സാക് പുന്നന്‍
കർത്താവു നമുക്കു നൽകിയ മഹാനിയോഗമാണ്, “സുവിശേഷീകരിക്കുക” (മർക്കോസ് 16:15) എന്നതും അതിനു ശേഷം “അവിടുന്ന് കല്പിച്ചിട്ടുള്ളത് എല്ലാം ചെയ്യുവാൻ തക്കവണ്ണം അവരെ പഠിപ്പിച്ച് ശിഷ്യരാക്കുക” എന്നതും (മത്തായി 28: 19, 20). ഒരു ഉദാഹരണം നോക്കാം : 99 പേർ ഒരറ്റത്തും ഒരാൾ മറ്റേ അറ്റത്തും പിടിച്ച് 100 പേർ ഒരു തടിക്കഷണം ചുമന്നുകൊണ്ടു പോകുന്നതു നിങ്ങൾ കണ്ടാൽ – അവരെ സഹായിക്കേണ്ടതിന് നിങ്ങൾ അതിൻ്റെ ഏതറ്റത്തേക്കാണ് പോകുന്നത്? ഇന്നു പല രാജ്യങ്ങളിലും, ക്രിസ്തീയ വേലക്കാരിൽ 99% പേരും സുവിശേഷീകരണത്തിൽ വ്യാപൃതരാണ്, അതേസമയം 1% മാത്രം രക്ഷിക്കപ്പെട്ടവരെ ശിഷ്യരാക്കി അവരെ ഒരു പ്രാദേശിക സഭയായി പണിയുന്ന കാര്യത്തിൽ വ്യാപൃതരായിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ – ആ തടിയുടെ 1% ആളുകളുള്ള അറ്റത്ത് സഹായിക്കാൻ തീരുമാനിച്ചത്. ആ തടിക്കഷണത്തിൻ്റെ മറ്റേ അറ്റത്തുള്ളവരോട് ഞാൻ എതിരല്ല. അവരും വേണ്ടിയവരാണ് എന്നാൽ ഇപ്പോൾ തന്നെ അവിടെ ധാരാളം ആളുകൾ ഉണ്ട്.
പൗലൊസും അപ്പൊല്ലോസും ഒരുമിച്ചു പ്രവർത്തിച്ചു, അവരുടെ രക്ഷിക്കപ്പെട്ടവർ കർത്താവിനു വേണ്ടിയുള്ളവർ ആയിരുന്നു, അവരുടെ സഭയും കർത്താവിനുള്ളതായിരുന്നു. പൗലൊസ് നട്ടു അപ്പൊല്ലോസ് നനച്ചു, എന്നാൽ വളർച്ച നൽകിയവൻ ദൈവമായിരുന്നു. അതു കൊണ്ട് എല്ലാ മഹത്വവും ദൈവത്തിനായിരിക്കണം. പൗലൊസ് തന്നെ കുറിച്ചും അപ്പൊല്ലോസിനെക്കുറിച്ചും ഇപ്രകാരം പറയുന്നു, “ഞങ്ങൾ ആരുമല്ല. ഞങ്ങൾ ഏതുമില്ല” (1കൊരി. 3:7) . അതുകൊണ്ടാണ് അവർക്ക് യോജിപ്പോടെ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞത്. ആരുമല്ലാത്ത രണ്ടു പേർക്ക് ഒരുമിച്ചു പ്രവർത്തിക്കാൻ എളുപ്പമാണ്. താൻ ആരെങ്കിലുമാണെന്ന് അവരിൽ ഒരാൾ ചിന്തിക്കുമ്പോഴാണ് , പ്രശ്നം ഉദിക്കുന്നത്.
