സ്നേഹവും പരിജ്ഞാനവും – WFTW 23 ജൂലൈ 2023

സാക് പുന്നൻ

എൻ്റെ സദൃശവാക്യങ്ങളിൽ ഒന്ന് ഇങ്ങനെയാണ് : “വിവേകിയായ ഒരു മനുഷ്യൻ മറ്റുള്ളവരുടെ തെറ്റുകളിൽ നിന്നു പഠിക്കും. ഒരു സാധാരണ മനുഷ്യൻ അവൻ്റെ തന്നെ തെറ്റിൽ നിന്നു പഠിക്കും. എന്നാൽ ഭോഷനായ ഒരു മനുഷ്യൻ അവൻ്റെ സ്വന്തം തെറ്റിൽ നിന്നു പോലും പഠിക്കുകയില്ല”.

ഒരു പിതാവെന്ന നിലയിൽ, മറ്റു പിതാക്കന്മാരിൽ ഞാൻ നിരീക്ഷിക്കുന്ന തെറ്റുകളിൽ നിന്നു പഠിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ പുത്രന്മാർക്ക് പിൻതുടരേണ്ടതിന് ഞാൻ വച്ചിരിക്കുന്ന മാതൃക ഏതു വിധത്തിലുള്ളതാണെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. അത് ഇതായിരുന്നു എന്നു ഞാൻ പ്രതീക്ഷിക്കുന്നു: ദൈവത്തിൻ്റെ രാജ്യം മുന്നമെ അന്വേഷിക്കുവാനും എല്ലാവരോടും പരിജ്ഞാനത്തോടു കൂടിയ സ്നേഹത്തിൽ നമ്മുടെ ജീവാവസാനം വരെ നിലനിൽക്കുവാനും.

വിവേകം എന്നാൽ പ്രയാസമുണ്ടാക്കുന്നവരിൽ നിന്ന് ഒരു നല്ല അകലം പാലിക്കുക എന്നാണ് അർത്ഥമാക്കുന്നത്- അതുകൊണ്ട് വിവേകം നമ്മുടെ സ്നേഹത്തെ ഭരിക്കണം. നിങ്ങളുടെ പെട്രോൾ (ഗ്യാസ്) ടാങ്ക് (നിങ്ങളുടെ ഹൃദയം) സ്നേഹം കൊണ്ടു നിറഞ്ഞിരിക്കണം, എന്നാൽ ഡ്രൈവറുടെ ഇരിപ്പിടത്തിൽ വിവേകം (പരിജ്ഞാനം) ആയിരിക്കണം ഇരിക്കുന്നത്. അല്ലാത്തപക്ഷം മനുഷ്യസ്നേഹത്തിന് അനേകം വിഡ്ഢിത്തങ്ങൾ ചെയ്യാൻ കഴിയും. നിങ്ങളുടെ സ്നേഹം “മേൽക്കുമേൽ പരിജ്ഞാനത്തിൽ (വിവേകം) വർദ്ധിച്ചു വരണം” (ഫിലി. 1:9). നിങ്ങൾ ആരെയും വെറുക്കുകയോ ആരോടും പരുഷമായി പെരുമാറുകയോ ചെയ്യരുത്. നിങ്ങളെ അഭിവാദനം ചെയ്യാത്തവരെ അഭിവാദനം ചെയ്യുക. എല്ലാവരോടും എപ്പോഴും ബഹുമാനത്തോടു കൂടി സംസാരിക്കുക (1 പത്രൊ. 2:17ൽ പറഞ്ഞിരിക്കുന്നതു പോലെ). നിങ്ങൾക്കു ദോഷം ചെയ്യുന്നവർക്കു നന്മ ചെയ്യുക.

പരീശന്മാർ യേശുവിനെ “ബെയെൽസെബൂൽ” എന്നു വിളിച്ചപ്പാേൾ അവിടുന്ന് അവരോടു ക്ഷമിച്ചു (മത്താ.12:24,32). അവർ യേശുവിനെ കോടതിയിലേക്ക് വലിച്ചുകൊണ്ടു പോയി, അവിടുത്തെ വ്യാജമായി കുറ്റം ആരോപിച്ചപ്പോഴും അവിടുന്ന് അവരെ ഭീഷണിപ്പെടുത്തിയില്ല, എന്നാൽ അവിടുത്തെ പിതാവിൻ്റെ പക്കൽ കാര്യം ഭരമേൽപ്പിച്ചു (1 പത്രൊ. 2:23). നാം യേശുവിൻ്റെ കാൽ ചുവട് പിന്തുടരണം.

