നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു ആത്മ പരിശോധന നടത്തുക – WFTW 20 ഡിസംബർ 2020

സാക് പുന്നന്‍

ഒരു വർഷത്തിൻ്റെ അവസാനത്തിലേക്കു വരുന്ന ഈ സമയത്ത് നമ്മുടെ ജീവിതം പരിശോധിച്ചിട്ട് അത് എങ്ങനെ കഴിഞ്ഞു എന്നു കാണുന്നതു നല്ലതാണ്. ഹഗ്ഗായി പ്രവാചകൻ ജനത്തോട് “അവരുടെ വഴികളെ വിചാരിച്ചു നോക്കുവിൻ” എന്ന് പ്രബോധിപ്പിക്കുന്നു. അത് എഴുതപ്പെട്ടിരിക്കുന്നത് ഹഗ്ഗായി 1:5, 6 വാക്യങ്ങളിലാണ്. ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിചെയ്യുന്നു, “നിങ്ങളുടെ വഴികളെ വിചാരിച്ചു നോക്കുവിൻ നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടു വരുന്നുള്ളൂ; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തി വരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല; വസ്ത്രം ധരിച്ചിട്ടും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ട സഞ്ചിയിൽ ഇടുവാൻ കൂലി വാങ്ങുന്നു. “മുകളിൽ പറഞ്ഞ ചോദ്യങ്ങൾ നമുക്ക് നമ്മോടു തന്നെ ഇപ്രകാരം ചേർത്തു വയ്ക്കാം: കർത്താവു നമ്മെ വെല്ലുവിളിച്ചു കൊണ്ടു പറയുന്നു, “നിങ്ങളുടെ ജീവിതത്തിൽ കാര്യങ്ങൾ എങ്ങനെയാണ് പോയിരിക്കുന്നത് എന്നു വിചാരിപ്പിൻ”.

അവിടെ ആത്മീയ ഫലസമൃദ്ധി ഉണ്ടായിരുന്നോ? നിങ്ങൾ വളരെ നട്ടു, എന്നാൽ വളരെ കുറച്ചു മാത്രം കൊയ്തു. നിങ്ങൾ അനേകം യോഗങ്ങൾക്കു പോയി, അനേകം ക്രിസ്തീയ പുസ്തകങ്ങൾ വായിച്ചു, ധാരാളം ടേപ്പുകൾ കേട്ടു, എന്നാൽ നിങ്ങളുടെ ഭവനം ഇന്ന് ഒരു ദൈവിക ഭവനവും ഒരു സമാധാന ഭവനവും ആണോ? നിങ്ങളുടെ ഭാര്യയോട്/ഭർത്താവിനോട് ഉറക്കെ സംസാരിക്കുന്നതു പോലെയുള്ള ഒരു ലളിതമായ കാര്യത്തിന്മേലെങ്കിലും നിങ്ങൾ ജയം നേടിയിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾ വളരെ വിതച്ചു എങ്കിലും, വളരെ കുറച്ചു മാത്രമെ കൊയ്യുന്നുള്ളു, നിങ്ങൾ വസ്ത്രം ധരിച്ചു എന്നാൽ ഇപ്പോഴും കുളിർ മാറുന്നില്ല, നിങ്ങൾ വളരെ പണം സമ്പാദിച്ചു, എന്നാൽ നിങ്ങളുടെ പോക്കറ്റിന് ദ്വാരങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അതിൽ അധികവും പാഴായി പോയി.

ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല- പരിതാപകരമായി ആവർത്തിച്ച് നാം പരാജയപ്പെട്ടതിനു ശേഷവും, നമ്മെ അവിടുത്തെ പൂർണ്ണ ഹിതത്തിലേക്ക് കൊണ്ടു വരുന്ന കാര്യം പോലും അവിടുത്തേക്ക് അസാധ്യമല്ല. നമ്മുടെ അവിശ്വാസത്തിനു മാത്രമെ അവിടുത്തെ തടസ്സപ്പെടുത്താൻ കഴിയൂ. “എന്നാൽ ഞാൻ പല തവണ കാര്യങ്ങളെ ആകെ താറുമാറാക്കിയിരിക്കുന്നു. ഇനി ദൈവത്തിന് എന്നെ അവിടുത്തെ പൂർണ്ണ ഹിതത്തിലേക്കു കൊണ്ടുവരാൻ കഴിയുകയില്ല” എന്നു നിങ്ങൾ പറയുകയാണെങ്കിൽ, അപ്പോൾ അതു ദൈവത്തിന് അസാധ്യമാണ്, കാരണം നിങ്ങൾക്കു വേണ്ടി അവിടുത്തേക്കു ചെയ്യാൻ കഴിയുന്നതിനെ വിശ്വസിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല. എന്നാൽ യേശു പറഞ്ഞത് നമുക്കു വേണ്ടി ചെയ്യുവാൻ ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല – നാം വിശ്വസിക്കുമെങ്കിൽ മാത്രം എന്നാണ്.

