റോബര്‍ട്‌സണ്‍ മക്കളില്‍ക്കാന്‍ എന്ന ദൈവഭൃത്യനെ ഇന്നു ക്രിസ്തീയലോകം ഓര്‍ക്കുന്നത് അദ്ദേഹം വലിയ പ്രസംഗകനോ എഴുത്തുകാരനോ ആയിരുന്നതുകൊണ്ടല്ല; മറിച്ച് അദ്ദേഹം വിവാഹ സമയത്ത് എടുത്ത പ്രതിജ്ഞയോടു സത്യസന്ധത പുലര്‍ത്തിയതുകൊണ്ടാണ്.
റോബര്‍ട്‌സണിന്റെ ഭാര്യ മ്യൂറിയേലിന് മധ്യവയസ്സിലെത്തിയപ്പോള്‍ ഓര്‍മ നഷ്ടപ്പെട്ടു. അവര്‍ അല്‍ഷിമേഴ്‌സിന്റെ പിടിയിലമര്‍ന്നു. അപ്പോള്‍ റോബര്‍ട്‌സണ്‍ ഒരു ബൈബിള്‍ സെമിനാരിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയാണ്. പക്ഷേ ഭാര്യക്കു സുഖമില്ലാതായപ്പോള്‍ അദ്ദേഹം ആ പ്രസിഡന്റു പദം രാജിവച്ചു രാവും പകലും ഭാര്യയെ ശുശ്രൂഷിക്കുന്നതില്‍ മുഴുകി. മ്യൂറിയേലിന് അപ്പോള്‍ വേണ്ടപോലെ ആശയവിനിമയം നടത്താന്‍ പ്രാപ്തി ഉണ്ടായിരുന്നില്ല. റോബര്‍ട്‌സണിന്റെ അസാന്നിധ്യത്തില്‍ അവള്‍ പേടിച്ചരണ്ടവളെപ്പോലെ നിലവിളിക്കും. എല്ലാ കാര്യത്തിനും അവള്‍ക്ക് അദ്ദേഹം തന്നെ കൂടെ വേണം. അദ്ദേഹം സസന്തോഷം ഭാര്യയെ പരിചരിച്ചു സമയം ചെലവഴിച്ചു.
സഹപ്രവര്‍ത്തകരായ ചിലര്‍ അദ്ദേഹത്തെ ഉപദേശിച്ചു. ”താങ്കള്‍ക്ക് 57 വയസ്സ് പ്രായമേ ആയിട്ടുള്ളു. ഇപ്പോഴേ വീട്ടിലിരിക്കുന്നതു ശരിയല്ല. ഭാര്യയെ ഇത്തരം പരിരക്ഷ നല്‍കുന്ന ഏതെങ്കിലും സ്ഥാപനത്തിലാക്കിയിട്ട് താങ്കള്‍ക്ക് ശുശ്രൂഷയില്‍ തുടര്‍ന്നു കൂടേ?”
അതിനു റോബര്‍ട്‌സണിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”ഞാന്‍ 32 വര്‍ഷം മുന്‍പ് അവളോട് ഇങ്ങനെ ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട്. ”മരണം നമ്മെ വേര്‍പിരിക്കുന്നതുവരെ സുഖത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും രോഗത്തിലും അരോഗതയിലും കൂടെയിരിക്കാം. ദയവായി എന്റെ പ്രതിജ്ഞ നിറവേറ്റാന്‍ എന്നെ അനുവദിക്കൂ.
ഭാര്യയുടെ മരണശേഷം അവളോടൊപ്പം പിന്നിട്ട ദിവസങ്ങളെക്കുറിച്ച് റോബര്‍ട്‌സണ്‍ എഴുതി. അത് അനേകര്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നു.
എന്റെ ഉടമ്പടിയുടെ ഭാര്യ
