സാക് പുന്നന്‍
നാം ഒരു വർഷത്തിൻ്റെ അവസാനത്തിലേക്കു വരുമ്പോൾ, കഴിഞ്ഞകാല ജീവിതങ്ങളിൽ തങ്ങൾ പാപം ചെയ്ത് ദൈവത്തെ പരാജയപ്പെടുത്തിയത് കൊണ്ട്, ഇപ്പോൾ അവരുടെ ജീവിതങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ തികവുള്ള പദ്ധതികളെ പൂർത്തീകരിക്കുവാൻ അവർക്കു കഴിയില്ല എന്നു കരുതുന്ന അനേകം സഹോദരീസഹോദരന്മാരുണ്ട്.
നമ്മുടെ സ്വന്തം വിവേകത്തിലും യുക്തിയിലും ചാരാതെ ഈ കാര്യത്തിൽ, ദൈവവചനം എന്തു പറയുന്നു എന്നു നമുക്ക് നോക്കാം. ഒന്നാമതായി വേദപുസ്തകം തുടങ്ങുന്നതെങ്ങനെയെന്ന് ശ്രദ്ധിക്കുക. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉൽപ്പ.1:1). ദൈവം സൃഷ്ടിച്ചപ്പോൾ ആകാശവും ഭൂമിയും പൂർണ്ണതയുള്ളതായിരുന്നിരിക്കണം, കാരണം തികവില്ലാത്തതും അപൂർണ്ണവുമായ ഒന്നും അവിടുത്തെ കരങ്ങളിൽ നിന്ന് പുറത്തേക്കു വരികയില്ല. എന്നാൽ അവിടുന്നു സൃഷ്ടിച്ചിട്ടുള്ള ചില ദൂതന്മാർ വീണുപോയി, ഇതിനെക്കുറിച്ച് യെശയ്യാവ് 14:11-15 വരെയുള്ള വാക്യങ്ങളിലും യെഹെസ്കേൽ 28:13-18 വരെയുള്ള വാക്യങ്ങളിലും ഇതിനെക്കുറിച്ച് നമുക്കുവേണ്ടി വിവരിച്ചിട്ടുണ്ട്. അപ്പോഴാണ് ഭൂമി ഉൽപ്പത്തി 1: 2 ൽ വിവരിച്ചിരിക്കുന്ന സ്ഥിതിയിൽ എത്തിച്ചേർന്നത്, “ഭൂമി പാഴായും (രൂപ രഹിതമായും) ശൂന്യമായും ഇരുണ്ടതായും ഇരുന്നു”. ആ പാഴും, ശൂന്യവും, ഇരുണ്ടതുമായ വസ്തുവിൽ പ്രവർത്തിച്ച് അതിൽ നിന്ന്, അവിടുന്നു തന്നെ “എത്രയും നല്ലത്” എന്നു പ്രഖ്യാപിക്കത്തക്കവിധം, മനോഹരമായ ചിലത് ഉണ്ടാക്കുവാൻ തക്കവണ്ണം ദൈവം എങ്ങനെ പ്രവർത്തിച്ചു എന്ന് വിവരിക്കുന്നു (ഉൽപ്പത്തി 1 :31). ഉൽപ്പ.1:2,3 വാക്യങ്ങളിൽ നാം വായിക്കുന്നത്, ഭൂമിയുടെ മേൽ ദൈവത്തിൻ്റെ ആത്മാവു വ്യാപരിച്ചു എന്നും ദൈവം അവിടുത്തെ വചനം സംസാരിച്ചു എന്നുമാണ്. ഇതാണ് കാര്യങ്ങളെ വ്യത്യാസപ്പെടുത്തിയത്. ഇതിൽ ഇന്നു നമുക്കുള്ള സന്ദേശം എന്താണ്? അത് ഇത്രമാത്രം, നാം എത്രമാത്രം പരാജയപ്പെട്ടാലും അല്ലെങ്കിൽ നമ്മുടെ ജീവിതങ്ങൾ എത്രമാത്രം താറുമാറായാലും ദൈവത്തിൽ അപ്പോഴും തൻ്റെ ആത്മാവിലൂടെയും അവിടുത്തെ വചനത്തിലൂടെയും നമ്മുടെ ജീവിതങ്ങളിൽ നിന്ന് മഹത്വകരമായ ചില കാര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ അവയെ കുറിച്ച് ദൈവത്തിനു തികവുള്ള ഒരു പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ലൂസിഫറിൻ്റെ പരാജയം കാരണം ഈ പദ്ധതി ദൈവത്തിന് ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ദൈവം ആകാശത്തെയും ഭൂമിയെയും പുനർനിർമ്മിക്കുകയും താറുമാറായതിൽ നിന്ന് “എത്രയും നല്ലതായ” ചില കാര്യങ്ങൾ അപ്പോഴും ഉൽപ്പാദിപ്പിക്കുകയും ചെയ്തു.