“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നതാണ് എല്ലാ കാര്യങ്ങളിലും ദൈവത്തിൻ്റെ നിയമം. നമുക്ക് എന്തിനുള്ള വിശ്വാസമുണ്ടോ അതു നമുക്ക് ലഭിക്കും. ഏതെങ്കിലും കാര്യം നമുക്കു വേണ്ടി ചെയ്യുവാൻ ദൈവത്തിന് അസാധ്യമാണെന്നു നാം വിശ്വസിച്ചാൽ, അപ്പോൾ അതു നമ്മുടെ ജീവിതങ്ങളിൽ നിറവേറ്റപ്പെടുകയില്ല. മറിച്ച്, നിങ്ങളെക്കാൾ വലിയ അളവിൽ തൻ്റെ ജീവിതം താറുമാറാക്കിയ മറ്റൊരു വിശ്വാസിയുടെ ജീവിതത്തിൽ കാര്യങ്ങൾ അങ്ങനെയാണെങ്കിൽ പോലും തൻ്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണ ആലോചന നിറവേറ്റപ്പെട്ടു എന്ന് ക്രിസ്തുവിൻ്റെ ന്യായാസനത്തിങ്കൽ നിങ്ങൾ കണ്ടെത്തും- ദൈവത്തിന് തൻ്റെ ജീവിതത്തിൻ്റെ ഉടഞ്ഞ കഷണങ്ങൾ പെറുക്കിയെടുത്ത് അതിൽ നിന്ന് “വളരെ നല്ലതായ” ചില കാര്യങ്ങൾ ഉണ്ടാക്കുവാൻ കഴിയും എന്ന് വിശ്വസിച്ചു എന്ന ഒരേ ഒരു കാരണത്താൽ. നിങ്ങളുടെ പരാജയങ്ങളായിരുന്നില്ല (അവ വളരെയധികം ഉണ്ടായിരുന്നെങ്കിൽ പോലും) നിങ്ങളുടെ ജീവിതത്തിനു വേണ്ടി ഉണ്ടായിരുന്ന ദൈവത്തിൻ്റെ പദ്ധതികളെ നിഷ്ഫലമാക്കിയത്, എന്നാൽ നിങ്ങളുടെ അവിശ്വാസമാണ് എന്നു നിങ്ങൾ കണ്ടെത്തുമ്പോൾ ആ നാളിൽ നിങ്ങളുടെ ജീവിതത്തിൽ എന്തു ദുഃഖമുണ്ടായിരിക്കും?

“ദൈവ പുത്രൻ വെളിപ്പെടുത്തപ്പെട്ടതിൻ്റെ ഉദ്ദേശ്യം പിശാചിൻ്റെ പ്രവൃത്തികളെ അഴിക്കുക എന്നതായിരുന്നു” (1യോഹ.3:8, ആംപ്പിഫൈഡ് ബൈബിൾ). ആ വാക്യം വാസ്തവത്തിൽ അർത്ഥമാക്കുന്നത്, യേശു വന്നത് നമ്മുടെ ജീവിതത്തിൽ പിശാച് കെട്ടിയിരിക്കുന്ന എല്ലാ കരുക്കുകളും അഴിക്കാൻ വേണ്ടിയാണ് എന്നതാണ്. അതിനെ ഈ വിധത്തിൽ സങ്കല്പിക്കുക. നാം ജനിച്ചപ്പോൾ നമുക്ക് ഓരോരുത്തർക്കും തികവുള്ള രീതിയിൽ ചുറ്റിയ ഒരു നൂൽപ്പന്ത് ദൈവം തന്നു എന്നു നമുക്കു പറയാൻ കഴിയും. നാം ഓരോ ദിവസവും ജീവിക്കാൻ തുടങ്ങിയപ്പോൾ, നാം ആ നൂൽ പന്തിൻ ചുറ്റ് അഴിക്കുവാനും അതിൽ കുരുക്കുകൾ കെട്ടുവാനും തുടങ്ങി (പാപം ചെയ്ത്). ഇന്ന് അനേക വർഷങ്ങൾ ആ ചരട് ചുറ്റഴിച്ചു കഴിഞ്ഞപ്പോൾ, അതിൽ ആയിരക്കണക്കിനു കുരുക്കുകൾ നാം കാണുന്നു, അതു കാണുന്തോറും നാം നിരാശപ്പെടുന്നു. എന്നാൽ യേശു വന്നിരിക്കുന്നത്” പിശാച് കെട്ടിയിരിക്കുന്ന കുരുക്കുകൾ അഴിക്കുവാനാണ്. അതുകൊണ്ട് ഏറ്റവും അധികം കുരുക്കുകൾ ഉള്ള ചരട് ഉള്ളവർക്കു പോലും ആശയ്ക്കു വകയുണ്ട്.

