അമ്മയുടെ ദൈവം

grayscale photography of woman and baby


പ്രശസ്ത സുവിശേഷകനായിരുന്ന ആർ. എ. ടോറി ചെറുപ്പത്തിൽ പാപവഴികളിൽ അലഞ്ഞുനടന്ന ഒരുവനായിരുന്നു. ടോറിക്ക് ദൈവത്തിലോ ബൈബിളിലോ യാതൊരു വിശ്വാസവും ഉണ്ടായിരുന്നില്ല.

അതേസമയം വളരെ ഭക്തയായ ഒരു സ്ത്രീരത്നമായിരുന്നു ടോറിയുടെ അമ്മ അവർ പലപാവശ്യം ടോറിയോട് യേശുക്രിസ്തുവിനെക്കുറിച്ച് പറയുമായിരുന്നു. പക്ഷേ ഇതൊന്നും അവനെ അനുതാപത്തിലേക്കു നയിച്ചില്ല.

ഒരുദിവസം ടോറിയുടെ അമ്മ അവനോടു വീണ്ടും സുവിശേഷം പറയുവാൻ തുടങ്ങി. പക്ഷേ ഇപ്രാവശ്യം ടോറി പതിവിലേറെ ക്രുദ്ധനായി. “നിങ്ങളുടെ പ്രാർത്ഥനയെക്കുറിച്ചോ എന്റെ പാപത്തെക്കുറിച്ചോ ഒന്നും ഇനി മിണ്ടരുത്. എനിക്കൊന്നും കേൾക്കണ്ട. ഞാൻ നിങ്ങളെ ആരെയും കൂടുതൽ ബുദ്ധിമുട്ടിക്കാതെ ഈ വീട്ടിൽ നിന്നും പോകുകയാണ്”. അതുകേട്ടപ്പോൾ അമ്മയുടെ ഹൃദയം തകർന്നുപോയി. വീടുവിട്ടു പോകരുതെന്ന് അവർ ടോറിയോടു കണ്ണുനീരോടെ അപേക്ഷിച്ചു. പക്ഷേ ടോറി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

ഒടുവിൽ ടോറി ദേഷ്യത്തോടെ വീടുവിട്ടിറങ്ങിപ്പോകാൻ നേരം ആ അമ്മ ഉച്ചത്തിൽ ഇപ്രകാരം വിളിച്ചു പറഞ്ഞു: “മോനെ, നീ തീർത്തും തെറ്റായ മാർഗ്ഗത്തിലൂടെയാണ് പോകുന്നത്. എങ്കിലും നിന്റെ പ്രതീക്ഷകളെല്ലാം ഒരുനാൾ അസ്തമിക്കുമ്പോൾ, നീ പിടിച്ചിരിക്കുന്ന കയറിന്റെ അങ്ങേ അറ്റത്തെത്തുമ്പോൾ, നിന്റെ അമ്മയുടെ ദൈവത്തെ പൂർണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുക. തീർച്ചയായും അവിടുന്നു നിന്നെ സഹായിക്കും.”

വീടുവിട്ടുപോയ ടോറി കൂടുതൽ മോശമായ വഴികളിലേക്കു തിരിഞ്ഞു. ലോകസുഖങ്ങളുടെ മായച്ചന്തയിലൂടെ അവൻ ലക്കും ലഗാനുമില്ലാതെ അലഞ്ഞു. ഒടുവിൽ അവൻ ലോകസുഖങ്ങളുടെ വ്യർത്ഥത തിരിച്ചറിഞ്ഞു. അവൻ വലിയ നിരാശതയിലും ദുഃഖത്തിലുമായി. പ്രതീക്ഷകളെല്ലാം അസ്തമിച്ചു. താൻ മുറുകെപ്പിടിച്ചിരുന്ന ലോകാമയത്തിന്റെ അങ്ങേത്തലയ്ക്കൽ എത്തിയതുപോലെ…. അടച്ചിട്ട ഹോട്ടൽ മുറിയിൽ കൈത്തോക്കുകൊണ്ടു ജീവനൊടുക്കിക്കളയാം എന്നു ടോറി തീരുമാനിച്ചു. അവൻ അലമാരയിൽ നിന്നു തോക്കെടുക്കാനായി കൈ നീട്ടി… പെട്ടെന്ന് അവന്റെ ഹൃദയത്തിൽ അമ്മയുടെ വാക്കുകൾ അലയടിച്ചു “മോനെ… പ്രതീക്ഷ എല്ലാം അസ്തമിക്കുമ്പോൾ, നിന്റെ അമ്മയുടെ ദൈവത്തെ വിളിച്ചപേക്ഷിക്കുക”.

ടോറി പാപബോധത്തോടെ മുട്ടിന്മേൽ വീണു. നിലവിളിയോടെ ഇങ്ങനെയവൻ പ്രാർത്ഥിച്ചു “എന്റെ അമ്മയുടെ ദൈവമേ, അങ്ങനെയൊരാളുണ്ടെങ്കിൽ, അങ്ങയുടെ സഹായം ഇപ്പോൾ എനിക്കാവശ്യമാണ്. അങ്ങെന്നെ സഹായിച്ചാൽ ഞാൻ എന്നും അങ്ങയെ പിൻപറ്റാം” പൊടുന്നനെ, ടോറിയുടെ ഹൃദയത്തിലെ നിരാശ മാറി. യേശു ക്രിസ്തുവിനെ അവൻ ഹൃദയത്തിൽ നാഥനും കർത്താവുമായി വാഴിച്ചതോടെ കൂരിരുൾ ഒഴിഞ്ഞുപോയതുപോലെ, ടോറി ഒരു പുതിയ സൃഷ്ടിയായിത്തീർന്നു. പില്ക്കാലത്ത് ടോറി അനേകായിരങ്ങളെ ക്രിസ്തുവിനായി നേടുന്ന സുവിശേഷകനും എഴുത്തുകാരനുമായിത്തീർന്നു. “മകനേ, നിന്റെ ഹൃദയം എനിക്കു തരിക” (സദൃശ വാക്യം 23:26) (വെളി പാട് 3:20, 21)