സംതുലിതമായ സുവിശേഷം – WFTW 25 ഒക്ടോബർ 2020

സാക് പുന്നന്‍

സുവിശേഷത്തിൻ്റെ സംതുലിതമായ സന്ദേശം പൗലൊസ് എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ കാണുന്നു. 1 മുതൽ 3 വരെയുള്ള അധ്യായങ്ങളിൽ, ഒരു പ്രബോധനം പോലും ഇല്ല. ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചു വിവരിക്കുക മാത്രമാണ് ആ അധ്യായങ്ങൾ ചെയ്യുന്നത്. അടുത്ത മൂന്ന് അധ്യായങ്ങൾ മുഴുവൻ നാം ദൈവത്തിനു വേണ്ടി എന്തു ചെയ്യണമെന്നുള്ള പ്രബോധനങ്ങളാണ്. സുവിശേഷമെന്ന നാണയത്തിൻ്റെ രണ്ടു വശങ്ങളാണ് ഇവ. ഇവയിൽ ഏതെങ്കിലും ഒരു വശം ഇല്ലെങ്കിൽ ആ നാണയം (സുവിശേഷം) ഒരു കള്ള നാണയം ആണ്. ഗലാത്യർ 1ൽ വേറൊരു സുവിശേഷം പ്രസംഗിക്കന്നവരുടെമേൽ വരുന്ന ഒരു ശാപത്തെ കുറിച്ചു പറഞ്ഞിരിക്കുന്നു. അതു കൊണ്ടു നാം മറ്റുള്ളവരോട് ഒരു സമ്പൂർണ്ണ സുവിശേഷം- അതേസമയം തന്നെ ശരിയായതു- പറയുന്ന കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം.

ദൈവം നമ്മെ സ്വർഗ്ഗത്തിലെ സകല ആത്മീയാനുഗ്രഹത്താലും ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്നു (എഫെ.1:3). നമ്മുടെ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത് ദൈവം ചെയ്തിരിക്കുന്ന കാര്യത്തിൽ നിന്നായിരിക്കണം. അവിടുന്ന് നമ്മെ ആദ്യം സ്നേഹിച്ചതു കൊണ്ടാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്. അവിടുന്ന് നമ്മെ ആദ്യം ശുശ്രൂഷിച്ചതുകൊണ്ടാണ് നാം അവിടുത്തെ സേവിക്കുന്നത്. ലോകത്തെ സൃഷ്ടിക്കുന്നതിനു മുമ്പേ ദൈവം നമ്മെ അറിഞ്ഞു (എഫെ. 1:4). നമുക്കത് മനസ്സിലാകില്ല കാരണം നമുക്ക് ഭൂതകാലവും വർത്തമാനകാലവും ഭാവികാലവും ഉണ്ട്, ആ സ്ഥാനത്ത് ദൈവത്തിൻ്റെ പേര് “ഞാൻ ആകുന്നവൻ” എന്നാണ് (പുറപ്പാട് 3:14). ദൈവം നിത്യമായ വർത്തമാനകാലത്തിൽ ജീവിക്കുന്നു. അതുകൊണ്ട് അവിടുന്ന് എന്തെങ്കിലും സൃഷ്ടിക്കുന്നതിനു വളരെ മുമ്പു തന്നെ നാം ഓരോരുത്തരേയും പേരു ചൊല്ലി അറിഞ്ഞിരുന്നു. ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പു തന്നെ അവിടുന്നു നമ്മെ ക്രിസ്തുവിൽ ആക്കി.