അതുകൊണ്ട് ചില പരീശന്മാർ നിങ്ങളെ കുറ്റപ്പെടുത്തിയാൽ (ഒരു ദിവസം നിങ്ങളെ കോടതിയിലേക്കു കൊണ്ടു പോയാൽ പോലും), യേശു പറഞ്ഞത് ഓർക്കുക “നിങ്ങൾ എല്ലാവരാലും വെറുക്കപ്പെടും… നിങ്ങൾ കോടതിയിലേക്കു വലിച്ചിഴയ്ക്കപ്പെടും… എന്നാൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിരുപദ്രവകാരികളും (കളങ്കമില്ലാത്തവർ) ആയിരിപ്പിൻ… അപ്പോൾ നിങ്ങൾ സംസാരിക്കേണ്ട വാക്കുകൾ നിങ്ങൾക്കു നൽകപ്പെടും (അതുകൊണ്ട് നിങ്ങൾ അവിടെ നിശബ്ദരായി നിൽക്കേണ്ടി വരികയില്ല!)… മനുഷ്യരെ ഭയപ്പെടേണ്ട, കാരണം മൂടിവച്ചിരിക്കുന്നതെല്ലാം വെളിപ്പെട്ടു വരും… എന്നാൽ അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ (എല്ലാവരോടുമുള്ള സ്നേഹത്തിൽ) രക്ഷിക്കപ്പെടും… നിങ്ങളെ കൊല്ലുന്നവർ എല്ലാം ദൈവത്തിന് വഴിപാടു കഴിക്കുന്നു (ദൈവത്തെ സേവിക്കുന്നു) എന്നു വിചാരിക്കുന്ന നാഴിക വരുന്നു” (മത്താ.10: 16-30; മത്താ. 24: 9‌- 13; യോഹ. 16:2 ).

അതു കൊണ്ട് , എല്ലായ്പോഴും :

  1. മുന്നമെ ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ
    കൂടാതെ
  2. എല്ലായ്പോഴും മറ്റുള്ളവരോട് പരിജ്ഞാനത്തോടു കൂടെയുള്ള സ്നേഹത്തിൽ വേരൂന്നപ്പെട്ട് അടിത്തറയിടപ്പെട്ടവരായിരിപ്പിൻ.

ക്രിസ്തീയ ഗോളത്തിലുള്ള ഓരോ ഗ്രൂപ്പും തങ്ങളുടെ വേദപുസ്തകം ഉയർത്തിപ്പിടിച്ചുകൊണ്ട്, “ഞങ്ങളാണ് ശരി, ദൈവം ഞങ്ങളുടെ കൂടെയുണ്ട്” എന്നു പറയുന്നു. അവരിൽ ആരാണ് ശരി? എനിക്കു കർത്താവിൽ നിന്നു വ്യക്തമായ ഒരു ഉത്തരം ലഭിച്ചു: “ദൈവം എപ്പോഴും സത്യം സംസാരിക്കുന്നവരുടെയും (അത് അവർക്കെതിരായി വന്നാൽപ്പോലും) മറ്റുള്ളവരോട് പരിജ്ഞാനത്തോടു കൂടെയുള്ള സ്നേഹത്തിൽ എപ്പോഴും നിലനിൽക്കുന്നവരുടെയും കൂടെയും ആണ് (അതായത്, ഒരിക്കലും മറ്റുള്ളവർക്ക് ഒരു ഉപദ്രവവും ചെയ്യാത്തവരും അവർക്ക് ദോഷം സംഭവിക്കണമെന്ന് ആഗ്രഹിക്കാത്തവരും)”.

നിങ്ങൾ ദൈവത്തിൻ്റെ രാജ്യം എല്ലായ്പോഴും അന്വേഷിച്ചു കൊണ്ട് നിങ്ങളുടെ ജീവിതങ്ങൾ ചെലവഴിക്കുന്നവരായിരിക്കട്ടെ. എന്നു പറഞ്ഞാൽ നിങ്ങളുടെ പഠനത്തിലായാലും ജോലിയിലായാലും എല്ലാം നന്നായി ചെയ്യുക എന്നാണർത്ഥം. അങ്ങനെ ജീവിതത്തിൽ നേരുള്ളവരും മറ്റുള്ളവരോടുള്ള നിസ്വാർത്ഥ സ്നേഹമുള്ളവരുമായി ക്രിസ്ത്യാനികൾ എല്ലാ മേഖലയിലും നന്നായി ചെയ്യുന്നു എന്നു കാണിക്കുവാൻ.

ഏതെങ്കിലും കാര്യത്തിൽ ആരെങ്കിലും നിങ്ങളെ വിമർശിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യണമെന്നുള്ളതു സംബന്ധിച്ച് എനിക്കു നിങ്ങൾക്ക് ഒരു ഉപദേശം തരാനുണ്ട്. നിങ്ങളുടെ സ്വയപ്രതിരോധത്തിൽ ഒന്നും പറയാതിരിക്കുക. യെശയ്യാവ് 54:17 പ്രകാരം കർത്താവു തന്നെ നിങ്ങളെ പ്രതിരോധിക്കട്ടെ. ”നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായ വിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേൽക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും, യഹോവയുടെ ദാസന്മാരുടെ അവകാശവും എൻ്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതു തന്നെ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു” . മിക്ക ആളുകളോടും കാര്യങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കുന്നത് അർത്ഥശൂന്യമാണ്. ദൈവം സർവ്വശക്തനാണ് തന്നെയുമല്ല നമ്മെപ്പോലെ നിസ്സാരന്മാരായവരിൽ നിന്ന് ഒരു പ്രതിരോധവും ആവശ്യമില്ലാത്ത വിധം അവിടുത്തെ സത്യം ഒരു അഗ്നിപോലെയാണ് .

What’s New?