അമ്മയുടെ വിശ്വാസം

ഒരു ഭവനത്തിലെ പിതാവ് നിരീശ്വരവാദിയും മാതാവ് യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിനിയുമായിരുന്നു. അയാള്‍ എപ്പോഴും ദൈവത്തേയും ക്രിസ്തുവിനേയും നിന്ദിച്ചു സംസാരിക്കുമായിരുന്നു. അതേസമയം അയാളുടെ ഭാര്യ ദൈവത്തിന് ജീവിതത്തില്‍ എല്ലാ രംഗത്തും ഒന്നാം സ്ഥാനം നല്‍കിയിരുന്നു.

ഇങ്ങനെ വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകളുടെ ഇടയിലാണ് അവരുടെ ഏക മകള്‍ വളര്‍ന്നു വന്നത്. തന്റെ അമ്മയുടെ വിശ്വാസത്തില്‍ അവളും തത്പരയായിരുന്നു. പിതാവിന്റെ നിരീശ്വരവാദപരമായ സമീപനം അവളെ ഏറെ വേദനിപ്പിച്ചിരുന്നു.

അങ്ങനെയിരിക്കെ അവള്‍ ഒരു ദിവസം രോഗിയായി. ഡോക്ടര്‍ അവളെ രക്ഷിക്കാനായി പരാമവധി ശ്രമിച്ചു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്നും അവള്‍ക്കു ഭൂമിയില്‍ ചില മണിക്കൂറുകള്‍ കൂടി മാത്രമേ ലഭിക്കുകയുള്ളുവെന്നും ഡോക്ടര്‍ക്കു മനസ്സിലായി. ഡോക്ടര്‍ വിവരം മാതാപിതാക്കളെ അറിയിച്ചു.

മാതാപിതാക്കള്‍ അവളുടെ കിടക്കയ്ക്ക് സമീപത്ത് വന്നുനിന്നു. അവള്‍ മെല്ലെ മരണത്തോടു സമീപിച്ചുകൊണ്ടിരിക്കുകയാണ്. അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കി. വിഷാദഭരിതമെങ്കിലും കര്‍ത്താവിലുള്ള വിശ്വാസത്തില്‍നിന്നും പ്രത്യാശയില്‍ നിന്നും ഉള്ള പ്രകാശം ആ മുഖത്ത് അവള്‍ കണ്ടു. അവള്‍ കണ്ണുകള്‍ തിരിച്ച് പിതാവിന്റെ മുഖത്തേക്ക് നോക്കി. ദൈവത്തിലുള്ള ആശയവും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയും ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്ത് കടുത്ത നിരാശയാണ് അവള്‍ കണ്ടത്. അവള്‍ അപ്പന്റെ കൈകള്‍ പിടിച്ചുകൊണ്ട് ചോദിച്ചു. ”ഡാഡി, ഞാന്‍ മരണത്താല്‍ ഈ ലോകം വിട്ടുപോകേണ്ടത് അപ്പന്റെ ദൈവമില്ലായ്മയോടുകൂടെയാണോ അതോ, അമ്മയുടെ ദൈവവിശ്വാസത്തോടുകൂടെയാണോ?”

മരണാസന്നയായ മകളുടെ ചോദ്യം അയാളുടെ മനസ്സിനെ പിടിച്ചുലച്ചു. അയാളുടെ ഹൃദയം തകര്‍ന്നുപോയി. കണ്ണീരൊഴുക്കിക്കൊണ്ട് അയാള്‍ ഇങ്ങനെ പറഞ്ഞു ”മോളെ, നീ നിന്റെ അമ്മയുടെ വിശ്വാസം പിന്തുടരുക. ഞാനും ക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് നിന്റെ പിന്നാലെ വന്നുകൊള്ളാം”. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവള്‍ മറ്റേ കൈ എടുത്ത് അമ്മയുടെ കൈ പിടിച്ച് പിതാവിന്റെ കൈകളില്‍ ഏല്പിച്ച് അവരെ ഒന്നിപ്പിച്ചു. സന്തോഷത്തോടെ അവള്‍ ലോകം വിട്ടു നിത്യതയിലേക്കു പോയി. മകളുടെ മരണക്കിടക്കയ്ക്കരികില്‍ മുട്ടു കുത്തി ആ പിതാവ് ദൈവത്തോട് പാപം ഏറ്റുപറഞ്ഞു രക്ഷയിലേക്കു വന്നു.

”ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവിസിലും അമ്മ യുനിക്യയിലും ഉണ്ടായിരുന്നു” (2 തിമെ 1:5).


What’s New?