അല്പം കൂടെ ക്ഷമ ഉണ്ടായിരുന്നെങ്കില്‍…

യൗവനക്കാരനായ ക്രിസ്ത്യാനി വളരെ ദുഃഖിതനായി തന്റെ സഭയിലെ മൂപ്പനെ സമീപിച്ചു തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു.

”എന്താ കുഞ്ഞേ നിന്റെ പ്രശ്‌നം? ഞാന്‍ എന്തിനുവേണ്ടിയാ പ്രാര്‍ത്ഥിക്കേണ്ടത്?”- സഭാമൂപ്പന്‍ ചോദിച്ചു.

“അത് എനിക്കുതീരെ ക്ഷമയില്ല. പെട്ടെന്നു ദേഷ്യം വരും. എന്തെങ്കിലും ഒരു വാക്ക് വീട്ടില്‍ ഭാര്യ എന്റെ ഇഷ്ടത്തിന് എതിരായി പറഞ്ഞുപോയാല്‍ അവള്‍ പറയുന്നതു മുഴുവന്‍ കേള്‍ക്കാനുള്ള സഹിഷ്ണുത പോലും എനിക്കില്ല. അതു കൊണ്ട് എനിക്കു കൂടുതല്‍ സഹിഷ്ണുതയും സഹനവും ക്ഷമയും കിട്ടാന്‍ വേണ്ടിയാണു പ്രാര്‍ത്ഥിക്കേണ്ടത്”: യൗവനക്കാരന്‍ മനസ്സു തുറന്നു.

“അതിനെന്താ പ്രാര്‍ത്ഥിക്കാമല്ലോ” എന്നു മറുപടി. തുടര്‍ന്ന് ഇരുവരും മുട്ടുകുത്തി. സഭാ മുപ്പന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: ”ദൈവമേ, ഈ പ്രിയ സഹോദരന്റെ ആവശ്യം അവിടുന്ന് അറിയുന്നതിനായി സ്‌തോത്രം. അവന്റെ ആഗ്രഹം അവനു കൂടുതല്‍ സഹിഷ്ണുതയും ക്ഷമയും കിട്ടണമെന്നാണല്ലോ. കര്‍ത്താവേ, അതിനായി അവന്റെ ജീവിതത്തില്‍ എത്രയും പെട്ടെന്നു ചില കഷ്ടതകളും പ്രയാസങ്ങളും അയയ്ക്കണമേ. പ്രതികൂലത്തിന്റെ കാറ്റിനെ അവന്റെ ജീവിതത്തിനു നേരെ അയയ്ക്കാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”.

പെട്ടെന്നു ചെറുപ്പക്കാരന്‍ ഇടയ്ക്കു കയറി : ”അയ്യോ, അങ്ങനെ പ്രാര്‍ത്ഥിക്കല്ലേ. കഷ്ടത അയയ്ക്കാന്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുമോ?”

സഭാമൂപ്പന്‍ ഉടന്‍ പ്രാര്‍ത്ഥന നിര്‍ത്തി ബൈബിള്‍ തുറന്നു: ”കുഞ്ഞേ നീ ആവശ്യപ്പെട്ടതു നിനക്കു കൂടുതല്‍ സഹിഷ്ണുത കിട്ടണമെന്നല്ലേ? എന്നാല്‍ കഷ്ടതയിലൂടെ മാത്രമേ സഹിഷ്ണുത ലഭിക്കുകയുള്ളൂന്നാണു വചനം. റോമര്‍ 5:3

“കഷ്ടത സഹിഷ്ണുതയെയും… ഉളവാക്കുന്നു എന്നറിഞ്ഞു നം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”

മുതിര്‍ന്ന സഹോദരന്‍ തുടര്‍ന്നു: ”കണ്ടോ, കുരിശില്ലാതെ കിരീടമില്ല എന്നു കേട്ടിട്ടില്ലേ? അതുപോലെ കഷ്ടതയിലൂടെയാണു സഹിഷ്ണുതയും സിദ്ധതയും (തെളിയിക്കപ്പെട്ട സ്വഭാവം) പ്രത്യാശയും ലഭിക്കുന്നതെന്നു വചനം പറയുമ്പോള്‍ ഇങ്ങനെ തന്നെയല്ലേ പ്രാര്‍ത്ഥിക്കേണ്ടത്?” ഒരു പുതുവെളിച്ചം ലഭിച്ച ചെറുപ്പക്കാരന്‍ വീണ്ടും പ്രാര്‍ത്ഥനയ്ക്കായി മുട്ടു മടക്കി.