നിങ്ങൾ എവിടെയെങ്കിലും ഒരു പ്രാദേശിക സഭ പണിയുകയാണെങ്കിൽ, 40 വർഷങ്ങളായി ഇന്ത്യയിലും മറ്റു പല സ്ഥലങ്ങളിലുമുള്ള കർത്താവു സ്ഥാപിച്ച സഭകളെ കണ്ടിട്ട് നിങ്ങൾക്കു ഞാൻ ഒരു നിർദ്ദേശം നൽകട്ടെ: നിങ്ങൾ തന്നെ ആരുമല്ലാത്ത ഒരുവൻ ആകുക തന്നെയുമല്ല നിങ്ങളുടെ രക്ഷിക്കപ്പെട്ടവരെയും “ആരുമല്ലാത്തവർ” ആക്കുക. അപ്പോൾ നിങ്ങൾ അത്ഭുതകരമായ ഒരു സഭ പണിയും- അവിടെ മത്സരം ഉണ്ടായിരിക്കുകയില്ല എന്നാൽ സഹകരണം ഉണ്ടായിരിക്കും. സഭയെ നയിക്കുന്ന ആൾ മുതൽ ഏറ്റവും പുതിയതായി രക്ഷിക്കപ്പെട്ട ആൾ വരെ, ഓരോരുത്തനും വെറും ഒരു പൂജ്യമായിരിക്കുന്ന ഒരു സഭ, ലോകത്തിലെ ഏറ്റവും നല്ല സഭ ആയിരിക്കും. അവരെല്ലാവരും പൂജ്യങ്ങൾ ആയിരിക്കാം, എന്നാൽ അവർക്കെല്ലാവർക്കും മുമ്പെ നിങ്ങൾ യേശുവിനെ വച്ചാൽ- അവിടുന്ന് “1 (ഒന്ന് )” ആയിരിക്കുന്നതിനാൽ 9 ആളുകളുള്ള ഒരു സഭയാണെങ്കിൽ പോലും നൂറു കോടി ആളുകളുള്ള ഒരു സഭയുടെ വിലയുള്ളതായി തീരും- 1000,000,000 !! അതു കൊണ്ട് നിങ്ങൾ ഒരിക്കലും ഒരു ആരെങ്കിലും ആയി തീരുകയില്ല, എന്നാൽ എപ്പോഴും ആരുമല്ലാത്ത ഒരുവനായിക്കും എന്നു തീരുമാനിക്കുക, പൗലൊസിനേയും അപ്പൊല്ലോസിനെയും പോലെ.
അതിനു ശേഷം പൗലൊസ് ഒരടിസ്ഥാനം ഇടുന്നതിനെയും അതിന്മേൽ മുകളിലേക്കു പണിയുന്നതിനെയും പറ്റി തുടർന്നു പറയുന്നു. അടിത്തറയും മേൽക്കെട്ടിടവും ഒരുപോലെ പ്രാധാന്യമുള്ളതാണ്. പൗലൊസ് ആദ്യം ഉപയോഗിച്ചത് ഒരു വൃക്ഷം വളരുന്നതിൻ്റെ ഉദാഹരണമാണ്- നടുന്നതും നനയ്ക്കുന്നതും. ഇപ്പോൾ അദ്ദേഹം ഒരു കെട്ടിടത്തിൻ്റെ ചിത്രം ഉപയോഗിക്കുന്നു – അടിസ്ഥാനവും മേൽക്കെട്ടിടവും (1കൊരി. 3:10-12). സഭയുടെ അടിസ്ഥാനം ക്രിസ്തു മാത്രമാണ് – ക്രൂശിൽ അവിടുന്നു നിവർത്തിച്ച, നമ്മുടെ ഒരു പ്രവൃത്തിയും അതിനോടു കൂട്ടിച്ചേർക്കാതെ പൂർണ്ണമായ പാപപരിഹാരപ്രവൃത്തി. എന്നാൽ ഈ അടിസ്ഥാനത്തിന്മേൽ നിത്യമായ ഒരു കെട്ടിടം എങ്ങനെ പണിയണമെന്നു നാം അറിഞ്ഞിരിക്കണം. നിങ്ങൾ പണിയുന്നത് ഏതു തരത്തിലുള്ള ഒരു സഭയാണ്? അത് അതിൻ്റെ വലിപ്പത്താൽ മതിപ്പുളവാക്കുന്നതാണോ അതോ ഗുണനിലവാരത്താലാണോ മതിപ്പുളവാക്കുന്നത്?
