ഓസ്‌ട്രേലിയയില്‍ മെല്‍ബണിലാണു നിക്ക് ജനിച്ചത്. കുഞ്ഞിന്റെ രൂപം കണ്ടവരൊക്കെ ഞെട്ടിപ്പോയി – കൈ രണ്ടും തോളില്‍ തന്നെ വച്ചു മുറിച്ചുമാറ്റിയതുപോലെ കാലുകളുമില്ല. ആ സ്ഥാനത്തു ചെറിയ പാദംപോലെ എന്തോ ഒന്ന് ചുരുക്കത്തില്‍ കൈകളും കാലുകളുമില്ലാത്ത കുഞ്ഞ്. ഡോക്ടര്‍മാര്‍ പറഞ്ഞു: “ഈ അവസ്ഥയ്ക്കു ‘ടെട്രാ അമീലിയ സിന്‍ഡ്രോം’ എന്നു പറയും. വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസം”.
നിക്കിന്റെ മതാപിതാക്കള്‍ അവനെ സ്‌കൂളിലയച്ചു. പക്ഷേ നിരാശനായ നിക്ക് എട്ടാം വയസ്സില്‍ പലവട്ടം ആത്മഹത്യക്കു ശ്രമിച്ചു നിക്കിനു മുങ്ങി മരിക്കാന്‍ ഒരു ബാത്ടബ്ബ് വെള്ളം മതിയായിരുന്നു. പക്ഷേ ആത്മഹത്യാ ശ്രമങ്ങള്‍ വിജയിച്ചില്ല. ക്രമേണ അവന്‍ കാലിന്റെ സ്ഥാനത്തുള്ള കുഞ്ഞു വിരലുകള്‍ കൊണ്ട് എഴുതാനും ചിത്രം വരയ്ക്കാനും ശ്രമിച്ചു തുടങ്ങി. നീന്താനും പഠിച്ചു. വിനോദങ്ങളില്‍ ഏര്‍പ്പെട്ടു. ചില സുഹൃത്തുക്കളും ഉണ്ടായി.
പതിമൂന്നു വയസ്സുള്ളപ്പോള്‍ നിക്കിന്റെ ജീവിതത്തെ അടിമുടി മാറ്റിയ ഒരു സംഭവം ഉണ്ടായി. എല്ലാ കാര്യങ്ങളും ചെയ്യാന്‍ അവന് ആകെയുണ്ടായിരുന്ന കൊച്ചു പാദത്തിനു എങ്ങനെയോ ഗുരുതരമായി മുറിവേറ്റു. പരുക്കു പൊറുക്കാനായി നിസ്സഹായനായി കഴിഞ്ഞ നാളുകളില്‍ നിക്ക് ഇങ്ങനെ തീരുമാനിച്ചു: “ഇനി മേലില്‍ എനിക്കില്ലാത്തവയെപ്പറ്റി പരാതിപ്പെടില്ല. ഉള്ളവയെ ഓര്‍ത്തു ദൈവത്തിനു നന്ദി പറയും” ഈ തീരുമാനം അവന്റെ ജീവിതത്തെ നവീകരിച്ചു. അവന്‍ പറയുന്നു: “ഞാന്‍ ആ ദിവസങ്ങളില്‍ ദൈവവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചു തുടങ്ങി. അന്നുവരെ ദൈവത്തെ പഴിച്ചിരുന്ന ഞാന്‍ ദൈവത്തിനു നന്ദി പറയാന്‍ തുടങ്ങി. രണ്ടു കയ്യും കാലുമില്ലെങ്കിലെന്താ, അവിടുന്നു സുന്ദരമായ ഈ ഭൂമിയില്‍ എനിക്കൊരു ജീവിതം തന്നിട്ടുണ്ടല്ലോ!”.
മനോഭാവത്തില്‍ വന്ന മാറ്റവും ദൈവത്തിലുള്ള വിശ്വാസവും നിക്കിന്റെ പുതിയൊരു
കാഴ്ചപ്പാടു നല്‍കി. അവന്‍ കുസൃതി കാട്ടി മറ്റുള്ളവരെ ചിരിപ്പിച്ചു തുടങ്ങി മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി വിടര്‍ത്തുന്നതായി അവന്റെ ലക്ഷ്യം. ക്രമേണ അനേകരോട് അവന്‍ തന്റെ കഥ പങ്കു വയ്ക്കാന്‍ തുടങ്ങി. പിന്നീടു നിക്കിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനകം 60 രാജ്യങ്ങളില്‍ മൂവായിരത്തിലധികം വേദികളില്‍ പ്രചോദനാത്മകമായ പ്രാസംഗങ്ങള്‍ നടത്തിയിരിക്കുന്നു. നിക്ക് എഴുതിയ ‘ലൈഫ് വിത്തൗട്ട് ലിംബ്‌സ്’ ബെസ്റ്റ് സെല്ലറാണ്. ആ പേരിലുള്ള ജീവകാരുണ്യ സംഘടനയുടെ ചെയര്‍മാനും നിക്കാണ്.
നിക്കിന്റെ ജീവിതത്തില്‍ ഭാര്യയായി കനമിയാര എന്ന പെണ്‍കുട്ടി വന്നു. അവര്‍ക്കിന്നു പൂര്‍ണ ആരോഗ്യവാനായ ഒരു കുഞ്ഞുമുണ്ട്. സന്തുഷ്ട കുടുംബം, നിക്ക് പറയുന്നു: “എന്നെ ഒന്നിനും കൊള്ളില്ല എന്നതാണ് ഒരുവനു പറയാവുന്ന ഏറ്റവും വലിയ നുണ, കാത്തിരുന്നിട്ടും നിങ്ങളുടെ ജീവിതത്തില്‍ യാതൊരു അത്ഭുതവും സംഭവിക്കുന്നില്ലേ? എങ്കില്‍ ഇനി വൈകേണ്ട. നിങ്ങള്‍ തന്നെ ഒരത്ഭുതമാകുക”.
ദൈവത്തിന് ഒന്നും അസാധ്യമല്ല (മര്‍ക്കൊസ് 10:27); ദൈവത്തെ വിശ്വസിക്കുന്നവനും
(മര്‍ക്കൊസ് 9:23).