ഓരോ കുരുക്കും അഴിച്ച് ഒരിക്കൽക്കൂടി പൂർണ്ണതയുള്ള ഒരു നൂൽപ്പന്ത് നിങ്ങളുടെ കയ്യിൽ തരുവാൻ കർത്താവിനു കഴിയും. ഇതാണ് സുവിശേഷത്തിൻ്റെ സന്ദേശം. നിങ്ങൾക്ക് ഒരു പുതിയ തുടക്കം കുറിക്കുവാൻ കഴിയും. നിങ്ങൾ പറയുന്നു, “അത് അസാധ്യമാണ്!”. കൊള്ളാം, അപ്പോൾ, നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കും. നിങ്ങളുടെ കാര്യത്തിൽ അത് അസാധ്യമായിരിക്കും. എന്നാൽ നിങ്ങളുടേതിനെക്കാൾ മോശമായ ജീവിതമുള്ള വേറെ ഒരാൾ ഇങ്ങനെ പറയുന്നതു ഞാൻ കേൾക്കുന്നു, “അതെ, ദൈവം എന്നിൽ അതു ചെയ്യും എന്നു ഞാൻ വിശ്വസിക്കുന്നു”. അയാൾക്കും തൻ്റെ വിശ്വാസം പോലെ ഭവിക്കും. അവൻ്റെ ജീവിതത്തിൽ, ദൈവത്തിൻ്റെ പൂർണ്ണതയുള്ള പദ്ധതി നിറവേറ്റപ്പെടുന്നു.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ എല്ലാ പരാജയങ്ങളെയും ചൊല്ലി ദൈവികമായ ഒരു ദുഃഖം നിങ്ങൾക്കുണ്ടെങ്കിൽ പഴയ നിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ (യെശ.1:18), നിങ്ങളുടെ പാപം കടും ചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും എന്നു മാത്രമല്ല പുതിയ ഉടമ്പടിയിൽ ദൈവം വാഗ്ദാനം ചെയ്യുന്നത്, “നിങ്ങളുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല” എന്നാണ് (എബ്രാ.8:12). നിങ്ങളുടെ മടയത്തരങ്ങളും പരാജയങ്ങളും എന്തു തന്നെ ആയിരുന്നാലും, ദൈവത്തോടു കൂടെ നിങ്ങൾക്ക് ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയും. നിങ്ങളുടെ കഴിഞ്ഞ നാളുകളിൽ ഒരായിരം തുടക്കങ്ങൾ കുറിക്കുകയും അവയിലെല്ലാം പരാജയപ്പെടുകയും ചെയ്തെങ്കിലും ഇപ്പോഴും നിങ്ങൾക്ക് ഇന്ന് ആയിരത്തി ഒന്നാമത്തെ പുതിയ തുടക്കം കുറിക്കാൻ കഴിയും. ദൈവത്തിന് ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നിന്ന് മഹത്വകരമായ ചില കാര്യങ്ങൾ ഉണ്ടാക്കാൻ കഴിയും. ജീവനുള്ളടത്തോളം പ്രത്യാശയുണ്ട്. അതു കൊണ്ട്, ദൈവത്തിൽ ആശ്രയിക്കുന്നതിൽ പരാജയപ്പെടരുത്. ദൈവത്തിനു തൻ്റെ അനേക മക്കൾക്കു വേണ്ടി ശക്തമായ പ്രവൃത്തികൾ ചെയ്യാൻ കഴിയുന്നില്ല. അത് അവർ കഴിഞ്ഞ നാളുകളിൽ അവിടുത്തെ പരാജയപ്പെടുത്തിയതുകൊണ്ടല്ല, എന്നാൽ ഇപ്പോൾ അവർ ദൈവത്തിൽ ആശ്രയിക്കാത്തതു കൊണ്ടാണ്. ഇതു വരെ അസാധ്യമെന്നു നാം കരുതിയ കാര്യങ്ങൾക്കായി വരുന്ന നാളുകളിൽ ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് “വിശ്വാസത്തിൽ ശക്തിപ്പെട്ട് ദൈവത്തിനു മഹത്വം കൊടുക്കാം”. എല്ലാവർക്കും – യുവാക്കൾക്കും പ്രായമായവർക്കും – പ്രത്യാശിക്കാം, തങ്ങൾ കഴിഞ്ഞ കാലത്ത് എത്രമാത്രം പരാജയപ്പെട്ടെങ്കിലും സാരമില്ല, അവർ തങ്ങളുടെ പരാജയങ്ങളെ ഏറ്റു പറയുകയും താഴ്മയുള്ളവരായി ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുമെങ്കിൽ.