അടുത്തതായി എന്താണ് സംഭവിച്ചതെന്ന് നോക്കുക. ദൈവം ആദാമിനെയും ഹവ്വയേയും ഉണ്ടാക്കിക്കൊണ്ട് സകലതും വീണ്ടും ആരംഭിച്ചു . അവർക്കുവേണ്ടിയും ദൈവത്തിന് തികവുള്ള ഒരു പദ്ധതി ഉണ്ടായിരുന്നു, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൽ നിന്നുള്ള ഫലം തിന്നതു വഴി, പാപം ചെയ്യുന്ന കാര്യം സ്പഷ്ടമായും ആ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ അവർ വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്നു ഭക്ഷിക്കുകയും അവർക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ പ്രഥമമായ പദ്ധതിയെ വിഫലമാക്കുകയും ചെയ്തു- ആ പദ്ധതി എന്തുതന്നെ ആയിരുന്നാലും. അവർക്ക് ഇനി ഒരിക്കലും ദൈവത്തിൻ്റെ തികവുള്ള പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ല എന്ന് യുക്തി നമ്മോടു പറയും. എങ്കിലും നാം കാണുന്നത്, അവരെ കണ്ടുമുട്ടാൻ ദൈവം തോട്ടത്തിൽ വന്നപ്പോൾ, ഇനി ഇപ്പോൾ അവർക്ക് തൻ്റെ രണ്ടാമത്തെ നന്മയിൽ മാത്രമെ ജീവിക്കാൻ കഴിയൂ എന്ന് അവിടുന്ന് അവരോടു പറഞ്ഞില്ല എന്നാണ്. ഇല്ല ഉൽപ്പത്തി 3:15 ൽ അവിടുന്ന് അവർക്ക് വാഗ്ദത്തം ചെയ്യുന്നത് സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തല തകർക്കും എന്നാണ്. ലോകത്തിൻ്റെ പാപങ്ങൾക്കു വേണ്ടിയുള്ള ക്രിസ്തുവിൻ്റെ കാൽവറിയിൽ അവിടുന്ന് സാത്താനെ ജയിക്കുന്നതിനെക്കുറിച്ചും ഉള്ള വാഗ്ദത്തമായിരുന്നു അത്.
ഈ വസ്തുതയെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ട് അതിനെ നിങ്ങൾക്ക് യുക്തിയുക്തം വാദിക്കാൻ കഴിയുമോ എന്ന് നോക്കുക. ക്രിസ്തുവിൻ്റെ മരണം എന്നത് നിത്യത മുതലുള്ള ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നു നമുക്കറിയാം. “ലോക സ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട്” (വെളിപ്പാട് 13:18). അപ്പോൾ തന്നെ ആദാമും ഹവ്വയും പാപം ചെയ്ത് ദൈവത്തെ പരാജയപ്പെടുത്തിയതു കൊണ്ടു മാത്രമാണ് ക്രിസ്തു മരിച്ചത് എന്നും നമുക്കറിയാം. അതുകൊണ്ട് യുക്തിപരമായി, നമുക്കു പറയാൻ കഴിയുന്നത്, ലോകത്തിൻ്റെ പാപത്തിനു വേണ്ടി മരിക്കുവാൻ ക്രിസ്തുവിനെ അയക്കാനുള്ള ദൈവത്തിൻ്റെ തികവുള്ള പദ്ധതി പൂർത്തീകരിക്കപ്പെട്ടു എന്നാണ്, ആദാമിൻ്റെ പരാജയത്തെ കൂട്ടാക്കാതെയല്ല, എന്നാൽ ആദാമിൻ്റെ പരാജയം കാരണമാണ്! ആദാമിൻ്റെ പാപത്തിനുവേണ്ടി അല്ലായിരുന്നെങ്കിൽ കാൽവറി ക്രൂശിൽ പ്രദർശിപ്പിക്കപ്പെട്ട ദൈവത്തിൻ്റെ സ്നേഹം നാം അറിയുകയില്ലായിരുന്നു.