ക്രിസ്തുവിൽ ആയിരിക്കുക എന്നാൽ എന്താണെന്ന് കാണിക്കുന്നതിന് ഒരു ഉദാഹരണം ഇവിടെ പറയുന്നു . നിങ്ങൾ ഒരു കഷണം കടലാസ് എടുത്ത് ഒരു പുസ്തകത്തിനകത്താക്കിയിട്ട്, ആ പുസ്തകം കത്തിക്കുക, അപ്പോൾ ആ കടലാസും കത്തും. നിങ്ങൾ ആ പുസ്തകം മണ്ണിൽ കുഴിച്ചിട്ടാൽ ആ കടലാസ് കഷണവും കുഴിച്ചിടപ്പെടും. നിങ്ങൾ ആ പുസ്തകം ഒരു റോക്കറ്റിൽ ചന്ദ്രനിലേക്കയച്ചാൽ ആ കടലാസും ചന്ദ്രനിൽ പോകും. അതേപോലെ, നാം ക്രിസ്തുവിൽ ഇരുത്തപ്പെട്ടിരിക്കുന്നു (നിത്യ ഭൂതകാലം മുതൽ, ദൈവത്തിൻ്റെ മനസ്സിൽ). അതുകൊണ്ട് എ.ഡി 29 ൽ ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോൾ, നാം അവിടുത്തോടു കൂടെ ക്രൂശിക്കപ്പെട്ടു. അവിടുന്ന് അടക്കപ്പെട്ടപ്പോൾ, നാമും അടക്കപ്പെട്ടു. അവിടുന്ന് മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ട് സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ, “ദൈവം നമ്മെ ക്രിസ്തുവിനോടുകൂടെ ഉയർത്തെഴുന്നേൽപ്പിക്കുകയും ക്രിസ്തു യേശുവിനോടു കൂടെ നമ്മെ സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു” (എഫെ.2:26). ഇത് ആശ്ചര്യകരമായ ഒരു സത്യമാണ്. അതിൻ്റെ യാഥാർത്ഥ്യം നമുക്ക് അനുഭവിക്കാൻ കഴിയുന്നത്, നാം ദൈവവചനം വിശ്വസിക്കുന്നെങ്കിൽ മാത്രമാണ്- മറിച്ചാണെങ്കിൽ ഇല്ല. “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കും ” (മത്താ 9:29) , അതു ദൈവത്തിൻ്റെ ഒരു നിയമം ആണ്.

ദൈവം ക്രിസ്തുവിൽ നമുക്കു വേണ്ടി ചെയ്ത കാര്യങ്ങളിൽ നാം സ്ഥാപിതമായിരിക്കണം. ആ അടിസ്ഥാനം ഇട്ടെങ്കിൽ മാത്രമേ, എഫെസ്യർ 4 മുതൽ 6 വരെയുള്ള അധ്യായങ്ങളിൽ കണ്ടെത്തുന്ന, പുതിയ വഴിയിലൂടെ നടക്കുക, സാത്താനെ എതിർക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള പ്രബോധനങ്ങൾ കൊണ്ട് , നമുക്കു നമ്മുടെ വീടു പണിയാൻ കഴിയൂ. അല്ലാത്ത പക്ഷം നാം നിരുത്സാഹത്തിൻ്റെയും സ്വയം കുറ്റംവിധിയുടെയും ചെളിക്കുണ്ടിൽ കൂടെക്കൂടെ കിടന്നുരുളും. അതു കൊണ്ട് ആദ്യം എഫെസ്യർ 1 മുതൽ 3 വരെയുള്ള അധ്യായങ്ങൾ അധികം ധ്യാനിക്കുക.

