യേശു പ്രലോഭിപ്പിക്കപ്പെട്ടു എന്നാൽ എല്ലായ്പോഴും അതിനെ ജയിച്ചു – WFTW 18 ഒക്ടോബർ 2020

സാക് പുന്നന്‍

നാം എല്ലാവരും ഓരോ ദിവസവും അഭിമുഖീകരിക്കുന്ന അതേ പ്രലോഭനങ്ങൾ കൃത്യമായി യേശു അഭിമുഖീകരിച്ചു. (എബ്രാ. 4:15). നമ്മുടെ എല്ലാ പരിമിതികളും യേശുവിനുണ്ടായിരുന്നു, എന്നിട്ടും അവിടുന്ന് ജയിച്ചു- കാരണം അവിടുന്ന് നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്തിട്ട് താൻ പ്രലോഭിപ്പിക്കപ്പെട്ടപ്പോഴെല്ലാം സഹായത്തിനായി പിതാവിനോടു നിലവിളിച്ചു (എബ്രാ.1:9;5:7). ഒരു മനുഷ്യൻ എന്ന നിലയിൽ യേശുവിനെ പരിശുദ്ധാത്മാവ് സഹായിച്ചു- അതു പോലെ തന്നെ പരിശുദ്ധാത്മാവ് നിങ്ങളെയും സഹായിക്കും.

ഒരു യുവാവ് എന്ന നിലയിൽ യേശു പ്രലോഭനങ്ങളെ അഭിമുഖീകരിച്ചതെങ്ങനെയെന്ന് കൂടെ കൂടെ ചിന്തിക്കുക. എല്ലാ യുവാക്കളും നേരിടുന്ന അതേ പ്രലോഭനങ്ങളുടെ വലി, യേശുവിന് അനുഭവപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിക്കുന്നത് അവിടുത്തേക്കു അത്ര എളുപ്പമുള്ളതായിരുന്നില്ല. വാസ്തവത്തിൽ അത് അവിടുത്തേക്കു കൂടുതൽ പ്രയാസമുള്ളതായിരുന്നിരിക്കണം, കാരണം അവിടുത്തെ പ്രകൃതം തീർത്തും നിർമ്മലമായിരുന്നു അതുകൊണ്ട് പ്രലോഭനം അവിടുത്തേക്കു കൂടുതൽ അറപ്പുളവാക്കുന്നതായിരുന്നു- അതു കൊണ്ട് അതിൻ്റെ വലി നമുക്കുണ്ടാകുന്നതിനെക്കാൾ ശക്തമായിരുന്നിരിക്കണം.

ഇപ്പോൾ പ്രലോഭനത്തിനെതിരേയുള്ള വടംവലിയിൽ യേശു നിങ്ങളുടെ വശത്തുള്ള വടത്തിൻ്റെ ഭാഗത്താണ്- അവിടുന്നു നിങ്ങളെ സഹായിക്കാനായി നിൽക്കുകയാണു താനും. ശത്രുപക്ഷത്തുള്ള നായകൻ നിഗളം എന്നു വിളിക്കുന്ന ഭീമമായ ഭാരമാണ്. അവൻ്റെ അടുത്തായി സ്വാർത്ഥത എന്നു വിളിക്കുന്ന മറ്റൊരു ഭീമമായ ഭാരം. എന്നാൽ മറ്റു പാപങ്ങളോടൊപ്പം ഇവ രണ്ടിനെയും വലിച്ചു നീക്കുവാൻ ദൈവം നിങ്ങളെ സഹായിക്കും- അങ്ങനെ നിങ്ങൾ ജയിക്കും. കർത്താവിനു സ്തുതി!

വിശ്വാസത്താൽ നിങ്ങൾക്കു മുറുകെ പിടിക്കുവാൻ ഇവിടെ ഇതാ ഒരു വാഗ്ദത്തം .

