ഇത് എത്ര സന്തോഷകരമായ ഒരു വർഷമായിരിക്കും – WFTW 15 ജനുവരി 2023

സാക് പുന്നന്‍

പഴയ ഉടമ്പടിയുടെ കീഴിൽ, ദൈവം യഹൂദന്മാർക്ക് പല തരത്തിലുള്ള ശബ്ബത്തുകൾ നൽകി. ആഴ്ചതോറുമുള്ള ശബ്ബത്ത് നല്ലവണ്ണം അറിയപ്പെട്ടിരിക്കുന്നതാണ്. ഏതു വിധത്തിലും അതിനെക്കാൾ കുറഞ്ഞ അളവിൽ അറിയപ്പെട്ടിരുന്ന ശബ്ബത്തുകളും ഉണ്ടായിരുന്നു. ഓരോ 6 വർഷങ്ങളുടെയും അവസാനം വരുന്ന ശബ്ബത്ത് വർഷമാണ് ഒന്ന് (ലേവ്യ 25:2-4). ഓരോ എഴു ശബ്ബത്ത് വർഷങ്ങളുടെ അവസാനം (ഓരോ 49 വർഷങ്ങൾക്കു ശേഷം) വരുന്ന അമ്പതാം വർഷ ശബ്ബത്താണ് മറ്റൊന്ന്. ഈ അമ്പതാം വർഷ ശബ്ബത്തിനെ “യോവേൽ വർഷം” എന്നാണ് വിളിക്കപ്പെട്ടിരുന്നത് (ലേവ്യ 25: 8-12).

യോവേൽ വർഷത്തിൽ, “ദേശത്തിലുടനീളം അടിമകളാക്കപ്പെട്ടിരുന്ന എല്ലാ കടക്കാർക്കും ഇസ്രായേല്യർ സ്വാതന്ത്ര്യം പ്രഖ്യാപിക്കണമായിരുന്നു”, തന്നെയുമല്ല അത് “എല്ലാ കടങ്ങളും റദ്ദ് ചെയ്യുന്നതിനുള്ള ഒരു സമയമായിരുന്നു” (ലേവ്യ. 25:10 – ലിവിംഗ്).

ഓരോ എഴു വർഷത്തിൻ്റെയും അവസാനം എല്ലാ കടങ്ങളുടെയും റദ്ദാക്കൽ സംബന്ധിച്ച് യഹോവയായ ദൈവം ഇങ്ങനെ കൽപ്പിച്ചിട്ടുണ്ടായിരുന്നു, “കടം കൊടുത്ത ഓരോരുത്തനും, അവൻ്റെ കയ്യിലുള്ള കടപ്പത്രത്തിൽ “മുഴുവനും തന്നു തീർത്തു” എന്ന് എഴുതണം… കാരണം യഹോവ ഓരോരുത്തനെയും അവൻ്റെ കടപ്പാടിൽ നിന്ന് സ്വതന്ത്രനാക്കിയിരിക്കുന്നു (ആവർ.15:1-10 വരെയുള്ള വാക്യങ്ങൾ ശ്രദ്ധയോടെ വായിക്കുക).

ശബ്ബത്തു വർഷങ്ങൾ വലിയ അനുഗ്രഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സമയം ആയിരിക്കാനുള്ളതായിരുന്നു. “യോവേൽ” എന്ന വാക്കിൻ്റെ അർത്ഥം “സന്തോഷത്തിൻ്റെ ആർപ്പ്” എന്നാണ്. യോവേൽ വർഷം സന്തോഷത്തിൻ്റെ ആർപ്പുവിളി നിറഞ്ഞതായിരിക്കണമായിരുന്നു – കാരണം എല്ലാ കടങ്ങളും ഇളച്ചു കൊടുക്കപ്പെട്ടു, എല്ലാ കടക്കാരും സ്വതന്ത്രരാക്കപ്പെട്ടു. അതുകൊണ്ട്, യഹോവയായ ദൈവം ആ വർഷത്തെ സംബന്ധിച്ച് യിസ്രായേൽ മക്കളോട് ഇങ്ങനെ പറഞ്ഞു, “അതു നിങ്ങൾക്ക് എന്തു സന്തോഷകരമായ ഒരു വർഷം ആയിരിക്കും” (ലേവ്യ 25:11- ലിവിംഗ്).

ഇപ്പോൾ, പുതിയ ഉടമ്പടിയുടെ കീഴിൽ ആഴ്ചയുടെ എല്ലാ ദിവസവും നാം ശബ്ബത്ത് നാൾ ആഘോഷിക്കുന്നു, കാരണം എല്ലാ ദിവസവും യഹോവയ്ക്കു വിശുദ്ധമാണ്.