ഓരോ ക്രിസ്തീയ വേലക്കാരനും ഉത്തരം പറയേണ്ട ഒരു ചോദ്യം ഇതാണ്. അളവിൻ്റെ കാര്യമാണോ അതോ ഗുണനിലവാരത്തിൻ്റെ കാര്യമാണോ ഞാൻ അന്വേഷിക്കേണ്ടത്? നമുക്ക് പൊന്ന്, വെള്ളി, വിലയേറിയ രത്നം ഇവ കൊണ്ടോ അല്ലെങ്കിൽ തടി, പുല്ല്, വയ്ക്കോൽ ഇവ കൊണ്ടോ പണിയാൻ കഴിയും (1കൊരി. 3: 12). അന്ത്യനാളിൽ വലിപ്പമല്ല കാര്യമാകുന്നത്, ഗുണനിലവാരമാണ് (1. കൊരി. 3:13, 14).
ഒരേ തുക കൊണ്ട് , നിങ്ങൾക്ക് സ്വർണ്ണത്തേക്കാൾ വളരെ കൂടുതൽ തടി, പുല്ല്, വയ്ക്കോൽ എന്നിവ വാങ്ങാൻ കഴിയും. അതു കൊണ്ട് ഇപ്പോൾ മനുഷ്യർക്ക് മതിപ്പുളവാക്കത്തക്ക തരത്തിൽ വലിപ്പമുള്ള എന്തെങ്കിലും പണിയുവാനാണു നിങ്ങൾക്കു താൽപര്യമെങ്കിൽ, നിങ്ങൾ മരം, പുല്ല്, വയ്ക്കോൽ തുടങ്ങിയവ തിരഞ്ഞെടുക്കും. എന്നാൽ നിങ്ങളുടെ കെട്ടിടം പൂർത്തീകരിക്കപ്പെട്ടു കഴിയുമ്പോൾ അതു തീകൊണ്ട് പരിശോധിക്കപ്പെടും എന്നു നിങ്ങൾ അറിയുമെങ്കിൽ, തീയിൽ നിലനിൽക്കുന്ന പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ മുതലായവ കൊണ്ടു പണിയുന്ന കാര്യം നിങ്ങൾ തിരഞ്ഞെടുക്കും- ആദ്യം പറഞ്ഞതിനോടു താരതമ്യം ചെയ്യുമ്പോൾ, നിങ്ങളുടെ കെട്ടിടം അതിൻ്റെ 1% മാത്രമേ ഉള്ളെങ്കിൽ പോലും. നമുക്കെല്ലാവർക്കും ഒരു പരിമിതമായ സമയം മാത്രമേ ഉള്ളു നമുക്കു ജീവിക്കുവാൻ ആയിരക്കണക്കിനു വർഷങ്ങൾ ഇല്ല. നാം വീണ്ടും ജനിച്ചു കഴിഞ്ഞ് കർത്താവിനുവേണ്ടി ജീവിക്കുവാൻ 60 വർഷങ്ങൾ നമുക്കുണ്ടായേക്കാം. ആ 60 വർഷങ്ങൾ നിങ്ങൾ എങ്ങനെ ചെലവഴിക്കും? വലിപ്പം കൂടിയതും, അന്ത്യനാളിൽ തീയിൽ വെന്തു പോകുന്നതും ഗുണ നിലവാരമില്ലാത്തതുമായ ഒരു വലിയത് എന്തെങ്കിലും പണിയുന്നതിന് ആ സമയം നിങ്ങൾ ചെലവഴിക്കുമോ? അതോ ഏറ്റവും കഠിനമായ തീയിൽ കൂടിയുള്ള പരിശോധനയിൽ പോലും നിലനിൽക്കുന്ന എന്തെങ്കിലും പണിയുമോ?- അതു ചെറിയതാണെങ്കിൽ പോലും?