“നിങ്ങളെ വീഴാതെ വണ്ണം (ഇടറാതെ) സൂക്ഷിക്കുവാൻ യേശു കഴിവുള്ളവനാണ് ” (യൂദാ. 24). ശാരീരികമായ നടപ്പു പോലെ തന്നെ അഭ്യസിക്കേണ്ട ഒന്നാണ് വിശ്വാസത്താലുള്ള നടപ്പ്. തുടക്കത്തിൽ അസംഖ്യം വീഴ്ചകൾ ഉണ്ടായിരിക്കും, ഒരു കുഞ്ഞിനെപ്പോലെ. നിങ്ങൾ മുമ്പോട്ട് വളരുംതോറും വീഴ്ചകൾ കുറഞ്ഞു കുറഞ്ഞു വരും. ഒടുവിൽ, വീഴ്ച വളരെ അപൂർവ്വമായി തീരും, ഒരിക്കലും വീഴാത്ത ഒരു സമയം ഒരിക്കലും ഉണ്ടായില്ലെങ്കിൽ പോലും, ഏറ്റവും വലിയ ഒരു വിശുദ്ധനു പോലും അദ്ദേഹം ഒരിക്കലും വീഴില്ല എന്നു പറയാൻ കഴിയില്ല.

നിങ്ങൾ വീഴുമ്പോൾ, നിങ്ങളുടെ വീഴ്ചയെ ‘പാപം’ എന്നതിനു പകരം മറ്റേതെങ്കിലും പേരിൽ വിളിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. അത് അപകടകരമാണ്. തങ്ങളുടെ പാപങ്ങളെ ‘പിശക്’, ‘അബദ്ധം’ തുടങ്ങിയ പേരുകളിൽ വിളിക്കുന്നവർ അനേകരാണ്, തങ്ങളുടെ പാപങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുവാനാണ് അങ്ങനെ ചെയ്യുന്നത്. അവർ റോമ.7:17 തെറ്റായി ഉദ്ധരിക്കുക പോലും ചെയ്യുന്നു, “അതു പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രെ…”, അവരുടെ പ്രകടമായ പാപങ്ങൾക്ക് ഒഴികഴിവു പറയുന്നതിനു വേണ്ടി. ഇത് അപകടകരമായ വഴിയാണ്. അത് ഒഴിവാക്കുക- കാരണം അപ്പോൾ നിങ്ങൾ ജീവിക്കുന്നത് ആത്മ വഞ്ചനയിൽ ആയിരിക്കും, മറ്റുള്ള ആളുകൾ ജീവിക്കുന്നതുപോലെ. നാം നമ്മുടെ പാപങ്ങൾ ഏറ്റു പറയുമെങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് നമ്മെ ശുദ്ധീരിക്കുവാൻ ദൈവം വിശ്വസ്തനായിരിക്കും (യോഹ.1:9). എന്നാൽ നാം നമ്മുടെ പാപങ്ങളെ “പിശക്”, “അബദ്ധം” എന്നാണു വിളിക്കുന്നതെങ്കിൽ അതിനെ ശുദ്ധീകരിക്കുന്ന ഒരു വാഗ്ദത്തവും ഇല്ല. യേശുവിൻ്റെ രക്തം പാപങ്ങളെ മാത്രമെ വെടിപ്പാക്കുകയുള്ളൂ. അതു കൊണ്ട് നിങ്ങൾ പാപത്തിൽ വീഴുമ്പോഴെല്ലാം സത്യസന്ധരായിരിക്കുക. അതിനെ “പാപം” എന്നു തന്നെ വിളിക്കുക. അതിൽ നിന്ന് തിരിയുക, അതിനെ വെറുക്കുക, അത് ഉപേക്ഷിക്കുക , ദൈവത്തോട് അതേറ്റു പറയുക- അതിനു ശേഷം അതിനെ കുറിച്ചു മറന്നുകളയുക. കാരണം അതു മായിച്ചു കളയപ്പെട്ടിരിക്കുന്നു.

മനോഭാവത്തിലുള്ള പാപങ്ങളാണ് പ്രവൃത്തിയിലുള്ള പാപങ്ങളേക്കാൾ ഗൗരവതരം കാരണം അവ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നില്ല. മനോഭാവത്തിലുള്ള ചില പാപങ്ങളാണ്: നിഗളം , വിമർശന നിലപാട്, കയ്പ്, അസൂയ, മറ്റുള്ളവരെ ഉള്ളിൽ വിധിക്കുന്നത് (നിങ്ങൾ കേൾക്കുന്നതിലൂടെയും കാണുന്നതിലൂടെയും- യെശ.11:3), നിങ്ങളുടെ സ്വയം അന്വേഷിക്കുന്നത്, സ്വാർത്ഥത, പരീശത്വം മുതലായവ.