അതുപോലെ ഓരോ വർഷവും നാം ശബ്ബത്ത് വർഷം ആഘോഷിക്കുന്നു- കാരണം ഓരോ വർഷവും യോവേൽ വർഷമാണ്- നമ്മെ ഉപദ്രവിക്കുകയും വഞ്ചിക്കുകയും ചെയ്തിരിക്കുന്ന എല്ലാവരെയും സ്വതന്ത്രരാക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്യുന്ന സന്തോഷത്തിൻ്റെ ഒരു വർഷം. അങ്ങനെ നമ്മുടെ ജീവിതങ്ങളിലെ ഓരോ വർഷവും സന്തോഷമുള്ളതായിരിക്കാൻ കഴിയും- കാരണം ഓരോ വർഷവും നമുക്ക് ഒരു യോവേൽ വർഷമായിരിക്കാനുള്ളതാണ്.

ദൈവം നമ്മോട് കരുണയുള്ളവനായിരിക്കുന്നതുപോലെ തന്നെ മറ്റുള്ളവരോട് കരുണയുള്ളവരായിക്കാനാണ് നമ്മുടെ വിളി. എല്ലാ മനുഷ്യരോടുമുള്ള ഇടപാടുകളിൽ എല്ലാ സമയവും നമ്മുടെ മനസ്സിൽ സൂക്ഷിക്കേണ്ട മുദ്രാവാക്യം “ദൈവം നമ്മോട് ആയിരിക്കുന്നതു പോലെ തന്നെ” എന്ന പദപ്രയോഗമാണ്.

നാം കർത്താവിൽ നിന്ന് സൗജന്യമായി വളരെയധികം പ്രാപിച്ചിരിക്കുന്നു. അപ്പോൾ നമുക്കും അതുപോലെ മറ്റുള്ളവർക്കു സൗജന്യമായി കൊടുക്കാം (മത്താ.10:8)- പിശുക്കായിട്ടോ അല്പമായോ അല്ല, എന്നാൽ വിശാല ഹൃദയത്തോടു കൂടി ഉദാരമായി.

കർത്താവ് നമുക്ക് ഇത്ര സൗജന്യമായി നൽകിയിരിക്കുന്ന ക്ഷമയുടെ അത്ഭുതം നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്. നമ്മുടെ മുഴു ജീവിതവും, കാൽവറിയിലെ ക്രൂശിൽ നമുക്കു വേണ്ടി കർത്താവു ചെയ്തതിനുള്ള നന്ദി പ്രകടനമായി, നാം ജീവിച്ചു തീർക്കണം.

ദുരിതപൂർണ്ണമായ സ്ഥിതിയിൽ നിന്ന് നമുക്ക് രക്ഷിക്കപ്പെടാൻ കഴിയും എന്നതാണ് സുവിശേഷത്തിൻ്റെ സുവാർത്ത. ഇപ്പോൾ സ്ഥിരമായി നമ്മിലൂടെ ഒഴുകുന്ന ജീവജലത്തിൻ്റെ നദികൾ നമുക്ക് ഉണ്ടാകുവാനും അങ്ങനെ നാം കണ്ടുമുട്ടുന്ന ഓരോ കുടുംബത്തിനും അനുഗ്രഹമാകുവാനും കഴിയും.

ദൈവം നമ്മോട് കരുണയുള്ളവനായിരിക്കുന്നപോലെ നമുക്ക് മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കാൻ കഴിയും.

ദൈവം നമ്മെ മോചിപ്പിച്ചിരിക്കുന്നതു പോലെ നമുക്കു മറ്റുള്ളവരെ മോചിപ്പിക്കാൻ കഴിയും.

ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നതു പോലെ നമുക്കു മറ്റുള്ളവരെ അനുഗ്രഹിക്കാൻ കഴിയും.

ദൈവം നമുക്കു സൗജന്യമായി നൽകിയിരിക്കുന്നതുപോലെ, നമുക്കു മറ്റുള്ളവർക്കു സൗജന്യമായി നൽകാൻ കഴിയും.

ദൈവം നമ്മോട് വിശാല ഹൃദയനായിരിക്കുന്നതു പോലെ നമുക്ക് മറ്റുള്ളവരോട് വിശാല ഹൃദയമുള്ളവരായിരിക്കാൻ കഴിയും.

ഈ വർഷം – അതുപോലെ ഓരോ വർഷവും – നമുക്കെല്ലാവർക്കും സന്തോഷമുള്ള ഒരു വർഷമായിരിക്കാൻ കഴിയും, നമ്മോട് എന്തെങ്കിലും കടംപെട്ടിരിക്കുന്നവരെയും അല്ലെങ്കിൽ നമ്മെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുള്ള ഓരോരുത്തനെയും നാം മോചിപ്പിക്കുമെങ്കിൽ. ആ വിദ്വേഷങ്ങൾ (പക) സ്ഥിരമായി കുഴിച്ചു മൂടിയിട്ട് സകല മനുഷ്യരോടും കരുണയുള്ളവരാകുകയും, അങ്ങനെ ഇന്ന് കർത്താവുമായി ഒരു പുതിയ തുടക്കം കുറിക്കുകയും ചെയ്യുക.