അനേക ക്രിസ്ത്യാനികൾ ഒരു സ്ഥലത്ത് അടിസ്ഥാനം ഇടുകയും പിന്നീട് മറ്റൊരിടത്ത് വീടു പണിയുകയും ചെയ്യുന്നു . അതുകൊണ്ട് ആ വീട് നിലം പതിക്കുന്നു. എഫെസ്യ ലേഖനത്തിൻ്റെ ഒടുവിലത്തെ മൂന്ന് അധ്യായങ്ങളിലും കാണുന്ന ഓരോ പ്രബോധനങ്ങളും നമ്മോടുള്ള ദൈവത്തിൻ്റെ സ്നേഹത്തിന്മേലും അവിടുത്തെ പൂർണ്ണമായ അംഗീകാരത്തിന്മേലും ( ആദ്യത്തെ 3 അധ്യായങ്ങളിൽ പറഞ്ഞിട്ടുള്ളവ) അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഇത് പ്രാഥമികമായതാണ്. എന്നാൽ അപ്പോഴും നാം അതു മറക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. നാം ഒരു ദിവസം ചിന്തിക്കുന്നത് നാം 45 മിനിറ്റ് വേദപുസ്തകം വായിച്ചതുകൊണ്ട് അന്ന് ദൈവം നമ്മെ കൂടുതൽ അംഗീകരിക്കുമെന്നും, മറ്റൊരു ദിവസം നാം ചിന്തിക്കുന്നത് അന്നു നമുക്ക് തിരുവചനം വായിക്കുവാൻ ഒരു മിനിറ്റു പോലും ലഭിക്കാതിരുന്നതു കൊണ്ട് അവിടുന്ന് നമ്മെ കോപത്തോടെ നോക്കുന്നു എന്നും നമ്മുടെ പ്രാർത്ഥനകൾ കേൾക്കുകയില്ലെന്നും ആണ്. എന്തെങ്കിലും തെറ്റു പറ്റിയാൽ നമുക്കു തോന്നുന്നത് അന്ന് നാം വേദപുസ്തകം വായിക്കാതിരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ്! അത് അന്ധവിശ്വാസമാണ്, തന്നെയുമല്ല ദൈവം നമ്മെ അംഗീകരിച്ചിരിക്കുന്നത് ക്രിസ്തു നമുക്കു വേണ്ടി ചെയ്തതിൻ്റെ അടിസ്ഥാനത്തിന്മേലല്ല നമ്മുടെ വേദപുസ്തക വായനയുടെ അടിസ്ഥാനത്തിലാണ് എന്നു വിശ്വസിക്കുകയും ചെയ്യുന്നു. ബൈബിൾ വായന സംശയമന്യേ വളരെ വളരെ പ്രാധാന്യമുള്ളതാണ്. എന്നാൽ നമ്മുടെ അംഗീകാരത്തിൻ്റെ അടിസ്ഥാനം അതല്ല. അത് മുകളിലോട്ടുള്ള പണിയുടെ ഭാഗമാണ്. ഈ സത്യത്തിന്മേൽ സ്ഥാപിതമാകുക എന്നത് നിങ്ങളെ സംബന്ധിച്ച് വളരെ, വളരെ, വളരെ പ്രാധാന്യമുള്ളതാണ്. അല്ലാത്തപക്ഷം സുവിശേഷം മനുഷ്യ – കേന്ദ്രീകൃതമായി തീർന്നിട്ട് നിങ്ങൾ അടിസ്ഥാനത്തിന്മേൽ വാതിലുകളും ജനലുകളും വയ്ക്കുക ആയിരിക്കും! ഈ സത്യങ്ങളെ (എഫെ. 1 – 3 വരെയുള്ള അധ്യായങ്ങളിൽ കാണപ്പെടുന്നവ) അവഗണിക്കുകയോ അല്ലെങ്കിൽ വില കുറച്ചു കാണുകയോ ചെയ്താൽ ഒരു വ്യത്യാസവുമില്ലാതെ നിങ്ങൾ പരീശന്മാരെ പോലെ അവസാനിക്കും.

എന്നാൽ തീർച്ചയായും, ഒരു അടിസ്ഥാനമിടുന്നതിൻ്റെ മുഴുവൻ ഉദ്ദേശ്യവും, വീടു പണിയുക എന്നതാണ്. അതുകൊണ്ട് നാം അടിസ്ഥാനം കൊണ്ടു നിർത്തുന്നില്ല നാം മുകളിലോട്ടുള്ള പണി തുടർന്നു കൊണ്ടിരിക്കണം.

‘കൃപ’ എന്നത് ദൈവം അവിടുത്തെ കരം നീട്ടി നമുക്ക് ഓരോ സ്വർഗ്ഗീയ അനുഗ്രഹവും തരുന്നതാണ്. വിശ്വാസം എന്നത് നാം നമ്മുടെ കരം പുറത്തേക്കു നീട്ടി ദൈവകരങ്ങളിൽ നിന്ന് ആ അനുഗ്രഹങ്ങൾ എടുക്കുന്നതാണ്. അതു കൊണ്ട് യേശുവിൻ്റെ നാമത്തിൽ നാം അവകാശപ്പെടുന്നത്രയും മാത്രമെ നമുക്കു ലഭിക്കുകയുള്ളൂ. ദൈവം നമ്മുടെ സ്വർഗ്ഗീയ അക്കൗണ്ടിൽ ലക്ഷക്കണക്കിന് അനുഗ്രഹങ്ങൾ നിക്ഷേപിച്ചിട്ട് തുക എഴുതാത്ത അനേകം ചെക്കുകൾ യേശുവിൻ്റെ നാമത്തിൽ ഒപ്പിട്ട് നമുക്ക് നൽകിയിട്ടുണ്ട്. ഇപ്പോൾ നാം ചെയ്യേണ്ട ഒരേ ഒരു കാര്യം ബാങ്കിലേക്കു ചെന്ന് നമ്മുടെ പൂർവ്വാർജിത സ്വത്ത് അവകാശപ്പെടുക എന്നതു മാത്രം.