പരാതിപ്പെടാന്‍ എന്തവകാശം?

”വീല്‍ച്ചെയറിലെ കുട്ടി’ എന്ന തലക്കെട്ടില്‍ സ്റ്റീവ് റൊമാന്‍സ് എഴുതിയ ലേഖനത്തിലെ ആശയം ഇങ്ങനെ ഒരു ദിവസം ലേഖകന്‍ വളരെ ദുഃഖിതനായി തന്റെ ട്രക്ക് ഓടിച്ചു പോകുകയാണ്. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുന്നില്ല, ആരും തന്നെ വേണ്ടവിധം അംഗീകരിക്കുന്നില്ല എന്നിവയെല്ലാമായിരുന്നു സ്റ്റീവ് റൊമാന്‍സിന്റെ ദുഃഖത്തിന്റെ കാരണം. അതേപ്പറ്റി ചിന്തിച്ചുകൊണ്ട് ഉത്സാഹമില്ലാത്തവനായി അദ്ദേഹം വണ്ടിയോടിച്ചു പോകുമ്പോള്‍ പെട്ടെന്നു ട്രാഫിക് സിഗ്‌നലില്‍ ചുവപ്പു വെളിച്ചം. അദ്ദേഹം ട്രക്ക് ചവിട്ടി നിര്‍ത്തി. നിരുന്മേഷത്തോടെ പുറത്തേക്കു കണ്ണോടിച്ചു.

നോക്കിയപ്പോള്‍ വീല്‍ച്ചെയറിലിരിക്കുന്ന ഒരു പത്തു വയസ്സുകാരനെ അമ്മ വാനിലേക്കു കയറ്റാന്‍ ശ്രമിക്കുകയാണ്. റൊമാന്‍സ് ആ കുഞ്ഞിന്റെ കഷ്ടപ്പാടു നോക്കിയിരുന്നു. അപ്പോള്‍ വലിയ ക്ലേശത്തോടെ വാനിലേക്കു കയറാന്‍ ശ്രമിക്കുന്ന ബാലനും മെല്ലെ തലയുര്‍ത്തി റൊമാന്‍സിനെ നോക്കി. അവന്റെ മുഖത്ത് മെല്ലെ ഒരു പുഞ്ചിരി വിരിഞ്ഞു. പക്ഷേ, ശരീരത്തിന്റെ ചലനശേഷിയെ ബാധിക്കുന്ന, അപൂര്‍വ്വ രോഗത്തിന്റെ അടിമയായിരുന്ന, ആ കുഞ്ഞിനു തല അധികനേരം നേരെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ കഴുത്തു മെല്ലെ താണുപോയി.

പെട്ടെന്ന് സിഗ്‌നലില്‍ പച്ചവെളിച്ചം തെളിഞ്ഞു. റൊമാന്‍സ് ട്രക്ക് മുന്നോട്ട് എടുത്തു. ഇപ്പോള്‍ സ്റ്റീവ് റൊമാന്‍സിന്റെ കണ്ണിലൂടെ കുടുകുടെ കണ്ണുനീര്‍ ഒഴുകുകയാണ്. അദ്ദേഹം ഒരു കൈകൊണ്ടു കണ്ണുനീര്‍ തുടച്ചുകൊണ്ടു പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, മാപ്പ്. എനിക്കു പരാതിപ്പെടാന്‍ ഒരവകാശവുമില്ല. ആ കുഞ്ഞിനെ സഹായിച്ചാലും.

സുഹൃത്തേ, നിങ്ങളിപ്പോള്‍ എന്തിനെക്കുറിച്ചാണു പരാതിപ്പെടുന്നത്?