്കുക. ആ അന്ത്യനാളിൽ പ്രാധാന്യമുള്ള ജി പി എ ( GPA) , നിങ്ങളുടെ ‘ഗ്രേഡ് പോയിൻ്റ് ആവറേജ് ‘ ( Grade Point Average) (കോളേജിൽ നിന്നു ലഭിച്ചത് ) ആയിരിക്കയില്ല. എന്നാൽ ‘ഗോഡ്സ് പ്രെയിസ് & അപ്രൂവൽ ‘ (God’s praise & Approval) ( ദൈവത്തിൻ്റെ പ്രശംസയും അംഗീകാരവും ) എന്ന GPA ആയിരിക്കും (1കൊരി. 4:5). അതിൽ നിങ്ങൾക്കുള്ള പോയിൻ്റ് നില ആയിരിക്കും അന്ന് വിലയുള്ള ഒരേ ഒരു കാര്യം.

ദൈവം അത്ര അതിശയകരമായാണ് നമ്മുടെ ജീവിതങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. എൻ്റെ സ്വന്ത ജീവിതത്തിൽ വീണ്ടും വീണ്ടും കണ്ടിരിക്കുന്ന ഒരു കാര്യം ഇതാണ്, അത് എൻ്റെ ജീവിതം അവിടുത്തെ ശുശ്രൂഷയ്ക്കായി വരുന്ന നാളുകളിൽ കൂടുതൽ പൂർണ്ണ ഹൃദയത്തോടെ നൽകാൻ എന്നെ കഴിവുള്ളവനാക്കുന്നു, “അറുക്കപ്പെട്ട കുഞ്ഞാടിനു വേണ്ടി അവിടുത്തെ കഷ്ടതയ്ക്കുള്ള പ്രതിഫലം നേടുവാൻ”. പതിനെട്ടാം നൂറ്റാണ്ടിലെ മൊറേവിയൻ (ഇന്നത്തെ ചെക്കോസ്ലോവാക്യ) ക്രിസ്ത്യാനികളുടെ ആപ്തവാക്യം ഇതായിരുന്നു, സിൻസെൻഡോർഫ് ആയിരുന്നു അവരുടെ നേതാവ്.

നിങ്ങളുടെ ജീവിതത്തിനു വേണ്ടി ദൈവത്തിനുള്ള സമ്പൂർണ്ണമായ പദ്ധതിയെ തടസ്സപ്പെടുത്താൻ ഏതെങ്കിലും ഭൗതിക യോഗ്യതകളുടെ കുറവിനു കഴിയുകയില്ല. നിങ്ങൾക്കു താഴ്മയുള്ള ഒരു മനോഭാവവും വിശ്വാസവും ഉണ്ട് എന്നതിനെ മാത്രം ആശ്രയിച്ചാണ് അതിൻ്റെ പൂർത്തീകരണം സാധ്യമാകുന്നത്. അതുകൊണ്ട് നിങ്ങൾക്ക് എപ്പോഴും ആ ഗുണങ്ങൾ ഉണ്ടായിരിക്കട്ടെ.

നമ്മിൽ ആരും ഭോഷത്തമായ തെറ്റുകൾ ഒന്നും വരുത്താതെ ജീവിക്കാൻ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തിയവരല്ല. എന്നാൽ എൻ്റെ സ്വന്തജീവിതത്തിൽ നിന്ന് എനിക്ക് സാക്ഷ്യം പറയാൻ കഴിയുന്നത്, മറ്റുള്ളവരുടെ മേൽ പഴിചാരാതെ, നമ്മുടെ പാപങ്ങൾ നാം സമ്മതിച്ച് ഏറ്റു പറഞ്ഞിട്ട് വിശ്വാസത്തോടെ “കർത്താവെ ഞാൻ പാപം ചെയ്തു പോയി എന്നിരുന്നാലും, ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു, എൻ്റെ ജീവിതത്തിനു വേണ്ടിയുള്ള അവിടുത്തെ പദ്ധതി അവിടുന്നു പൂർത്തീകരിക്കും” എന്നു പറയാൻ വേണ്ടത്ര താഴ്മയുള്ളവരാകുമ്പോൾ, നാം ചെയ്ത അനേകം വിഡ്ഢിത്തങ്ങൾ ദൈവം അവഗണിക്കുന്നു എന്നാണ്. അനേകം വിശ്വാസികളും കർത്താവിനോട് ഈ വാക്കുകൾ ഒരിക്കലും പറയാറില്ല കാരണം അവർ ദൈവത്തിൻ്റെ കരുണയിൽ ആശ്രയിക്കാതെ, അവരുടെ പരാജയങ്ങളാൽ അത്ര മാത്രം നിരുത്സാഹിതരായിക്കുന്നു. അങ്ങനെ അവർ, ദൈവത്തിൻ്റെ പരമാധികാരത്തിൻ്റെ ശക്തിക്കും കരുണയ്ക്കും മുകളിലായി തങ്ങളുടെ പരാജയങ്ങളെ ഉയർത്തിപ്പിടിച്ച് ദൈവത്തെ അപമാനിക്കുന്നു. നിങ്ങൾ ദൈവത്തിൽ ആശ്രയിച്ച് അവിടുത്തെ മഹാ കരുണയെ മഹത്വപ്പെടുത്തണം. അപ്പോൾ യഥാർത്ഥത്തിൽ നിങ്ങൾക്കു നന്മയുണ്ടാകും- ഓരോ വർഷവും മുൻ വർഷത്തേക്കാൾ നല്ലതായിരിക്കും.

What’s New?