വേദപുസ്തകത്തിൻ്റെ ആദ്യത്തെ താൾ മുതൽ, ദൈവം നമ്മിലേക്കു കടത്തിവിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്ദേശം എന്താണ്? അത് ഇതുമാത്രമാണ്, പരാജിതനായിരിക്കുന്ന ഒരു മനുഷ്യനെ എടുത്ത് അവനിൽ നിന്ന് മഹത്വകരമായ ചില കാര്യങ്ങൾ ഉണ്ടാക്കുവാനും ഇപ്പോഴും അവൻ്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണതയുള്ള പദ്ധതി അവനെക്കൊണ്ട് പൂർത്തീകരിപ്പിക്കുവാനും അവിടുത്തേക്കു കഴിയും. മനുഷ്യനോടുള്ള ദൈവത്തിൻ്റെ സന്ദേശം അതാണ്- അതു നാം ഒരിക്കലും മറക്കരുത്: ആവർത്തിച്ച് പരാജിതനായിരിക്കുന്ന ഒരു മനുഷ്യനെ എടുത്ത്, ഇപ്പോഴും അവിടുത്തെ തികവുള്ള പദ്ധതി അവനെക്കൊണ്ട് പൂർത്തീകരിപ്പിക്കുവാൻ ദൈവത്തിനു കഴിയും – ദൈവത്തിൻ്റെ രണ്ടാം തരം നന്മയല്ല, എന്നാൽ ദൈവത്തിൻ്റെ ഏറ്റവും നല്ല പദ്ധതി. അതുകൊണ്ടാണ്, മറക്കാനാവാത്ത ഏതാനും പാഠങ്ങൾ പഠിപ്പിക്കേണ്ടതിന്, പരാജയം പോലും ദൈവത്തിൻ്റെ തികവുള്ള പദ്ധതിയുടെ ഭാഗമാകാവുന്നത്.
നിങ്ങളുടെ മണ്ടത്തരങ്ങൾ അല്ലെങ്കിൽ പരാജയങ്ങൾ, അവ എന്തുതന്നെ ആയാലും, നിങ്ങൾക്ക് ദൈവത്തോടുകൂടെ ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയും. ദൈവത്തിന് ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നിന്ന് മഹത്വരമായ ചില കാര്യങ്ങൾ ഉണ്ടാക്കാൻ കഴിയും. അപ്പോൾ നമുക്ക് “വിശ്വാസത്തിൽ ശക്തിപ്പെട്ട് ദൈവത്തിനു മഹത്വം കൊടുക്കാം” (റോമാ. 4: 20), ഇപ്പോൾ വരെ അസാധ്യമെന്നു നാം കണക്കാക്കിയ കാര്യങ്ങൾക്കു വേണ്ടി ദൈവത്തിൽ ആശ്രയിച്ചു കൊണ്ട്. എല്ലാവർക്കും – യുവാക്കൾക്കും പ്രായമായവർക്കും – പ്രത്യാശയുള്ളവരായിരിക്കാൻ കഴിയും, കഴിഞ്ഞ നാളുകളിൽ അവർ എത്രമാത്രം പരാജയപ്പെട്ടവരാണെങ്കിലും അത് കാര്യമല്ല, അവർ തങ്ങളുടെ പരാജയങ്ങളെ അംഗീകരിച്ച്, താഴ്മയുള്ളവരായി, ദൈവത്തിൽ ആശ്രയിക്കുമെങ്കിൽ മാത്രം. അങ്ങനെ നമുക്കെല്ലാവർക്കും നമ്മുടെ പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ച്, നമ്മുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണതയുള്ള പദ്ധതികളെ പൂർത്തീകരിക്കുന്നത് തുടരാൻ കഴിയും. അപ്പോൾ വരുംകാലങ്ങളിൽ, തീർത്തും പരാജയമായിരുന്നവരുടെ ജീവിതങ്ങൾ കൊണ്ട് അവിടുത്തേക്ക് എന്തു ചെയ്യാൻ കഴിഞ്ഞു എന്നതിന് ഉദാഹരണങ്ങളായി നമ്മെ മറ്റുള്ളവർക്കു കാണിച്ചു കൊടുക്കാൻ അവിടുത്തേക്കു കഴിയും. ആ നാളിൽ “ക്രിസ്തു യേശുവിൽ നമ്മോടുള്ള ദയയിൽ അവിടുത്തെ കൃപയുടെ അത്യന്തധനത്തിലൂടെ” (എഫെ. 2:7) അവിടുത്തേക്കു നമ്മിൽ ചെയ്യാൻ കഴിഞ്ഞതെന്താണെന്ന് അവിടുന്ന് കാണിച്ചു തരും. ഹല്ലേലുയ്യ !