അനേക വിശ്വാസികളും പണിയുന്നത് വലിപ്പത്തിൽ കൂടുതലുള്ളതും എന്നാൽ ഗുണനിലവാരത്തിൽ മോശമായതുമായ സഭയാണ്. എന്നാൽ വളരെ ചുരുക്കം പേർ ബുദ്ധിപൂർവം പണിയുന്നു- നല്ല ഗുണനിലവാരമുള്ള ചെറിയ സഭകൾ പണിതു കൊണ്ട്- മാനസാന്തരവും ശിഷ്യത്വവും പ്രസംഗിച്ചുകൊണ്ട്. രണ്ടാമതു പറഞ്ഞതിൻ്റെ സ്ഥിതിവിവരക്കണക്കുകൾ ആദ്യത്തേതിൻ്റെ അത്ര മതിപ്പുളവാക്കുന്നതായിരിക്കുകയില്ല. എന്നാൽ ഒരുനാൾ കർത്താവ് എല്ലാം തീകൊണ്ടു ശോധന ചെയ്യുമ്പോൾ, മരവും പുല്ലും വയ്ക്കോലും കൊണ്ടു പണിത വലിയ പണികൾ, ഒന്നും ശേഷിക്കാതെ പൂർണ്ണമായി കത്തി നശിക്കും. എന്നാൽ ശിഷ്യന്മാരെ വാർത്തെടുക്കുന്നതിൽ തങ്ങളുടെ ജീവിതം മുഴുവൻ ചെലവാക്കുകയും തങ്ങളുടെ പണി അത്ര വലുതല്ലായ്കയാൽ മറ്റു ക്രിസ്ത്യാനികളാൽ നിന്ദിക്കപ്പെടുകയും ചെയ്തവരാൽ പണിയപ്പെട്ട ചെറിയ കെട്ടിടങ്ങൾ, തീയിലൂടെ പുറത്തു വരുന്നതും നിത്യതയ്ക്കായി നിലനിൽക്കുന്നതുമായി അവർ കണ്ടെത്തും.
അതു കൊണ്ട് നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങനെയാണ് ചെലവഴിക്കാൻ പോകുന്നത്? യേശു പറഞ്ഞു, “പോയി സകല ജാതികളെയും ശിഷ്യരാക്കി കൊൾവിൻ”. എന്നേക്കും നിലനിൽക്കുന്ന എന്തെങ്കിലുമാണോ നിങ്ങൾ ഉണ്ടാക്കുന്നത്? നമ്മുടെ മനസ്സുകളിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട ചോദ്യം അതായിരിക്കണം. ഞാൻ പണിയണമെന്നു ദൈവം ആഗ്രഹിക്കുന്ന വിധത്തിലാണോ ഞാൻ പണിയുന്നത് – യേശു പഠിപ്പിച്ച പ്രമാണങ്ങൾ അനുസരിച്ച്. യേശുവിനെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന ശിഷ്യന്മാരെയാണോ ഞാൻ ഉണ്ടാക്കുന്നത് അതോ ശിഷ്യന്മാരാകാൻ താല്പര്യമില്ലാതെ.
” കർത്താവായ യേശുവെ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു” എന്നു മാത്രം പറയുന്ന രക്ഷിക്കപ്പെട്ടവരെ വെറുതെ കൂട്ടി ചേർക്കുക മാത്രമാണോ ഞാൻ ചെയ്യുന്നത്? അന്ത്യനാളിൽ നിങ്ങളുടെ മുഴു ജീവിതത്തിലെയും വേല വെന്തു പോകുമെങ്കിൽ, കർത്താവിൻ്റെ മുമ്പിൽ നിൽക്കുമ്പോൾ നിങ്ങൾക്കുണ്ടാകാവുന്ന സങ്കടത്തെ കുറിച്ചു ചിന്തിക്കുക. നിങ്ങൾ രക്ഷിക്കപ്പെട്ട് സ്വർഗ്ഗത്തിൽ പോയേക്കാം, എന്നാൽ ദൈവം നിങ്ങൾക്കു ഭൂമിയിൽ തന്ന ഒരു ജീവിതം പാഴാക്കി കളഞ്ഞതിൻ്റെ ദുഃഖത്തിൽ നിത്യത മുഴുവൻ നിങ്ങൾ സ്വർഗ്ഗത്തിൽ ജീവിക്കും. എനിക്ക് അങ്ങനെയൊരു സങ്കടമുണ്ടാകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വർണ്ണം, വെള്ളി, വിലയേറിയ രത്നങ്ങൾ എന്നിവ കൊണ്ടു പണിയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ കർത്താവിനു വേണ്ടി ഗുണനിലവാരമുള്ള ഒരു വേല എനിക്കു ചെയ്യണം.