പാപത്തിന്മേലുള്ള വിജയത്തെ കുറിച്ചു പ്രസംഗിക്കുന്ന ഒരു വിശ്വാസി മറ്റുള്ളവരെ പുച്ഛത്തോടു കൂടി നോക്കുന്നെങ്കിൽ, സകലത്തിലും വലിയ പാപമായ ആത്മീയ നിഗളത്തിന്മേൽ അയാൾക്കു വിജയം ഇല്ല എന്ന് അയാൾ തിരിച്ചറിയുന്നില്ല. മറ്റുള്ളവരെ നിന്ദിക്കുന്നത്- സ്ഥിരമായി വ്യഭിചാരം ചെയ്യുന്നതിനു തുല്യമാണ്. അങ്ങനെയുള്ള ഒരു വിശ്വാസി പാപത്തിന്മേലുള്ള വിജയത്തെ കുറിച്ചു സംസാരിക്കുന്നത് പരിഹാസ്യമാണ്! നിങ്ങൾ എത്രകണ്ട് ആത്മീയമായി വളരുമോ, അത്രകണ്ട് നിങ്ങൾ വിശുദ്ധരായി തീരുന്നു, അത്രകണ്ട് നിങ്ങൾ താഴ്മയുള്ളവരായി തീരും. യഥാർത്ഥ വിശുദ്ധിയുടെ പ്രാഥമിക തെളിവ് ഇതാണ്. ഒരു ഫല വൃക്ഷത്തിൽ, കൂടുതൽ ഫലമുള്ള കൊമ്പ് ഏറ്റവും അധികം കുനിഞ്ഞു നിൽക്കുന്നു.

അധികം പേരും ‘ദിവ്യ സ്വഭാവത്തിൻ്റെ പങ്കാളിത്വത്തെ’ മാനുഷികമായ ആത്മ നിയന്ത്രണവുമായി കൂട്ടിക്കുഴയ്ക്കുന്നു. മാനുഷിക ആത്മ നിയന്ത്രണത്തിന് ബാഹ്യമായ ഒരു നവീകരണം ഉണ്ടാക്കാൻ കഴിയും. എന്നാൽ ആന്തരിക മനുഷ്യനെ അതിൻ്റെ ധിക്കാരം, നിഗളം, പരീശത്വം എന്നീ മനോഭാവത്തിൽ തന്നെ നില നിർത്തുന്നു. പാപത്തെ ജയിക്കുവാൻ ദൈവത്തിൽ നിന്നു കൃപ പ്രാപിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്- അതു കൊണ്ട് നാം സൗജന്യമായി പ്രാപിച്ചതിനെ കുറിച്ച് നമുക്ക് ഒരിക്കലും നിഗളിക്കുവാൻ കഴിയുകയില്ല. നമ്മൾ തന്നെ ഉണ്ടാക്കിയ കാര്യങ്ങളുടെ മേൽ മാത്രമേ നമുക്ക് നിഗളിക്കാൻ കഴിയൂ- തന്നെയുമല്ല നമ്മുടെ സ്വന്തം പ്രയത്നത്താൽ നാം ഉളവാക്കുന്ന വിശുദ്ധി വ്യാജ വിശുദ്ധി ആയിരിക്കും.

സ്നേഹം എന്ന ദിവ്യ സ്വഭാവത്തിന് പങ്കാളികളാകാൻ ആണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവും നല്ലവനുമാണ്, അതു കൊണ്ട് ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യൻ പ്രകാശിക്കുമാറാക്കുന്നു (മത്താ.5:46-48). ഇതാണ് നിങ്ങൾ പിന്തുടരേണ്ട മാതൃക. എല്ലാവരെയും സ്നേഹിക്കുക- അവർ നിങ്ങളോട് യോജിച്ചാലും ഇല്ലെങ്കിലും. തർക്കമുളവാക്കുന്ന എല്ലാ ചർച്ചകളും വാദങ്ങളും ഒഴിവാക്കുക – ഒരു മാരകരോഗത്തെ നിങ്ങൾ ഒഴിവാക്കുന്നതു പോലെ. നിങ്ങൾക്കു ചുറ്റുമുള്ളവർ എന്തിനെ കുറിച്ചെങ്കിലും തർക്കിക്കാൻ ആഗ്രഹിച്ചാൽ, എല്ലാ തർക്കങ്ങളും ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന് അവരോട് സ്നേഹപൂർവ്വം പറയുക. നിങ്ങളുടെ മുഴു ഹൃദയങ്ങളും വച്ച് സ്നേഹത്തിൽ തികഞ്ഞവരാകുന്ന കാര്യത്തെ പിൻ തുടരുക.